ബെത്‌ലഹേമിലേക്കൊരു തീർഥാടനം: 20 – രക്ഷയിൽ ആനന്ദം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “ഇതാ, ദൈവമാണ് എന്റെ രക്ഷ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. ഞാന്‍ ഭയപ്പെടുകയില്ല. എന്തെന്നാല്‍, ദൈവമായ കര്‍ത്താവ് എന്റെ ബലവും എന്റെ ഗാനവുമാണ്. അവിടുന്ന് എന്റെ രക്ഷയായിരിക്കുന്നു. രക്ഷയുടെ കിണറ്റില്‍ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും” (ഏശയ്യാ 12: 2–3).

യഥാർഥ സ്നേഹം നാം പ്രതീക്ഷിക്കാത്ത ഇടത്തുനിന്നായിരിക്കാം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. നാം പൂർണ്ണരും വിജയികളും ആയിരിക്കുമ്പോൾ സ്നേഹം പ്രകടിപ്പിക്കാൻ അനേകർ കാണും. എന്നാൽ നമ്മുടെ വേദനകളിലും പ്രയാസങ്ങളിലും അവർ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഭയത്തിൽ, കുറ്റാരോപണത്തിൽ കഴിയുമ്പോൾ ഏശയ്യാ ഒരു ഗാനത്തെക്കുറിച്ചു പറയുന്നു. ആത്മവിശ്വാസം നൽകുന്ന ഒരു ഗാനം, രക്ഷ പ്രദാനം ചെയ്യുന്ന ഒരു ഗീതം, മറഞ്ഞിരിക്കുന്ന കിണറിൽ നിന്നും സന്തോഷം കോരിയെടുക്കാൻ സഹായിക്കുന്ന ഗാനം. ലോകത്തിന്റെ വേദന എന്തെന്ന് ഈ ഗാനത്തിന് അറിയാം. പ്രവാസത്തിലുള്ള കഷ്ടപ്പാടിന്റെ അംശങ്ങൾ ഈ ഗാനത്തിന്റെ ഭാഗമാണ്. എന്നാലും അത് പാടുന്നത് “രക്ഷയുടെ കിണറ്റില്‍നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും” എന്നാണ്.

ഭയപ്പെടുമ്പോൾ: അനിശ്ചിതത്വത്തിന്റെ അനുഭവങ്ങൾ നമുക്ക് ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഒരു പരീക്ഷയുടെ ഫലം, തകർന്ന സുഹൃദ്ബന്ധം, ഉത്കണ്ഠ ഉണ്ടാക്കുന്ന മറ്റനുഭവങ്ങൾ ഇതൊക്കെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇത്തരം അവസരങ്ങളിൽ സന്തോഷം വളരെ അകലത്തിൽ എന്ന് നമുക്ക് തോന്നാം. എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് നാം മനസ്സിലാക്കുക. ഏശയ്യാ പ്രവാചകന്റെ വചനങ്ങൾ നമുക്ക് ശക്തി പകരണം – ഞാൻ ബലവാനും ധൈര്യശാലിയുമാണെന്ന് തെളിയിക്കണം. കൊടുങ്കാറ്റ് എന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനാലല്ല; എന്റെ ദൈവം എന്റെ സഹായവും ആശ്രയവും ആയിരിക്കുന്നതിനാലാണ്. നമ്മൾ ശക്തരായിരിക്കുന്നതിനാലല്ല, നമ്മൾ ആശ്രയിക്കുന്നവർ ശക്തനും ബലവാനും ആയിരിക്കുന്നതിനാലാണ്.

മരുഭൂമിയിലെ സംഗീതം: ഏശയ്യായുടെ വാക്കുകൾ വലിയൊരു സംഗീതമായിട്ട് ഒരു ജനതയ്ക്ക് നൽകപ്പെട്ടു. നഷ്ടത്തിന്റെയും വേദനയുടെയും കാലത്ത് രക്ഷയുടെ വാഗ്ദാനമായിരുന്നു അതിലടങ്ങിയിരുന്നത്. മലമുകളിൽ നിന്നും പാടിയ ഒരു വിജയഗീതമായിരുന്നില്ല അത്. ദൈവത്തിന്റെ വിടുതലിനായി ദാഹിച്ച ഒരു ജനത്തിന്റെ അനുഭവത്തിൽ നിന്നും ഉതിർന്നുവന്ന ശാന്തമായ ഒരു ഗീതം. അവർ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു, അവർ വിലപിച്ചിരുന്നു, അവർ പരാജയപ്പെട്ടിരുന്നു. എന്നാൽ രക്ഷ അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ആ സൗഭാഗ്യ ഓർമ്മകൾ ദുഃഖത്തിന്റെ ഇടയിലും അവർക്ക് ആശ്വാസമായി. “രക്ഷയുടെ കിണറ്റില്‍ നിന്ന് നീ സന്തോഷത്തോടെ ജലം കോരിയെടുക്കും.” ഇത് മരുഭൂമിയിൽ അവർ കേട്ട സ്നേഹസംഗീതമായിരുന്നു.

