“അകൽച്ചകൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ കായികലോകം ആളുകളെ ഒന്നിപ്പിക്കുന്നു”: ലെയോ പാപ്പ

സാങ്കേതികവിദ്യയുടെ അതിപ്രസരം മൂലം മനുഷ്യർ തമ്മിൽ അകൽച്ച വർധിച്ചുവരുന്ന ഈ ആധുനിക കാലഘട്ടത്തിൽ, പരസ്പരം ഒന്നിപ്പിക്കാനുള്ള ശക്തമായ ഒരു വേദിയാണ് കായികലോകം എന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. അമേരിക്കയിലെ കോളേജ് ബാസ്കറ്റ് ബോൾ ടീമുകളായ വില്ലനോവ (Villanova), നോട്രെ ഡാം (Notre Dame) സർവകലാശാലകളിലെ പ്രതിനിധികളുമായി വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

“ആളുകളെ ഭൗതികമായി പരസ്പരം അടുപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക മാർഗമെന്ന നിലയിൽ, സഹകരണത്തിന്റെയും പരസ്പര പങ്കുവയ്ക്കലിന്റെയും മൂല്യങ്ങൾ പകർന്നുനൽകാൻ കായികരംഗത്തിന് കഴിയും. സാങ്കേതികവിദ്യ മനുഷ്യർക്കിടയിൽ അകൽച്ച സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ ഇതിന് പ്രാധാന്യമേറെയാണ്,” മാർപാപ്പ പറഞ്ഞു. മത്സരം നടക്കുന്നത് എല്ലാ വിശുദ്ധരുടെയും തിരുനാൾ ദിനത്തിലാണെന്ന കാര്യം ചൂണ്ടിക്കാണിച്ച ലെയോ പാപ്പ, “ദൈവം എല്ലാവരെയും വിശുദ്ധിയിലേക്ക് വിളിക്കുന്നു” എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനമെന്നും ഊന്നിപ്പറഞ്ഞു.

വത്തിക്കാനിലെ പോൾ ആറാമൻ ഓഡിയൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇരു സർവകലാശാലകളിൽ നിന്നുമുള്ള അയ്യായിരത്തിലധികം വരുന്ന വിദ്യാർഥികളും കായികതാരങ്ങളും ആരാധകരും പങ്കെടുത്തിരുന്നു. റോമിൽ വച്ച് നടക്കുന്ന ചരിത്രപരമായ ബാസ്കറ്റ് ബോൾ മത്സരങ്ങളുടെ മുന്നോടിയായാണ് ഈ പ്രത്യേക കൂടിക്കാഴ്ച സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.