വിദ്വേഷത്തിന്റെ ഭാരമൊഴിവാക്കാം; ക്ഷമയിലൂടെ സ്വാതന്ത്ര്യം കണ്ടെത്താം

ജീവിതത്തിൽ നമ്മെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് പലപ്പോഴും നമ്മൾ ഏറെ സ്നേഹിക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളുമായിരിക്കും. ചില മുറിവുകൾ കാലം കഴിയുമ്പോൾ ഉണങ്ങുമെങ്കിലും അവയുടെ ഓർമകൾ മനസ്സിൽ അവശേഷിക്കും. ആ വേദനകൾ വീണ്ടും വീണ്ടും ഓർക്കുമ്പോൾ ദേഷ്യവും സങ്കടവും പകയും വളരുന്നു. കഴിഞ്ഞകാലത്തിന്റെ ഭാരം ചുമന്ന് ജീവിക്കുമ്പോൾ ഇന്നത്തെ സന്തോഷങ്ങൾ ആസ്വദിക്കാനും നമുക്ക് കഴിയാതെ വരും. ഇത്തരം സാഹചര്യങ്ങളിൽ മനസ്സിന് സമാധാനം നൽകുന്ന ഒരു വഴിയാണ് ക്ഷമ. മറ്റുള്ളവരോട് ക്ഷമിക്കുന്നത് അവർക്കുവേണ്ടി മാത്രമല്ല, നമ്മുടെ മനസ്സിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൂടിയാണ്.

ക്ഷമിക്കുക എന്നതിന്റെ യഥാർഥ അർഥം

ക്ഷമിക്കുക എന്നത് മറ്റൊരാൾ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയോ സംഭവിച്ച വേദന മറന്നുകളയുകയോ അല്ല. ആ വേദന നമ്മുടെ ജീവിതത്തെ എന്നും നിയന്ത്രിക്കാൻ അനുവദിക്കാതിരിക്കുകയാണ് ക്ഷമയിലൂടെ നാം ചെയ്യുന്നത്. ഒരാളോടുള്ള ദേഷ്യവും പ്രതികാരചിന്തയും മനസ്സിൽ സൂക്ഷിക്കുമ്പോൾ അതിന്റെ ഭാരം അനുഭവിക്കേണ്ടിവരുന്നത് നമുക്കുതന്നെയാണ്. എന്നാൽ, കഴിഞ്ഞകാലത്തെ മാറ്റാൻ കഴിയില്ലെങ്കിലും അതിന്റെ പേരിൽ ഇന്നത്തെ ജീവിതം നഷ്ടപ്പെടുത്താതിരിക്കാൻ നമുക്ക് കഴിയും.

പകയുടെ ഭാരത്തിൽനിന്ന് മോചനം നേടാം

നമ്മെ വേദനിപ്പിച്ച ഒരാളെക്കുറിച്ചുള്ള ചിന്തകൾ വീണ്ടും മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. എന്നാൽ, ആ ഓർമകളിൽത്തന്നെ കഴിയുമ്പോൾ മനസ്സിന്റെ സമാധാനം നഷ്ടപ്പെടുകയും ജീവിതത്തിലെ നല്ല കാര്യങ്ങൾ കാണാതെ പോകുകയും ചെയ്യും.

ക്ഷമിക്കാൻ തീരുമാനിക്കുമ്പോൾ ഈ ഭാരത്തിൽനിന്ന് പതുക്കെ മോചനം നേടാൻ നമുക്ക് സാധിക്കും. ക്ഷമ എന്നത് പെട്ടെന്ന് കൈവരിക്കാവുന്ന ഒന്നല്ല. ചില മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും. എങ്കിലും, പകയിൽനിന്ന് പുറത്തുകടക്കാൻ നടത്തുന്ന ഓരോ ചെറിയ ശ്രമവും മനസ്സിന് ആശ്വാസം നൽകും.

ക്ഷമിക്കാം, സ്വന്തം അതിരുകളും കാത്തുസൂക്ഷിക്കാം

ക്ഷമിച്ചു എന്നതുകൊണ്ട് നമ്മെ വേദനിപ്പിച്ച വ്യക്തിയുമായി പഴയതുപോലെ ബന്ധം തുടരണമെന്നില്ല. തകർന്ന വിശ്വാസം വീണ്ടെടുക്കാൻ സമയവും ആത്മാർഥമായ മാറ്റവും ആവശ്യമാണ്. വീണ്ടും വേദനിപ്പിക്കുന്ന സാഹചര്യങ്ങളിൽനിന്ന് അകലം പാലിക്കുന്നതും സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതും തെറ്റല്ല.

മറ്റൊരാളോട് ക്ഷമിക്കുമ്പോഴും അയാളുടെ തെറ്റായ പെരുമാറ്റം അംഗീകരിക്കാതിരിക്കാം. ആവശ്യമായ അതിരുകൾ നിലനിർത്തിക്കൊണ്ടുതന്നെ മനസ്സിൽനിന്ന് പക ഒഴിവാക്കാൻ നമുക്ക് ശ്രമിക്കാം. ക്ഷമ എന്നത് സ്വന്തം ആത്മാഭിമാനം ഉപേക്ഷിക്കലല്ല; മറിച്ച്, മറ്റൊരാളുടെ തെറ്റുകൾ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കാതിരിക്കലാണ്.

