2027 ഒക്ടോബർ 24 ന് ആചരിക്കുന്ന 101-ാമത് ലോക മിഷൻ ദിനത്തിന്റെ ഔദ്യോഗിക പ്രമേയം വത്തിക്കാൻ പ്രഖ്യാപിച്ചു. ‘ക്രിസ്തുവിന്റെ സ്നേഹം നമ്മെ മുന്നോട്ടു നയിക്കുന്നു’ എന്നതാണ് ലെയോ പതിനാലാമൻ മാർപാപ്പ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. വി. പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനത്തെ ആസ്പദമാക്കിയാണ് ഈ പ്രമേയം രൂപകൽപന ചെയ്തിരിക്കുന്നത്.
ക്രിസ്തീയദൗത്യത്തിന്റെ ഹൃദയം വ്യക്തമാക്കുന്നതാണ് ഈ സന്ദേശമെന്ന് സുവിശേഷവൽക്കരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അറിയിച്ചു. ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയുമ്പോൾ അത് സുവിശേഷം പ്രഘോഷിക്കാനും മറ്റുള്ളവരുടെ സ്നേഹിതരാകാനുമുള്ള പ്രേരകശക്തിയായി മാറുന്നു. സുവിശേഷവൽക്കരണവും സാഹോദര്യവും സേവനവുമാണ് സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ കാതലെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു. ക്രിസ്തു സ്നേഹം നമ്മെ നമ്മിൽത്തന്നെ ഒതുങ്ങിനിൽക്കാതെ ഒറ്റപ്പെട്ടവരിലേക്കും പാവപ്പെട്ടവരിലേക്കും വേദനിക്കുന്നവരിലേക്കും ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്നു എന്നും വത്തിക്കാൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
2027 ലെ മിഷൻ ദിനാചരണത്തിനു മുന്നോടിയായി അടുത്ത വർഷത്തിന്റെ തുടക്കത്തിൽ മാർപാപ്പയുടെ വിശദമായ മിഷൻ സന്ദേശം പുറത്തിറക്കും.

