വാഴ്ത്തപ്പെട്ട ലോറ വിക്കുണ: വിശുദ്ധിയുടെ പരിമളം പരത്തിയ കുഞ്ഞുപൂവ്

1901 ജൂൺ 2, അന്ന് ലോറ വിക്കുണയുടെ ആദ്യകുർബാന സ്വീകരണദിവസമായിരുന്നു. പത്തു വയസ്സായിരുന്നു അവൾക്ക്. തന്റെ സ്വന്തം കൈകൊണ്ടു തുന്നിയ വെള്ളയുടുപ്പുമായി, അവളുടെ അമ്മയോടൊപ്പം ജുനിനിലെ സലേഷ്യൻസ് നടത്തുന്ന ബോർഡിങ്‌ സ്കൂളിലെത്തി. ഏതെങ്കിലും കുറ്റങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിൽ മാപ്പുതരാൻ ലോറ അമ്മയോട് അപേക്ഷിച്ചു. ഈശോയെ സ്വീകരിച്ചതിനുശേഷം താഴെയുള്ള തീരുമാനങ്ങളോടൊപ്പം അവൾ തന്നെത്തന്നെ ഈശോയ്ക്കു സമർപ്പിച്ചു.

1. ഓ, എന്റെ ദൈവമേ! എന്റെ ജീവിതം മുഴുവനും വഴിയായി അങ്ങയെ സ്നേഹിക്കാനും ശുശ്രൂഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്റെ ആത്മാവും ഹൃദയവും എന്നെ മുഴുവനായും ഞാൻ അങ്ങേയ്ക്കു തരുന്നു.

2. അങ്ങയെ പാപംവഴി എതിർക്കുന്നതിനേക്കാൾ മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അങ്ങയിൽനിന്ന് എന്നെ അകറ്റുന്ന എല്ലാറ്റിനോടും വിരക്തി പാലിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

3. അങ്ങ് അറിയപ്പെടാനും സ്നേഹിക്കപ്പെടാനും ഓരോ ദിവസവും, പ്രത്യേകിച്ച് എന്റെ വീട്ടുകാർവഴിയായി അങ്ങ് നേരിടുന്ന നിന്ദനങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.

4. എന്റെ ദൈവമേ, സ്നേഹവും ഇന്ദ്രിയനിഗ്രഹവും ത്യാഗവും നിറഞ്ഞ ഒരു ബലിജീവിതം എനിക്ക് തരണമേ.

അവളുടെ അമ്മ അന്നേ ദിവസം കുമ്പസരിക്കുകയോ, ദിവ്യകാരുണ്യസ്വീകരണം നടത്തുകയോ ചെയ്തില്ലെന്നുള്ളത് അവളിൽ ചെറിയ സങ്കടം അവശേഷിപ്പിച്ചു.

ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിൽ 1891 ഏപ്രിൽ 5-നായിരുന്നു അവൾ ജനിച്ചത്. ചിലിയിൽ വിപ്ലവത്തിന്റെയും പോരാട്ടത്തിന്റെയും കാലഘട്ടമായിരുന്നു അത്. മെയ് 24-ന് സെന്റ് ആൻസ് പള്ളിയിൽവച്ച്, ജോസഫ് ഡൊമിനിക് വിക്കുണയുടെയും മെർസേഡിസ് പിനോയുടെയും മകളായ ലോറ കാർമെന് മാമ്മോദീസ കൊടുക്കുമ്പോൾ, വെള്ളവസ്ത്രം സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫാ. ബെർണാർഡോ ആ കുഞ്ഞിനോടു പറഞ്ഞു: “നിത്യജീവിതത്തിലേക്കായി ദൈവത്തിന്റെ നീതിന്യായ കോടതിസമക്ഷം എത്തുന്നതുവരെ കറയൊന്നുംകൂടാതെ അതിനെ നിർമ്മലമായിത്തന്നെ സൂക്ഷിക്കുക.” ധാരാളം ക്ലേശങ്ങൾക്കിടയിൽപെട്ടെങ്കിലും ധീരതയോടെ പൊരുതി തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ അവൾക്കു കഴിഞ്ഞു.

