
ആധുനിക ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗവും ഓൺലൈൻ സുരക്ഷയും ആഗോളതലത്തിൽ വലിയ ചർച്ചാവിഷയമാണ്. സൈബർ ഇടങ്ങളിൽ കുട്ടികൾ നേരിടുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, ഡിജിറ്റൽ ലോകത്ത് നിന്ന് അവരെ പൂർണ്ണമായി മാറ്റിനിർത്താതെ അവരുടെ പങ്കാളിത്തവും വികാസവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും വളരെ വലുതാണ്. അതിനു സഹായിക്കുന്ന ഏതാനും ഘടകങ്ങൾ ഇതാ.
നിരോധനമല്ല, സുരക്ഷിതമായ മാർഗനിർദേശം
കുട്ടികളെ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ നിന്നും സോഷ്യൽ മീഡിയകളിൽ നിന്നും പൂർണ്ണമായി അകറ്റിനിർത്തുന്നത് (Sidelining) അവരുടെ വിവരശേഖരണത്തിനും ഡിജിറ്റൽ കഴിവുകളുടെ വികസനത്തിനും തടസ്സമാകും. അതിനാൽ വിലക്കുകൾ ഏർപ്പെടുത്തുന്നതിന് പകരം, സുരക്ഷിതമായി ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടത്. അതിനായി മാതാപിതാക്കളുടെയും അധ്യാപകരുടെയും സമൂഹം മുഴുവന്റെയും കൂട്ടായ പരിശ്രമം ആവശ്യമാണ്.
സന്തുലിത സമീപനം (Balanced Approach)
ഓൺലൈൻ കെണികൾ, സൈബർ ബുള്ളിയിംഗ്, അനാവശ്യ ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും രക്ഷിതാക്കളുടെ മേൽനോട്ടവും ആവശ്യമാണ്. എന്നാൽ ഈ മേൽനോട്ടം കുട്ടികളുടെ സ്വകാര്യതയെയും ചിന്താശേഷിയെയും ഹനിക്കാത്ത വിധത്തിൽ സന്തുലിതമായിരിക്കണം. അതിന്റെ ഗുണദോഷ വശങ്ങളെ കുറിച്ച് കുഞ്ഞുങ്ങൾക്ക് വ്യക്തമായി പറഞ്ഞു കൊടുക്കണം. പലപ്പോഴും ഒരു കാര്യത്തോട് ‘നോ’ എന്ന് പറയുമ്പോൾ അത് എന്തുകൊണ്ടാണ് പറയുന്നത് എന്ന് കാര്യകാരണസഹിതം വ്യക്തമാക്കുക അത്യാപേക്ഷിതമാണ്.
രക്ഷിതാക്കളുടെയും അധ്യാപകരുടെയും പങ്ക്
കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്താൻ മുതിർന്നവർ തയ്യാറാകണം. ഓൺലൈനിൽ അവർ നേരിടുന്ന ഭീഷണികളെക്കുറിച്ചോ, സംശയങ്ങളെക്കുറിച്ചോ ഭയമില്ലാതെ സംസാരിക്കാനുള്ള അന്തരീക്ഷം വീട്ടിലും സ്കൂളിലും ഉണ്ടാക്കിയെടുക്കണം. അവരുടെ സംശയങ്ങളും ആശങ്കകളും അറിവുകളും മനസിലാക്കണം എങ്കിൽ അതിനു തുറന്ന സംസാരം അല്ലാതെ മറ്റൊരു മാർഗമില്ല എന്ന് മുതിർന്നവർ തിരിച്ചറിയണം.
ടെക്നോളജി കമ്പനികളുടെ ഉത്തരവാദിത്തം
കുട്ടികൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുമ്പോൾ തന്നെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ സാങ്കേതിക കമ്പനികൾ ബാധ്യസ്ഥരാണ്. കുട്ടികളുടെ പ്രായത്തിനനുയോജ്യമായ സുരക്ഷാ ഫീച്ചറുകളും സ്വകാര്യതാ നയങ്ങളും നിർബന്ധമാക്കണം. അതിനു ആവശ്യമായ നിയമങ്ങളും മറ്റും കൊണ്ടുവരാൻ ഭരണാധികാരികളും ശ്രമിക്കണം. എങ്കിൽ മാത്രമേ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയുകയുള്ളൂ. ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നതിനർഥം അവരെ ആ ലോകത്ത് നിന്ന് ഒറ്റപ്പെടുത്തുക എന്നതല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി അവരെ വളർത്തിയെടുക്കുക എന്നതാണ്.




