ബെത്ലഹേമിലേക്കൊരു തീർഥാടനം: 24 – ക്രിസ്തു അടുത്തെത്തി

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം” (റോമാ. 13: 11-12).

ആത്മീയ ഉദ്ബോധനങ്ങളെല്ലാം ചെറിയൊരു വാക്കിൽ നിന്നാണ് ആരംഭിക്കുന്നത്. വലിയ കാഹളം മുഴക്കാതെയും തന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെയും ചെറിയൊരു വാക്കുകൊണ്ട് വലിയ കാര്യങ്ങൾക്ക് നമുക്ക് തുടക്കമിടാൻ സാധിക്കും. ഇതുതന്നെയാണ് വി. പൗലോസ് ശ്ലീഹ ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. ഒരുപാട് ദൈവശാസ്ത്രം പറയാതെ വളരെ ലളിതമായി ശ്ലീഹ പറയുന്നു. “നിദ്രവിട്ട് ഉണരുക… രാത്രി അവസാനിക്കാറായി… പകൽ അടുത്തെത്തിയിരുന്നു.” നേരം വെളുക്കുന്നതിന് തൊട്ടുമുൻപ് പഠനത്തിനായി കുട്ടികളെ വിളിച്ചുണർത്തുന്ന മാതാപിതാക്കളെപ്പോലെയാണ് ഇത്. ആഗമനകാലം അവസാനിക്കാറായി… ക്രിസ്തുമസ് അടുത്തെത്തിയിരുന്നു. വിശുദ്ധമായ ഒരു ശാന്തത ക്രിസ്തുമസിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നു. നീണ്ട ഒരുക്കം അവസാനിപ്പിച്ച് അധികം താമസിയാതെ നമുക്ക് ക്രിസ്തുവിനെ സ്വീകരിക്കേണ്ടിയിരിക്കുന്നു. അന്ധകാരം മാറി പൂർണ്ണമായും നാം വെളിച്ചത്തിലേക്കു പ്രവേശിക്കാൻ പോകുന്നു. ക്രിസ്തു സാവധാനം ഉറപ്പായും നമുക്ക് സമീപസ്ഥനായിരിക്കുന്നു.

ജീവിതം അന്ധകാരത്തിലാകുമ്പോൾ: അന്ധകാരത്തിൽ ഒറ്റയ്ക്കിരിക്കുന്നത് എത്ര ഭയാനകമാണെന്ന് നമുക്കറിയാം. ഭൗതികവെളിച്ചം അപ്രത്യക്ഷമാകുന്നതിനേക്കാൾ പ്രയാസം നാം അനുഭവിക്കുന്നത് വൈകാരികമായും ആത്മീയമായും അന്ധകാരത്തിൽ കഴിയേണ്ടിവരുന്നതാണ്. മുന്നോട്ടുപോകേണ്ടുന്ന വഴി അറിയാതെയും വഴിതെറ്റിയും അന്ധകാരത്തിലൂടെ നാം അലഞ്ഞിട്ടുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങളും സുഖപ്പെടുത്താനാവാത്ത രോഗങ്ങളും നമ്മുടെ ജീവിതത്തിൽ ഇരുട്ട് സമ്മാനിക്കാം. നീണ്ട രാത്രികൾ ഒരുപാട് ഉണ്ടാകുമ്പോൾ പ്രഭാതമെന്തെന്ന് തന്നെ ചിലപ്പോൾ നാം മറന്നുപോയേക്കാം. പൗലോസ് ശ്ലീഹായുടെ വാക്കുകൾ അപ്പോൾ നമ്മുടെ സഹായത്തിനെത്തണം. രാത്രി കഴിയാറായി പകൽ അടുത്തെത്തിയിരിക്കുന്നു. ക്രിസ്തുവിന് അവകാശപ്പെട്ടവർ ഒരിക്കലും ഭാവിയെക്കുറിച്ച് ആകുലപ്പെടുന്നില്ല. അവർ അന്ധകാരത്തിലായിരിക്കാൻ അവിടുന്ന് അനുവദിക്കുകയുമില്ല. നമ്മുടെ ഇരുണ്ട രാത്രികൾക്കു ശേഷം പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് നീതിസൂര്യനായ ക്രിസ്തു.

