

വേദവാക്യം: “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില് സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2:19).
എല്ലാ വലിയ രഹസ്യങ്ങളും നിശ്ശബ്ദതയിലാണ് ആരംഭിക്കുന്നത്. കോലാഹലവും തർക്കങ്ങളും ഉള്ളിടത്തല്ല, വിസ്മയങ്ങളിലാണ് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത്. വാക്കുകളേക്കാൾ കൂടുതൽ ചോദ്യങ്ങളാണ് അവിടെ ഉയരുന്നത്. ലൂക്കാ സുവിശേഷകൻ ഇവിടെ അതാണ് പറയുന്നത്. ഇടയന്മാർ വന്നുപോയി, മാലാഖമാർ മനോഹരഗാനം പാടി അവസാനിപ്പിച്ചു, എന്നാൽ ഇതിനേക്കാളൊക്കെ മനോഹരമായിരിക്കുന്നത് പുൽക്കൂടിന്റെ നിശ്ശബ്ദതയിൽ മറിയം ധ്യാനനിമഗ്നയായ് ഇരിക്കുന്നതാണ്. അവൾ എല്ലാം വീക്ഷിക്കുകയും കേൾക്കുകയും തന്റെ മകനെ മാറോടു ചേർത്ത് തലോടുകയും ചെയ്തു. വലിയ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരുപാട് കാര്യങ്ങൾ തനിക്ക് മനസ്സിലാകുന്നതിനും അപ്പുറത്താണ്. അവൾ എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിക്കുകയും ദൈവത്തിൽ ആശ്രയിക്കുകയും ചെയ്തു.
ജീവിതത്തിന്റെ അർഥം എന്ത്?: ഒരുപാട് ചോദ്യങ്ങൾ നിരന്തരം ചോദിക്കുന്നവരാണ് നാം. നമ്മുടെ പ്രാർഥനയ്ക്ക് എന്താണ് ഉത്തരം കിട്ടാത്തത്? ജീവിതത്തിൽ ഈ ദുരിതം എനിക്ക് സംഭവിച്ചതിന്റെ കാരണം എന്താണ്? എന്റെ ജീവിതം ഇങ്ങനെ ആയത് എന്തുകൊണ്ടാണ്? ഉത്തരത്തിൽ കൃത്യതയും യുക്തിയും ആയിരിക്കാം നാം അന്വേഷിക്കുന്നത്. ദൈവം ശക്തമായും കൃത്യമായും സത്യമായും ഉത്തരം തന്നിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായിരുന്നു എന്ന് നാം ചിന്തിക്കാറുണ്ട്. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ മുന്നിലുള്ളപ്പോഴും മറിയം ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ചു. അതേക്കുറിച്ചൊക്കെ ധ്യാനിക്കുകയായിരുന്നു മറിയം അപ്പോൾ ചെയ്തിരുന്നത്. മാലാഖയുടെ സന്ദേശം, ദൈവപുത്രനെ ഉദരത്തിൽ വഹിക്കുക, പുൽത്തൊഴുത്തിൽ അവനോടൊത്ത് കിടന്നുറങ്ങുക, ഇതൊക്കെ സാധാരണ മനുഷ്യർക്ക് മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങളാണ്. ഇടയന്മാർ മാലാഖ പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു. മാലാഖമാർ സാധാരണക്കാർക്കു വേണ്ടി മഹനീയഗാനം ആലപിക്കുന്നു. അപരിചിതർ അകലെനിന്നും ദൈവപുത്രനെ ആരാധിക്കാനായി എത്തുന്നു. ഈ അവസരത്തിലൊന്നും മറിയം ചാടിക്കയറി ഒന്നും ചെയ്യുകയോ, പറയുകയോ ചെയ്യുന്നില്ല. അവൾ ശാന്തയായി, ശ്രദ്ധയോടെ, ഭക്തിയോടെ ആ നിമിഷത്തിൽ അവിടെ സന്നിഹിതയായിരുന്നു. ഈ കഥ എങ്ങനെയാണ് എഴുതപ്പെടാൻ പോകുന്നതെന്ന് അവൾക്ക് അറിയില്ലായിരുന്നു. കുരിശിനെക്കുറിച്ചോ, ഒഴിഞ്ഞ കല്ലറയെക്കുറിച്ചോ അറിവില്ലാതിരുന്ന അവൾ, എല്ലാം ദൈവത്തിന് സമർപ്പിച്ചു ജീവിച്ചു.