ദൈവത്തിന്റെ സ്നേഹത്തിൽനിന്ന് ക്ഷമിക്കാൻ പഠിക്കാം

ക്രൈസ്തവ വിശ്വാസത്തിൽ ക്ഷമയ്ക്ക് വലിയ സ്ഥാനമുണ്ട്. ദൈവം നമ്മോട് കാണിക്കുന്ന കരുണയും സ്നേഹവും മറ്റുള്ളവരോടും ക്ഷമയോടെ പെരുമാറാൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശു കുരിശിൽ കിടന്നുകൊണ്ടുപോലും തന്നെ വേദനിപ്പിച്ചവർക്കുവേണ്ടി പ്രാർഥിച്ചു. പ്രതികാരത്തിനു പകരം ക്ഷമയും വെറുപ്പിനു പകരം സ്നേഹവും തിരഞ്ഞെടുക്കാനുള്ള മാതൃകയാണ് യേശു നമുക്കു നൽകുന്നത്.

നമ്മെ വേദനിപ്പിച്ചവർക്കുവേണ്ടി പ്രാർഥിക്കുന്നതും അവരുടെ ജീവിതത്തിൽ നല്ല മാറ്റമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നതും ക്ഷമയിലേക്കുള്ള ചുവടുകളാണ്. മനസ്സിലെ വേദന ദൈവത്തോട് തുറന്നുപറയുകയും ക്ഷമിക്കാനുള്ള ശക്തിക്കായി പ്രാർഥിക്കുകയും ചെയ്യാം. ദൈവത്തിന്റെ സഹായത്തോടെ ഈ വഴിയിലൂടെ മുന്നോട്ടുപോകാൻ നമുക്ക് കഴിയും.

കഴിഞ്ഞകാലത്തിന്റെ പിടിയിൽനിന്ന് പുറത്തുകടക്കാം

ചിലപ്പോൾ നമ്മെ വേദനിപ്പിച്ച വ്യക്തി തന്റെ തെറ്റ് തിരിച്ചറിഞ്ഞ് മാപ്പുപറയണമെന്ന് നാം ആഗ്രഹിക്കും. എന്നാൽ, അങ്ങനെ സംഭവിക്കണമെന്നില്ല. മറ്റൊരാളുടെ മനസ്സും പ്രവൃത്തികളും നമുക്ക് നിയന്ത്രിക്കാനാവില്ല. പക്ഷേ, ആ അനുഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് തീരുമാനിക്കാൻ നമുക്കു കഴിയും.

കഴിഞ്ഞുപോയ വേദനകളെ ജീവിതത്തിന്റെ കേന്ദ്രത്തിൽനിന്ന് മാറ്റിവച്ച് ഇന്നിന്റെ സന്തോഷങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കാനും പുതിയ പ്രതീക്ഷകളോടെ മുന്നോട്ടുപോകാനും ശ്രമിക്കാം. ആവശ്യമെങ്കിൽ വിശ്വസിക്കുന്ന ഒരാളുടെ സഹായവും തേടാം. ക്ഷമിക്കാനുള്ള യാത്രയിൽ സ്വയം കുറ്റപ്പെടുത്താതെ ക്ഷമയോടെ മുന്നോട്ടുപോകുക എന്നതാണ് പ്രധാനം.

ക്ഷമ എന്നത് മറന്നുകളയാനുള്ള നിർബന്ധമല്ല; മറ്റൊരാൾ ചെയ്ത തെറ്റിന്റെ പേരിൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുത്താതിരിക്കാനുള്ള തീരുമാനമാണത്. ക്ഷമിക്കാൻ സമയമെടുത്തേക്കാം. എങ്കിലും, മനസ്സിലെ പകയ്ക്ക് പകരം സ്നേഹത്തിനും ദേഷ്യത്തിന് പകരം സമാധാനത്തിനും ഇടം നൽകാൻ നമുക്ക് ശ്രമിക്കാം.

ക്ഷമിക്കുമ്പോൾ നാം കഴിഞ്ഞകാലത്തെ മാറ്റുകയല്ല, മറിച്ച് അത് നമ്മുടെ ഇന്നിനെയും നാളെയെയും നിയന്ത്രിക്കാനുള്ള അധികാരം ഉപേക്ഷിക്കുകയാണ്. അങ്ങനെ ക്ഷമ മറ്റുള്ളവർക്കു നൽകുന്ന ഒരു അവസരം മാത്രമല്ല, സ്വന്തം മനസ്സിന് സമാധാനവും ജീവിതത്തിന് പുതിയൊരു തുടക്കവും നൽകുന്ന സ്വാതന്ത്ര്യത്തിലേക്കുള്ള വഴികൂടിയാണ്.

വിവർത്തനം : ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.