യേശു, പ്രഭാതവെളിച്ചം: സുവിശേഷം ആരംഭിക്കുന്നത് രാത്രി അവസാനിക്കാറായെങ്കിലും പ്രഭാതം പൂർണ്ണമായും എത്തിയില്ല എന്ന അവസ്ഥയിലാണ്. അർഥം മറഞ്ഞിരിക്കുന്ന കുറെ പ്രതീകങ്ങൾ ഇവിടെയുണ്ട്. കന്യകയുടെ ഗർഭം, സാമ്രാജ്യത്തിലെ കാനേഷുമാരി, യാത്ര, പുൽക്കൂട്… പ്രകാശം അധികം താമസിയാതെ പ്രത്യക്ഷപ്പെടും എന്നതിന്റെ അടയാളങ്ങളും എല്ലായിടത്തുമുണ്ട്. വലിയ ആരവങ്ങളില്ലെങ്കിലും സ്വർഗത്തിൽ ഇതിന് വേണ്ടുന്ന ഒരുക്കങ്ങൾ നടക്കുന്നുണ്ട്. അശക്തരെന്നു തോന്നുമെങ്കിലും വിശ്വസ്തരായ അനേകരെ സ്വർഗം ഇതിനായി ഒരുക്കിയിട്ടുണ്ട്. ദൈവം തന്നെയും കണ്ണഞ്ചിപ്പിക്കുന്ന ശോഭയോടെയല്ല പ്രത്യക്ഷപ്പെടാൻ പോകുന്നത്. പ്രഭാതത്തിലെ ചെറിയ വെളിച്ചം പോലെ സാവധാനം അവിടുന്ന് കടന്നുവരുന്നു. കാത്തിരിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രതീക്ഷകളുടെ പൂർത്തീകരണമാണ് യേശു. എല്ലാ ദുഃഖങ്ങളും അവൻ ഏറ്റെടുക്കാൻ പോകുന്നു. ഈ പ്രകാശം നമുക്കു ചുറ്റും വെളിച്ചം പരത്തുക മാത്രമല്ല, നമ്മുടെ ജീവിതത്തെ മുഴുവൻ പരിവർത്തനപ്പെടുത്തുകയും ചെയ്യും. പൗലോസ് ശ്ലീഹ അതുകൊണ്ടാണ് രാത്രി അവസാനിക്കാറായി എന്ന് എഴുതുന്നത്. ക്രിസ്തു നമ്മുടെ ജീവിതത്തിലെ അന്ധകാരത്തിലേക്ക് കടന്നുവന്ന് അതിനെ നീക്കാനുള്ള പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. നമ്മുടെ തകർച്ചകളെ വിദൂരത്തിൽ നിന്ന് കാണുന്ന ഒരു ദൈവമല്ല അവിടുന്ന്. അതിലേക്ക് കടന്നുവന്ന് അത് ഏറ്റെടുത്ത്, അതിനെ കീഴടക്കിയവനാണ്. മനുഷ്യകുലത്തിന്റെ വഴിയിലൂടെ അവിടുന്ന് സഞ്ചരിച്ചു നമ്മുടെ കുറവുകളെയും വേദനകളെയും തന്റേതാക്കി, ക്രിസ്തുവിൽ നമ്മുടെ പുതിയ ജീവിതം ആരംഭിക്കുകയായി.

