
1965 – 80 കാലയളവിൽ ജീവിത വിശുദ്ധി കൊണ്ട് ശ്രദ്ധേയരായ അനേകം കത്തോലിക്കാ യുവജനങ്ങൾ ഉണ്ടായിരുന്നു. അതിന് തെളിവാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാൻ തയ്യാറെടുക്കുന്ന ഈ വിശുദ്ധർ. 1965-നും 1981-നും ഇടയിൽ ജനിച്ച ഇവർ നാമകരണ നടപടികളുടെ വിവിധ ഘട്ടങ്ങളിലുള്ളവരും, ഇതിനോടകം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരുമാണ്. കാലഘട്ടങ്ങളെ തങ്ങളുടെ വിശുദ്ധ ജീവിതം കൊണ്ട് അനുഗ്രഹീതമാക്കിയ ആ വ്യക്തികളുടെ ജീവിതത്തിലൂടെ നമുക്കും കടന്നു പോകാം.
1 . നിഞ്ഞാ റൂയിസ് അബാദ്
ഫിലിപ്പൈൻസിലെ ക്വസോൺ സിറ്റിയിൽ 1979 ഒക്ടോബർ 31-നാണ് നിഞ്ഞാ റൂയിസ് അബാദ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അഗാധമായ ദൈവവിശ്വാസം പ്രകടമാക്കിയിരുന്ന നിഞ്ഞായും സഹോദരി മേരി ആനും അമ്മയ്ക്കൊപ്പമാണ് വളർന്നത്. മൂന്നാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ടതിനെത്തുടർന്ന്, 1988-ൽ ഇവർ അമ്മയോടൊപ്പം ഇലോകോസ് നോർട്ടെയിലെ സറാറ്റിലേക്ക് താമസം മാറി. ജപമാലകളും വിശുദ്ധ ഗ്രന്ഥവും വിശുദ്ധരുടെ ചിത്രങ്ങളും ആളുകൾക്ക് വിതരണം ചെയ്യുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്ന കുഞ്ഞു നിഞ്ഞാ പരിശുദ്ധ കുർബാനയോട് അതിരറ്റവിധം ഭക്തിയുള്ളവളായിരുന്നു.
എന്നാൽ പത്താം വയസ്സിൽ, ഹൃദയപേശികളെ ബാധിക്കുന്ന ‘ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി’ (hypertrophic cardiomyopathy) എന്ന ഗുരുതരമായ ഹൃദ്രോഗം നിഞ്ഞായെ ബാധിച്ചു. രോഗത്തിന്റെ അസ്വസ്ഥതകൾക്കിടയിലും സമാധാനവും സന്തോഷവും കണ്ടെത്താൻ നിഞ്ഞാ ശ്രമിച്ചിരുന്നു. 1993 ഓഗസ്റ്റ് 16-ന് തന്റെ 13-ാം വയസ്സിൽ സ്കൂളിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് നിഞ്ഞാ നിര്യാതയായി. സറാറ്റിലുള്ള അവളുടെ കല്ലറ ഇന്ന് നിരവധി തീർഥാടകർ എത്തുന്ന പുണ്യസങ്കേതമായി മാറിയിട്ടുണ്ട്. ഇപ്പോൾ ദൈവദാസി പദവിയിൽ എത്തിയിരിക്കുന്ന ഈ കുഞ്ഞു വിശുദ്ധയുടെ മധ്യസ്ഥതയിൽ നടക്കുന്ന അദ്ഭുതങ്ങൾ സ്ഥിരീകരിക്കപ്പെട്ടാൽ കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധരിൽ ഒരാളായി നിഞ്ഞാ മാറിയേക്കാം.
2 . മാർസെലോ എൻറിക് കാമാറ
1979 ജൂൺ 26-ന് ബ്രസീലിലെ ഫ്ലോറിയാനോപോളിസിലാണ് മാർസെലോ എൻറിക് കാമാറ ജനിച്ചത്. അഗാധമായ ദൈവവിശ്വാസം പുലർത്തിയിരുന്ന ഈ യുവാവ് നിയമബിരുദം പൂർത്തിയാക്കി സ്റ്റേറ്റ് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഒരു ‘എമ്മാവൂസ്’ ധ്യാനത്തിൽ വച്ചാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണ്ണായകമായ ആത്മീയ മാറ്റം ഉണ്ടാകുന്നത്. ഒരു മതബോധന അധ്യാപകനായും വിശുദ്ധ കുർബാനയുടെ അസാധാരണ ശുശ്രൂഷകനായും പ്രവർത്തിച്ച അദ്ദേഹം ‘ഓപ്പസ് ദെയ്’ (Opus Dei) പ്രസ്ഥാനത്തിലെ അംഗം കൂടിയായിരുന്നു. രക്താർബുദം ബാധിച്ചെങ്കിലും, തന്റെ ശാരീരിക യാതനകളെ സന്തോഷത്തോടെയും പ്രത്യാശയോടെയും ദൈവത്തിന് സമർപ്പിച്ച അദ്ദേഹം, 2008 മാർച്ച് 20-ന് 28-ാം വയസ്സിൽ നിര്യാതനായി.
