

വേദവാക്യം: “എന്നാല്‍, കാലസമ്പൂർണ്ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്നു ജാതനായി; നിയമത്തിന് അധീനനായി ജനിച്ചു. അങ്ങനെ, നമ്മെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി” (ഗലാ. 4: 4–5).
പ്രത്യാശയുടെ കഥകളിൽ കാത്തിരിപ്പ് അടങ്ങിയിട്ടുണ്ട്. ചിലപ്പോൾ അത് വളരെ നീണ്ടതും മറ്റുചിലപ്പോൾ വേഗത്തിൽ നടപ്പിൽവരുന്നതുമാകാം. പൗലോസ് ശ്ലീഹ ഇവിടെ സംസാരിക്കുന്ന കാലസമ്പൂർണ്ണത പഴയനിയമ സംഗ്രഹം തന്നെയാണ്. ദൈവം ടൈം ടേബിൾ ഉപയോഗിച്ചല്ല പ്രവർത്തിക്കുന്നത്. പൂർണ്ണതയിലാണ് ദൈവത്തിന്റെ എല്ലാ പ്രവർത്തനങ്ങളും. നമ്മൾ തയ്യാറായിരിക്കുമ്പോൾ ദൈവം പ്രവർത്തിച്ചുകൊള്ളണമെന്നത് മാനുഷികചിന്തയാണ്. ദൈവത്തിന്റെ സമയവും മനുഷ്യന്റെ സമയവും രണ്ടു രീതിയിലുള്ളതാണ്. ആഗമനകാലത്ത് ഈ സത്യം കൂടുതൽ അടുത്തറിയുന്നതിന് നമുക്ക് സാധിക്കുന്നു. വളരെവേഗം സഞ്ചരിക്കുകയും പെട്ടെന്നുള്ള ഉത്തരത്തിനായി കാത്തിരിക്കുകയും ചെയ്യുന്ന ആധുനികലോകത്ത് ശാന്തമായും കാത്തിരുന്നും കാര്യങ്ങൾ ചെയ്യാൻ ദൈവം നമ്മോട് പറയുന്നു. നമുക്ക് കാണാൻ സാധിക്കാത്തപ്പോഴും ദൈവത്തിന് നമ്മെക്കുറിച്ചു കൃത്യമായ പദ്ധതികൾ ഉണ്ട്. നിശബ്ദത അസാന്നിധ്യത്തിന്റെ ലക്ഷണമോ, കാലതാമസം നിരസനത്തിന്റെ അടയാളമോ അല്ല.
സമയം ശൂന്യത ആകുമ്പോൾ: ‘ഇതുവരെ സമയം ആയിട്ടില്ല’ എന്ന ചിന്തയോടെ ജീവിക്കാൻ ശ്രമിക്കുന്നവരുണ്ട്. വിളക്കിച്ചേർക്കപ്പെടാൻ കഴിയാത്ത ബന്ധങ്ങൾ, താമസിക്കുന്ന വാഗ്ദാനങ്ങൾ, ഉത്തരം കിട്ടാത്ത പ്രാർഥനകൾ, മാറ്റിവയ്ക്കപ്പെടുന്ന സ്വപ്നങ്ങൾ… ഈ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ് നാമെല്ലാം. എല്ലാ വർഷവും മാറിവരുന്ന അവധിക്കാലം പോലെ ജീവിതത്തിൽ മാറ്റമില്ലാതെ ഇതൊക്കെ നാം അനുഭവിക്കുന്നു. ഒന്നും മാറുന്നില്ല, ദൈവം ഉത്തരം നൽകുന്നുമില്ല. എന്നിട്ടും വി. പൗലോസ് പറയുന്നു: “കാലസമ്പൂർണ്ണത വന്നപ്പോൾ…” സമയത്തിന് മറ്റൊരു അർഥം കൂടിയുണ്ട്. ദിവസവും മണിക്കൂറുമൊക്കെയായി നാം സമയം കണക്കുകൂട്ടുന്നു. ഭൂമി സൂര്യനെ വലംവയ്ക്കുന്നതിന്റെയും സ്വയം കറങ്ങുന്നതിന്റെയും അടിസ്ഥാനത്തിൽ നാം രൂപപ്പെടുത്തിയിരിക്കുന്ന ഈ ക്രമം ദൈവത്തിന് ബാധകമല്ലെന്ന കാര്യം നാം മറന്നുപോകുന്നു. സമയത്തിന് ഒരു ആത്മീയമാനം കൂടിയുണ്ട്. അത് നിയന്ത്രിക്കുന്നതിന് പകരം വിശ്വാസം അർപ്പിച്ചു മുന്നോട്ടുപോവുക. നമുക്ക് പൂർണ്ണമായും മനസ്സിലാകാത്തപ്പോഴും അതാണ് ശരി.