പുതുയുഗപ്പിറവി: സൂര്യോദയം ദർശിക്കുക എന്ന ലക്ഷ്യത്തോടെ ഒരാൾ നേരം വെളുക്കുന്നതിനു മുൻപ് വീടിനടുത്തുള്ള മലയുടെ മുകളിൽ കയറി. ഒരു മിന്നൽവിളക്കിന്റെ സഹായത്തോടെയാണ് അദ്ദേഹം വഴി കണ്ടുപിടിച്ചു നടന്നത്. മലയുടെ മുകളിലെ പാറപ്പുറത്ത് അദ്ദേഹം ഇരിപ്പുറപ്പിച്ചു. സമയം കടന്നുപോയി. തണുത്ത കാറ്റ് അദ്ദേഹത്തിന്റെ മുഖത്ത് അടിക്കാൻ തുടങ്ങി. അദ്ദേഹം സ്വയം പറഞ്ഞു: “ഒരുപക്ഷേ, ഞാൻ വെറുതെ ഇവിടെ ഇരുന്നു സമയം കളയുന്നതായിരിക്കും.” ഈ സമയത്ത് വളരെ സാവധാനം അദൃശ്യമായി അദ്ദേഹത്തിന്റെ ചുറ്റിലുമുള്ള അന്ധകാരം മാഞ്ഞുപൊയ്ക്കൊണ്ടിരുന്നു. സൂര്യന്റെ ആദ്യകിരണങ്ങൾ ഭൂമിയെ സ്നേഹത്തോടെ സ്പർശിച്ചപ്പോൾ തന്റെ ചുറ്റിലുമുള്ള പ്രകൃതിദൃശ്യങ്ങൾ ഹൃദയത്തിൽ ശാന്തിയും സന്തോഷവും വിതയ്ക്കുന്നതായി അദ്ദേഹം തിരിച്ചറിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി താൻ സൂര്യനെ ദർശിക്കുന്നതിനും മുൻപേ സൂര്യൻ തന്റെ പ്രകാശം ലോകത്തിൽ പ്രസരിപ്പിച്ചുകൊണ്ടേയിരുന്നു എന്ന്. ഇതു തന്നെയാണ് വി. പൗലോസ് ശ്ലീഹ പറയുന്നതും. നാം രാത്രിയുടെ അന്ത്യയാമത്തിൽ കഴിയുന്നവരാണ്. എന്നാൽ നാം അറിയുന്നില്ല സൂര്യൻ നമ്മുടെ അടുത്തെത്താറായെന്ന്. ആഗമനകാലത്തിന്റെ അവസാനത്തിൽ എത്തിനിൽക്കുന്ന നാം മുൻപിൽ കാണുന്നതു മാത്രമല്ല, വരാനിരിക്കുന്നതിനെക്കൂടി കാണാനുള്ള വിശ്വാസമുള്ളവർ ആയിരിക്കണം.

ജാഗ്രതയുടെ കഥ: ഒരു ഗ്രാമത്തിൽ ‘മെഴുകുതിരി സൂക്ഷിപ്പുകാരി’ എന്നറിയപ്പെട്ടിരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. തന്നെ അനുഗ്രഹിക്കാൻ ഒരാൾ വരുമെന്ന വിശ്വാസത്തിൽ ഒരു റാന്തൽ വിളക്ക് അവൾ തന്റെ ജനലിനരികിൽ എല്ലാ ദിവസവും കത്തിച്ചിരുന്നു. ഗ്രാമവാസികളിൽ പലരും അവളെ കളിയാക്കി ചിരിച്ചിരുന്നു. മാസങ്ങളും വർഷങ്ങളും കടന്നുപോയി. ആരും വരാതിരുന്നിട്ടും അവൾ തന്റെ വിളക്ക് കത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഒരു ദിവസം അപരിചിതനായ ഒരു യാത്രികൻ ആ വഴി വന്ന് ജനലിലെ വെളിച്ചം കണ്ട് വാതിൽക്കൽ മുട്ടി. അദ്ദേഹം ദാഹിച്ചും വിശന്നുമാണ് അവിടെ എത്തിയത്. അവർ അദ്ദേഹത്തെ സ്വീകരിച്ചു, ഭക്ഷണം നൽകി അന്ന് അന്തിയുറങ്ങാനായി തന്റെ ഭവനത്തിലെ ഒരു കിടക്കയും നൽകി. അതിരാവിലെ അദ്ദേഹം യാത്രപറഞ്ഞു പോവുകയും ചെയ്തു. എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് ആ ഗ്രാമവാസികൾ തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾ കണ്ടു തിരിച്ചറിഞ്ഞു അദ്ദേഹം വെറുമൊരു യാത്രക്കാരനായിരുന്നില്ലയെന്ന്. അത് തങ്ങളെ അനുഗ്രഹിക്കാനായി ദൈവം നിയോഗിച്ച ആളായിരുന്നു. ആ വീട്ടിലെ വിളക്കായിരുന്നു അദ്ദേഹത്തിന് അടയാളമായി നൽകപ്പെട്ടത്. ‘മെഴുകുതിരി സൂക്ഷിപ്പുകാരി’ തന്റെ ജനലിൽ തിരി തെളിച്ച് അയാൾക്ക് വഴികാട്ടിയായി വർത്തിക്കുകയായിരുന്നു. ആഗമനകാലത്തിന്റെ അവസാന ദിവസം നമ്മുടെ വിളക്ക് തെളിച്ചുകൊണ്ടേയിരിക്കാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. ക്രിസ്തു അടുത്തെത്താറായിരിക്കുന്നു. ഭയത്തോടെയല്ല, പ്രതീക്ഷയോടെ നമുക്ക് അവന്റെ വരവിനായി കാത്തിരിക്കാം.

