ബെത്‌ലഹേമിലേക്കൊരു തീർഥാടനം: 21 – ദൈവത്തിന്റെ സ്‌നേഹം ദൃശ്യമായി

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16).

എല്ലാ സ്നേഹകഥയും വിജയിക്കുന്നത് സ്വയം ത്യാഗം ചെയ്യാൻ തയ്യാറായി ആരെങ്കിലുമൊക്കെ പ്രത്യക്ഷപ്പെടുമ്പോഴാണ്. തന്റെ സുഖസൗകര്യങ്ങൾ മറക്കുകയും സ്നേഹിക്കുന്ന വ്യക്തിക്കായി സഹനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുമ്പോഴാണ് യഥാർഥ സ്നേഹം വെളിപ്പെടുന്നത്. അതാണ് ഇവിടെ യോഹന്നാൻ ശ്ലീഹ പറയുന്നത്. ഈ സ്നേഹത്തെ സ്വീകരിക്കാനാണ് നാം ആഗമനകാലത്ത് ഒരുങ്ങുന്നത്. എല്ലായിടത്തും കാണപ്പെടുന്ന ഈ വാചകം നമ്മെ സംബന്ധിച്ച് ഒരു മുദ്രാവാക്യത്തേക്കാൾ ക്രിസ്തീയവിശ്വാസത്തിന്റെ ഹൃദയമിടിപ്പിന്റെ അടയാളവും സുവിശേഷത്തിന്റെ സംഗ്രഹവുമാണ്. അളവില്ലാതെ ദൈവം നമ്മെ സ്നേഹിക്കുന്നു എന്നതാണ് ക്രിസ്തുമസ് നമ്മോട് പറയുന്നത്.

ദൈവം നൽകിയ മഹാദാനം: “ദൈവം ലോകത്തെ ഒരുപാട് സ്നേഹിച്ചു…” എന്നാണ് യോഹന്നാൻ ശ്ലീഹ നമ്മോട് പറയുന്നത്. ആ സ്നേഹത്തിന്റെ അടയാളമായിട്ട് അവിടുന്ന് എല്ലാം നമുക്ക് നൽകി. ദൈവത്തിന് ഏറ്റം പ്രിയപ്പെട്ടതാണ് അവിടുന്ന് നൽകിയത്. സമ്പത്തോ, പട്ടാളമോ, ഭൂസ്വത്തോ, വിലപ്പെട്ട ലോഹങ്ങളോ ഒന്നുമല്ല; തന്റെ ഏകജാതനെ അവിടുന്ന് നമുക്ക് നൽകി. നമ്മുടെ രക്ഷ അവനിലൂടെ സാധിതമാക്കി. ലോകത്തിൽ കാണുന്ന സ്നേഹപ്രകടനങ്ങൾ അധികവും ഉപാധികളോടെയുള്ളതാണ്. “ഞാൻ നിന്നെ സ്നേഹിക്കുന്നു… എന്നാൽ” എന്നാണ് മിക്കവരും പറയുന്നത്. എന്നാൽ ദൈവത്തിന്റെ സ്നേഹം നമ്മുടെ നന്മകളോ, ഗുണഗണങ്ങളോ നോക്കിയല്ല. വിദൂരത്തിലായിരിക്കുന്ന, നമ്മിൽ നിന്നും അകന്നിരിക്കുന്ന ഒരു ദൈവത്തെയല്ല നാം സേവിക്കുന്നത്. നമ്മുടെ ലോകത്തിൽ പ്രവേശിച്ച, നമ്മുടെ ജീവിതത്തിൽ ഇടപെടുന്ന, നമ്മുടെ ബലഹീനത തിരിച്ചറിഞ്ഞ ഒരു ദൈവമാണ് നമ്മുടേത്. സ്നേഹത്തിന്റെ ഏറ്റം മനോഹരമായ മുഖം ദർശിക്കപ്പെട്ടത് ദൈവം മനുഷ്യശരീരം പ്രാപിച്ച യേശുവിലാണ്.

