
സുഡാനിലെ നുബ മലനിരകളിൽ ഒരു പാസ്റ്ററെയും മറ്റ് ആറ് പേരെയും ഒരു സായുധ സംഘം തടങ്കലിൽ വച്ച ശേഷം അടുത്തിടെ വധിച്ചു. ദിവസങ്ങൾക്ക് ശേഷം ഇതേ മേഖലയിൽ നിന്ന് മറ്റൊരു സഭാനേതാവിനെയും തട്ടിക്കൊണ്ടു പോകുകയുണ്ടായി. സുഡാനിലെ ആഭ്യന്തരയുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, ക്രൈസ്തവ നേതാക്കൾക്കും സമൂഹങ്ങൾക്കും എതിരെ വർധിച്ചുവരുന്ന അക്രമങ്ങളുടെ ഭാഗമാണ് ഈ സംഭവങ്ങൾ.
ജൂലൈ 23-ന്, സുഡാനീസ് എപ്പിസ്‌കോപ്പൽ സഭയിലെ പാസ്റ്ററായ റവ. ആദിൽ ഇദ്രിസ് ജാൻഗൗളിനെ സുഡാൻ പീപ്പിൾസ് ലിബറേഷൻ മൂവ്‌മെന്റ്-നോർത്ത് (SPLM/N) അംഗങ്ങൾ ഹെബാനിലെ സഭാ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പിന്നീട് ഇദ്ദേഹത്തിന്റെ മൃതദേഹം ഒട്ടോറോ വംശീയ വിഭാഗത്തിൽപെട്ട മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾക്കൊപ്പം റോഡരികിൽ കണ്ടെത്തി. ഏഴ് പേരെയും വിചാരണ കൂടാതെ കൊലപ്പെടുത്തുകയായിരുന്നു.
അന്ന് തന്നെ ഹെബാനിൽ നടന്ന മറ്റൊരു ആക്രമണത്തിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയായ റവ. യാക്കൂബ് ബ്രാഹിം തിയ ഉൾപ്പെടെ ഇരുപതിലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. തിയയെയും മറ്റ് ബന്ദികളെയും പിന്നീട് മോചിപ്പിച്ചെങ്കിലും, സഖറിയ സുലൈമാൻ ജാന എന്ന മറ്റൊരു സഭാനേതാവിനെ ജൂലൈ 31-ന് ഹെബാനിൽ നിന്ന് വീണ്ടും തട്ടിക്കൊണ്ടു പോകുകയുണ്ടായി.
അധികാരത്തിനായി സായുധ സംഘങ്ങൾ പോരാടുന്ന നുബ മലനിരകളിൽ, പ്രത്യേകിച്ച് സുഡാനിലെ ക്രൈസ്തവർ നേരിടുന്ന വർധിച്ചുവരുന്ന അപകടകരമായ സാഹചര്യത്തെയാണ് ഈ ആക്രമണങ്ങൾ എടുത്തുകാണിക്കുന്നത്.
യുദ്ധത്തിൽ തകർന്ന ദൈവാലയങ്ങൾ
സുഡാനിലെ ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങൾ വ്യക്തിഗത പാസ്റ്റർമാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. 2023 ഏപ്രിലിൽ സുഡാനീസ് സായുധ സേനയും (SAF) റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (RSF) തമ്മിൽ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യത്തുടനീളമുള്ള ദൈവാലയങ്ങൾ ബോംബെറിഞ്ഞും കൊള്ളയടിച്ചും കൈയേറിയും തകർത്തിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, യുദ്ധസമയത്ത് കുറഞ്ഞത് 165 ദൈവാലയങ്ങളെങ്കിലും നിർബന്ധമായി പൂട്ടിയിടേണ്ടി വന്നിട്ടുണ്ട്. ഇതിൽ ചിലത് സൈനിക താവളങ്ങളോ, ആയുധപ്പുരകളോ ആയി മാറ്റിയിരിക്കുകയാണ്; മറ്റുള്ളവ പോരാട്ടത്തിൽ പൂർണ്ണമായി തകർക്കപ്പെട്ടു.