യേശു – മറിയം കൈയിലേന്തിയ ദൈവവചനം: സുവിശേഷങ്ങൾ ആരംഭിക്കുന്നത് ഒരു പ്രസംഗം കൊണ്ടല്ല, ഒരു സ്ത്രീ കുട്ടിയെ കൈയിലേന്തി നിൽക്കുന്നത് അവതരിപ്പിച്ചുകൊണ്ടാണ്. അവൻ അപ്പം വർധിപ്പിക്കുന്നതിനു മുൻപ് അവന്റെ അമ്മ നൽകിയ ഭക്ഷണം കഴിച്ചവനാണ്. അവൻ അന്ധരെ സുഖപ്പെടുത്തുന്നതിനു മുൻപായി മറിയത്തിന്റെ മടിയിൽ കിടന്നവനാണ്.അവൻ കുരിശ് വഹിച്ചതിനു മുൻപായി മാതാവിനാൽ വഹിക്കപ്പെട്ടവനാണ്. ഇങ്ങനെയാണ് ദൈവം നമ്മിലേക്ക് വന്നത്. സ്വർഗത്തിൽ നിന്നുള്ള ഒരു സ്വരമായിട്ടല്ല; വചനമായ ദൈവമായിട്ട്. കൈയിൽ കിടക്കാൻതക്ക ചെറിയവനായിട്ട്. മറിയം ഒന്നും പ്രസംഗിച്ചില്ല. പക്ഷേ, അവൾ ധ്യാനിച്ചു. അവളുടെ ധ്യാനത്തിലൂടെ ഈ ആഗമനത്തിന്റെ ഒരുക്കം എങ്ങനെ ആയിരിക്കണമെന്ന് പഠിക്കുന്നു. നമ്മുടെ വിശ്വാസത്തിന്റെ പല ഘടകങ്ങളും ഒരു ധ്യാനമാണ്. ചിലതൊക്കെ വളരെ വ്യക്തിപരവും. വാഗ്ദാനം നൽകുന്ന ദൈവം അത് പാലിക്കുമെന്ന ഉറച്ച വിശ്വാസത്തിലധിഷ്ഠിതമാണ് നമ്മുടെ ക്രിസ്തീയജീവിതം.
സമയബന്ധിത സമ്മാനം: ഒരു സ്ത്രീക്ക് അവളുടെ കൂട്ടുകാരി ഒരു ചെടിയുടെ കുറെ വിത്തുകൾ നൽകി. അതിനു ശേഷം ഇപ്രകാരം പറഞ്ഞു: “ക്ഷമയോടെ കാത്തിരിക്കുക”. അവൾ അത് മണ്ണിൽ പാകി മുളയ്ക്കുന്നതിനായി കാത്തിരുന്നു. ആഴ്ചകൾ കടന്നുപോയി. ഒന്നും സംഭവിച്ചില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവൾ ഇതിൽ നിന്ന് ഒന്നും സംഭവിക്കില്ല എന്ന ചിന്തിച്ചു. എങ്കിലും അവൾ എന്നും അവിടെ വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരുദിവസം രാവിലെ അവൾ വിത്ത് പാകിയ സ്ഥലത്തു നിന്നും ചെറിയ മുളകൾ പൊട്ടിവരുന്നത് ശ്രദ്ധിച്ചു. സാവധാനം അത് വളർന്നു വലുതായി ഇതുവരെ കണ്ടിട്ടില്ലാത്തത്ര മനോഹരമായ പുഷ്പങ്ങൾ വിരിയിച്ചു. പ്രതീക്ഷിച്ചതിലും ഒത്തിരി കഴിഞ്ഞാണ് ഇത് സംഭവിച്ചത്. ചിലപ്പോൾ ദൈവവും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ചില അവസരങ്ങളിൽ ദൈവം പ്രാർഥനകൾക്ക് സാവധാനം, പൂർണ്ണതയില്ലാത്ത ഉത്തരങ്ങൾ തരുന്നുവെന്ന് തോന്നാം. ഇപ്പോഴും ചില വാഗ്ദാനങ്ങൾ നടപ്പിലാക്കാതെ മാറ്റിവച്ചിട്ടുണ്ടാവാം. നമ്മുടെ ഹൃദയത്തിൽ ദൈവീകാഗ്നി മുളപ്പിച്ചിട്ടു ജ്വലിക്കാതെ കിടക്കുന്നുണ്ടാവാം. മറിയത്തെപ്പോലെ അവയെക്കുറിച്ചൊക്കെ ധ്യാനിക്കുന്നതിന് നമുക്ക് സാധിക്കണം. വിശ്വാസത്തോടെ ദൈവത്തിൽ ആശ്രയിച്ചു തുടർന്നും പ്രാർഥിക്കണം. നാം അറിയാത്ത സമയത്ത് അനന്തമായ നന്മകൾ പുറപ്പെടുവിക്കാൻ ദൈവത്തിന് കഴിയുമെന്ന് തിരിച്ചറിയുക.