ദൈവം സ്നേഹിച്ച ലോകം: യോഹന്നാൻ പറയുന്നത് ദൈവം ‘ലോകത്തെ’ സ്നേഹിച്ചുവെന്നാണ്. നീതിമാന്മാരെയോ, വിശ്വാസികളെയോ, കഠിനമായി പരിശ്രമിക്കുന്നവരെയോ, എല്ലാം നന്നായി ചെയ്യുന്നവരെയോ എന്നൊന്നും പറയുന്നില്ല. ലോകത്തെ അതിന്റെ എല്ലാ കുറവുകളോടും പാപങ്ങളോടും കൂടെ ദൈവം സ്നേഹിച്ചു. മനുഷ്യൻ നിർമ്മിക്കുന്ന പരിമിതികളുടെ അതിർവരമ്പുകൾ ലംഘിക്കുന്നതാണ് ദൈവത്തിന്റെ സ്നേഹം. അതിൽ വിശുദ്ധനും പാപിയും ഹൃദയം തകർന്നവനും ഉൾപ്പെടും. അതിൽ നിന്ന് ആരെയും അവിടുന്ന് ഒഴിവാക്കുന്നില്ല. ആഗമനകാലം ഭക്തന്മാർക്കു വേണ്ടി മാത്രമുള്ളതല്ല, അത് എല്ലാവർക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ദൈവം സ്വയം രക്ഷപെടാൻ സാധിക്കാത്തവർക്കു വേണ്ടിയും പൂർണ്ണമായും നൽകുന്നവനാണ്.

എല്ലാം നഷ്ടപ്പെടുത്തുന്ന സ്നേഹം: പഴയനിയമത്തിൽ ദൈവസ്നേഹം വിശ്വസ്തതയെ അടിസ്ഥാനപ്പെടുത്തിയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലിന്റെ അസൂയാലുവായ പ്രണയിതാവാണ് അവിടുന്ന്. ജനം അകന്നുപോയപ്പോഴും അവരെ ഉപേക്ഷിക്കാത്ത സ്നേഹം. ആ സ്നേഹത്തിന്റെ പൂർണ്ണത കാണപ്പെടുന്നത് പുതിയനിയമത്തിലാണ്. ഉടമ്പടി മാത്രമല്ല, സഹനങ്ങൾ ഏറ്റെടുക്കുന്നതും ഈ സ്നേഹത്തിന്റെ ഭാഗമാണ്. സ്നേഹത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്താനും അവിടുന്ന് തയ്യാറാണ്. തന്റെ ഏകജാതനെ അവിടുന്ന് ലോകത്തിലേക്ക് അയച്ചെങ്കിലും ലോകം അവനെ നിരാകരിച്ചു. എന്നാൽ മനുഷ്യനെ സൗഖ്യമാക്കുന്നതിനായി ഈ സഹനം സ്നേഹത്തോടെ അവിടുന്ന് ഏറ്റെടുത്തു. ഇതാണ് ആഗമനത്തിന്റെ രഹസ്യം. ദൈവത്തിന്റെ സ്നേഹം ഒരു പ്രമാണമല്ല, ഒരു മനുഷ്യനാണ്. അത് പുൽക്കൂട്ടിൽ പുൽമെത്തയിൽ ഒരു കന്യകയുടെ മകനായി അവിടെ കിടക്കുന്നു. …വീണ്ടും ഒരുനാൾ കുരിശിൽ കിടക്കുന്നു.

ഹൃദയസ്പർശിയായ ഒരു കഥ: വർഷങ്ങൾക്കു മുൻപ്, യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്ത് ഒരു ആശുപത്രിയിൽ ഒരു നേഴ്സ് ജോലിചെയ്തിരുന്നു. അവിടെ മുറിവേറ്റ കുട്ടികളെയാണ് ചികിത്സിച്ചിരുന്നത്. ഒരു ദിവസം മാരകമായി മുറിവേറ്റ ഒരു കുട്ടിയെ കൊണ്ടുവന്നു. അവന്റെ ജീവൻ നിലനിർത്താൻ ധാരാളം രക്തം ആവശ്യമായിരുന്നു. ഈ നേഴ്സ് ആ വാർഡിലുണ്ടായിരുന്ന അവന്റെ രക്തഗ്രൂപ്പിലുള്ള ആർക്കെങ്കിലും രക്തം നൽകാൻ സാധിക്കുമോ എന്ന് ആരാഞ്ഞു. പത്തുവയസ്സിൽ താഴെയുള്ള ഒരു കുട്ടി കൈയുയർത്തി അവൻ തയ്യാറാണെന്ന് അറിയിച്ചു. അവനെ അടുത്ത മുറിയിലേകക്കു കൊണ്ടുപോയി അവന്റെ കൈഞരമ്പിൽ നിന്നും രക്തം എടുക്കാൻ തുടങ്ങി. അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നതു കണ്ട് നേഴ്സ് അവനോട് ഭയമുണ്ടോ എന്ന് ആരാഞ്ഞു. ഉണ്ടെന്ന ഭാവത്തിൽ അവൻ തലയാട്ടി. എല്ലാം പൂർത്തിയായപ്പോൾ അവൾ അവനോട് എന്തിനാണ് കരഞ്ഞതെന്നു ചോദിച്ചു. അവന്റെ ഉത്തരം ഇതായിരുന്നു: “ഞാൻ എന്റെ രക്തം കൊടുത്തപ്പോൾ കരുതിയത് എന്റെ ശരീരത്തിലെ മുഴുവൻ രക്തവും നൽകണമെന്നാണ്.” തന്റെ സുഹൃത്തിനു വേണ്ടി ജീവൻ കൊടുത്തു താൻ മരിക്കുമെന്നാണ് അവൻ വിചാരിച്ചത്. എന്നിട്ടും അവൻ അതിന് തയ്യാറായിരുന്നു. ക്രിസ്തുവിന്റെ സ്നേഹം ഇതുപോലെയാണ്. അവൻ തന്നെ മുഴുവനായിട്ട് നമുക്ക് നൽകി. നമുക്ക് യോഗ്യതയുണ്ടായിട്ടല്ല; അവനു നമ്മളോട് അത്രയ്ക്ക് സ്നേഹമുണ്ടായിട്ടാണ്.