ഓമ്ദൂർമാനിലെ സെന്റ് ജോർജ് കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിൽ അഭയം പ്രാപിച്ച ക്രിസ്ത്യാനികളെ ആർ എസ് എഫ് പോരാളികൾ ആക്രമിച്ചു. കൂടാതെ, ദൈവാലയത്തിനുള്ളിലുണ്ടായിരുന്ന ആളുകളെ സൈനികർ മർദിക്കുകയും സ്വത്തുക്കൾ മോഷ്ടിക്കുകയും കോമ്പൗണ്ടിൽ കഴിഞ്ഞിരുന്ന അനാഥ പെൺകുട്ടികളെ ഉപദ്രവിക്കുകയും ചെയ്തു. ഇവരെ തടയാൻ ശ്രമിച്ച ഒരു ക്രൈസ്തവ വിശ്വാസിയെ തോക്കുകൊണ്ട് അടിക്കുകയും കാലിൽ വെടിവെക്കുകയും ചെയ്തു. തൊട്ടടുത്തുള്ള മർമിന കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചും ആർ എസ് എഫ് പോരാളികൾ ആക്രമിച്ച്, അൾത്താര, സെമിത്തേരി, ഫർണിച്ചറുകൾ, ജനലുകൾ, മതിലുകൾ, മറ്റ് വസ്തുവകകൾ എന്നിവ തകർത്തു. ഈ ദൈവാലയത്തിൽ സാധാരണ ആരാധന പുനരാരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
മറ്റ് ചില ആക്രമണങ്ങൾ കൂടുതൽ മാരകമായിരുന്നു. 2024 ഡിസംബറിൽ ഖാർത്തൂമിലെ ഒരു ദൈവാലയത്തിന് നേരെ നടത്തിയ ആക്രമണത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. 2025 ജൂണിൽ എൽ ഫാഷറിലെ മൂന്ന് ദൈവാലയങ്ങൾ രണ്ട് ദിവസം നീണ്ടുനിന്ന ആർ എസ് എഫ് ആക്രമണത്തിൽ ബോംബെറിഞ്ഞു തകർത്തു. ഒരു മാസത്തിനുശേഷം, ഖാർത്തൂമിലെ ഒരു പെന്തക്കോസ്ത് ചർച്ച് കോംപ്ലക്സ് തീവ്രവാദികളും SAF അംഗങ്ങളും പൊലീസുകാരും ചേർന്ന് തകർത്തു.
ഏറെക്കാലമായി അഭയകേന്ദ്രങ്ങളായിരുന്ന ദൈവാലയങ്ങൾ, സുഡാനിൽ ഇപ്പോൾ അക്രമങ്ങളുടെ പതിവ് ലക്ഷ്യങ്ങളായി മാറിയിരിക്കുകയാണ്.
സംഘർഷങ്ങൾക്കിടയിൽ ഇരകളാക്കപ്പെടുന്ന ക്രൈസ്തവർ
ഭൂരിഭാഗം ആളുകളും മുസ്ലീങ്ങളായ സുഡാനിൽ, ക്രൈസ്തവർ വളരെ ചെറിയൊരു ന്യൂനപക്ഷമാണ്. യുദ്ധം എല്ലാ വിഭാഗത്തിലും പെട്ട സാധാരണക്കാരെ തകർത്തെങ്കിലും, മതപരമായ വ്യത്യാസം മൂലം ക്രൈസ്തവർ കൂടുതൽ ഭീഷണികൾ നേരിടുന്നു.
സഭാ നേതാക്കൾ തട്ടികൊണ്ടു പോകപ്പെടുകയോ, തടങ്കലിൽ വയ്ക്കപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇസ്ലാം മതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് സർക്കാർ ഉദ്യോഗസ്ഥർ, സായുധ സംഘങ്ങൾ, ബന്ധുക്കൾ, അവരുടെ സമൂഹത്തിലെ അംഗങ്ങൾ എന്നിവരിൽ നിന്ന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവരുന്നത്. മതം മാറിയ പുരുഷന്മാർക്ക് മർദനം, തടവ്, തട്ടികൊണ്ടുപോകൽ, മരണം എന്നിവയും നേരിടേണ്ടി വന്നിട്ടുണ്ട്.
