
ജീവിതം എപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ മുന്നോട്ടുപോകണമെന്നില്ല. അപ്രതീക്ഷിതമായ പ്രശ്നങ്ങളും പരാജയങ്ങളും നഷ്ടങ്ങളും നമ്മെ നിരാശരാക്കിയേക്കാം. ചിലപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ നാം തളർന്നുപോകും. എന്നാൽ മോശം ദിവസങ്ങൾക്കപ്പുറവും നല്ല നാളുകളുണ്ടെന്ന വിശ്വാസമാണ് നമ്മെ മുന്നോട്ടുനയിക്കുന്നത്. പ്രശ്നങ്ങൾ ഉടൻ മാറിയില്ലെങ്കിലും അവയെ നേരിടാനുള്ള കരുത്ത് നമുക്ക് കണ്ടെത്താനാകും. പ്രയാസങ്ങൾക്കിടയിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകാൻ സഹായിക്കുന്ന നാല് ലളിതമായ വഴികൾ ഇതാ.
1. യാഥാർഥ്യങ്ങളെ അംഗീകരിക്കാം
പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടിയതുകൊണ്ട് അവ ഇല്ലാതാകില്ല. സംഭവിച്ച കാര്യങ്ങളെ അംഗീകരിക്കുകയും ഇനി എന്തുചെയ്യാനാകുമെന്ന് ചിന്തിക്കുകയും ചെയ്യുക. എല്ലാം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നടക്കണമെന്നില്ല. ചില കാര്യങ്ങൾ മാറ്റാൻ നമുക്കു കഴിയും; മറ്റു ചിലതിനോട് പൊരുത്തപ്പെടേണ്ടിവരും. സംഭവിച്ചതിനെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കാതെ മുന്നോട്ടുള്ള വഴികൾ കണ്ടെത്താൻ ശ്രമിക്കാം. പ്രശ്നം അംഗീകരിക്കുന്നത് തോൽവിയല്ല; അതിനെ നേരിടാനുള്ള ആദ്യ ചുവടാണ്.
2. ചെറിയ കാര്യങ്ങളിൽനിന്ന് തുടങ്ങാം
പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ വലിയ കാര്യങ്ങൾ ചെയ്യാനുള്ള ആവേശം നഷ്ടപ്പെട്ടേക്കാം. അപ്പോൾ എല്ലാം ഒരുമിച്ച് ശരിയാക്കാൻ ശ്രമിക്കേണ്ടതില്ല. ഇന്ന് ചെയ്യാൻ കഴിയുന്ന ചെറിയ കാര്യങ്ങളിൽനിന്ന് തുടങ്ങുക. മാറ്റിവച്ച ഒരു ജോലി പൂർത്തിയാക്കാം, നടക്കാൻ അൽപസമയം കണ്ടെത്താം, പ്രിയപ്പെട്ട ഒരാളോട് സംസാരിക്കാം. ഇത്തരം ചെറിയ മുന്നേറ്റങ്ങൾ മനസ്സിന് സന്തോഷവും ആത്മവിശ്വാസവും നൽകും. ഓരോ ദിവസവും വലിയ വിജയം നേടണമെന്നില്ല. തളർന്നുപോയിട്ടും വീണ്ടും ശ്രമിക്കുന്നതും ഒരു വിജയമാണ്. ചെറിയ ചുവടുകളാണ് പലപ്പോഴും വലിയ മാറ്റങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.
