പ്രാർഥനയിൽ നിന്നും പ്രവൃത്തിയിലേക്കുള്ള ആത്മീയ യാത്ര

ക്രിസ്തീയ ജീവിതത്തിൽ ആരാധന എന്ന വാക്കിന് വലിയ അർഥതലങ്ങളുണ്ട്. പലപ്പോഴും ദൈവാലയത്തിനുള്ളിലെ പ്രാർഥനകളിലും ഗാനങ്ങളിലും മാത്രമായി നാം ആരാധനയെ ഒതുക്കിനിർത്താറുണ്ട്. എന്നാൽ, ദൈവത്തോടുള്ള നന്ദിയും ഭക്തിയും സഹജീവികളിലേക്ക് കരുണയായി ഒഴുകിയെത്തുമ്പോഴാണ് ആരാധന പൂർണ്ണമാകുന്നത്. ദൈവത്തിന്റെ സ്നേഹവും ദയയും നമ്മുടെ നല്ല പ്രവൃത്തികളിലൂടെ മറ്റുള്ളവർക്ക് പകർന്നുനൽകുന്നതാണ് കരുണയിലധിഷ്ഠിതമായ ആരാധന.

വിശുദ്ധ ഗ്രന്ഥത്തിലെ ആത്മീയ അടിത്തറ

ദൈവം തന്റെ സ്വഭാവത്തിന്റെ പ്രധാന ഭാഗമായി വെളിപ്പെടുത്തുന്നത് കരുണയെയാണ്. “കര്‍ത്താവ്‌, കാരുണ്യവാനും കൃപാനിധിയുമായ ദൈവം” എന്നാണ് വിശുദ്ധ ഗ്രന്ഥം ദൈവത്തെ വിശേഷിപ്പിക്കുന്നത് (പുറപ്പാട് 34:6). ഈ ദൈവീക കരുണ നമ്മുടെ ജീവിതത്തിലും ആരാധനയിലും പ്രതിഫലിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

പഴയ നിയമത്തിൽ മിക്കാ പ്രവാചകൻ ദൈവത്തിന് പ്രിയപ്പെട്ട ആരാധന എന്താണെന്ന് വളരെ വ്യക്തമായി ഓർമ്മിപ്പിക്കുന്നുണ്ട്: “മനുഷ്യാ, നല്ലതെന്തെന്ന്‌ അവിടുന്ന്‌ നിനക്കു കാണിച്ചുതന്നിട്ടുണ്ട്‌. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ്‌ കര്‍ത്താവ്‌ നിന്നില്‍നിന്ന്‌ ആവശ്യപ്പെടുന്നത്‌?” (മിക്കാ 6 : 8). ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നതിനേക്കാൾ, കരുണയും നീതിയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നതാണ് ദൈവത്തെ യഥാർഥത്തിൽ സന്തോഷിപ്പിക്കുന്നത്.

യേശു കാണിച്ചുതന്ന സ്നേഹത്തിന്റെ വഴി

പുതിയ നിയമത്തിൽ യേശുക്രിസ്തു തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കരുണയുടെ ഉത്തമ മാതൃകയായി മാറും. രോഗികളെ സുഖപ്പെടുത്തിയും, വിശക്കുന്നവർക്ക് ആഹാരം നൽകിയതും, പാപികളോട് ക്ഷമിച്ചുമാണ് യേശു ദൈവ സ്നേഹം വെളിപ്പെടുത്തിയത്. “നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36) എന്ന ആഹ്വാനം യേശു തന്റെ ശിഷ്യന്മാർക്ക് നൽകുന്നു.

‘നല്ല ശമരിയക്കാരന്റെ’ ഉപമയിലൂടെ യേശു പഠിപ്പിക്കുന്നത്, നമ്മെപ്പോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കുകയും, യാതൊരു വിവേചനവുമില്ലാതെ സഹായം ആവശ്യമുള്ള എല്ലാവരോടും കരുണ കാണിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ആരാധന അർഥപൂർണ്ണമാകുന്നത് എന്നാണ്.

