പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 247 – ബെനഡിക്റ്റ് XIV (1675-1758)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1740 ആഗസ്റ്റ് 17 മുതൽ 1758 മെയ് 3 വരെയുളള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ബെനഡിക്റ്റ് പതിനാലാമൻ. ബൊളോഞ്ഞയിലെ ഒരു പ്രഭുകുടുംബത്തിൽ മർച്ചെല്ലോയുടെയും ലുക്രേസിയയുടെയും മകനായി എ.ഡി. 1675 മാർച്ച് 31 -ന് പ്രൊസ്പേറോ ലോറെൻസൊ ലാംബെർട്ടീനി ജനിച്ചു. ചെറുപ്പകാലത്ത് സൊമാസ്ക്കൻ വൈദികരുടെ സ്കൂളിൽ വിദ്യാഭ്യാസം നടത്തി. അതിനു ശേഷം റോമിലെ കോളേജിയോ ക്ലമന്തീനോയിൽ ചേർന്ന് ലത്തീൻ ഭാഷ, തത്വശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിച്ചു. വി. തോമസ് അക്വീനാസിനെക്കുറിച്ചുള്ള പഠനം ദൈവശാസ്ത്രത്തിലും കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദങ്ങൾ സമ്പാദിക്കുന്നതിലാണ് അവസാനിച്ചത്.

റോമൻ റോട്ടയിൽ ജോലി ചെയ്തുകൊണ്ടാണ് പ്രൊസ്പേറോ തന്റെ സഭാശുശ്രൂഷ ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തെ മതവിചാരണ കോടതിയുടെ ആലോചകനായി നിയമിച്ചു. എ.ഡി. 1708 -ൽ വിശ്വാസ സംരക്ഷകനായി നിയമിച്ചപ്പോൾ പിയൂസ് അഞ്ചാമൻ മാർപാപ്പയുടെ നാമകരണ നടപടികൾക്ക് നേതൃത്വം നൽകി. ഇക്കാലയളവിൽ വിശുദ്ധരുടെ നാമകരണ നടപടിക്രമങ്ങൾ അദ്ദേഹം എഴുതി ക്രോഡീകരിച്ചു. ബെനഡിക്റ്റ് പതിമൂന്നാമൻ മാർപാപ്പ പ്രൊസ്പേറോയെ തെയഡോഷ്യ രൂപതയുടെ സ്ഥാനീയ മെത്രാനായി നിയമിക്കുകയും റോമൻ സിനഡിൽ മാർപാപ്പയെ സഹായിക്കുന്ന ദൗത്യം ഏല്പിക്കുകയും ചെയ്തു. എ.ഡി. 1727 ജനുവരി 27 -ന് അങ്കോണ രൂപതയുടെ ബിഷപ്പായി നിയമിതനായി. റോമിലെ സാന്താ ക്രോച്ചേ ജെറുസലേമ്മേ ദേവാലയത്തിലെ കർദ്ദിനാളായി നിയമിക്കപ്പെട്ട പ്രൊസ്പേറോയെ ക്ലമന്റ് പന്ത്രണ്ടാമൻ മാർപാപ്പ ബൊളോഞ്ഞയിലെ ആർച്ചുബിഷപ്പായി നിയമിച്ചു.

എ.ഡി. 1740 ആഗസ്റ്റ് 17 -ന് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊസ്പേറോ ബെനഡിക്ട് എന്ന നാമം സ്വീകരിച്ചു. “പാസ്റ്റൊറാലിസ്‌ റൊമാനി പൊന്തിഫിച്ചിസ്” എന്ന അപ്പസ്തോലിക രേഖയിലൂടെ പ്രോട്ടസ്റ്റന്റ് സഭാവിഭാഗങ്ങളെ ഔദ്യോഗികമായി സഭയിൽ നിന്നും പുറത്താക്കി. എ.ഡി. 1741 -ൽ ഇറക്കിയ പേപ്പൽ ബൂളയിലൂടെ ബ്രസീലിലും അമേരിക്കൻ വന്‍കരകളിലും സ്വദേശികളെ അടിമകളാക്കുന്നത് നിരോധിച്ചു. കത്തോലിക്കാ സഭയുമായി ഐക്യത്തിൽ വന്ന പൗരസ്ത്യരുടെ ആത്മീയ ആവശ്യത്തിനായി ജറുസലേമിലെ അത്താനാസിയോസ് പാത്രിയർക്കീസിനെ ചുമതലപ്പെടുത്തി. പൗരസ്ത്യ ആരാധനാരീതികൾ സംരക്ഷിച്ചു കൊണ്ടു തന്നെ ആഗോള കത്തോലിക്കാ സഭയിൽ ആയിരിക്കാം എന്നും മാർപാപ്പ പ്രഖ്യാപിച്ചു. ഇന്ത്യയിലും ചൈനയിലും ഇക്കാലയളവിൽ വലിയ ചർച്ചയായ ആരാധനക്രമത്തിൽ പ്രാദേശിക ആചാരങ്ങൾ ഉപയോഗിക്കുന്ന രീതിയെ മാർപാപ്പ എതിർത്തു. എ.ഡി. 1758 മെയ് 3 -ന് കാലം ചെയ്ത ബെനഡിക്റ്റ് പതിനാലാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.