ലബനൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്ക്‌ വിദ്യാഭ്യാസ സഹായം പ്രഖ്യാപിച്ച് ലെയോ പാപ്പ

ലബനൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ വിദ്യാർഥികൾക്ക് സ്‌കൂൾ, സർവകലാശാല വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വാർഷിക ഫീസ് നൽകുന്നതിനായി ഫണ്ട് അനുവദിച്ച് ലെയോ പതിനാലാമൻ പാപ്പ. പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കസ്ട്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബർ പത്തിന്, മെൽക്കൈറ്റ് ഗ്രീക്ക് ആന്റിയോക്ക് സഭയുടെ സിനഡിൽ പങ്കെടുക്കുന്നവരെ സ്വീകരിച്ച അവസരത്തിൽ ആണ് പാപ്പ വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് നൽകുന്നകാര്യം പങ്കുവെച്ചത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ക്രിസ്തീയ കുടുംബങ്ങൾക്ക് നിലനിൽക്കാനുള്ള സാഹചര്യവും സഹായവും അവസരവും ഒരുക്കുക, അതിനായി യുവതലമുറയെ പിന്തുണയ്ക്കുക എന്നിവയാണ് ഈ സഹായത്തിലൂടെ വത്തിക്കാൻ ലക്ഷ്യം വയ്ക്കുന്നത്.

ഇതിലൂടെ മാർപാപ്പായ്ക്ക് അവിടുത്തെ കുട്ടികളോടുള്ള കരുതലും സ്നേഹവും അടുപ്പവുമാണ് വ്യക്തമാകുന്നത് എന്ന് വത്തിക്കാൻ പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. യുദ്ധം, സാമ്പത്തിക പ്രതിസന്ധി, അസമാധാനം എന്നിവയ്ക്കിടയിലും ആ ജനങ്ങൾക്കൊപ്പം നിലനിൽക്കാൻ തയ്യാറായ മെൽക്കൈറ്റ് ഗ്രീക്ക് ആന്റിയോക്ക് സഭയുടെ മെത്രാന്മാരോടുള്ള തന്റെ സ്നേഹവും അടുപ്പവും പാപ്പ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.