മാർസെലോയുടെ നാമകരണ നടപടികൾക്ക് തടസ്സങ്ങളൊന്നുമില്ലെന്ന അനുമതി പത്രം വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള ഡികാസ്റ്ററി 2020 മാർച്ച് എട്ടിന് ഫ്ലോറിയാനോപോളിസ് അതിരൂപതയ്ക്ക് നൽകിയതോടെയാണ് അദ്ദേഹത്തിന്റെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള ഔദ്യോഗിക നടപടികൾ ആരംഭിച്ചത്.
3. സി. സിസിലിയ മരിയ ഓഫ് ദ ഹോളി ഫേസ്
അർജന്റീനയിലെ നൌക്കെൻ പ്രവിശ്യയിലെ സാൻ മാർട്ടിൻ ഡെ ലോസ് ആണ്ടസിൽ 1973 ഡിസംബർ അഞ്ചിനാണ് സിസ്റ്റർ സിസിലിയ മരിയ ജനിച്ചത്. 24-ാം വയസ്സിൽ സാന്റാ ഫെയിലെ ഡിസ്കാൽഡ് കാർമൽ സന്ന്യാസിനി സമൂഹത്തിൽ ചേർന്ന അവർ, 26-ാം വയസ്സിൽ ആദ്യ വ്രതവാഗ്ദാനവും 2003-ൽ നിത്യവ്രതവാഗ്ദാനവും പൂർത്തിയാക്കി.
ഒരു നഴ്സായിരുന്ന സി. സിസിലിയ മരിയ മികച്ച ഒരു വയലിനിസ്റ്റ് കൂടിയായിരുന്നു. നാവിലും പിന്നീട് ശ്വാസകോശത്തിലേക്കും വ്യാപിച്ച കാൻസറിന്റെ വേദനകൾക്കിടയിലും മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാത്തു സൂക്ഷിക്കാൻ ഈ സന്ന്യാസിനിക്കായി. അസുഖം മൂർച്ഛിച്ച് 2016 ജൂൺ 23-ന് പുലർച്ചെ ബ്യൂണസ് ഐറിസിൽ വച്ച് സി. സിസിലിയ മരണമടഞ്ഞു.
2025 ജനുവരിയിൽ, അർജന്റീനയിലെ സാന്റാ ഫെ ഡെ ലാ വെര ക്രൂസ് ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ സെർജിയോ ഫെനോയ്, സിസ്റ്ററുടെ നാമകരണത്തിനും വിശുദ്ധ പദവി പ്രഖ്യാപനത്തിനുമുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ചുകൊണ്ട് ഉത്തരവിറക്കി.
4. റെബെക്ക റോക്കാമോറ
സ്പെയിനിലെ ഗ്രാൻജ ഡി റോക്കാമോറയിൽ നിന്നുള്ള ഒരു യുവ മതബോധന അധ്യാപികയായിരുന്നു റെബെക്ക റോക്കാമോറ. കുട്ടിക്കാലം മുതൽ, തന്നെ അലട്ടിയിരുന്ന ഗുരുതരമായ രോഗാവസ്ഥയിലും തന്റെ വിശ്വാസവും സന്തോഷവും മറ്റുള്ളവരോടുള്ള സമർപ്പണവും കൈവിടാതെ ജീവിച്ച വ്യക്തിയായിരുന്നു അവർ. പത്താം വയസ്സിൽ കണ്ടെത്തിയ ഗുരുതരമായ രോഗത്തെ അഭിമുഖീകരിക്കേണ്ടി വന്നിട്ടും അവൾക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ല. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും അയൽക്കാരുടെയും മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച അവളുടെ ജീവിതം എളിമയുടെയും സ്നേഹത്തിന്റെയും വലിയൊരു സാക്ഷ്യമായിരുന്നു. അങ്ങനെ ഒരു പെന്തക്കുസ്താ തിരുനാൾ ദിനത്തിൽ തന്റെ 20-ാം വയസ്സിൽ അവൾ ഈ ലോകത്തോട് വിടപറഞ്ഞു.
5 . ക്യാര ‘ലൂച്ചെ’ ബദാനോ
വേദനകൾക്ക് നടുവിലും അസാധാരണമായ വിധത്തിൽ ദൈവസ്നേഹത്തിനു സാക്ഷ്യം വഹിച്ച വ്യക്തിയായിരുന്നു ക്യാര. ഫോക്കോളാരെ പ്രസ്ഥാനത്തിലെ (Focolare Movement) അംഗമായിരുന്ന അവർ, ചെറുപ്രായത്തിൽ തന്നെ ആഴത്തിലുള്ള പ്രാർഥനാജീവിതവും കാരുണ്യപ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും പ്രകടമാക്കിയിരുന്നു. 16-ാം വയസ്സിൽ അസ്ഥികളെ ബാധിക്കുന്ന അർബുദം (osteosarcoma) സ്ഥിരീകരിച്ചെങ്കിലും, പ്രാർഥനയിൽ പൂർണ്ണ ബോധത്തോടെ നിലകൊള്ളുന്നതിനായി വേദന സംഹാരി ഉപയോഗിക്കാൻ വിസമ്മതിച്ചുകൊണ്ട് അവർ തന്റെ യാതനകളെ ദൈവത്തിന് കാഴ്ചവച്ചു.
