മൺമറഞ്ഞ മഹാരഥന്മാർ: പൗരോഹിത്യജീവിതത്തിലെ മുന്‍തലമുറക്കാരെ പരിചയപ്പെടുത്തുന്ന പംക്തി – 62

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു

സർവ്വം സമർപ്പിച്ച സഭാസ്‌നേഹി – എഴിയത്ത് തോമസ് അച്ചൻ

ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്ത് ആറ്റരികം എന്ന പ്രദേശത്ത് എഴിയത്ത് കുടുംബത്തിൽ എഴിയത്ത് സഖറിയാസ് അച്ചന്റെയും അന്നമ്മ സഖറിയാസിന്റെയും ആറ് മക്കളിൽ രണ്ടാമനായി 1929 ഒക്ടോബർ 25-ന് തോമസ് ജനിച്ചു. സഖറിയാസ് അച്ചൻ മലങ്കര യാക്കോബായ സുറിയാനി സഭയിലെ വൈദികനായിരിക്കുമ്പോഴാണ് മകന്റെ ജനനം. 1931-ൽ സഖറിയാസ് കശീശ്ശാ സാർവ്വത്രിക സഭാകൂട്ടായ്മയിലേക്ക് ദൈവദാസൻ മാർ ഈവാനിയോസ് തിരുമേനി വഴി പുനരൈക്യപ്പെട്ടു.

തോമസ് ഓമല്ലൂർ, കൈപ്പട്ടൂർ സ്‌കൂളുകളിൽ നിന്ന് പത്താം ക്ലാസ് വരെയുള്ള പഠനത്തിനു ശേഷം പ്രീഡിഗ്രി ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും ബി.എസ്. സി ബിരുദം മാർ ഈവാനിയോസ് കോളേജിലെ പ്രഥമ ബാച്ചിലെ വിദ്യാർത്ഥികളിലൊരാളായി നേടുകയും ചെയ്തു. പിതാവായ സഖറിയാസ് അച്ചന്റെ വൈദികജീവിതത്തിൽ ആകൃഷ്ടനായി പൗരോഹിത്യജീവിതം തിരഞ്ഞെടുത്ത് 24-ാം വയസിൽ 1954 ജൂൺ 10-ന് പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. ഡിഗ്രി പഠനം കഴിഞ്ഞ് സെമിനാരിയിൽ ചേരുന്നവർ വളരെ വിരളമായിരുന്ന ആ സാഹചര്യത്തിൽ മാർ ഗ്രീഗോറിയോസ് പിതാവും അന്ന് റെക്ടറായിരുന്ന ലോറൻസ് തോട്ടം അച്ചനും (പിന്നീട് മാർ അപ്രേം പിതാവ്) ഇരുകരങ്ങളും നീട്ടി ഏറെ സന്തോഷത്തോടെ സ്വീകരിച്ചു.

രണ്ടു വർഷത്തെ മൈനർ സെമിനാരി പഠനത്തിനു ശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലായിരുന്നു ഫിലോസഫി പഠനം. തോമസ് ചക്യത്ത് (പിന്നീട് മാർ തോമസ് ചക്യത്ത് പിതാവ്), ബത്തേരി ഭദ്രാസനത്തിലെ തോമസ് ചരിവുപുരയിടം (തോമസ് കോർ-എപ്പിസ്ക്കോപ്പ) തുടങ്ങിയ അനേകം പേരുടെ സുഹൃദ്വലയവും ഉണ്ടായിരുന്നു.

ഫിലോസഫി പൂർത്തിയായപ്പോൾ സ്വിറ്റ്സർലണ്ടിലേക്ക് തിയോളജി പഠനത്തിനായി ആർച്ചുബിഷപ്പ് മാർ ഗ്രീഗോറിയോസ് തിരുമേനി അയച്ചു. പഠനത്തിനു ശേഷം 34-ാം വയസിൽ ജോഷ്വാ ചുട്ടിപ്പാറ അച്ചനോടൊപ്പം 1964 സെപ്റ്റംബർ 8-ന് സ്വിറ്റ്സർലണ്ടിലെ സൊളോത്തോൺ കത്തീഡ്രലിൽ വച്ച് ആർച്ചുബിഷപ്പ് മാർ ഗ്രീഗോറിയോസ് തിരുമേനിയിൽ നിന്ന് വൈദികപട്ടം സ്വീകരിച്ചു. പിറ്റേ ദിവസം തന്നെ മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ പ്രഥമ ദിവ്യബലി അതേ ദൈവാലയത്തിൽ അർപ്പിക്കുകയും ചെയ്തു.

