വീട് മനോഹരമാക്കാൻ അഞ്ച് നല്ല ശീലങ്ങൾ

ഓരോ ദിവസത്തെ തിരക്കുകൾക്കിടയിലും നമ്മുടെ വീട് സന്തോഷവും സമാധാനവും നിറഞ്ഞ ഒരിടമാക്കി മാറ്റാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. കുടുംബാംഗങ്ങൾ ഒന്നിച്ചു വിചാരിച്ചാൽ വലിയ അധ്വാനമില്ലാതെ തന്നെ നമ്മുടെ വീടിനെ എപ്പോഴും സുന്ദരമാക്കി നിലനിർത്താം. അതിനായി സഹായിക്കുന്ന അഞ്ചു ലളിതമായ ശീലങ്ങൾ ഇതാ:

1. ആഴ്ചയിലൊരിക്കൽ ഒന്നിച്ചിറങ്ങാം

വീട് മുഴുവൻ വൃത്തിയാക്കുന്നത് ഒരാളുടെ മാത്രം ജോലിയാക്കരുത്. ആഴ്ചയിലൊരിക്കൽ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ജോലികൾ വീതിച്ചെടുത്ത് വീട് ഭംഗിയാക്കുക.

2. അനാവശ്യ സാധനങ്ങൾ ഒഴിവാക്കാം

വീട്ടിൽ സാധനങ്ങൾ അലങ്കോലമായി കിടക്കുന്നത് മനസ്സിന് ആവശ്യമില്ലാത്ത അസ്വസ്ഥതയും സമ്മർദവും ഉണ്ടാക്കും. ആവശ്യമില്ലാത്തവ മാറ്റാനും, ഓരോ സാധനവും അതിന്റേതായ സ്ഥാനത്ത് എടുത്തു വയ്ക്കാനും ശീലിക്കുക.

3. കിടക്ക ഒതുക്കിവച്ചു തുടങ്ങാം

രാവിലെ എഴുന്നേറ്റ ഉടൻ തന്നെ കിടക്ക വിരികൾ ഒതുക്കിവയ്ക്കുക. ദിവസം മുഴുവൻ മുറിക്ക് ഒരു പ്രത്യേക അഴക് നൽകാൻ ഈ ചെറിയ ശീലത്തിന് കഴിയും.

4. രാത്രിയിലെ കുഞ്ഞു വൃത്തിയാക്കലുകൾ

രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് കളിപ്പാട്ടങ്ങൾ ഒതുക്കിവയ്ക്കുക, പാത്രങ്ങൾ കഴുകിവയ്ക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ചെയ്യുക. ഇത് അടുത്ത ദിവസത്തെ ജോലിഭാരം വലിയ രീതിയിൽ കുറയ്ക്കും.

5. വസ്ത്രങ്ങൾ കുന്നുകൂടരുത്

അലക്കാനുള്ള വസ്ത്രങ്ങൾ മാറ്റിവയ്ക്കാതെ അന്നന്നുതന്നെ കഴുകി സൂക്ഷിക്കുക. തുണികൾ കുന്നുകൂടുന്നത് വീടിന്റെ വൃത്തിയും വെടിപ്പും കെടുത്താൻ ഇടയാക്കും.

വലിയ കാര്യങ്ങളേക്കാൾ, ഇത്തരം കൊച്ചു ശീലങ്ങളാണ് നമ്മുടെ വീടിനെ ഏറ്റവും മനോഹരമായ ഒരിടമാക്കി മാറ്റുന്നത്. കുടുംബാംഗങ്ങൾ തമ്മിലുള്ള കൂട്ടായ്മയും സ്‌നേഹവും വളർത്താൻ ഈ കൊച്ചു കാര്യങ്ങൾ തീർച്ചയായും സഹായിക്കും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.