സഹാറാ മരുഭൂമിയിലെ വിശുദ്ധൻ; എല്ലാവരുടെയും സഹോദരൻ: വി. ചാൾസ് ഫുക്കോയുടെ ജീവിതകഥ

2022 മെയ് പതിനഞ്ചിന് ഫ്രാൻസിസ് പാപ്പ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയ ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസവൈദികൻ, ‘ഈശോയുടെ ബ്രദർ ചാൾസ്’ എന്നറിയപ്പെടുന്ന ചാൾസ് ഫുക്കോയുടെ ജീവിതകഥ. വിശുദ്ധ ചാൾസ് ഫുക്കോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയിട്ട് ഇന്ന് നാലുവർഷം തികയുന്നു.

1858 ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭുകുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽനിന്ന് അകലാൻ തുടങ്ങുകയും ലോകസുഖങ്ങളുടെയും സുഖഭോഗങ്ങളുടെയും പാത പിന്തുടരുകയുംചെയ്തു.

സൈനീകനായ മുത്തച്ഛന്റെ പാത പിന്തുടർന്ന് ചാൾസും ഫ്രഞ്ച് സൈന്യത്തിൽ ചേർന്നു. സൈനിക സ്കൂളിലെ രണ്ടുവർഷത്തെ പരിശീലനത്തിനുശേഷം ഇരുപതാം വയസ്സിൽ ചാൾസ് ഓഫീസറായി. മുത്തച്ഛൻ മരിച്ചതിനെത്തുടർന്ന് ഭീമമായ സ്വത്ത് ലഭിച്ചതിനാൽ ആർഭാടജീവിതത്തിന് പുതിയ മാനം കൈവന്നു. 1879 ൽ പോണ്ട് എ മൗസണിലിൽ സേവനം ചെയ്യുമ്പോൾ മിമി എന്ന സ്ത്രീയുമായി അടുപ്പത്തിലായി. അടുത്ത വർഷം അൾജീരിയിലേക്ക് ചാൾസിനെ റെജിമെന്റ് അയച്ചപ്പോൾ മിമിയെ ഭാര്യ എന്നരീതിയിൽ കൂടെക്കൂട്ടി. കള്ളം പുറത്തായപ്പോൾ അവളെ തിരിച്ചയയ്ക്കാൻ സേനാതലവൻ നിർദേശിച്ചെങ്കിലും ചാൾസ് വിസമ്മതിച്ചു. അവളെ ഉപേക്ഷിക്കുന്നതിനെക്കാൾ സൈന്യത്തിലെ ജോലിയിൽനിന്നു രാജിവയ്ക്കുന്നതാണ് നല്ലതെന്ന് അവൻ കണ്ടു. ഫ്രാൻസിലേക്കു തിരിച്ചുപോയ ചാൾസ് എവിയാനിൽ താമസമാക്കി. 1881 ൽ ടുണീഷ്യയിൽ തന്റെ റെജിമെന്റ് അപകടകരമായ ദൗത്യത്തിലാണെന്നു കേട്ട ചാൾസ് മിമിയെ ഉപേക്ഷിച്ച് സൈനികസേവനത്തിന്  വീണ്ടും യാത്രയായി.

വടക്കേ ആഫ്രിക്കയിൽ ആകൃഷ്ടനായ ചാൾസ്, മോറോക്കോ പരിവേക്ഷണത്തിനു തയ്യാറെടുക്കുന്നതിനായി സൈന്യത്തിൽനിന്നു രാജിവച്ച് അൾജീരിയയിൽ സ്ഥിരതാമസമാക്കി. പിന്നീട് ഫ്രഞ്ച് ജിയോഗ്രഫിക്കൽ സോസെറ്റി ഈ ദൗത്യത്തിനു ചാൾസിനു സ്വർണ്ണമെഡൽ സമ്മാനിക്കുന്നുണ്ട്. അറബിയും ഹീബ്രുവും പഠിച്ച അദ്ദേഹം 1883 ജൂൺ മുതൽ പിറ്റേവർഷം മെയ് വരെ ഒരു റബ്ബിയുടെ വേഷം ധരിച്ച് മൊറോക്കയിലുടനീളം രഹസ്യമായി യാത്ര ചെയ്തു. അപകടകരമായ പല സാഹചര്യങ്ങളിലൂടെയും കടന്നുപോയെങ്കിലും അവിടെയുണ്ടായിരുന്ന മുസ്ലീം വിശ്വാസികളുമായുള്ള സമ്പർക്കം ചാൾസിന്റെ വിശ്വാസജീവിതത്തെ വീണ്ടും ജ്വലിപ്പിക്കാൻ ആരംഭിച്ചു. “എന്റെ ദൈവമേ, നീ ഉണ്ടെങ്കിൽ, ഞാൻ നിന്നെ അറിയട്ടെ” എന്ന വാക്യം അവൻ പലതവണ തന്നോടുതന്നെ പറയാൻ ആരംഭിച്ചു.