ലിറ്റർജിയിലുള്ള തോമസച്ചന്റെ അതീവ താത്പര്യവും ദൈവാലയ സംഗീതത്തിലുള്ള താത്പര്യവും കണക്കിലെടുത്ത് അച്ചനെ ഉന്നതപഠനത്തിന് ജർമ്മനിയിലേക്കും പിന്നീട് ലൈസൻസിയേറ്റിന് ഫ്രാൻസിലെ ഫ്രീബുർഗ് യൂണിവേഴ്സിറ്റിയിലേക്കും അയച്ചു. ഈ കാലയളവുകളിൽ സഭയെ നയിച്ചിരുന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പായെയും പോൾ ആറാമൻ മാർപാപ്പായെയും റോമിൽ ചെന്ന് സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു.

മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ കല്പനപ്രകാരം സ്വിസ്റ്റർലണ്ടിൽ രണ്ടു വർഷത്തോളം ഇടവക ശുശ്രൂഷയും ചെയ്തു. സ്തുത്യർഹമായ സേവനത്തിനു ശേഷം 1968 ജനുവരി 30-ന് തിരിച്ചെത്തിയ അച്ചനെ മാർ ഗ്രീഗോറിയോസ് തിരുമേനി മൈനർ സെമിനാരിയുടെ വൈസ് റെക്ടറായും എം.എസ്.സി. മാനേജ്‍മെന്റിന്റെ കറസ്‌പോണ്ടന്റായും നിയമിച്ചു. നീണ്ട 12 വർഷക്കാലം തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ കറസ്‌പോണ്ടന്റായി സേവനം അനുഷ്ഠിച്ചു.

ആരാധനക്രമവും സംഗീതവുമായിരുന്നു അച്ചൻ സെമിനാരിയിൽ പഠിപ്പിച്ചിരുന്നത്. ബത്തേരി ഭദ്രാസനത്തിന്റെ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ, പത്തനംതിട്ട ഭദ്രാസനത്തിന്റെ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ തുടങ്ങിയ പ്രമുഖരായ അനേകം ശിഷ്യർ അദ്ദേഹത്തിന് ഉണ്ടായിരുന്നു.

കുന്നപ്പുഴ, കുണ്ടമാൻകടവ്, പാമാംകോട്, കോന്നി, വി. കോട്ടയം, ഇളപ്പുപാറ, ളാക്കൂർ, കൈപ്പട്ടൂർ, ഏറത്തുമ്പമൺ, പമ്പുമല, മുട്ടത്തുകോണം, പ്രക്കാനം, ഉളനാട് തുടങ്ങിയ ദൈവാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. വിശുദ്ധ കുർബാനയോടുള്ള പ്രത്യേക ഭക്തി അച്ചൻ പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്നതിൽ അച്ചൻ സവിശേഷശ്രദ്ധ പുലർത്തി. അച്ചന്റെ മാതാപിതാക്കളായ സഖറിയാസ് അച്ചനെയും അന്നമ്മയേയും ജീവിതാന്ത്യത്തിൽ ശൂശ്രുഷിക്കുന്നതിനും ആവശ്യമായ കരുതൽ നൽകുന്നതിനും അച്ചൻ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. കൂടാതെ, അച്ചന്റെ സഹായികളായി നിന്നവരുടെ ആവശ്യം അറിഞ്ഞു അവർക്കു നല്ലൊരു ജീവിതം ക്രമീകരിക്കുന്നതിനും അച്ചൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ദിവസേനയുള്ള വിശുദ്ധ കുർബാനയർപ്പണവും യാമപ്രാർത്ഥനകളും ചിട്ടയോടെ എഴിയത്ത് ഭവനത്തിലെ ചാപ്പലിൽ അച്ചൻ നടത്തിപ്പോന്നിരുന്നു. ഏതു കാര്യത്തിനും അച്ചന് ഉറച്ച നിലപാട് ഉണ്ടായിരുന്നു. അച്ചന്റെ നിലപാടുകൾ അസ്വീകാര്യമായി തോന്നിയാലും അച്ചൻ ദൈവാശ്രയത്തോടെ എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് മറ്റുള്ളവർക്ക് അനുഗ്രഹമായി മാറുകയാണ് ചെയ്തിട്ടുള്ളത്. സഭയുടെ ഔദ്യോഗിക കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം കൊടുത്തിരുന്ന അച്ചൻ സഭാസ്നേഹത്തിലും മുന്നിട്ടു നിന്നിരുന്നു. അതിന് മകുടോദാഹരണമാണ് തന്റെ ഭവനം ഉൾപ്പെടെയുള്ള പിതൃസ്വത്ത്‌ സഭയ്ക്ക് ദാനമായി നൽകിയത്. ആ സ്ഥലത്ത് പത്തനംതിട്ട ഭദ്രാസനത്തിന്റെ സെന്റ് തോമസ് മൈനർ സെമിനാരി യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ സഖറിയാസ് കശീശ്ശായുടെയും തോമസ് കശീശ്ശായുടെയും ബഹുമാനാർത്ഥം സ്ഥാപിക്കുന്നതിന് ദൈവം ഇടയാക്കി.

