
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം എപ്പോഴും ഒരേപോലെ സുഖകരമാകണമെന്നില്ല. ചിലപ്പോഴൊക്കെ ചെറിയ തെറ്റിധാരണകളും മൗനവും ആ ബന്ധങ്ങളിൽ വലിയ അകൽച്ചകൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ, വാക്കുകൾക്കതീതമായി പരസ്പരം മനസ്സിലാക്കാനും സ്നേഹിക്കാനും ചില നിമിഷങ്ങൾ നമ്മെ നിർബന്ധിതരാക്കാറുണ്ട്. ബിർഗിറ്റ് സ്റ്റെർമോസ് സംവിധാനം ചെയ്ത്, ഡാനിക്ക കർസിക്, ലാർസ് ബ്രാഗ്മാൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘കമിനോ’ (Camino) എന്ന ഡാനിഷ് ചലച്ചിത്രം അത്തരമൊരു വികാരതീവ്രമായ അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നഷ്ടബോധത്തിന്റെയും കുടുംബബന്ധങ്ങളുടെയും ‘കമിനോ ഡി സാന്റിയാഗോ’ (Camino de Santiago) തീർഥാടനത്തിന്റെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, ആത്മീയവും മാനുഷികവുമായ ഒട്ടനവധി ചിന്തകളാണ് ഓരോ പ്രേക്ഷകന്റെയും മനസ്സിൽ അവശേഷിപ്പിക്കുന്നത്.
ഈ സിനിമയുടെ കേന്ദ്രബിന്ദു റെജിറ്റ്സെ എന്ന യുവതിയും അവളുടെ പിതാവ് യാനുമാണ്. വർഷങ്ങളായി അകൽച്ചയിൽ കഴിയുന്ന ഇരുവരും പരസ്പരം സംസാരിക്കുന്നതു പോലും അപൂർവമായാണ്. എന്നാൽ, റെജിറ്റ്സെയുടെ അമ്മയുടെ അന്തിമ ആഗ്രഹപ്രകാരം, സ്പെയിനിലെ 260 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ‘കമിനോ ഡി സാന്റിയാഗോ’ തീർഥാടനപാതയിലൂടെ കാൽനടയായി യാത്ര ചെയ്യാൻ അവർ നിർബന്ധിതരാകുന്നു.
നൂറ്റാണ്ടുകളുടെ പൈതൃകമുള്ള, ലോകത്തിലെ ഏറ്റവും പ്രശസ്തമായ തീർഥാടന പാതകളിലൊന്നാണ് സ്പെയിനിലെ ‘കമിനോ ഡി സാന്റിയാഗോ’ (Camino de Santiago) അഥവാ ‘സെന്റ് ജെയിംസിന്റെ വഴി.’ സാന്റിയാഗോ ഡി കമ്പോസ്റ്റേല കത്തീഡ്രലിൽ വിശുദ്ധ യാക്കോബിന്റെ തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേക്ക് ലോകമെമ്പാടുമുള്ള തീർഥാടകർ എത്തിച്ചേരുന്ന വിവിധ നടപ്പാതകളുടെ ശൃംഖലയാണിത്.
എന്നാൽ, ഈ തീർഥാടനം വെറുമൊരു മതപരമായ ചടങ്ങോ, സാധാരണ വിനോദയാത്രയോ മാത്രമല്ല, മറിച്ച് ജീവിതത്തിന്റെ തിരക്കുകളിൽ നഷ്ടപ്പെട്ടുപോയ സ്വന്തം ആത്മാവിനെയും സമാധാനത്തെയും വീണ്ടെടുക്കാനുള്ള ഒരു അവസരമാണ്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ കാരണങ്ങളുമായി എത്തുന്ന മനുഷ്യർ ഒരേ ലക്ഷ്യത്തോടെ കാൽനടയായി യാത്ര ചെയ്യുന്ന ഈ പാത, മനുഷ്യബന്ധങ്ങളുടെ ആഴവും അതിജീവനത്തിന്റെ അർഥവും പകർന്നുതരുന്ന ഒരു മഹാപ്രയാണമായി മാറുന്നു. ആ വലിയ വഴികളിലൂടെയുള്ള ചുവടുവയ്പ്പുകൾ ഓരോ സഞ്ചാരിയെയും പുറംലോകത്തു നിന്നും സ്വന്തം ഉള്ളിലേക്ക് തിരിഞ്ഞുനടക്കാൻ പ്രേരിപ്പിക്കുന്നു.
ഈ തീർഥാടന പാതയിലൂടെയുള്ള യാത്രയിൽ റെജിറ്റ്സെയും യാനും തികച്ചും വ്യത്യസ്തരായ നിരവധി മനുഷ്യരെ കാണുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആ തീർഥാടകർ വെറും യാത്രാസൗഹൃദങ്ങൾക്കപ്പുറം അവരുടെ മാനസികവളർച്ചയ്ക്ക് വലിയ പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിലെ വിവിധ പ്രതിസന്ധികളെയും നഷ്ടങ്ങളെയും അഭിമുഖീകരിച്ച് തങ്ങളേതുപോലെ സ്വന്തം ഉത്തരങ്ങൾ തേടി അലയുന്നവരാണ് ആ മനുഷ്യരെല്ലാം. അവരുമായുള്ള സംഭാഷണങ്ങളും ഇടപഴകലുകളും യാനിന്റെയും റെജിറ്റ്സെയുടെയും ഉള്ളിലെ ഈഗോയും മുൻവിധികളും ഇല്ലാതാക്കാൻ സഹായിക്കുന്നു. പരസ്പരം അറിയാത്ത ആ യാത്രക്കാരുടെ സ്നേഹവും കരുതലും ആ അപ്പനും മകൾക്കും ലോകം എത്രത്തോളം വിശാലവും നന്മ നിറഞ്ഞതുമാണെന്ന് കാണിച്ചുകൊടുക്കുന്നു.
