ധ്യാനം, മൗനം, ജ്ഞാനവായന

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിരണ്ടാം ദിനം, ജൂലൈ 17, 2022

“ധ്യാനം, മൗനം ജ്ഞാനവായന എന്നിവ മിഷനറി സമൂഹത്തിന് അനിവാര്യം തന്നെയാണ്” – ഫാ. ജോസഫ് പറേടം.

ഒരു സന്യാസപുരോഹിതന്റെ ആത്മാവിന്റെ ആന്തരീകത ആഴപ്പെടുത്തുന്ന ജീവിതമാർഗ്ഗങ്ങളാണ് ധ്യാനവും മൗനവും ജ്ഞാനവായനയും. ധ്യാനത്തിൽ, ഹൃദയത്തിന്റെ വാതായനങ്ങൾ ഗുരുമൊഴികൾക്കായി തുറന്നിട്ടും മൗനത്തിൽ, ശ്രദ്ധിച്ച ഗുരുമൊഴികളെ ഉരുവിട്ടും ജ്ഞാനവായനയിൽ, മനസിൽ പതിയുന്ന ജ്ഞാനമുത്തുകളെ ഗുരുമൊഴികളുമായി സമജ്ഞസിച്ചും ആത്മീയത കെട്ടിപ്പടുക്കുന്ന പ്രേഷിതഗണമായി ദിവ്യകാരുണ്യ മിഷനറി സഭ വളരണം എന്നതാണ് ജോസഫ് പറേടത്തിലച്ചന്റെ സ്വപ്നം.

ഇന്നിന്റെ ലോകം തിരക്കേറിയ ജീവിതവ്യാപാരങ്ങളിൽ മുന്നേറുമ്പോൾ കരുത്താർന്ന ആത്മീയസാക്ഷ്യം ജീവിക്കണമെങ്കിൽ ഒത്തുതീർപ്പില്ലാത്ത ജ്ഞാനവായനയും തീക്ഷ്ണമായ ധ്യാനമുഹൂർത്തങ്ങളും ഗുരുമൊഴികളെ ശ്രവിക്കുന്ന മൗനചിന്തകളും ദിവ്യകാരുണ്യ പ്രേഷിതന്റെ ജീവിതത്തിൽ കൂട്ടിനുണ്ടാവണം. ഗുരുസാന്നിധ്യം ജീവിതത്തെ ചുറ്റിനിൽക്കുന്ന ആത്മീയപ്രഭ ആയിത്തീരണം. ഓരോ ദിവ്യകാരുണ്യ മിഷനറിയും ദിവ്യകാരുണ്യത്തെ ലോകത്തിന് കാട്ടിക്കൊടുക്കുന്ന ശ്രേഷ്ഠ ആത്മീയതയുടെ വക്താക്കളായി രൂപാന്തരീകരണം പ്രാപിക്കണം.

ഡീക്കൻ അജു കുരീക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.