രാജ്യത്തെ കഠിനസാഹചര്യങ്ങളെതുടർന്ന് നാടുവിട്ട ദമ്പതികൾക്ക് ഒരു മകൾകൂടി ഉണ്ടായി. താമസിയാതെ ലോറയുടെ പിതാവ് മരിക്കുമ്പോൾ അമ്മയ്ക്ക് 23 വയസ്സായിരുന്നു. വസ്ത്രങ്ങൾ തുന്നിക്കൊണ്ട് മെർസേഡിസ് ജീവിതോപാധി ഉണ്ടാക്കാൻ ശ്രമിച്ചു. പക്ഷേ, കുറച്ചു കള്ളന്മാർ കടയിൽ കയറി എല്ലാം മോഷ്ടിച്ചു. ഹതാശയായ മെർസേഡിസ് ഉള്ളതെല്ലാം കെട്ടിപ്പറുക്കി മക്കളോടൊപ്പം അർജെന്റിന ലക്ഷ്യമാക്കി യാത്രയായി, ലാസ് ലാഗാസിലെത്തി.

വെള്ളപ്പൊക്കം പ്രശ്നമായപ്പോൾ സമ്പന്നനായ മാനുവൽ മോറ എന്നയാൾ അവർക്ക് അഭയംനൽകുകയും കുട്ടികളുടെ പഠനത്തിന്റെ ചെലവ് താൻ വഹിക്കാമെന്നുമേറ്റു. തന്റെ അവസാന ആശ്രയമായി മെർസേഡിസ് അയാളെ കണ്ടു. അയാൾ വിവാഹംകഴിക്കുമെന്നു വിചാരിച്ച് അയാളുടെകൂടെ കൂടിയെങ്കിലും വെപ്പാട്ടിയെപ്പോലെ കഴിയാനായിരുന്നു യോഗം. ഒരു കുറ്റവാളിയുടെ മനസ്സിന് ഉടമയായിരുന്ന മാനുവൽ മോറയ്ക്ക്‌ ജയിൽവാസം പുത്തരിയായിരുന്നില്ല. തന്റെ കീഴിൽ പണിയെടുക്കുന്നവരോട് ക്രൂരമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിൽ നിന്നുമുണ്ടായത്.

1900 ജനുവരി 21-ന് മെർസേഡിസ് തന്റെ മക്കളെ ജുനിൻ എന്ന സ്ഥലത്തുള്ള ബോർഡിങ്‌ സ്കൂളിൽ ചേർത്തു. ‘ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാർ’ എന്നറിയപ്പെട്ടിരുന്ന സിസ്റ്റേഴ്സ് ആണ് അത് നടത്തിയിരുന്നത്. അവധിദിനങ്ങൾ ആയിരുന്നെങ്കിലും മാനുവൽ മോറയിൽനിന്ന് മക്കളെ ദൂരത്ത് എത്തിക്കാൻകൂടിയാണ് നേരത്തെതന്നെ അവൾ മക്കളെ അവിടെ ആക്കിയത്.

ലോറ വളരെയധികം സന്തോഷവതിയായി. സ്നേഹവും പ്രാർഥനയും സമാധാനവും ആ കോൺവെന്റിൽ നിറഞ്ഞുനിന്നിരുന്നു. അവളെ ശരിയായി നയിച്ച കുമ്പസാരക്കാരൻ ഫാ. ക്രെസ്റ്റനെല്ലോ പിന്നീട് പറഞ്ഞു: “സ്കൂളിൽ ചേരുന്നതിനുമുൻപ് ലോറയുടെ സ്വഭാവം മാതൃകാപരമായിരുന്നില്ലെങ്കിലും സിസ്റ്റേഴ്സിനെയും മതപരമായ കാര്യങ്ങളും അറിയാൻതുടങ്ങിയ ദിവസംമുതൽ അവൾ നന്മയിലും ശുദ്ധതയിലും വളരാനും തുടങ്ങി.”