ഇന്നത്തെ പ്രസക്തി: എല്ലാം നിയന്ത്രിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് നമ്മിൽ പലരും ആഗ്രഹിക്കാറുണ്ട്. മിക്ക കാര്യങ്ങളും വളരെ വേഗത്തിൽ നടത്തിക്കിട്ടാനും നാം ശ്രമിക്കാറുണ്ട്. എന്നാൽ ദൈവം എല്ലാത്തിനും അതിന്റേതായ ഒരു സമയക്രമം പ്രകൃതിയിൽ നിശ്ചയിച്ചിട്ടുണ്ട്. വിശ്വാസം നമ്മെ ക്ഷണിക്കുന്നത് ദൈവം ഏർപ്പെടുത്തിയിരിക്കുന്ന താളക്രമത്തിൽ ആശ്രയിച്ചു മുന്നോട്ടുപോവുക എന്നതാണ്. പ്രത്യാശയോടെ ഉണർന്നിരുന്ന് സത്യസന്ധമായി കാര്യങ്ങൾ ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ലോകം കലുഷിതമാണെങ്കിലും ക്രിസ്തു നമ്മുടെ അരികിലുണ്ടെന്ന് തിരിച്ചറിയുക. നാം ആരുമറിയാതെ ശാന്തമായി നടത്തുന്ന പ്രാർഥനയിലും ക്രിസ്തുസാന്നിധ്യമുണ്ടെന്ന് തിരിച്ചറിയുക. നാം നമുക്കറിയാത്ത ഒരു അപരിചിതനെ കരുണയോടെ സഹായിക്കുമ്പോഴും അവിടെയും ക്രിസ്തു സന്നിഹിതനാണെന്ന് മനസ്സിലാക്കുക. പരിശുദ്ധ ബലിയിൽ ഭക്തിയോടെ സംബന്ധിക്കുമ്പോഴും ക്രിസ്തു പ്രത്യേകവിധം അവിടെ സന്നിഹിതമാണെന്ന് വിശ്വസിക്കുക. നാം ഒരാളോട് പൊറുക്കുമ്പോൾ, ഉപാധി രഹിതമായി നാം സ്‌നേഹിക്കുമ്പോൾ, പരിത്യക്തരുടെ സമീപേ നാം നിലയുറപ്പിക്കുമ്പോൾ ക്രിസ്തു നമ്മുടെ കൂടെയുണ്ട്. ഈ ദിവസം, ക്രിസ്തുമസിന്റെ തലേദിവസം, അവൻ ഒരു ആശയമായല്ല, വ്യക്തിയായി നമ്മോടൊത്തുണ്ട്. അതുകൊണ്ടാണ് അവൻ ‘ഇമ്മാനുവേൽ’ എന്ന് അറിയപ്പെടുന്നത്.