വിശ്വസിക്കാനുള്ള ക്ഷണം: യോഹ. 3:16 ദൈവം നൽകുന്നതിൽ അവസാനിക്കുന്ന ഒരു വാചകമല്ല. അവിടുന്ന് നമ്മിൽ നിന്നും ഒരു പ്രതികരണം ആവശ്യപ്പെടുന്നു. “അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നു.” വിശ്വസിക്കുക എന്നത് നമ്മുടെ മാനുഷികബുദ്ധിക്ക് ഉപരിയാണ്. അത് ദൈവാശ്രയമാണ്. അതിന് സമർപ്പണം ആവശ്യമാണ്. നമ്മോട് കാണിച്ച വലിയൊരു സ്നേഹത്തിന് തിരികെ നൽകുന്ന സ്നേഹമാണത്. ഇതൊരു ക്രയവിക്രയമല്ല. പക്ഷെ, ഒരു ബന്ധമാണ്. ഇത് നേടുന്നതിനായി നാം പരിശ്രമിക്കുന്നതിനു പകരം സ്വീകരിക്കാൻ തയ്യാറാവുക എന്നതാണ്. ആഗമനകാലത്ത് നമ്മുടെ ഹൃദയം അതിനായി ഒരുക്കണം. ഒരുപാട് കാര്യങ്ങൾ ചെയ്തുകൊണ്ടല്ല. കൂടുതൽ തുറവിയുള്ളവരായിത്തീ ർന്നുകൊണ്ട്. നമ്മുടെ ഭയവും കുറ്റബോധവും സ്വയാശ്രയത്തവും ഉപേക്ഷിച്ചുകൊണ്ട്. നമ്മൾ ആഴത്തിൽ, നിത്യമായി ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്ന് തിരിച്ചറിയുക.

ഒരിക്കലും അവസാനിക്കാത്ത സ്നേഹം: ദൈവത്തിന്റെ സ്നേഹം കാലഗതിയനുസരിച്ചു മാറുന്നതല്ല. മഴയും മഞ്ഞും വെയിലും പോലെ വന്നുപോകുന്ന ഒന്നല്ല ഇത്. നിത്യജീവിതം എന്നത് സ്വർഗത്തിൽ മാത്രം അനുഭവിക്കാൻ വേണ്ടി മാറ്റിവച്ചിരിക്കുന്നതല്ല. ഇവിടെ ആരംഭിച്ച് ദൈവത്തിൽ തുടരുന്നതാണത്. ദൈവീകസാന്നിധ്യവും ദൈവീകസന്തോഷവും ദൈവീകപ്രത്യാശയും നമുക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കണം. ക്രിസ്തുവിൽ നാം വിശ്വസിക്കുമ്പോൾ അവിടുത്തെ ജീവിതത്തിലേക്ക് നാം പ്രവേശിക്കുകയാണ് ചെയ്യുന്നത്. ഇത് മരണത്തിനു ശേഷം സംഭവിക്കുന്ന കാര്യമല്ല. നമ്മുടെ നിത്യജീവിതത്തിലെ പ്രയാസങ്ങളോടും സന്തോഷങ്ങളോടും വെല്ലുവിളികളോടും കൂടെ അവിടുത്തെ ജീവിതത്തെ നാം പുൽകുന്നു. ദൈവം ക്രിസ്തുവിലൂടെ പ്രകടിപ്പിച്ച സ്നേഹം എല്ലാം മാറ്റിമറിക്കുന്നു. നാം ഭയപ്പെടുമ്പോൾ ഈ സ്നേഹം നമ്മെ ധൈര്യപ്പെടുത്തും. നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ ഇത് പ്രകാശമാക്കി മാറ്റും. നാം അദൃശ്യരാണെന്നു തോന്നുമ്പോൾ നമ്മുടെ ജീവിതത്തിന് മൂല്യമുള്ളതാക്കി നമ്മെ ദൃശ്യരാക്കും. നമുക്ക് ക്രിസ്തു നൽകുന്ന ദൗത്യം – നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നതുപോലെ നാം എല്ലാവരെയും സ്നേഹിക്കണമെന്നതാണ്.