നിശ്ശബ്ദവിശ്വാസം: ഒരു വല്യമ്മ തന്റെ വീടിന്റെ ഉമ്മറപ്പടിയിൽ ഒരു ചെറിയ കുരിശുരൂപവും പിടിച്ച് എല്ലാ ദിവസവും ഇരുന്നിരുന്നു. ഒരിക്കൽ അവരുടെ കൊച്ചുമകൾ അവരോടു ചോദിച്ചു. “എന്തിനാണ് വല്യമ്മ എല്ലാ ദിവസവും ഒന്നും ചെയ്യാതെ അവിടെ ഇരിക്കുന്നത്?” അപ്പോൾ ശാന്തമായി അവർ ഇപ്രകാരം പറഞ്ഞു: “എനിക്ക് ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു കാര്യം ഞാൻ ചെയ്യുന്നു. ഞാൻ ഇതുവഴി പോകുന്ന എല്ലാവരെയും കാണുന്നു എല്ലാവരെയും കേൾക്കുന്നു.” ഇതായിരുന്നു മറിയത്തിനു ദൈവം കൊടുത്ത വലിയ ദാനം. കാണുക, കേൾക്കുക, സ്വീകരിക്കുക, ധ്യാനിക്കുക. വിശ്വാസം എപ്പോഴും എന്തെങ്കിലുമൊക്കെ പ്രകടിപ്പിക്കുക എന്നതല്ല. ശാന്തമായി ദൈവസന്നിധിയിൽ ഇരിക്കുന്നതും വിശ്വാസപ്രകടനവും പരിശുദ്ധമായ ഒരു കർമ്മവുമാണ്. നമ്മുടെ ലോകത്തിൽ എല്ലാ കാര്യങ്ങൾക്കും ഒരുപാട് ഭാഷ്യങ്ങളും പ്രതികരണങ്ങളും അഭിപ്രായങ്ങളും ഉണ്ടാവാം. എന്നാൽ മറിയം മഹനീയ മാതൃകയാവുന്നത് ധ്യാനനിമഗ്നയായി ദൈവസ്വരം ശ്രവിക്കുന്നതിലൂടെയാണ്.
ഇന്നത്തെ പ്രസക്തി: വളരെ വേഗം സഞ്ചരിക്കുന്ന ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. നമുക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ലോകത്തിൽ സംഭവിക്കുന്നു. നാം പലപ്പോഴും എല്ലാത്തിനും പെട്ടെന്ന് ഉത്തരം തേടുന്നു. എന്നാൽ ദൈവം മനുഷ്യന്റെ മാനദണ്ഡമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ദൈവം ശാന്തതയിലും സൗമ്യതയിലും കാണപ്പെടുന്നു. ഹൃദയത്തിന്റെ നിശ്ശബ്ദതതയിൽ അവിടുന്ന് നമ്മോട് സംസാരിക്കുന്നു. ഇതെല്ലം കൃപയിൽ സംഭവിക്കുന്നതാണ്. നമ്മിലുള്ള വിശ്വാസത്തിന്റെ അംശങ്ങൾ മറിയത്തിന്റേതുപോലെ ചിലപ്പോൾ ശാന്തതതയിൽ, അതിശയത്തിൽ, പ്രത്യാശയിൽ ആയിരിക്കണം. മറിയത്തിന്റെ ചില ചിത്രങ്ങളിൽ അവളുടെ കണ്ണുകൾ ആന്തരികധ്യാനത്തിൽ ആയിരിക്കുന്നവളെപ്പോലെയും കൈകൾ ചേർത്തുപിടിച്ചും ചിത്രീകരിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്. മറിയം നമ്മോടു പറയുന്നത് എപ്പോഴും നമ്മൾ സംസാരിക്കണമെന്ന് നിർബന്ധമില്ല, എല്ലാ രഹസ്യങ്ങളും വെളിപ്പെടുത്തണമെന്നില്ല, ചിലതൊക്കെ നാം ഹൃദയത്തിൽ സംഗ്രഹിക്കേണ്ടതാണ്.