പൂർണ്ണതയിൽ ജനിച്ച യേശു: ഒരു ചെറിയ പട്ടണത്തിൽ, പാവപ്പെട്ട മാതാപിതാക്കളുടെ മകനായി, റോമൻ സാമ്രാജ്യത്തിന്റ ഒരു കോണിൽ യേശു ജനിച്ചു. അവനെ അറിഞ്ഞവരും സ്വീകരിച്ചവരും സാധാരണക്കാർ ആയിരുന്നു. എന്നാൽ കാലത്തിന്റെ പൂർണ്ണതയിലാണ് ഈ ശിശു ജനിക്കുന്നത്. ഈ പൂർണ്ണത മനുഷ്യൻ ആഗ്രഹിച്ചതോ, പ്രതീക്ഷിച്ചതോ ആയ രീതിയിൽ ആയിരുന്നില്ല. രാഷ്ട്രീയമായോ, സാമ്പത്തികമായോ ഉള്ള പൂർണ്ണത അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും സ്വർഗത്തിന് ഇത് കാലപൂർണ്ണത ആയിരുന്നു. എന്താണ് ദൈവം ആ സമയത്ത് ചെയ്തത്? ദൈവം തന്റെ മകനെ നമുക്ക് തന്നു. മറ്റൊരു പ്രവാചകനെയോ, ഒരു വേദഗ്രന്ഥമോ അവിടുന്ന് നൽകിയില്ല. ലോകത്തെ നന്നാക്കാനും നേരെയാക്കാനും ദൈവം വിധി പ്രസ്താവിക്കുകയോ ചെയ്തില്ല. പകരം ദൈവപുത്രൻ ഒരു സ്ത്രീയിൽ നിന്നും നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർത്തീകരണവും പൂർണ്ണമനുഷ്യനും ദൈവവുമായി അവതരിച്ചു. മനുഷ്യന്റെ സമയക്രമത്തിൽ അവിടുന്ന് പ്രവേശിച്ചു നിയമത്തിന് വിധേയരായി കഴിഞ്ഞിരുന്നവരെ അവിടുന്ന് വീണ്ടെടുത്തു. അതുവഴി നാമെല്ലാവരും ദൈവത്തിന്റെ പുത്രന്മാരും പുത്രിമാരുമായി പരിണമിച്ചു. ക്രിസ്തുമസിന്റെ വലിയ രഹസ്യം നിത്യത ചരിത്രത്തിൽ പ്രവേശിച്ചു എന്നതാണ്. ചരിത്രനിയന്താവ് തന്നെത്തന്നെ മനുഷ്യചരിത്രത്തിന്റെ ഭാഗമാക്കി ചരിത്രം വിരചിച്ചു.
കാലതാമസവും ദൈവദാനവും: ഒരു കുട്ടിക്ക് തന്റെ ജന്മദിനത്തിന് ഏതാനും ദിവസങ്ങൾക്കു മുൻപ് മനോഹരമായി പൊതിഞ്ഞ ഒരു പെട്ടിയിൽ ഒരു സമ്മാനം ലഭിച്ചു. ആകാംക്ഷ അടക്കാനാവാതെ അവൻ മാതാപിതാക്കളോട് അത് തുറക്കാൻ അനുവാദം ചോദിച്ചു. എന്നാൽ അവർ ഇങ്ങനെ പ്രതിവചിച്ചു: “കാത്തിരിക്കുക… എന്തിനാണെന്ന് നീ പിന്നീട് മനസ്സിലാക്കും.” എല്ലാ ദിവസവും പലപ്രാവശ്യം അവൻ അത് എടുത്തുനോക്കി കുലുക്കി തിരികെവയ്ക്കും. കാത്തിരിപ്പ് കഠിനമായി അവനു തോന്നി. അവസാനം ജന്മദിനമെത്തി അത് തുറക്കാൻ സമയമായി. അതിനകത്ത് അവൻ ആഗ്രഹിച്ച ഒരു കളിപ്പാട്ടമായിരുന്നു. അതിലുണ്ടായിരുന്ന എഴുത്തിൽ ഇപ്രകാരം കുറിച്ചു വച്ചിരുന്നു: “ചിലപ്പോൾ കാത്തിരിപ്പും ഒരു സമ്മാനമാണ്. ഇത് നീ സ്വീകരിക്കുന്ന സമ്മാനത്തിന്റെ മൂല്യം ഉൾക്കൊള്ളാൻ സഹായിക്കും.” ഇങ്ങനെയാണ് ദൈവവും പ്രവർത്തിക്കുന്നത്. നമ്മെ പ്രതീക്ഷയോടെ ഇരുത്തുന്നതിൽ ദൈവം ആനന്ദം കണ്ടെത്തുന്നതിലല്ല, പക്ഷെ ചില സമ്മാനങ്ങൾ പെട്ടെന്ന് കൊടുക്കാനുള്ളതല്ല. ആഗമനകാലം നമ്മെ ഓർമ്മിപ്പിക്കുന്നത് ദൈവത്തിന്റെ സമയം ഒരിക്കലും നേരത്തെയോ, താമസിച്ചോ അല്ല. എപ്പോഴും അതിന്റെ പൂർണ്ണതയിലാണ് എന്നാണ്.