ഇന്നത്തെ പ്രസക്തി: സ്നേഹത്തെക്കുറിച്ച് ഒരുപാട് സംസാരിക്കുകയും സ്നേഹിക്കാൻ മറന്നുപോവുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. സ്നേഹം കേവലം വികാരം മാത്രമല്ല. ദൈവത്തിന്റെ സ്നേഹം സ്വർഗത്തിൽ നിന്നും ഭൂമിയിൽ വരികയും ബെത്ലഹേമിൽ നിന്നും കാൽവരിയിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. സ്വർഗീയപിതാവിന്റെ ഹൃദയത്തിൽ നിന്നും എല്ലാവരുടെയും ഹൃദയത്തിലേക്ക് പ്രവേശിച്ചു. നമ്മൾ ദൈവത്താൽ സ്നേഹിക്കപ്പെടുന്നവരും, രക്ഷിക്കപ്പെട്ടവരുമാണ്.

പ്രായോഗിക നിർദേശങ്ങൾ

1. വചനം സ്വീകരിക്കുക: യോഹ. 3:16 സാവധാനം വായിച്ചു ധ്യാനിക്കുക. ഒരു ആപ്തവാക്യം എന്നതിനേക്കാൾ ഒരു വ്യക്തിപരമായ എഴുത്തായി ഇതിനെ കാണുക. നമ്മുടെ പേരുകൂടി അവിടെ എഴുതുക: “ദൈവം … അത്രമാത്രം സ്നേഹിച്ചു.”

2. വിലപിടിപ്പുള്ള എന്തെങ്കിലും നൽകുക: പണത്തേക്കാൾ നാം വിലയുള്ളതെന്നു കരുതുന്ന – നമ്മുടെ സമയം, പരിഗണന, സ്നേഹം – നൽകുക. ദൈവത്തിന്റെ സ്നേഹത്തിന്റെ ഒരു പ്രതിഫലനമായി ഇത് മാറട്ടെ.

3. തിരി കത്തിക്കുക: നാം സ്നേഹിക്കുന്ന ആരോടെങ്കിലും ഒപ്പം ഒരു തിരി കത്തിച്ചു പ്രാർഥിക്കുക. ഓർക്കുക – ദൈവസ്നേഹം ഇരുട്ടിൽ പ്രവേശിച്ചു അതിനെ തോൽപിച്ചിരിക്കുന്നു.

വിചിന്തനം: ആഗമനകഥ ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും മാത്രം കഥയല്ല. സ്നേഹം പ്രവർത്തിയിൽ വന്നതിന്റെ കഥയാണത്. സ്നേഹം ശരീരവും രക്തവുമായി മറിയത്തിൽ വസിച്ചതിന്റെ കഥ. ദൈവം നമ്മുടെ അടുത്തുവന്നു. ദൈവം ഒരു ഉത്തരം അയച്ചില്ല. അവൻ തന്നെ ഉത്തരമായി അവതരിച്ചു. നമ്മുടെ ചിന്തയിൽ, പ്രാർഥനയിൽ, നമ്മുടെ ചുറ്റുമുള്ളവരെ പരിഗണിക്കുന്നതിൽ ഈ സ്നേഹം ഇന്ന് വീണ്ടും ദൃശ്യമാവുന്നു.

കാലിത്തൊഴുത്ത് ശൂന്യമല്ല, കാൽവരി അവസാനവുമല്ല. ഈ സ്നേഹം ഇന്നും തുടരുന്നു.

“ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” ഇതിൽ നമ്മളും ഉൾപ്പെട്ടിരിക്കുന്നു.

നമ്മുടെ ജീവിതം ദൈവസ്നേഹത്തിൽ പുനരാവിഷ്‌ക്കരിക്കാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.