3. നല്ല നാളുകൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുക
പ്രശ്നങ്ങൾ വലുതാകുമ്പോൾ അവയിൽനിന്ന് പുറത്തുകടക്കാനാവില്ലെന്ന് തോന്നിയേക്കാം. എന്നാൽ ജീവിതത്തിലെ എല്ലാ ദിവസങ്ങളും ഒരുപോലെയല്ല. ഒരിക്കൽ നമ്മെ ഏറെ വിഷമിപ്പിച്ച പല കാര്യങ്ങളും ഇന്ന് ഓർക്കുമ്പോൾ അത്ര വലുതായി തോന്നണമെന്നില്ല. ചില അനുഭവങ്ങൾ പുതിയ പാഠങ്ങൾ പഠിക്കാനും കൂടുതൽ ധൈര്യത്തോടെ മുന്നോട്ടുപോകാനും നമ്മെ സഹായിക്കും. അതുകൊണ്ട് ഇന്നത്തെ പ്രയാസങ്ങൾ കണ്ട് നാളെയെക്കുറിച്ചുള്ള പ്രതീക്ഷ കൈവിടരുത്. സാഹചര്യങ്ങൾ മാറാനും പുതിയ അവസരങ്ങൾ തുറന്നുവരാനും കഴിയും. ഇപ്പോൾ എല്ലാം പ്രയാസകരമായി തോന്നുന്നുണ്ടെങ്കിലും ഈ അവസ്ഥ എന്നെന്നും തുടരുമെന്ന് കരുതേണ്ടതില്ല. ഇന്നത്തെ ബുദ്ധിമുട്ടുകൾക്കിടയിലും നാളെ കൂടുതൽ നല്ലതാകുമെന്ന പ്രതീക്ഷയ്ക്ക് മനസ്സിൽ ഇടം നൽകുക.
4. നല്ല കാര്യങ്ങൾ കാണാൻ പഠിക്കാം
പ്രശ്നങ്ങൾക്കിടയിൽ നമുക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാൻ എളുപ്പമാണ്. എന്നാൽ നമ്മുടെ ജീവിതത്തിൽ ഇപ്പോഴുമുള്ള നന്മകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ. സ്നേഹിക്കുന്ന കുടുംബം, സഹായിക്കാൻ തയ്യാറുള്ള സുഹൃത്ത്, ആശ്വാസം നൽകുന്ന ഒരു വാക്ക്, മനസ്സിന് സന്തോഷം നൽകുന്ന ചെറിയ നിമിഷങ്ങൾ—ഇവയെല്ലാം വിലമതിക്കേണ്ട സമ്മാനങ്ങളാണ്. ഓരോ ദിവസവും നന്ദി പറയാൻ കഴിയുന്ന മൂന്ന് കാര്യങ്ങൾ ഓർത്തെടുക്കുകയോ എഴുതിവയ്ക്കുകയോ ചെയ്യാം. വിശ്വാസമുള്ളവർക്ക് പ്രാർഥനയിലൂടെ ദൈവത്തോട് അടുക്കുന്നതും മനസ്സിന് ആശ്വാസം നൽകും. പ്രശ്നങ്ങൾക്കിടയിലും ജീവിതത്തിൽ നല്ല കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയാൻ ഇത് സഹായിക്കും. നന്മകൾ കാണാൻ പഠിക്കുമ്പോൾ പ്രതീക്ഷയ്ക്കും നമ്മുടെ മനസ്സിൽ ഇടം ലഭിക്കും.
ജീവിതത്തിൽ പ്രയാസങ്ങൾ വരുന്നത് സ്വാഭാവികമാണ്. എന്നാൽ അവയെക്കുറിച്ച് ചിന്തിച്ച് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തേണ്ടതില്ല. ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം; ചിലതിന് സമയം നൽകേണ്ടിവരും. ആ സമയത്ത് നമുക്ക് ചെയ്യാനാകുന്നത് ചെറിയ ചുവടുകളിലൂടെ മുന്നോട്ടുപോകുകയും പ്രതീക്ഷ കൈവിടാതിരിക്കുകയും ചെയ്യുക എന്നതാണ്.
ഓർക്കുക, പ്രതീക്ഷ എന്നത് എല്ലാം ശരിയാകുമെന്നുള്ള ഉറപ്പല്ല; കാര്യങ്ങൾ ശരിയായില്ലെങ്കിലും മുന്നോട്ടുപോകാൻ നമുക്ക് കഴിയുമെന്ന വിശ്വാസമാണ്. അതിനാൽ പ്രയാസങ്ങൾക്കിടയിലും ജീവിതത്തിലെ നന്മകളെ ചേർത്തുപിടിക്കാം. ഓരോ പുതിയ ദിവസത്തെയും പുതിയൊരു അവസരമായി കാണാം.
വിവർത്തനം: ഡിൻസി തോമസ്