ജീവിതവാർദ്ധക്യത്തിൽ സ്വഭവനത്തിൽ വിശ്രമിച്ചിരുന്ന അച്ചൻ എന്നും നിഷ്ഠയോടെ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. പ്രാർത്ഥനകളും ജപമാലകളും കൃത്യമായി ചൊല്ലിയിരുന്നുവെന്ന് ആ കാലഘട്ടത്തിൽ അച്ചനുമായി അടുത്തിടപഴകിയിരുന്ന ഫാ. ജോബ് പതാലിൽ സാക്ഷ്യപ്പെടുത്തുന്നു.

എഴിയത്ത് കുടുംബത്തിൽ നിന്ന് സഖറിയാസ് അച്ചന്റെയും തോമസ് അച്ചന്റെയും പൗരോഹിത്യജീവിതത്തിന്റെ പിന്തുടർച്ചയെന്നവണ്ണം എഴിയത്ത് ഗീവർഗ്ഗീസ് അച്ചൻ, ജോര്‍ജ് താന്നിമൂട്ടിൽ അച്ചൻ, ജോര്‍ജ് വടക്കേതിൽ അച്ചൻ എന്നിങ്ങനെ അനുഗ്രഹിക്കപ്പെട്ട നിരവധി ദൈവവിളികളെ ദൈവം പ്രദാനം ചെയ്തു.

പൗരോഹിത്യജീവിതം മറ്റ് ജീവിതത്തിൽ നിന്ന് വ്യത്യസ്തമാണ്. അത് സ്വയം ത്യജിക്കലാണ്. അൻപതു വർഷക്കാലം പൗരോഹിത്യജീവിതത്തിന്റെ മാഹാത്മ്യം ദൈവജനത്തിന് അനുഭവവേദ്യമാക്കിയ തോമസച്ചൻ 2017 മാർച്ച് 16-ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് ദൈവസന്നിധിയിലേക്ക് യാത്രയായി.

മോറാൻ മോർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവായുടെയും ആർച്ചുബിഷപ്പ് മാർ കൂറിലോസ് തിരുമേനിയുടെയും മുഖ്യകാർമ്മികത്വത്തിൽ സഭയിലെ അഭിവന്ദ്യ തിരുമേനിമാരുടെയും വൈദികരുടെയും സന്യസ്തരുടെയും ദൈവജനത്തിന്റെയും സാന്നിധ്യത്തിൽ പിതാവായ സഖറിയാസ് കശീശ്ശായുടെ കബറിടത്തിനു സമീപത്തായി മൃതദേഹം കബറടക്കി. അച്ചന്റെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

സ്നേഹത്തോടെ
ഫാ. സെബാസ്റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

കടപ്പാട്: ഫാ. ജോര്‍ജ് വടക്കേതിൽ (എഴിയത്ത് തോമസ് അച്ചന്റെ പിതൃസഹോദരീ പ്രപൗത്രൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.