അതേസമയം, ക്രൈസ്തവരായ സ്ത്രീകളും പെൺകുട്ടികളും അസാധാരണമായ അപകടസാധ്യത നേരിടുന്നു. യുദ്ധത്തിലുടനീളം ലൈംഗീകാതിക്രമങ്ങൾ വ്യാപകമായിട്ടുണ്ട്. ഒപ്പം നിർബന്ധിത വിവാഹം, ഗാർഹിക പീഡനം, സ്വത്തവകാശം നഷ്ടപ്പെടൽ തുടങ്ങിയ അധിക ഭീഷണികളും ക്രിസ്ത്യൻ സ്ത്രീകൾ നേരിടുന്നു.
അധികാര സംവിധാനങ്ങൾ തകർന്ന പ്രദേശങ്ങളിൽ സായുധ സംഘങ്ങൾക്ക് യാതൊരു ഭയവുമില്ലാതെ പ്രവർത്തിക്കാൻ സാധിക്കുന്നു. അധികാരികളിൽ നിന്ന് വളരെ കുറഞ്ഞ സംരക്ഷണം മാത്രം ലഭിക്കുന്ന ക്രൈസ്തവർ ഭീഷണിപ്പെടുത്തൽ, അക്രമം, നിർബന്ധിത മതപരിവർത്തനം, നാടു കടത്തൽ എന്നിവയ്ക്ക് ഇരകളാകുന്നു.
നഷ്ടമായ മതസ്വാതന്ത്ര്യ നേട്ടങ്ങൾ
ഏതാനും വർഷങ്ങൾക്ക് മുമ്പ് സുഡാൻ മതസ്വാതന്ത്ര്യത്തിൽ വലിയ പുരോഗതി കൈവരിച്ചിരുന്നു എന്നതിനാൽ തന്നെ നിലവിലെ പീഡനങ്ങൾ വളരെ ദാരുണമാണ്.
1989 മുതൽ 2019 വരെയുള്ള മൂന്ന് പതിറ്റാണ്ട് കാലം ഒമർ അൽ-ബഷീറാണ് സുഡാൻ ഭരിച്ചിരുന്നത്. അദ്ദേഹത്തിന്റെ സർക്കാർ, മതന്യൂനപക്ഷങ്ങളെ കഠിനമായി നിയന്ത്രിക്കുന്ന കടുത്ത ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിച്ചു. തന്മൂലം അപ്പോസ്റ്റസി (മതപരിത്യാഗ) നിയമങ്ങൾ, മതനിന്ദാ നിയന്ത്രണങ്ങൾ, വിവേചനം, സർക്കാരിന്റെ സമ്മർദം എന്നിവ ക്രിസ്ത്യാനികൾക്ക് നേരിടേണ്ടി വന്നു.
2019-ൽ ബഷീർ പുറത്താക്കപ്പെട്ടതോടെ സുതാര്യമായ പരിഷ്കരണങ്ങളുടെ ഒരു ചെറിയ കാലഘട്ടം തുറക്കപ്പെട്ടു. സുഡാന്റെ ഇടക്കാല സർക്കാർ അപ്പോസ്റ്റസി നിയമം റദ്ദാക്കുകയും നിയമവ്യവസ്ഥയിൽ നിന്ന് ശരിയത്ത് നിയമത്തിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്യുകയും മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. മതവിഭാഗങ്ങളെ ‘കാഫിറുകൾ’ എന്ന് ലേബൽ ചെയ്യുന്നത് സർക്കാർ നിരോധിക്കുകയും വിപുലമായ രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ചെയ്തു.