തുടക്കത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന അപ്പനും മകളും, ഈ യാത്രാമധ്യേ തങ്ങളുടെ പഴയ വാശികളും അകൽച്ചകളും ഇല്ലാതാക്കുകയാണ്. ചുട്ടുപൊള്ളുന്ന വെയിലും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുമ്പോൾ, പരസ്പരം താങ്ങാവേണ്ടിവരുന്ന അവസ്ഥ അവർക്കിടയിലെ മഞ്ഞുരുകാൻ കാരണമാകുന്നു. മാനസികമായി അകന്നു കഴിഞ്ഞിരുന്ന ഇരുവരും തങ്ങളുടെ ജീവിതത്തിലെ ഭാരങ്ങളും രഹസ്യങ്ങളും പരസ്പരം പങ്കുവയ്ക്കുമ്പോൾ, ആ യാത്ര കൂടുതൽ അർഥവത്തായി മാറുന്നു. റെജിറ്റ്സെയും യാനും തങ്ങളുടെ വേദനകൾ മറന്ന് യാത്ര തുടരുമ്പോൾ, സംഘര്‍ഷത്തിന്റെ പിരിമുറുക്കത്തില്‍ നിന്ന് സ്നേഹത്തിന്റെ തിരിച്ചറിവിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ നയിക്കുന്നത്.
യാത്രയ്ക്കിടയിലെ പ്രതിസന്ധികളില്‍ അവർ നേരിടുന്ന സങ്കീർണ്ണതകൾ അവരുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു. തന്റെ അഹങ്കാരവും ഞാനെന്ന ഭാവവും മാറ്റിപ്പിടിച്ച്, ചുറ്റുമുള്ളവരുടെ സ്നേഹവും സഹായവും സ്വീകരിക്കാൻ യാൻ തയ്യാറാകുകയാണ്. പ്രായത്തിന്റെ അവശതകളും ശാരീരിക ബുദ്ധിമുട്ടുകളും അദ്ദേഹത്തെ വേദനിപ്പിക്കുമ്പോഴും, തന്റെ മകളോടൊപ്പമുള്ള നിമിഷങ്ങൾ അദ്ദേഹത്തിന് വലിയൊരു ആശ്വാസമായി മാറുന്നു. പരസ്പരം മനസ്സിലാക്കാനും ക്ഷമിക്കാനും പഠിക്കുന്നതിലൂടെ അവർ തങ്ങളുടെ കുടുംബബന്ധത്തിന്റെ പവിത്രത വീണ്ടെടുക്കുകയാണ്.
കമിനോ പാത മനുഷ്യനെ സ്വയം പരിശോധിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനേക്കാൾ പ്രധാനം ആ യാത്രയിൽ നാം ആരെല്ലാമായി മാറുന്നുവെന്നതാണ്. ഒടുവിൽ ആ തീർഥാടനം പൂർത്തിയാക്കുമ്പോൾ, അവർ ഭാരം കുറഞ്ഞവരായി പുതിയൊരു തുടക്കത്തെ വരവേൽക്കുന്നു. ഈ യാത്ര അവരുടെ ജീവിതത്തിന് ഒരു വഴിവിളക്കായി മാറുന്നു. പുറമെ പരുക്കനാണെങ്കിലും ഉള്ളിൽ സ്നേഹവും കരുണയും സൂക്ഷിക്കുന്ന ഒരു പിതാവിന്റെയും, അദ്ദേഹത്തോടൊപ്പം ചേരുന്ന മകളുടെയും കഥ എല്ലാവരുടെയും ഉള്ളിൽ തൊടുന്ന ഒന്നാണ്.
ജീവിതമെന്ന തീർഥാടനത്തിൽ, എത്രയോ കാലമായി നമ്മൾ മനസ്സിൽ കൊണ്ടുനടക്കുന്ന വേദനകളുടെയും ഓര്‍മ്മകളുടെയും ഭാരങ്ങൾ ഇറക്കിവയ്ക്കാൻ ചില യാത്രകൾ ആവശ്യമാണ്. ‘കമിനോ’ നമുക്കു മുന്നിൽ തുറന്നിടുന്നത് അത്തരമൊരു ആത്മപരിശോധനയുടെ വഴിയാണ്. പുറമെ പരുക്കൻ ഭാവങ്ങളും തെറ്റിധാരണകളും നിറഞ്ഞതാണെങ്കിലും, ഉള്ളിലെ സ്നേഹത്തിന്റെ വേരുകൾ തിരിച്ചറിയാൻ വൈകരുതെന്ന വലിയൊരു തിരിച്ചറിവാണ് അപ്പന്റെയും മകളുടെയും ഈ യാത്ര നമ്മളോട് പറയുന്നത്.

ഫാ. ജി. കടൂപ്പാറയിൽ MCBS