ഫ്രാൻസിലേക്കു മടങ്ങിയ ചാൾസ് 1886 ൽ തന്റെ 28 -ാം വയസ്സിൽ ഒരു വൈദികന്റെ ആത്മീയശിക്ഷണത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെവന്നു. ഇതിനിടയിൽ വിശുദ്ധനാട്ടിലേക്ക് അവൻ ഒരു തീർഥാടനം നടത്തി. ഈ യാത്രയിൽ ‘നസ്രത്തിലെ ഈശോയെ തന്റെ ജീവിതത്തിൽ അനുഗമിക്കാനുള്ള’ ദൈവവിളി തിരിച്ചറിഞ്ഞ ചാൾസ്, ഏഴുവർഷത്തോളം ഫ്രാൻസിലും സിറിയയിലും ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. നാല്പത്തിമൂന്നാമത്തെ വയസ്സിൽ 1901 ജൂൺ മാസം ഒൻപതാം തീയതി വൈദികനായി അഭിഷിക്തനായി.

തന്റെ പ്രേഷിതമേഖല സഹാറായാണെന്നു തിരിച്ചറിഞ്ഞ നവവൈദികൻ അവിടേക്ക് യാത്ര തിരിച്ചു. ഏറ്റവും പരിത്യജിക്കപ്പെട്ടവരോടും  ഉപേക്ഷിക്കപ്പെട്ടവരോടും കൂടെ ആയിരിക്കാനാഗ്രഹിച്ച ചാൾസച്ചൻ, തന്നോട്  അടുക്കുന്ന എല്ലാവരും തന്നിൽ ഒരു ‘സാർവത്രിക സഹോദരനെ’ കണ്ടെത്തണമെന്ന് ആഗ്രഹിച്ചു. സഹാറയിൽ ക്രിസ്ത്യാനിയോ, മുസ്ലീമോ, ജൂതനോ, വിജാതിയരോ ആകട്ടെ, കടന്നുപോകുന്ന ആരെയും അദ്ദേഹം സ്വാഗതംചെയ്യുമായിരുന്നു. അടിമക്കച്ചവടത്തിനെതിരെ നിലകൊണ്ട ചാൾസ് നിരവധി അടിമകളെ മോചിപ്പിക്കാൻ പരിശ്രമിച്ചു.

1905 ൽ അദ്ദേഹം സഹാറയിലെ ഹോഗറിലെ തമൻറാസെറ്റിലേക്കു മാറുകയും അവരുടെ ഭാഷ പഠിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പുരോഹിതൻ അവിടെ ചെല്ലുന്നതു തന്നെ. ചാൾസ് അവർക്കുവേണ്ടി സുവിശേഷം പരിഭാഷപ്പെടുത്താൻ തുടങ്ങി. 1907 ൽ ചാൾസ് ടുവാരെഗ് ഭാഷയും പാട്ടുകളും കവിതകളും പഠിക്കാൻ തുടങ്ങി. അവിടെയുള്ള ഏക ക്രിസ്ത്യാനി ചാൾസ് ആയതിനാൽ, ദിവ്യബലിയർപ്പിക്കാൻ അനുവാദം കിട്ടിയിരുന്നില്ല. എന്നാൽ ജനങ്ങൾക്കുവേണ്ടി ചാൾസ് അവിടെ തുടരാൻ തീരുമാനിച്ചു. ആറുമാസത്തിനുശേഷം, ഒറ്റയ്ക്ക് പരിശുദ്ധ കുർബാനയർപ്പിക്കാനുള്ള അനുമതി അവനു ലഭിച്ചു.