ദൈവസാമീപ്യം: ജപ്പാനിലെ ഒരു ആശ്രമത്തിൽ സന്യാസികൾ ഒരു ദിവസം ആദ്യം കാണുമ്പോൾ പരസ്പരം അഭിവാദനം ചെയ്യുന്നത് വാക്കുകൾ കൊണ്ടല്ല, പരസ്പരം തലകുനിച്ചു വണങ്ങിക്കൊണ്ടാണ്. അതുപോലെതന്നെ ഏതെങ്കിലും പ്രധാനകാര്യം ചെയ്യുന്നതിനു മുൻപേ അവർ ആശ്രമത്തിലെ അൾത്താരയുടെ ഭാഗത്തേക്കു നോക്കി തലകുനിച്ചു പ്രാർഥിക്കും. ഒരിക്കൽ ഒരു അതിഥി എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവരോട് ചോദിച്ചു. ഒരു സന്യാസി ഇപ്രകാരം പ്രതിവചിച്ചു: “ക്രിസ്തു ഇവിടെയുണ്ട്… ക്രിസ്തു ഇവിടെനിന്ന് കൂടെ വരുന്നു.” ഇത് ഒരു പ്രഖ്യാപനവും ക്ഷണവുമാണ്. ദൈവസാന്നിധ്യം നമ്മൾ കാത്തിരിക്കുന്ന ഒന്ന് മാത്രമല്ല, എപ്പോഴും നമ്മോടു കൂടെയുള്ളതുമാണ്. അതുകൊണ്ടാണ് വി. പൗലോസ് ശ്ലീഹ പറയുന്നത്: “നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്.” ഉറക്കച്ചടവോടെ ജീവിക്കേണ്ടവരല്ല നമ്മൾ. ക്രിസ്തു നമ്മുടെ ഇടയിൽ വസിക്കുന്നു എന്ന ബോധ്യത്തോടെ ഉണർന്നിരുന്നു പ്രവർത്തിക്കേണ്ടവരാണ് നാം. അങ്ങനെ ജീവിക്കുമ്പോൾ നമ്മുടെ ജീവിതം തന്നെ മാറിമറിയുന്നു.

പ്രായോഗിക നിർദേശങ്ങൾ

1. നേരത്തെ ഉണരുക: ഇന്ന് പതിവിലും നേരത്തെ ഉണരുക. അൽപസമയം ശാന്തതയിൽ ദൈവസാന്നിധ്യസ്മരണയിൽ ആയിരിക്കാൻ ശ്രമിക്കുക. ക്രിസ്തു സമീപസ്ഥനാണ് എന്ന് ഓർക്കുക.

2. റോമ 13:11-12 വായിക്കുക: ഈ വേദഭാഗം ശാന്തമായി വായിച്ചു ധ്യാനിക്കുക. ഇത് നമ്മുടെ ആത്മാവിനെ ഉണർത്തട്ടെ! ദിവസം സമാഗതമായി എന്ന പ്രത്യാശയിൽ ജീവിക്കാൻ വേണ്ടുന്ന കൃപക്കായി പ്രാർഥിക്കുക.

3. തിരി കത്തിക്കുക: ക്രിസ്തു അടുത്തെത്തിയിരിക്കുന്നു എന്ന് സ്മരിച്ചുകൊണ്ട് പുൽക്കൂട്ടിലോ, ക്രിസ്തുമസ് ട്രീയുടെ മുൻപിലോ, പ്രാർഥനാസ്ഥലത്തോ ഒരു മെഴുകുതിരി കത്തിക്കുക. ഈ വെളിച്ചം നമ്മുടെ ജീവിതത്തിന്റെ പ്രതീകമായി മാറി അനേകരെ പ്രകാശിപ്പിക്കാൻ സാധിക്കട്ടെ എന്നു പ്രാർഥിക്കുക.

വിചിന്തനം: ആഗമനത്തിന്റെ അവസരം ഒരുക്കത്തിന്റേതാണ്. ഒരു വലിയ വാഗ്ദാനം പൂർത്തീകരിക്കാൻ സമയമായിരിക്കുന്നു. രക്ഷകൻ ജനിക്കുന്നു. ലോകം വലുതായി മാറാൻ പോകുന്നു. സൂര്യകിരണങ്ങൾ പ്രഭാതത്തിൽ ആഗതമായി അതിവേഗം ഭൂമിയെ തന്റെ പ്രകാശത്താൽ വലയം ചെയ്യുന്നതുപോലെ ക്രിസ്തുവിന്റെ വെളിച്ചം നമ്മുടെ ജീവിതത്തെ മുഴുവനായി പ്രകാശിപ്പിക്കട്ടെ.

ഇരുട്ട് മാറുന്നു, പ്രകാശം പ്രസരിക്കുന്നു, സമയം സമാഗതമായി. ക്രിസ്തു വരുന്നു, അവൻ അടുത്തെത്തിയിരുന്നു, ഇത് സത്യമാണ്. നമ്മുടെ നയനങ്ങൾ തുറക്കുക, ഹൃദയം തുറക്കുക, നമ്മിൽ അവനെ കുടിയിരുത്തുക.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.