
രണ്ടാം ലോകമഹായുദ്ധത്തിലെ പരാജയം ജർമനിയെ, കിഴക്കൻ ജർമനി എന്നും പടിഞ്ഞാറൻ ജർമനി എന്നും രണ്ടു രാജ്യങ്ങളായി പകുത്തു. അതിർത്തി കടന്നുള്ള ആളുകളുടെ സഞ്ചാരം തടയാൻ അതിനു മധ്യേ ഒരു മതിൽ പണിയാൻ ആരംഭിച്ചത് 1961 ഓഗസ്റ്റ് 13 നായിരുന്നു. പടിഞ്ഞാറൻ ബർലിനെ 160 കിലോമീറ്ററിൽ വലയം ചെയ്ത ആ മതിലാണ് ബർലിൻ മതിൽ എന്നറിയപ്പെടുന്നത്. ആദ്യം മുള്ളുകമ്പികൾ ഉപയോഗിച്ചു നിർമിച്ച മതിൽ എഴുപതുകളുടെ അവസാനത്തോടെ 12 അടി ഉയരവും നാലടി വീതിയുമുള്ള ഉരുക്കുകോട്ടയായി മാറി. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനി പരാജയപ്പെട്ടതിനുശേഷം രാജ്യത്തെ പുനർനിർമിക്കാൻ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും സോവിയറ്റ് യൂണിയനും താത്ക്കാലിക നിയന്ത്രണം ഏറ്റെടുത്തതാണ് രാജ്യം രണ്ടായി വിഭജിക്കപ്പെടാൻ കാരണമായത്. ഫാഷിസത്തിനെതിരെ ഒന്നിച്ചു പൊരുതി വിജയിച്ചെങ്കിലും പാശ്ചാത്യ മുതലാളിത്ത ജനാധിപത്യത്തിനും സോവിയറ്റ് കമ്യൂണിസത്തിനും ജർമനിയെ മുന്നോട്ടുനയിക്കുന്നതിൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ഉണ്ടായിരുന്നത്. അങ്ങനെ സോവിയറ്റ് നിയന്ത്രിത പ്രദേശം കിഴക്കൻ ജർമനിയും പാശ്ചാത്യരാജ്യങ്ങൾ നിയന്ത്രിച്ചിരുന്ന പ്രദേശം പടിഞ്ഞാറൻ ജർമനിയുമായി മാറി. 1989 നവംബർ ഒൻപതിന് ബർലിൻ മതിലിന്റെ ഒരു ഭാഗം ആദ്യമായി തകർക്കപ്പെട്ടു.
ലോകത്തെ സിനിമാപ്രേമികളെ ഒന്നാകെ തിരശീലയ്ക്കു മുന്നിൽ പിടിച്ചിരുത്താൻ കഴിയുന്ന അതുല്യപ്രതിഭയായ ആൽഫ്രഡ് ഹിച്ചകോക്ക് ജനിച്ചത് 1899 ഓഗസ്റ്റ് 13 നായിരുന്നു. ലണ്ടനിലാണ് അദ്ദേഹം ജനിച്ചുവളർന്നത്. നമ്പർ തേർട്ടീൻ ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ചിത്രീകരിച്ച ആദ്യ സിനിമ. 1923 ൽ തിയേറ്ററുകളിലെത്തിയ ഓൾവെയ്സ് ടെൽ യുവർ വൈഫ് ആണ് അദ്ദേഹത്തിന്റെ റിലീസായ ആദ്യ സിനിമ. ജന്മരാജ്യമായ യുണൈറ്റഡ് കിങ്ഡത്തിലെ ചലച്ചിത്ര മേഖലയിൽ നിശ്ശബ്ദചിത്രങ്ങളിലും ശബ്ദചിത്രങ്ങളിലും മികച്ച രീതയിൽ പ്രവർത്തിച്ചശേഷം ഇദ്ദേഹം 1956 ൽ ഹോളിവുഡിലേക്കു മാറി. ബ്രിട്ടീഷ് പൗരത്വം നിലനിർത്തിക്കൊണ്ട് ഇദ്ദേഹം ഒരു അമേരിക്കൻ പൗരനായി. നിശ്ശബ്ദചിത്രങ്ങളിൽ തുടങ്ങി ശബ്ദചിത്രങ്ങളുടെ കണ്ടുപിടുത്തത്തിലൂടെ കടന്നുപോയി കളർചിത്രങ്ങൾ വരെയെത്തി നിൽക്കുന്ന 60 വർഷത്തെ സിനിമാജീവിതത്തിനിടയിൽ ഇദ്ദേഹം അൻപതിലധികം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. ഹിച്ച്കോക്കിന്റെ സിനിമകൾ എല്ലാം വാണിജ്യവിജയങ്ങളായിരുന്നു. അഭിനേതാക്കളുടെ പേരിൽ സിനിമ വിപണനം ചെയ്തിരുന്ന ഹോളിവുഡ് സമ്പ്രദായത്തിൽ വലിയൊരു മാറ്റമുണ്ടാക്കിയത് ഹിച്ച്കോക്കിന്റെ സിനിമകളായിരുന്നു. 1980 ഏപ്രിൽ 29 ന് അദ്ദേഹം അന്തരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ വനിതകളിൽ ഒരാളായിരുന്ന ഭികൈജി റുസ്തോം കാമ എന്ന മാഡം കാമ അന്തരിച്ചത് 1936 ഓഗസ്റ്റ് 13 നാണ്. അവരുടെ എഴുത്തുകളും പ്രസംഗങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾക്ക് വളരെ ഊർജം പകരുന്നവയായിരുന്നു. ബ്രിട്ടനിലും ജർമനിയിലും അമേരിക്കയിലും ഇന്ത്യൻ സ്വാതന്ത്ര്യത്തിനു അനുകൂലമായ വികാരം സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു. ജർമനിയിലെ സ്റ്റട്ട്ഗാർട്ടിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ 1907 ഓഗസ്റ്റ് 22 ന് ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ത്രിവർണ പതാക’ ഉയർത്തിയതോടെ വിദേശമണ്ണിൽ ഇന്ത്യൻ പതാക ഉയർത്തിയ ആദ്യ വ്യക്തിയായി അവർ. വീർ സവർക്കറും സുഹൃത്തുകളും ചേർന്ന് രൂപകൽപന ചെയ്ത ആ പതാകയിൽ ചുവപ്പ്, കുങ്കുമം, പച്ച എന്നീ നിറങ്ങളായിരുന്നു. മധ്യഭാഗത്ത് ദേവനാഗ്രി ലിപിയിൽ വന്ദേമാതരം എന്ന് എഴുതിയിരുന്നു. ഇന്ത്യയുടെ എട്ടു സംസ്ഥാനങ്ങളെ സൂചിപ്പിക്കുന്ന താമരപുഷ്പങ്ങളും പതാകയിൽ മുദ്രിതമായിരുന്നു.
സുനീഷ വി എഫ്