തന്റെ ജീവിതത്തിന്റെ അവസാന മാസങ്ങളിൽ മറ്റുള്ളവരെ സഹായിക്കാൻ സമയം കണ്ടെത്തിയ അവർ, രണ്ടുപേർക്ക് കാഴ്ച ലഭിക്കുന്നതിനായി തന്റെ നേത്രപടലങ്ങൾ ദാനം ചെയ്യുകയും ചെയ്തു. സന്തോഷം നിറഞ്ഞ അവളുടെ ജീവിതം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്നും ആത്മീയ പ്രചോദനമാണ്. 2010 സെപ്റ്റംബർ 25-ന് റോമിൽ നടന്ന ചടങ്ങിൽ വച്ചാണ് ക്യാരയെ വാഴ്ത്തപ്പെട്ടവളായി (Blessed) പ്രഖ്യാപിച്ചത്.
6. വിക്ടർ മാനുവൽ ഷിയാവോണി
1977 നവംബർ 24-ന് അർജന്റീനയിലെ നോഗോയ പ്രവിശ്യയിലാണ് വിക്ടർ ഷിയാവോണി ജനിച്ചത്. തന്റെ 14-ാം വയസ്സിൽ പാരാനയിലുള്ള ‘നൂവസ്ട്ര സെഞ്ഞോറ ഡെൽ സെനാകുലോ’ മൈനർ സെമിനാരിയിലേക്ക് പോവുകയും അവിടെ പഠനം പൂർത്തിയാക്കുകായും ചെയ്തു. ആഴത്തിലുള്ള ദൈവവിളി തിരിച്ചറിഞ്ഞ വിക്ടർ, ഏകാന്ത പ്രാർഥനാജീവിതം ആഗ്രഹിക്കുകയും തന്റെ ദൈവവിളി വ്യക്തമായി അറിയുന്നതിനായി കന്യകാമറിയത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തു. 1995-ൽ ലൂഹാനിലേക്ക് നടത്തിയ ഒരു തീർഥാടനത്തിനിടെ, തന്റെ ജീവിതം പരിശുദ്ധ അമ്മയ്ക്ക് കാഴ്ചവയ്ക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അധികം വൈകാതെ കഴുത്തുവേദന അനുഭവപ്പെട്ടു തുടങ്ങിയ അദ്ദേഹത്തിന് രക്താർബുദം (leukemia) സ്ഥിരീകരിച്ചു.
പരാതികളൊന്നുമില്ലാതെ രോഗാവസ്ഥയെ നേരിട്ട അദ്ദേഹം ആഴത്തിലുള്ള പ്രാർഥനാജീവിതം തുടർന്നുപോന്നു. തുടർന്ന് 1995 സെപ്റ്റംബർ ഏഴിന് തന്റെ 17-ാം വയസ്സിൽ വിക്ടർ മരണമടഞ്ഞു. 2023 മേയ് എട്ടിനാണ് പാരാന അതിരൂപത വിക്ടർ ഷിയാവോണിയുടെ നാമകരണ നടപടികളുടെ ആരംഭം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
7. കാർലോസ് റൊഡോൾഫോ യാരിയസ്
1966 മാർച്ച് 29-ന് അർജന്റീനയിലെ പാരാനയിൽ ഒരു ക്രൈസ്തവ കുടുംബത്തിലാണ് കാർലോസ് റൊഡോൾഫോ യാരിയസ് ജനിച്ചത്. ആ കുടുംബപശ്ചാത്തലമാണ് അദ്ദേഹത്തിന്റെ ആത്മീയ വഴികളെ രൂപപ്പെടുത്തിയത്. ദൈവത്തെക്കുറിച്ചുള്ള നിരന്തരമായ അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പ്രത്യേകത. അർജന്റീനയിലെ ‘കാത്തലിക് ആക്ഷൻ’ (Catholic Action) പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ച അദ്ദേഹം കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് എത്തി. രക്താർബുദം (leukemia) സ്ഥിരീകരിച്ചപ്പോഴും ദൈവത്തിന്റെ തിരുഹിതത്തിലുള്ള അടിയുറച്ച വിശ്വാസത്തോടെ ആ രോഗാവസ്ഥയെ അദ്ദേഹം സ്വീകരിച്ചു. 1990 ഒക്ടോബർ 30-ന് അദ്ദേഹം നിര്യാതനായി, വിശുദ്ധിയുടെ വലിയൊരു പാരമ്പര്യമാണ് അദ്ദേഹം ലോകത്തിന് അവശേഷിപ്പിച്ചത്.
