​നിങ്ങളുടെ മക്കൾ ഹൈപ്പർആക്റ്റീവാണോ? മാതാപിതാക്കൾ അറിയേണ്ട ചില കാര്യങ്ങൾ

​ചില കുട്ടികൾ ഒരിടത്തും അടങ്ങിയിരിക്കുകയില്ല, നിരന്തരം ഓടിക്കളിച്ചുകൊണ്ടേയിരിക്കും. ഒന്നിനും ഒരു ശ്രദ്ധ കാണിക്കുകയുമില്ല. എന്നാൽ ഇത് വെറുമൊരു കുസൃതിയോ അനുസരണക്കേടോ അല്ല. മറിച്ച് കുട്ടികളുടെ നാഡീവ്യൂഹത്തിന്റെ വികാസവുമായി ബന്ധപ്പെട്ട എഡിഎച്ച്ഡി (Attention Deficit Hyperactivity Disorder – ADHD) എന്ന പ്രത്യേക അവസ്ഥയാണിത്.

ഇത്തരം കുട്ടികളെ വഴക്കുപറയുന്നതിനോ ശിക്ഷിക്കുന്നതിനോ പകരം സ്നേഹത്തോടും ക്ഷമയോടും കൂടി സമീപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ​ഹൈപ്പർആക്റ്റീവായ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.

​1. കുട്ടിയുടെ അവസ്ഥയെ തിരിച്ചറിയുക

​കുട്ടി മനഃപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഒരിക്കലും കരുതരുത്. തലച്ചോറിലെ നാഡീവ്യതിയാനങ്ങൾ മൂലമാണ് അവർക്ക് സ്വന്തം ശരീരത്തെയും വികാരങ്ങളെയും നിയന്ത്രിക്കാൻ പ്രയാസം നേരിടുന്നത്. ബന്ധുക്കളുടെയോ നാട്ടുകാരുടെയോ മുന്നിൽവച്ച് അവരെ കുറ്റപ്പെടുത്തുന്നതും മോശക്കാരായി ചിത്രീകരിക്കുന്നതും അവരുടെ ആത്മവിശ്വാസം തകർക്കും.

​2. ശാന്തമായ സമീപനം ശീലമാക്കുക

​അടിച്ചോ വഴക്കുപറഞ്ഞോ ഭീഷണിപ്പെടുത്തിയോ കുട്ടികളെ മാറ്റിയെടുക്കാം എന്ന് വിചാരിക്കരുത്. ഇത് അവരിൽ വാശിയും ദേഷ്യവും കൂട്ടാനേ സഹായിക്കൂ. കുട്ടികളുടെ തെറ്റുകൾ മാത്രം എണ്ണിക്കാണിക്കാതെ അവർ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങളെപ്പോലും അഭിനന്ദിക്കാൻ മടിക്കരുത്.

​3. ആശയവിനിമയം ലളിതമാക്കുക

​കുട്ടിയോട് സംസാരിക്കുമ്പോൾ അവരുടെ കണ്ണിൽ നോക്കി ശാന്തമായ സ്വരത്തിൽ സംസാരിക്കുക. ഒരുമിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ ആവശ്യപ്പെടാതെ ഓരോന്നും പതുക്കെ പതുക്കെ ഘട്ടംഘട്ടമായി പറഞ്ഞു കൊടുക്കുക.

​4. ചിട്ടയായ ദിനചര്യ പാലിക്കുക

​ഉറക്കം, ഭക്ഷണം, പഠനം, കളി എന്നിവയിലെല്ലാം കൃത്യമായ സമയക്രമം കൊണ്ടുവരിക. ഇത് കുട്ടികൾക്ക് മാനസികമായ സുരക്ഷിതബോധം നൽകും. വാക്കുകളേക്കാൾ ചിത്രങ്ങളോ ചാർട്ടുകളോ ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.

​5. അവരുടെ ഊർജ്ജത്തെ ശരിയായ രീതിയിൽ ഉപയോഗപ്രദമാക്കുക

​നീന്തൽ, ഓട്ടം, സൈക്ലിംഗ്, നൃത്തം തുടങ്ങിയ ശാരീരിക വ്യായാമമുള്ള വിനോദങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുക. ഇത് അവരുടെ ശരീരത്തിലെ അമിതോർജ്ജം പോസിറ്റീവായി ഉപയോഗിക്കാൻ സഹായിക്കും. ഒപ്പം, ചിത്രരചന പോലുള്ള സർഗാത്മക വിനോദങ്ങളും പ്രോത്സാഹിപ്പിക്കുക.

6. സ്നേഹത്തോടെ പങ്കിടാം നല്ല നിമിഷങ്ങൾ

​മൊബൈൽ ഫോണും മറ്റ് ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും മാറ്റിവച്ച് ദിവസവും കുറഞ്ഞത് 20-30 മിനിറ്റെങ്കിലും കുട്ടിയോടൊപ്പം കളിക്കാനും സംസാരിക്കാനുമായി മാറ്റിവയ്ക്കുക. അവർക്ക് ദേഷ്യമോ സങ്കടമോ തോന്നുമ്പോൾ ചേർത്തുപിടിച്ച് അവരുടെ വികാരങ്ങളെ മാനിക്കുക.

​മാതാപിതാക്കളുടെ സ്നേഹവും കരുതലും പോലെ തന്നെ പ്രധാനമാണ് വിദഗ്ദ്ധരുടെ സഹായവും. ഡെവലപ്‌മെന്റൽ പീഡിയാട്രീഷ്യൻ, ചൈൽഡ് സൈക്കോളജിസ്റ്റ് അല്ലെങ്കിൽ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ കൃത്യമായ മാർഗനിർദേശങ്ങളും ചികിത്സയും ഇത്തരം കുട്ടികളുടെ വളർച്ചയ്ക്ക് ഉറപ്പായും തേടേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.