അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം 24 ലക്ഷത്തോളം

അഫ്ഗാനിസ്ഥാനിൽ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെൺകുട്ടികളുടെ എണ്ണം 24 ലക്ഷമായി ഉയർന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകൾ പിൻവലിക്കണമെന്ന് യുഎൻ സാംസ്കാരിക സംഘടനയായ യുനെസ്കോ താലിബാൻ സർക്കാരിനോട് ഒരിക്കൽക്കൂടി ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വിലക്ക് നേരിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ 200,000-ത്തിന്റെ വർധനവാണുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ 2030-ഓടെ ഇത് നാല് ദശലക്ഷത്തോളമായി (40 ലക്ഷം) ഉയരാൻ സാധ്യതയുണ്ടെന്നും യുനെസ്കോ മുന്നറിയിപ്പ് നൽകുന്നു.

ലോകത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സെക്കന്ററി സ്കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നിഷേധിച്ച ഒരേയൊരു രാജ്യം അഫ്ഗാനിസ്ഥാനാണ്. സ്ത്രീകൾക്കുമേലുള്ള ഈ കടുത്ത നിയന്ത്രണങ്ങളെ ‘ലിംഗ വർണ്ണവിവേചനം’ എന്നാണ് യു.എൻ വിശേഷിപ്പിച്ചിരിക്കുന്നത്.

പ്രാഥമിക തലത്തിലും ലക്ഷക്കണക്കിന് കുട്ടികൾ സ്കൂളിന് പുറത്താണ്. പത്ത് വയസ് പ്രായമുള്ള കുട്ടികളിൽ 90 ശതമാനത്തിനും ലളിതമായ ഒരു വാചകം പോലും വായിക്കാൻ അറിയാത്ത അവസ്ഥയാണുള്ളത്. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള സാക്ഷരതാ നിരക്ക് 37 ശതമാനമായി താഴാൻ കാരണമായി. അന്താരാഷ്ട്ര തലത്തിൽ നിന്നും നിരവധി മുസ്ലീം രാജ്യങ്ങളിൽ നിന്നും എതിർപ്പുകൾ ഉയർന്നിട്ടും, പെൺകുട്ടികളുടെ വിദ്യാഭ്യാസമെന്നത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്ന നിലപാടിലാണ് താലിബാൻ ഭരണകൂടം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.