
വെറും രണ്ട് വയസ്സും പത്ത് മാസവും മാത്രം പ്രായമുള്ള കർണാടക സ്വദേശിനിയായ സ്വർശ്രീ ഹെഗ്ഡെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. തബലയിൽ 12 താളുകൾ ഒരേസമയം ചൊല്ലുകയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഈ കൊച്ചുമിടുക്കി അപൂർവ നേട്ടം സ്വന്തമാക്കിയത്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ഹോന്നാവാർ സ്വദേശിനിയാണ് സ്വർശ്രീ.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് കുട്ടിയുടെ ജനനം. പിതാവ് ഗുരുരാജ് ഹെഗ്ഡെ അറിയപ്പെടുന്ന തബല വാദകനും മാതാവ് ശ്രീലത ഹെഗ്ഡെ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞയുമാണ്. മാതാപിതാക്കൾ ഹോന്നാവാറിൽ നടത്തിവരുന്ന സംഗീത വിദ്യാലയത്തിൽ മറ്റ് കുട്ടികൾ പഠിക്കുന്നത് കണ്ടാണ് സ്വർശ്രീ തബലയിലേക്ക് ആകർഷിക്കപ്പെട്ടത്. ഒരു വയസ്സ് കഴിഞ്ഞയുടൻ തന്നെ കുഞ്ഞ് തബലയിൽ കൊട്ടിത്തുടങ്ങിയിരുന്നു.
സംഗീതത്തിൽ ഒരു താളം പോലും കൃത്യമായി പഠിച്ചെടുക്കാൻ വർഷങ്ങളുടെ പരിശീലനം ആവശ്യമായി വരുമ്പോഴാണ് വെറും മൂന്ന് വയസ്സിലേക്ക് കടക്കും മുൻപ് ഈ കൊച്ചുകുട്ടി 12 താളുകൾ ഒരേസമയം വാവൊലിയായി (Bols) ചൊല്ലിക്കൊണ്ടും തബലയിൽ കൈയടക്കത്തോടെ അവതരിപ്പിച്ചുകൊണ്ടും അദ്ഭുതം സൃഷ്ടിച്ചിരിക്കുന്നത്.
സ്വർശ്രീയുടെ ഈ പ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രാജ്യം വലിയ തോതിലുള്ള പ്രശംസയാണ് ഈ കൊച്ചുപ്രതിഭയ്ക്ക് നൽകുന്നത്.