വീണ്ടെടുപ്പിന്റെ കഥ: പൗലോസ് ശ്ലീഹാ ഗലാത്തിയയിലെ സഭയോട് ദൈവത്തിന്റെ ഒരു വാഗ്ദാനത്തെക്കുറിച്ചു പറയുന്നു. ദൈവത്തിന്റെ ദത്തുപുത്രന്മാരാകാനുള്ള അനുഗ്രഹം അവിടുന്ന് നമുക്ക് നൽകിയിരിക്കുന്നു. നമ്മുടെ പാപം കഴുകിക്കളയുക എന്നത് മാത്രമായിരുന്നില്ല ദൈവത്തിന്റെ ഉദ്ദേശ്യം. നമ്മെ ദൈവഭവനത്തിലേക്ക് കൂട്ടികൊണ്ടുപോവുക എന്നതും അവിടുത്തെ ലക്ഷ്യമായിരുന്നു. കാണാതെപോയ അവസ്ഥയിൽ നിന്നും കണ്ടത്തിയവരുടെ സ്ഥാനത്തേക്കും അപരിചിതർ ഗണത്തിൽ നിന്നും കുടുംബം എന്നതിലേക്കും നാം പരിവർത്തനപ്പെട്ടു. വീണ്ടെടുപ്പ് ഒരു ബന്ധത്തിൽ നമ്മെ എത്തിച്ചു. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ആലിംഗനത്തിൽ നാം എത്തിപ്പെട്ടു. പുരാതന റോമിൽ ദത്തെടുക്കപ്പെടുന്ന കുട്ടികൾക്ക് കുടുംബത്തിലെ മറ്റു കുട്ടികളെപ്പോലെ എല്ലാ അവകാശങ്ങളും ലഭിച്ചിരുന്നു. നാം വീണ്ടെടുക്കപ്പെട്ടവരാണ് എന്ന് പൗലോസ് ശ്ലീഹ പറയുമ്പോൾ നാം ഇനിമുതൽ ആത്മീയമായി അനാഥരല്ല എന്നാണ് അർഥമാക്കുന്നത്. ദൈവീകഭവനത്തിലെ അംഗങ്ങളും അവകാശികളുമായി നാം മാറി. ദൈവപുത്രന്റെ വരവ് നാം എങ്ങനെ ജീവിക്കുന്നു എന്നത് നിർവച്ചിരിക്കുന്നു. ഭയത്തിനോ, പരാജയത്തിനോ അടിമപ്പെട്ടവരല്ല. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും സ്നേഹിക്കപ്പെട്ടവരുമാണ് നാം. നമ്മുടെ ജീവിതം അർഥശൂന്യമെന്നോ, ആരാലും വിലമതിക്കപ്പെടാത്തതെന്നോ തോന്നുമ്പോൾ ദൈവം ഒരിക്കലും നമ്മെ ഉപേക്ഷിച്ചിട്ടില്ല എന്ന് തിരിച്ചറിയുക. നാമറിയാത്ത വിധത്തിൽ ദൈവം പ്രവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇപ്പോഴും അവിടുന്ന് പുൽക്കൂടുകൾ തേടിക്കൊണ്ടിരിക്കുന്നു.