മെർസെദീറ്റാസ് എന്നായിരുന്നു ലോറയുടെ കൂട്ടുകാരിയുടെ പേര്. ഒരുദിവസം രണ്ടാളുംകൂടി പടർന്നുകിടക്കുന്ന പൂപ്പന്തലിന് വടികൊണ്ട് ഊന്നുകൊടുക്കുകയായിരുന്നു. തോട്ടത്തിന്റെ ഭംഗി കുറയുമെന്ന് അറിയാമായിരുന്ന കൂട്ടുകാരി അതിനു മടിച്ചു. പക്ഷേ, സിസ്റ്ററിന്റെ ആജ്ഞ അനുസരിക്കാതെ നിവൃത്തിയില്ല. അനുസരണക്കേട് കാണിക്കരുതെന്ന് ലോറ അവളോടു പറഞ്ഞു. കുത്തിനിർത്തുന്ന വടിയോട് അനുസരണമുള്ളവരായി റോസപ്പൂക്കൾ പുഷ്പിക്കുന്നത്പോലെ അവരും അധികാരികളുടെ വാക്കുകൾ ദൈവഹിതമായി അനുസരിക്കണമല്ലോ. എന്തായാലും കുറേ കഴിഞ്ഞ് അവൾ കുത്തിനിർത്തിയ വടി പുഷ്പിക്കുകയും ‘അനുസരണത്തിന്റെ വടി’ എന്ന പേര് അതിനു ലഭിക്കുകയും ചെയ്തു. അവളുടെ മരണശേഷം ആ പൂപ്പന്തലിൽനിന്ന് പൂക്കൾ ശേഖരിക്കാൻ കൂട്ടുകാർ മത്സരിച്ചു.

ആദ്യകുർബാന സ്വീകരണസമയത്ത്, വിവാഹമെന്ന കൂദാശയുടെ ഉറപ്പില്ലാതെ സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കുന്നത് തെറ്റാണെന്ന ബോധം അവൾക്കു കിട്ടി. അവളുടെ അമ്മയുടെ പാപത്തെക്കുറിച്ചോർത്ത് അവൾ ബോധംകെട്ടുവീണു.

മരിയൻ സൊഡാലിറ്റിയിൽ ചേരാൻ സാധിച്ചതിലും അതിന്റെ മെഡൽ ലഭിച്ചപ്പോഴും അവൾക്ക് അളവറ്റ സന്തോഷമുണ്ടായി. പാപം ചെയ്യുന്നതിനേക്കാൾ മരിക്കാനുള്ള ചിന്ത അവളിൽ രൂഢമൂലമായി.

അവധിക്ക് മക്കളെ കൊണ്ടുപോകാൻ മെർസേഡിസ് വന്നു. അപകടം ചാരത്തെത്തിയത് പക്ഷേ, അവർ അറിഞ്ഞില്ല. വഷളനായ മാനുവൽ മോറ ലോറയിൽ നോട്ടമിട്ടുകഴിഞ്ഞിരുന്നു. അവൾ സർവശക്തിയും ഉപയോഗിച്ച് അയാളെ ചെറുത്തുനിന്നു. പക്ഷേ, അയാൾ തോറ്റുമടങ്ങുന്നവനായിരുന്നില്ല.

ഒരു ആഘോഷത്തിനിടയിൽവച്ച് മാനുവൽ മോറ ലോറയെ അയാൾക്കൊപ്പം നൃത്തംചെയ്യാൻ ക്ഷണിച്ചു. എന്നാൽ അവൾ നിരസിച്ചു. അയാൾ ഉറക്കെ വിളിച്ചപ്പോഴും അവളുടെ ഉത്തരം ഉറച്ച ‘ഇല്ല’ എന്നായിരുന്നു. സ്വന്തം വീട്ടിൽ ആളുകളുടെ മുന്നിൽവച്ച് അപമാനിതനായ അയാൾ അവളെ വീടിനു പുറത്താക്കി. ഒന്നുപോയി നൃത്തം ചെയ്യാൻ അവളുടെ പിന്നാലെ നടന്ന് അമ്മ പറഞ്ഞെങ്കിലും അവൾ അതിനു ചെവികൊടുത്തില്ല. തിന്മ വിചാരിക്കുന്ന ഒരാളോടൊപ്പം നൃത്തംചെയ്യാൻ അവൾക്ക് സമ്മതമായിരുന്നില്ല.