ആഴത്തിലുള്ള ആത്മീയശക്തി: ആഴത്തിൽ ചിന്തിക്കുന്നതും ധ്യാനിക്കുന്നതും ബലഹീനതയോ സമയം വെറുതെ കളയുന്നതോ അല്ല. കാത്തിരിക്കാനും ദൈവഹിതത്തിനു വിധേയപ്പെടാനുമുള്ള ഒരാളുടെ ശക്തിയാണ് ഇവിടെ വെളിപ്പെടുത്തപ്പെടുന്നത്. കാണപ്പെടാത്ത ദൈവത്തിൽ പൂർണ്ണമായും വിശ്വസിക്കുക വലിയ ദൈവാശ്രയത്തിന്റെ അടയാളമാണ്. വാഗ്ദാനത്തിൽ വിശ്വസിച്ചു അനന്തരഫലം എന്തായാലും സ്വീകരിക്കാനുള്ള മനസ്സ് മറിയത്തിനുണ്ടായിരുന്നു. പടവെട്ടുന്നതിലല്ല അവളുടെ ശക്തി തെളിയിക്കപ്പെട്ടത്, ശാന്തമായി ദൈവാനുഗ്രഹം ഏറ്റുവാങ്ങുന്നതിലാണ്. കൽപിക്കുന്നതിലല്ല, ശാന്തമായി ക്രിസ്തുവിനെ സംവഹിക്കുന്നതിലാണ്. എല്ലാം ശരിയാക്കണമെന്നുള്ള ചിന്തയിലല്ല, ശരിയായ സമയമാകുന്നതുവരെ ദൈവകൃപയിൽ എല്ലാം സംരക്ഷിക്കുന്നതിലാണ്. ഇതാണ് നമുക്ക് ഈ ആഗമനകാലത്തും ചെയ്യാനുള്ളത്. ശാന്തതയോടെയും ഹൃദയ വിശാലതയോടെയും ക്രിസ്തുവിനോടൊത്ത് കൂടുതൽ സമയം ചിലവഴിക്കാനായി ഏകാഗ്രതയോടെ പ്രവർത്തിക്കുക.
പ്രായോഗിക നിർദേശങ്ങൾ
1. നിശ്ശബ്ദതയിൽ പ്രാർഥിക്കുക: ഇന്ന് അഞ്ചു-പത്തു മിനിറ്റ് സമയം ശാന്തമായിരുന്നു പ്രാർഥിക്കുക. നമ്മുടെ ആത്മാവിനും ദൈവത്തിനും മാത്രം സന്നിഹിതമായിക്കൊണ്ട് ബാക്കി എല്ലാ ചിന്തകളെയും നിയന്ത്രിക്കുക.
2. വിലമതിക്കുന്നതിനെക്കുറിച്ചു എഴുതുക: നമ്മുടെ ജീവിതത്തിൽ കഴിഞ്ഞ വർഷം നടന്ന നമുക്ക് പൂർണ്ണമായും മനസ്സിലാകാതിരുന്നതും എന്നാൽ പിന്നീട് അർഥം വെളിപ്പെട്ടതുമായ ചില യാഥാർഥ്യങ്ങൾ എഴുതിവയ്ക്കുക.
3. അനുഗ്രഹമാകുക: നമ്മുടെ ജീവിതത്തിലെ ഇപ്പോഴും സന്നിഹിതമായിരിക്കുന്ന, അംഗീകരിക്കാൻ നാം മറന്നുപോകുന്ന, ഒരാളോട് സംസാരിക്കുകയും ആ സാന്നിധ്യം എത്രമാത്രം വിലപ്പെട്ടതാണെന്നു അറിയിക്കുകയും ചെയ്യുക.
വിചിന്തനം: ഇരുട്ടിലേക്ക് പ്രകാശം കടന്നുവന്ന കഥയാണ് ആഗമന കാലം നമ്മോടു പറയുന്നത്. അതിനേക്കാൾ ഉപരിയായി ദൈവത്തിന്റെ വലിയ രഹസ്യം നമ്മുടെ ഹൃദയത്തിലേക്കു പ്രവേശിച്ച കാലം. ദൈവം തന്റെ മകനെയാണ് നമുക്കു നൽകിയത്. മറിയം നമ്മോട് പറയുന്നത് ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് എല്ലാം നിറവേറ്റാനാണ്. മറഞ്ഞിരിക്കുന്ന ദൈവദാനത്തെ നമ്മുടേതാക്കി മാറ്റുന്നതിന് ദൈവാശ്രയവും ആഴമായ വിശ്വാസവും അനിവാര്യമാണ്.
ജീവിതത്തിലെ ഓരോ നിമിഷവും ദൈവത്തിന്റെ മഹാദാനമായി കരുതി ജീവിക്കാൻ ശ്രമിക്കുക. ദൈവം നിശ്ശബ്ദതയിൽ നമ്മോട് സംസാരിക്കുമെന്ന് തിരിച്ചറിയുക, കാതോർക്കുക. നമ്മുടെ നന്മപ്രവർത്തനങ്ങളിലൂടെ ഇന്നും വചനത്തിന് മനുഷ്യരൂപം പ്രാപിക്കാൻ സാധിക്കും.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