നമ്മുടെ ജീവിതത്തിൽ ഇത് എങ്ങനെ പ്രാവർത്തികമാക്കാം?

കരുണ എന്നത് വെറുമൊരു ആത്മീയ ചിന്ത മാത്രമല്ല, അത് പ്രവൃത്തിയിലൂടെ വെളിപ്പെടേണ്ട ഒന്നാണ്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇത് പകർത്തുവാൻ ചില വഴികൾ താഴെ പറയുന്നവയാണ്:

സേവന പ്രവർത്തനങ്ങൾ

വിശക്കുന്നവർക്ക് ആഹാരം നൽകുക, രോഗികളെയും ഒറ്റപ്പെട്ടവരെയും സന്ദർശിക്കുക, പാവപ്പെട്ടവരെ സഹായിക്കുക എന്നിവയെല്ലാം ദൈവത്തിന് അർപ്പിക്കുന്ന ജീവനുള്ള ആരാധനകളാണ്.

മറ്റുള്ളവർക്കായി പ്രാർഥിക്കുക

സഹജീവികളുടെ സങ്കടങ്ങളും ഭാരങ്ങളും സ്വന്തമായി കണ്ട് അവർക്കായി ദൈവ സന്നിധിയിൽ മധ്യസ്ഥത യാചിക്കുന്നത് കരുണയുടെ വലിയൊരു ആവിഷ്കാരമാണ്.

സഹോദരസ്നേഹവും പരസ്പര സഹകരണവും

ആദിമ സഭയുടെ മാതൃക പിന്തുടർന്ന് (അപ്പസ്തോല പ്രവർത്തനങ്ങൾ 2:44-45) നമുക്കുള്ളവ പരസ്പരം പങ്കുവയ്ക്കുകയും, മറ്റുള്ളവരുടെ സങ്കടങ്ങളിൽ കൂടെനിൽക്കുകയും ചെയ്തുകൊണ്ട് സ്നേഹത്തിൽ ജീവിക്കുക.

പ്രതിസന്ധികളും ആത്മീയ ശക്തിയും

സ്വാർഥതയും വ്യക്തികേന്ദ്രീകൃതവുമായ ഇന്നത്തെ ലോകത്തിൽ മറ്റുള്ളവരോട് കരുണ കാണിക്കുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാൽ നമ്മുടെ സ്വന്തം ശക്തിയാൽ മാത്രമല്ല, പരിശുദ്ധാത്മാവിന്റെ കൃപയാലാണ് നാം ഇത് ചെയ്യേണ്ടത്. ആത്‌മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്‌ദം, സമാധാനം, ക്‌ഷമ, ദയ, നന്‍മ എന്നിവ നമ്മിൽ നിറയുമ്പോൾ (ഗലാത്തിയകാർക്ക് എഴുതിയ ലേഖനം 5:22-23) ലോകത്തിന് ദൈവത്തിന്റെ സ്നേഹം കാണിച്ചുകൊടുക്കാൻ നമുക്ക് സാധിക്കും.

പ്രാർഥനയും കരുണയും വേർപിരിക്കാൻ കഴിയാത്തവയാണ്. ദൈവത്തെ സ്നേഹിക്കുന്നു എന്ന് പറയുകയും സഹജീവികളോട് കരുണ കാണിക്കാതിരിക്കുകയും ചെയ്താൽ ആ ആരാധന അപൂർണ്ണമാണ്. നമ്മൾ ചെയ്യുന്ന ഓരോ ചെറിയ നന്മയും ദൈവത്തിനുള്ള ആരാധന തന്നെയാണ്. ദൈവത്തിന്റെ ദയയും സ്നേഹവും പ്രവൃത്തിയിലൂടെ കാണിക്കുന്ന നല്ല ആരാധകരായി ജീവിക്കാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.