പൂർണ്ണതയുള്ള ജീവിതം: കേരളത്തിലെ കുന്നിൻമുകളിലുള്ള ഒരു ആശ്രമത്തിൽ കുറേ സന്യാസിമാർ ജീവിച്ചിരുന്നു. എല്ലാ ദിവസവും അതിരാവിലെ സൂര്യനുദിക്കുന്നതിനു മുൻപ് അവിടെ മണിയടിച്ചിരുന്നു. ഒരിക്കൽ വലിയ തണുപ്പുള്ള സമയത്ത് അവിടെ അതിഥിയായി എത്തിയ ഒരാൾ ആകാംക്ഷയോടെ സന്യാസിയോട് ചോദിച്ചു: “എന്തിനാണ് ആരും ഇത് കേൾക്കാൻ സാധ്യതയില്ലെങ്കിലും നിങ്ങൾ അതിരാവിലെ മണിയടിക്കുന്നത്?” ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ലോകം ഇത് കേൾക്കുന്നതുകൊണ്ടല്ല ഞങ്ങൾ മണിയടിക്കുന്നത്. അതിനുള്ള സമയം ആയതുകൊണ്ടാണ് അത് അടിക്കുന്നത്.” ഇത് വിശ്വാസത്തിന്റെ ഒരു താളക്രമമാണ്. കാണുന്നതുകൊണ്ടല്ല, വിശ്വസിക്കുന്നതുകൊണ്ടാണ് നാം ജീവിക്കുന്നത്. ക്രിസ്തീയജീവിതം കൃപയിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. ശബ്ദങ്ങൾക്ക് ചെവികൊടുക്കുന്നതിനേക്കാൾ, ദൈവീക കാഴ്‌ചപ്പാടുകളോട് തുറവിയുള്ളവരായിരിക്കുക. നമ്മുടെ പാതകളിൽ എപ്പോഴും വെളിച്ചം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം സമയം പൂർത്തീകരിച്ചിരിക്കുന്നു എന്നും നാം തിരിച്ചറിയണം. ആകാശം ഇരുണ്ടിരിക്കുമ്പോഴും, ആരും ഉണർന്നില്ലെങ്കിലും, ആശ്രമത്തിലെ മണി അടിച്ചുകൊണ്ടിരിക്കും. പരിശുദ്ധമായ സമയത്തു ആയിരിക്കാൻ ഒരുക്കത്തോടെ നാം ജീവിക്കണം. വിശ്വാസം നമ്മോടു പറയുന്നു – ദൈവം എല്ലായ്പ്പോഴും പ്രവർത്തനനിരതനാണ്. അതിനാൽ ഞാനും കരുതലോടെ ജീവിക്കും.
പ്രായോഗിക നിർദേശങ്ങൾ
1. പ്രത്യാശയുടെ തിരി: ഒരു തിരി കത്തിച്ച് പ്രത്യാശയോടെ കാത്തിരിക്കുന്നവനെപ്പോലെ നമ്മുടെ ജീവിതത്തിലെ ഒരു പൂർത്തിയാകാത്ത പദ്ധതി നടപ്പിലാകുന്നതിനുവേണ്ടി പ്രാർഥിക്കുക.
2. ഗലാ. 4: 4–5 വായിക്കുക: സാവധാനം ഈ വേദഭാഗം വായിച്ചു ധ്യാനിക്കുക. ഈ വചനം നമ്മുടെ ജീവിതത്തിന് കൂടുതൽ അർഥവും ആഴവും നൽകുന്നതിനായി പ്രാർഥിക്കുക.
3. മറന്നുപോയ ഒരാളെ അന്വേഷിക്കുക: നമ്മുടെ ജീവിതതിൽ ദീർഘനാളായി മറന്നുപോയ ഒരാളെ കണ്ടെത്തി ഒരു സന്ദേശം അയയ്ക്കുക. അവർ തനിച്ചല്ല എന്ന് ബോധ്യപ്പെടുത്തുക. ദൈവത്തിന്റെ പ്രവർത്തനം നമ്മിലൂടെ അവർ തിരിച്ചറിയട്ടെ.
വിചിന്തനം: ക്രിസ്തുമസിന്റെ കഥ സാവധാനം നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നു. ഇത് ധ്യാനിച്ച് ഉൾക്കൊള്ളേണ്ട സത്യമാണ്. പ്രവാചകന്മാർ ധ്യാനിച്ച്, മറിയത്തിലൂടെയും ജോസഫിലൂടെയും നാം സ്വീകരിച്ച അനുഗ്രഹം. ബേത്ലഹേമിലെ കാനേഷുമാരിയും കാലിത്തൊഴുത്തിലെ പുല്ലിൻകണികയും വരെ ദൈവീകപദ്ധതിയുടെ ഭാഗമായിരുന്നു. അനേകർ കാത്തിരുന്നെങ്കിലും കാലത്തികവിൽ മാത്രമാണ് ഇത് നിറവേറ്റപ്പെട്ടത്. ഇത് മനുഷ്യന്റെ പ്രീതി പിടിച്ചുപറ്റാനല്ല, നമ്മുടെ രക്ഷയ്ക്കായി ദൈവം നടപ്പിലാക്കിയതാണ്.
ദൈവത്തിന്റെ പദ്ധതികളോട് ചേർന്ന് പോവുക.
ദൈവീകവരവിന്റെ പൂർണ്ണത ഈ ദിവസങ്ങളിലെ നിശ്ശബ്ദതയിലും ഉൾക്കൊണ്ടിരിക്കുന്നു.
ദൈവത്തിന്റെ മക്കളാണെന്ന പ്രത്യേകാവകാശം ഉപയോഗപ്പെടുത്തി കൃപയോടെ ജീവിക്കുക.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