മാനുവൽ മോറ ദേഷ്യംകൊണ്ട് പുകഞ്ഞു. പ്രതികാരം ചെയ്യുമെന്ന് നിശ്ചയിച്ചു. അവളോട് വളരെ മര്യാദകെട്ട രീതിയിൽ പെരുമാറി. സ്കൂൾ ഫീസ് കൊടുക്കില്ലെന്ന് അയാൾ പറഞ്ഞെങ്കിലും, സ്കൂളിൽ ചെറിയ പണികൾ ചെയ്‌താൽ അടുത്ത അഞ്ചുവർഷത്തേക്ക് ഫീസ് അടയ്‌ക്കേണ്ടെന്ന് സി. ആഞ്ചല പറഞ്ഞത് അവൾക്ക് വലിയ ആശ്വാസമായി. സന്തോഷത്തോടെ അവൾ പണികൾചെയ്തു. ഒരു സന്യാസിനിയാവാൻ അവൾ വളരെ ആഗ്രഹിച്ചു. അതിന് അപേക്ഷ കൊടുത്തെങ്കിലും അവളുടെ അമ്മയുടെ കാര്യങ്ങൾ പരിഗണിച്ച് അത് നിരസിക്കപ്പെട്ടു. പിന്മാറാൻ ഒരുക്കമല്ലാതിരുന്ന ലോറ കുമ്പസാരക്കാരന്റെ അനുമതി വാങ്ങി രഹസ്യമായി വ്രതവാഗ്ദാനം ചെയ്തു; ആദ്യകുർബാന സ്വീകരണത്തിനുശേഷം.

ആടുകൾക്കായി ജീവനർപ്പിക്കുന്ന നല്ല ഇടയനെപ്പറ്റി കേട്ട പ്രസംഗം അവളെ വളരെയധികം സ്വാധീനിച്ചു. അമ്മയുടെ മാനസാന്തരത്തിനായി തന്റെ ജീവൻ സമർപ്പിക്കാൻ ലോറ ആഗ്രഹിച്ചു. ഏറെ പ്രാർഥനയ്ക്കും വിചിന്തനത്തിനുംശേഷം അവൾക്ക് അതിനായി കുമ്പസാരക്കാരൻ അച്ചന്റെ അനുമതി ലഭിച്ചു. അദ്ദേഹം പിന്നീട് പറഞ്ഞു: “സന്തോഷത്തിന്റെയും പ്രത്യാശയുടെയും കണ്ണീർ പൊഴിച്ചുകൊണ്ട് തന്റെ അമ്മയുടെ ആത്മരക്ഷയ്ക്കായി അവൾ ഈശോയ്ക്കും മറിയത്തിനും തന്നെത്തന്നെ ബലിയായി സമർപ്പിച്ചു.”

അതിനുശേഷം അവളുടെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. 1903 സെപ്റ്റംബറിൽ ഗുരുതരമായി അസുഖബാധിതയായപ്പോൾ മെർസേഡിസ് അവളെ വീട്ടിലേക്കു  കൂട്ടിക്കൊണ്ടുപോയി. കുർബാനയിൽനിന്നും ആത്മീയനിയന്താവായ കുമ്പസാരക്കാരനിൽനിന്നും സിസ്റ്റേഴ്സിൽനിന്നും കൂട്ടുകാരിൽനിന്നും അകന്നത് അവളുടെ രോഗം വർധിപ്പിച്ചു. അതുകൊണ്ട് നവംബറിൽ മെർസേഡിസ് സ്‌കൂളിനടുത്ത് രണ്ടുമുറികളുള്ള ഒരു വീട് വാടകയ്ക്കെടുത്തു. അമലോത്ഭവ മാതാവിന്റെ തിരുനാളിനൊരുക്കമായി ലോറ നൊവേനകളിൽ പങ്കെടുത്തെങ്കിലും ഡിസംബർ 8-ന് എണീക്കാനാവാത്തവിധം കിടപ്പിലായിരുന്നു.

