

മറ്റൊരു മാനസികാരോഗ്യ ദിനം കൂടി കടന്നുവരുമ്പോൾ (ഒക്ടോബർ 10), കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളെ ‘ഹാപ്പിനെസ് ആൻഡ് വെൽനസ് സെന്ററുകൾ’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സർക്കാർ തീരുമാനം വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയിൽ ഭരണസംവിധാനത്തിനെതിരെ കടുത്ത വിമർശനം കേരളാ ഹൈക്കോടതിയിൽ നിന്നും ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.
തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രമുഖ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി അടിയന്തര നിർദേശങ്ങൾ നൽകിയിട്ടും സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. രോഗികൾക്കുള്ള ഭക്ഷണമെത്തിക്കാൻ വാഹനം നൽകുക എന്ന പ്രാഥമിക കാര്യം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നത് ദാരുണമാണ്. കേവലം ബോർഡുകൾ മാറ്റുന്നതിലൂടെയോ, പേരുകളിൽ മാറ്റം വരുത്തുന്നതിലൂടെയോ തടവറകൾക്കു സമാനമായ അന്തരീക്ഷത്തിൽ കഴിയുന്ന മനുഷ്യരുടെ അവസ്ഥയ്ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു.
ലോക മാനസികാരോഗ്യ ദിനം മുന്നോട്ടുവയ്ക്കുന്ന പ്രധാന സന്ദേശങ്ങളെ മുൻനിർത്തി സാമൂഹ്യശാസ്ത്രപരമായി അപഗ്രഥിക്കുമ്പോൾ, സമൂഹത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്നവരോടുള്ള ആഴത്തിലുള്ള സ്റ്റിഗ്മയും (Stigma) മാറ്റിനിർത്തലുമാണ് ഇത്തരം കേന്ദ്രങ്ങളിലെ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ഒരു വ്യക്തി ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നതോടെ അയാളുടെ പൗരത്വ അവകാശങ്ങളും സ്വകാര്യതയും പൂർണ്ണമായി അവഗണിക്കപ്പെടുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞ മുറികളിൽ ആളുകളെ പൂട്ടിയിടുന്നത് കേവലം ഭരണപരമായ വീഴ്ചയല്ല, മറിച്ച് അധികാര ഘടനകളുടെയും (Power Dynamics) മനുഷ്യാവകാശ ലംഘനങ്ങളുടെയും അങ്ങേയറ്റത്തെ ഉദാഹരണമാണ്. പൊതുസമൂഹത്തിൽ ശബ്ദമുയർത്താൻ കെൽപില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരായതിനാലാണ് ഈ അവഗണന തുടരുന്നത്.
ഇത്തരം സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന അടഞ്ഞ അന്തരീക്ഷവും രഹസ്യ സ്വഭാവവും (Opaqueness) അവസാനിപ്പിച്ച് സുതാര്യത ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വിഐപികളുടെ വാഹനങ്ങൾക്കും സുഖസൗകര്യങ്ങൾക്കും വേണ്ടി മിനിറ്റുകൾക്കുള്ളിൽ ഫണ്ട് അനുവദിക്കുന്ന സർക്കാർ, അന്തേവാസികളായ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളെ പൂർണ്ണമായി അവഗണിക്കുകയാണെന്ന് നീതിപീഠം വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രക്ഷപെട്ട നൈജീരിയൻ സ്വദേശിയുടെ അനുഭവവും അനുബന്ധ സംഭവവികാസങ്ങളും രോഗികൾ നേരിടുന്ന കടുത്ത പീഡനങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. മാധ്യമങ്ങൾക്കും സാമൂഹ്യപ്രവർത്തകർക്കും പ്രവേശനം നൽകി, കൃത്യമായ സോഷ്യൽ ഓഡിറ്റിംഗിനു (Social Auditing) വിധേയമാക്കിയാൽ മാത്രമേ സ്ഥാപനങ്ങൾക്കുള്ളിൽ നടക്കുന്ന അപകടനടപടികളും അവഗണനകളും പുറത്തുകൊണ്ടുവരാനും തിരുത്താനും സാധിക്കൂ. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം മാനസികാരോഗ്യ പരിചരണത്തിൽ സമഗ്രമായ കാഴ്ചപ്പാട് പുലർത്തേണ്ടതുണ്ട്.
സ്ഥാപനങ്ങളിൽ ആളുകളെ അടച്ചിട്ടു ചികിത്സിക്കുന്ന പരമ്പരാഗത രീതിക്കു പകരം കമ്മ്യൂണിറ്റി കെയർ രീതികൾക്കും (Community-based Care) പുനരധിവാസ കേന്ദ്രങ്ങൾക്കും പ്രാധാന്യം നൽകണം. രോഗമുക്തി നേടുന്നവരെ സമൂഹത്തിലേക്കും കുടുംബങ്ങളിലേക്കും തിരികെ കൊണ്ടുവരാനുള്ള സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. കൂടാതെ, ഇത്തരം കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് മനുഷ്യാവകാശങ്ങളെക്കുറിച്ചും രോഗീസൗഹൃദ പരിചരണരീതികളെക്കുറിച്ചും കൃത്യമായ ബോധവൽക്കരണവും പരിശീലനവും നൽകുകയും ആവശ്യത്തിന് ജീവനക്കാരെയും സുരക്ഷാ സൗകര്യങ്ങളെയും അടിയന്തരമായി ഉറപ്പാക്കുകയും വേണം.
ചുരുക്കത്തിൽ, മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നെയിം ബോർഡുകളിൽ ‘ഹാപ്പിനെസ്’ എന്ന് എഴുതിച്ചേർത്തതുകൊണ്ടു മാത്രം അവിടെ കഴിയുന്നവരുടെ ജീവിതത്തിൽ സന്തോഷവും ക്ഷേമവും വരില്ല. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഊന്നിപ്പറഞ്ഞതുപോലെ, ഭരണതലത്തിലും പ്രവർത്തനരീതികളിലും ഘടനാപരമായ വലിയ മാറ്റം (Systemic Reform) അടിയന്തരമായി കൊണ്ടുവരേണ്ടതുണ്ട്. മാനസികാരോഗ്യ ദിനാചരണത്തിന്റെ യഥാർഥ ലക്ഷ്യം ഉൾക്കൊണ്ട് ശുചിത്വമുള്ള അന്തരീക്ഷം, മാന്യമായ ഭക്ഷണം, സുതാര്യമായ ഓഡിറ്റിംഗ്, മനുഷ്യാവകാശ സംരക്ഷണം എന്നിവ ഉറപ്പാക്കിക്കൊണ്ട് മാത്രമേ അന്തസ്സുള്ള ഒരു പരിഷ്കൃത സമൂഹമായി നമുക്ക് മുന്നോട്ടുപോകാൻ സാധിക്കൂ.
ഡോ. സെമിച്ചൻ ജോസഫ്
(മൂവാറ്റുപുഴ നിർമ്മല കോളേജിലെ സാമൂഹ്യപ്രവർത്തന വിഭാഗം അസി. പ്രഫസറും സ്മാർട്ട് ഇന്ത്യാ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകനമാണ് ലേഖകൻ)