1908 ന്റെ തുടക്കത്തിൽ രോഗബാധിതനായ ചാൾസ് മരണത്തോടടുത്തെങ്കിലും വരൾച്ചയുടെ കാലമായിരുന്നിട്ടും, തങ്ങൾ അവശേഷിപ്പിച്ച ചെറിയ ആട്ടിൻപാൽ പങ്കിട്ട് ടുവാരെഗുകൾ അവന്റെ ജീവൻ രക്ഷിച്ചു. 1909 ൽ ചാൾസ് ഇപ്രകാരം എഴുതി:  “എന്റെ ശുശ്രൂഷ നന്മയുടെ ശുശ്രൂഷയായിരിക്കണം. എന്നെ കാണുമ്പോൾ ആളുകൾ പരസ്‌പരം പറയണം, ‘ഈ മനുഷ്യൻ വളരെ നല്ലവനായതിനാൽ അവന്റെ മതം നല്ലതായിരിക്കണം.”

അവിശ്വാസികളെ മാനസാന്തരപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ഈശോയുടെ തിരുഹൃദയത്തിന്റെ സഹോദരി സഹോദരന്മാരുടെ ഒരു യൂണിയൻ’ എന്ന ഒരു സമൂഹം സ്ഥാപിക്കുക എന്ന പദ്ധതിയുമായി 1909 നും 1913 നുമിടയിൽ മൂന്നുതവണ അദ്ദേഹം ഫ്രാൻസിലേക്ക് സന്ദർശനങ്ങൾ നടത്തി. യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം രൂക്ഷമായപ്പോഴും ചാൾസ് സഹാറയിൽതന്നെ തുടർന്നു. ലോകമഹായുദ്ധം അൾജീരിയയിൽ ഫ്രഞ്ചുകാർക്കെതിരായ ആക്രമണത്തിനു കാരണമായി. മറ്റൊരു ഗോത്രത്തിന്റെ ആക്രമണത്തിൽ പിടികൂടിയ ചാൾസിനും അദ്ദേഹത്തെ സന്ദർശിക്കാൻവന്ന രണ്ട് ഫ്രഞ്ച് സൈനികരും 1916 ഡിസംബർ ഒന്നിന് വെടിയേറ്റു മരിച്ചു. മരിക്കുമ്പോൾ ചാൾസിന് 58 വയസ്സായിരുന്നു.

2005 നവംബർ 13 നായിരുന്നു ചാൾസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്. ഫ്രാൻസിസ് പാപ്പയുടെ മൂന്നാമത്തെ ചാക്രികലേഖനമായ ഫ്രത്തേലി തൂത്തിയുടെ ഉപസംഹാരത്തിൽ, ‘സാർവത്രിക സഹോദരനാ’യാണ് ചാൾസ് ഡി ഫുക്കോൾഡിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഈശോയുടെ ചെറിയ സഹോദരന്മാർ, തിരുഹൃദയത്തിന്റെ ചെറിയ സഹോദരിമാർ, ഈശോയുടെ ചെറിയ സഹോദരിമാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരന്മാർ, സുവിശേഷത്തിന്റെ ചെറിയ സഹോദരിമാർ തുടങ്ങി സന്യാസ സഭകളോ, ഭക്തസംഘടനകളോ ആയി അഞ്ച് സമൂഹങ്ങൾ ചാൾസ് ഡി ഫുക്കോൾഡിന്റെ ചൈതന്യവുമായി ലോകത്ത് ഇന്നും ശുശ്രൂഷ ചെയ്യുന്നു.

താൻ ജീവിച്ചിരുന്ന വിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ചാൾസ് ആഴത്തിൽ ബഹുമാനിച്ചിരുന്നു. തന്റെ 13 വർഷത്തെ സഹാറാവാസത്തിൽ അവിടുത്തെ സംസ്‌കാരവും ഭാഷയും പഠിച്ച് ചാൾസ് അവർക്കിടയിൽ ഒരു ‘സഹോദരൻ’ ആയി ജീവിതം സമർപ്പിച്ചു.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.