ബൊളീവിയൻ മലനിരകളിലെ 33 ചാപ്പലുകളുടെ കാവലാളായി ഫാ. എയ്ഞ്ചൽ ലിം

​ലളിതമായ ജീവിതശൈലിയിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയും ബൊളീവിയയിലെ ഉൾനാടൻ ഗ്രാമങ്ങളുടെ ഹൃദയം കവർന്ന് ഒരു കൊറിയൻ മിഷണറി വൈദികൻ. കൊറിയയിലെ ക്വാങ്ജു അതിരൂപതാംഗവും ഒക്കിനാവ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിലെ സഹവികാരിയുമായ മുപ്പത്തിയഞ്ചുകാരൻ ഫാ. എയ്ഞ്ചൽ ലിം ജേജോങ് ആണ് പ്രതികൂല സാഹചര്യങ്ങളോട് പൊരുതി സുവിശേഷവഴിയിൽ മാതൃകയാകുന്നത്.

​പ്രതിസന്ധികളുടെ പാതകൾ

50 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരന്നുകിടക്കുന്ന കുത്തനെയുള്ളതും ടാർ ചെയ്യാത്തതുമായ മലയോര പാതകളിലൂടെ സഞ്ചരിച്ച് 33 ചാപ്പലുകളിലാണ് ഫാ. ലിം മാസം തോറും വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തുന്നത്. ജനസംഖ്യയിൽ ഭൂരിഭാഗവും കത്തോലിക്കരും മരിയഭക്തിയുള്ളവരുമാണെങ്കിലും സാമ്പത്തികമായി കടുത്ത ദാരിദ്ര്യത്തിലാണ് ഇവിടുത്തെ ജനങ്ങൾ. കൊറിയയിൽ വൈദികരെ ബഹുമാനത്തോടെ പിതാവെന്ന് വിളിക്കുമ്പോൾ സ്നേഹത്തിന് ദാഹിക്കുന്ന ബൊളീവിയയിലെ കുട്ടികൾ ഫാ. ലിമ്മിനെ ‘ഡാഡി’ എന്നാണ് വിളിക്കുന്നത്.

പ്രധാനമായും ഗോതമ്പ് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഒക്കിനാവയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പ്രയാസമുണ്ട്. ഇടവക കൂട്ടായ്മകളിലൂടെ ലഘുഭക്ഷണങ്ങൾ വിറ്റ് സമാഹരിക്കുന്ന പണം കൊണ്ട് മെഡിക്കൽ സംഘത്തോടൊപ്പം വീടുകൾ സന്ദർശിച്ച് രോഗികൾക്ക് അർഹമായ ചികിത്സാസഹായം ഫാ. ലിം ഉറപ്പാക്കുന്നു.

​പൗരത്വവും പെൻഷനും ഉറപ്പാക്കുന്ന ജ്ഞാനസ്നാന സർട്ടിഫിക്കറ്റ്

​ബൊളീവിയയിലെ ഗ്രാമീണ മേഖലകളിൽ ഇന്ന് സഭ നൽകുന്ന ജ്ഞാനസ്നാന സർട്ടിഫിക്കറ്റുകൾക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. ​1940 – ന് മുമ്പ് ജനിച്ച, സിവിൽ രജിസ്ട്രേഷൻ ഇല്ലാത്ത വയോധികർക്ക് പൗരാവകാശങ്ങളും പെൻഷനും ലഭ്യമാക്കാൻ ഈ ജ്ഞാനസ്നാന രേഖകൾ അത്യാവശ്യമാണ്. 1945 – ലെ നിയമപ്രകാരം ഈ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് ഇവർ ജനന സർട്ടിഫിക്കറ്റുകൾ നേടിയെടുക്കുന്നത്.

​വെല്ലുവിളികളുടെ ബൊളീവിയ

​നിലവിൽ കടുത്ത അഴിമതിയും രാഷ്ട്രീയ അസ്ഥിരതയും നേരിടുന്ന രാജ്യമാണ് ബൊളീവിയ. വേൾഡ് ജസ്റ്റിസ് പ്രൊജക്റ്റിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രണ്ടാമത്തെ രാജ്യമാണിത്. അടുത്തിടെ പ്രസിഡന്റ് റോഡ്രിഗോ പാസിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കൂടുതൽ അധികാരം നൽകുന്ന നിയമം പാസാക്കിയത് വലിയ ജനകീയ പ്രതിഷേധങ്ങൾക്കും വഴിവച്ചിട്ടുണ്ട്. അഴിമതി നിറഞ്ഞ ഈ അന്തരീക്ഷത്തിലും സുതാര്യമായി സാമ്പത്തിക സഹായങ്ങൾ പാവപ്പെട്ടവരിലേക്ക് എത്തിക്കുക എന്നത് ഫാ. ലിം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.

​”നാട്ടിൽ നിന്നും അമ്മയുടെ പ്രാർഥന കൂടെയുള്ളതിനാൽ എനിക്ക് ഒട്ടും ഏകാന്തത തോന്നാറില്ല. ആ പ്രാർഥനയാണ് മുന്നോട്ട് പോകാനുള്ള എന്റെ കരുത്ത്” ഒക്കിനാവയിലെ മലനിരകളിൽ പ്രത്യാശയുടെ പ്രകാശമായി നിലകൊള്ളുന്ന ഫാ. ലിം പുഞ്ചിരിയോടെ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.