പെട്ടെന്നൊരു ദിവസം, 1904 ജനുവരി 16-ന് മാനുവൽ മോറ കടന്നുവന്നു. ലോറയോടൊപ്പം രാത്രി കഴിയണമെന്നുപറഞ്ഞു. മെർസേഡിസ് എതിർത്തെങ്കിലും അതൊന്നും അയാൾ ചെവിക്കൊണ്ടില്ല. അവസാനം, “ഇയാൾ പോകുന്നില്ലെങ്കിൽ ഞാൻ സിസ്റ്റേഴ്സ്ന്റെ അടുത്തേക്കു പോവുകയാണ്” എന്നുംപറഞ്ഞു  ലോറ കോൺവെന്റിലേക്ക് ഓടി. മാനുവൽ മോറ പിന്നാലെയോടി അവളെ പിടിച്ച് കഠിനമായി അടിച്ചു. ഭാഗ്യത്തിന് വേറെ ഒരു സ്ത്രീ വരുന്നതുകണ്ട് അയാൾ തിടുക്കത്തിൽ കുതിരപ്പുറത്തു കയറിപ്പോയി.

എല്ലാവരുംകൂടി ലോറയെ കിടക്കയിൽ കൊണ്ടുകിടത്തി. പിന്നെ അവൾക്ക്‌ തനിയെ എണീക്കാൻ കഴിഞ്ഞിട്ടില്ല. ജനുവരി 18-ന് അവൾ കുമ്പസാരിച്ചു. 22-ന് അന്ത്യകൂദാശകൾ കൈക്കൊണ്ടു. അഞ്ചുമണി ആയപ്പോൾ അമ്മയെ വിളിച്ചു. മെർസേഡിസ് ഓടി അടുത്തേക്കു വന്നു. “എന്റെ മോളെ” കരഞ്ഞുകൊണ്ട് അവൾ ചോദിച്ചു: “നീ എന്നെ തനിച്ചാക്കി പോവുകയാണോ?”

“അതേ അമ്മേ, ഞാൻ മരിക്കുകയാണ്‌. ഞാൻ ഈശോയിൽനിന്ന് ഇത് ചോദിച്ചുമേടിച്ചതാണ്. അമ്മ ദൈവത്തിലേക്കു മടങ്ങിവരാനായി ഞാൻ എന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ചിട്ട് രണ്ടുവർഷം ആകുന്നു. അമ്മേ, അമ്മ മാനസാന്തരപ്പെടുന്നതുകണ്ട് ആനന്ദത്തോടെ മരിക്കുന്നതിനുള്ള ഭാഗ്യം എനിക്ക് തരില്ലേ?”

ഉള്ളംനൊന്ത് മെർസേഡിസ് പൊട്ടിക്കരഞ്ഞു. “ഈ ഞാനോ? ഇത്രയും നീണ്ട നിന്റെ സഹനത്തിനും ഈ മരണത്തിനും കാരണം ഞാനാണോ മോളെ? എന്റെ പ്രിയ ലോറ, ദൈവം സാക്ഷി. നീ ചോദിച്ചത് ഞാൻ വാക്ക് തരുന്നു. എനിക്ക് മാപ്പ് തരൂ.”

ലോറ ക്രൂശിതരൂപം മുത്തി അവളുടെ ഹൃദയത്തോട് ചേർത്തു. “നന്ദി ഈശോയേ, നന്ദി മാതാവേ. വളരെയധികം സന്തോഷവതിയായി ഞാൻ മരിക്കുന്നു.” അതായിരുന്നു അവസാന വാക്കുകൾ.

അർജന്റീനയിൽ ബഹിയ ബ്ലാങ്കയിൽ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിന്റെ പുത്രിമാരുടെ ചാപ്പലിൽ അവളുടെ ഭൗതികാവശിഷ്ടങ്ങളുണ്ട്. 1988 സെപ്റ്റംബർ 3-ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പ അവളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തി.

മെർസേഡിസ് വാക്കു പാലിച്ചു. ലോറയുടെ ശവസംസ്കാരദിവസം അവൾ കൂദാശകൾ സ്വീകരിച്ചു. മാനുവൽ മോറയെ വിട്ടകന്നു.

വിശുദ്ധിയുടെ പരിമളം പരത്തിയ കുഞ്ഞുപൂവ് ലോറ വിക്കുണയുടെ തിരുനാൾ ആശംസകൾ.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.