പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 248 – ക്ലമന്റ് XIII (1693-1769)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1758 ജൂലൈ 6 മുതൽ 1769 ഫെബ്രുവരി 2 വരെ സഭയെ നയിച്ച മാർപാപ്പയാണ് ക്ലമന്റ് എട്ടാമൻ. ഇറ്റലിയിലെ വെനീസിൽ കച്ചവടക്കാരായിരുന്ന ഒരു സമ്പന്നകുടുംബത്തിലാണ് കാർലോ ദെല്ല തോറെ എ.ഡി. 1693 മാർച്ച് 7 -ന് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജൊവാന്നി ബത്തിസ്തയും മാതാവ് വിറ്റോറിയ ബാർബറീഗോയും ആയിരുന്നു. ബൊളോഞ്ഞയിലെ ഈശോസഭക്കാരുടെ സ്കൂളിലെ പഠനത്തിനു ശേഷം പാദുവ സർവ്വകലാശാലയിൽ നിന്നും കാനൻ, സിവിൽ നിയമങ്ങളിൽ അദ്ദേഹം ഡോക്ടർ ബിരുദം സമ്പാദിച്ചു. റോമിലെ പൊന്തിഫിക്കൽ അക്കാദമിയിൽ പഠനം തുടരുന്ന കാലയളവിൽ അദ്ദേഹത്തിന് അപ്പസ്തോലിക് സിഞ്ഞിത്തൂറയിൽ ജോലി ലഭിച്ചു. റോമൻ കൂരിയായിൽ വിവിധ ദൗത്യങ്ങൾ ഏറ്റെടുത്ത കാർലോയെ ക്ലമന്റ് പന്ത്രണ്ടാമൻ മാർപാപ്പ എ.ഡി. 1737 -ൽ കർചേറയിലെ സാൻ നിക്കോളാസ് ദേവാലയത്തിലെ കർദ്ദിനാളായി നിയമിച്ചു.

പാദുവായിലെ ബിഷപ്പായി സേവനമനുഷ്ഠിച്ച സമയത്ത് അവിടുത്തെ സാമൂഹിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് കാർലോ നിർണ്ണായകപങ്കു വഹിച്ചു. വി. ചാൾസ് ബൊറമെയോയുടെ മാതൃക അതിനായി അദ്ദേഹം സ്വീകരിച്ചു. ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാൾ കാർലോയെ പിൻഗാമിയായി തിരഞ്ഞെടുക്കുകയും തന്നെ കർദ്ദിനാളാക്കിയ ക്ലമന്റ് പന്ത്രണ്ടാമൻ മാർപാപ്പയോടുള്ള ബഹുമാനാർത്ഥം ആ നാമം സ്വീകരിക്കുകയും ചെയ്തു. വലിയ ഭക്തനായിരുന്ന ക്ലമന്റ് പാപ്പ വത്തിക്കാനിലെ നഗ്നത പ്രദർശിപ്പിക്കുന്ന രൂപങ്ങളെല്ലാം അത്തിയിലകൾ കൊണ്ട് മറയ്ക്കുന്നതിന് ആവശ്യപ്പെട്ടു. ബൈബിൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള അനുവാദവും മാർപാപ്പ നല്കി.

പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ രാജ്യങ്ങളിൽ നിന്നും ഈശോസഭക്കാരെ നിരോധിക്കുന്നതിന് വലിയ സമ്മർദം ഉണ്ടായെങ്കിലും മാർപാപ്പ ഈ ആവശ്യം നിരസിച്ചു. ഇക്കലത്ത് ഈ സന്യാസ സഭ എണ്ണൂറ് ഭവനങ്ങളിലായി ഇരുപത്തിമൂവായിരം അംഗങ്ങളുള്ള എഴുന്നൂറ് കോളേജുകളും ഇരുനൂറ്റി എഴുപത് മിഷനുകളുമുള്ള വലിയ സമൂഹമായി വളർന്നിരുന്നു. യൂറോപ്പിലെ സഭയിലെ വലിയ വിഭജനത്തിനു ശേഷം പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുമായി മാർപാപ്പ സംഭാഷണത്തിനു മുതിർന്നു. എന്നാൽ സഭയുടെ അനുശാസനങ്ങളിൽ മാറ്റം വരുത്തില്ല എന്ന നിലപാട് മാർപാപ്പ സ്വീകരിച്ചതിനാൽ ചർച്ചകൾ വിജയിക്കുന്നതിനു സാധിച്ചില്ല. ഫ്രാൻസിൽ നിന്നുള്ള ജീൻ ദേ ഷന്താളിനെയും ഇറ്റലിയിൽ നിന്നുള്ള ജെറോം എമിലിയാനിയെയും മാർപാപ്പ വിശുദ്ധ പദവിയിലേക്കുയർത്തി. പോളണ്ടിലും റോമിലും തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നതിനുള്ള പ്രത്യേക അനുവാദവും ഇക്കാലയളവിൽ മാർപാപ്പ നല്കി. എ.ഡി. 1769 ഫെബ്രുവരി 2 -ന് കാലം ചെയ്ത ക്ലമന്റ് പതിമൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.