ഈ പുരോഗതികൾ കാരണം 2019-ൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സുഡാനെ തങ്ങളുടെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ (CPC) പട്ടികയിൽ നിന്ന് ഒഴിവാക്കി. സുഡാനീസ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ഒടുവിൽ ഈ പരിഷ്കാരങ്ങൾ പതിറ്റാണ്ടുകളായി തുടരുന്ന സർക്കാർ സ്പോൺസേഡ് മതവിവേചനം അവസാനിക്കുകയാണെന്ന പ്രതീക്ഷ നൽകി. എന്നാൽ 2021 ഒക്ടോബറിലെ സൈനിക അട്ടിമറിയോടെ ആ പ്രതീക്ഷ തകർന്നു. സൈനിക അട്ടിമറി രാജ്യത്തിന്റെ ജനാധിപത്യ മാറ്റത്തെ ബലഹീനമാക്കുകയും, സൈനിക നേതാക്കൾ തമ്മിലുള്ള ശത്രുത 2023 ഏപ്രിലിൽ പൂർണ്ണമായ യുദ്ധത്തിലേക്ക് നയിക്കുകയും ചെയ്തു.
അന്നുമുതൽ, ബഷീറിന്റെ വീഴ്ചയ്ക്ക് ശേഷം നിലവിൽ വന്ന ദുർബലമായ സംരക്ഷണങ്ങൾ, അക്രമങ്ങൾ, നിയമമില്ലായ്മ, സാധാരണക്കാരുടെ ജീവിതത്തിലേക്ക് സൈന്യം കടന്നുകയറിയത് എന്നിവയാൽ തകർക്കപ്പെട്ടു.
ഒരിക്കൽ വലിയ കൂട്ടായ്മകളിൽ ആരാധന നടത്തിയിരുന്ന ഓമ്ദൂർമാനിലെ ക്രൈസ്തവ സമൂഹങ്ങൾ ചിതറിപ്പോയിരിക്കുന്നു. ആയിരക്കണക്കിന് ക്രിസ്ത്യൻ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ ഈജിപ്ത് പോലുള്ള അയൽരാജ്യങ്ങളിലേക്കോ പലായനം ചെയ്തു.എങ്കിലും നിരവധി ക്രിസ്ത്യാനികൾ ഇപ്പോഴും അവിടെ തുടരുന്നു. സുഡാനിലെ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നത് സുഡാന്റെ വിശാലമായ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയണം. അർഥവത്തായ പരിഷ്കാരം സാധ്യമാണെന്ന് ഈ രാജ്യം ഇതിനകം തെളിയിച്ചിട്ടുണ്ട്. യുദ്ധം തുടരുമ്പോഴും ആ പുരോഗതി മറന്നുപോകരുത്.
സുഡാനിലെ ക്രിസ്ത്യാനികൾക്ക് വെറും ആശങ്കാജനകമായ പ്രസ്താവനകൾ മാത്രം പോരാ. ദൈവാലയങ്ങൾക്കും വൈദികർക്കും സംരക്ഷണം, ആവാസവ്യവസ്ഥ നഷ്ടപ്പെട്ട സമൂഹങ്ങൾക്ക് മാനുഷിക സഹായം, മതപീഡനങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരൽ, യുദ്ധം അവസാനിപ്പിക്കുന്നതിനായി സുസ്ഥിരമായ അന്താരാഷ്ട്ര സമ്മർദം എന്നിവ അവർക്ക് ആവശ്യമാണ്.
സുഡാനിലെ ദൈവാലയങ്ങളുടെ നാശം എന്നത് അവിടെ വേരൂന്നിത്തുടങ്ങിയ ദുർബലമായ മതസ്വാതന്ത്ര്യത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്. ആ ദൈവാലയങ്ങൾ പുനർനിർമ്മിക്കുന്നതിന് ഇഷ്ടികയും സിമന്റും മാത്രം പോരാ; സുഡാനിലെ ക്രൈസ്തവർക്ക് സ്വതന്ത്രമായി ജീവിക്കാനും ആരാധിക്കാനും അനുവദിക്കുന്ന രാഷ്ട്രീയ, നിയമപരമായ സംരക്ഷണം പുനർനിർമ്മിക്കുക കൂടി ആവശ്യമാണ്.
വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