യേശുവാകുന്ന ഉറവ: യേശു സമരിയാക്കാരി സ്ത്രീയെ കിണറിനരികിൽ വച്ച് കണ്ടപ്പോൾ ജീവജലത്തെക്കുറിച്ചു സംസാരിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും” (യോഹ. 4:14). യേശു ഉപരിപ്ലവമായി സംസാരിക്കുന്നതല്ല. ലോകത്തിന് നൽകാൻ കഴിയാത്ത അനുഗ്രഹങ്ങൾ അവിടുത്തേക്ക് നമുക്ക് പ്രദാനം ചെയ്യാൻ കഴിയും. ഇതാണ് നമ്മുടെ രക്ഷയുടെ സന്തോഷം. ഇത് നാം അറിയുന്നതിലും നമുക്ക് നേടിയെടുക്കാൻ സാധിക്കുന്നതിലും ഉപരിയാണ്. സാമ്പത്തിക പുരോഗതിയാലോ, മറ്റു ഭൗതീകനേട്ടങ്ങളാലോ ഉണ്ടാകുന്ന ഒരു താത്ക്കാലിക സന്തോഷമല്ല ഇത്. ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമുക്ക് സമീപസ്ഥനാണെന്നും അറിയുന്നതിൽ നിന്നും ലഭിക്കുന്ന ഒരു ദൈവീക ആനന്ദമാണിത്.

മരുഭൂമിയിലെ നീരുറവ: മരുഭൂമിയിൽ യാത്ര ചെയ്യുകയായിരുന്ന ഒരുവൻ ഒരു പൊട്ടിപ്പൊളിഞ്ഞ കിണർ കണ്ട് അവിടെ ജലം അന്വേഷിച്ചു. എന്നാൽ അതിന്റെ അടിത്തട്ട് വരണ്ടുണങ്ങിയിരുന്നു. അവിടെക്കിടന്ന ഒരു മരപ്പലകയിൽ ആരോ ഇപ്രകാരം എഴുതിവച്ചിരുന്നു: “ആഴത്തിൽ കുഴിയ്ക്കുക. ഉറവ ഇവിടെത്തന്നെയുണ്ട്.” ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം കഠിനമായി അധ്വാനിക്കുകയും ജലം കണ്ടെത്തുന്നതുവരെ കുഴിക്കുകയും ചെയ്തു. ഏശയ്യാ നമ്മോട് ഇന്ന് പറയുന്നതും ഇതുതന്നെ. നാം കാണുന്നതിൽ മാത്രം അവസാനിപ്പിക്കരുത്. ഉണങ്ങിവരണ്ടത് മാത്രം കണ്ടു നിരാശപ്പെടേണ്ടതില്ല. രക്ഷയുടെ സന്തോഷം ഉപരിതല സുഖങ്ങളിലല്ല. അത് ആഴമായ അനുഭവങ്ങളിൽ നിന്നും ലഭിക്കുന്നതാണ്.

സന്തോഷം പ്രതിരോധമാവുമ്പോൾ: ഭൗതീകസൗകര്യങ്ങളിലും നൈമിഷിക സുഖങ്ങളിലും മാത്രം ആനന്ദം കണ്ടെത്താൻ നാം പരിശ്രമിക്കരുത്. പലതിനെയും ഉപേക്ഷിക്കുന്നതിലൂടെയും ദൈവത്തെ പുൽകുന്നതിലൂടെയും സന്തോഷം നമ്മുടെ ജീവിതത്തിൽ കടന്നുവരും. നമ്മുടെ ഭയങ്ങൾ നമ്മെ കീഴടക്കാൻ അനുവദിക്കാതിരിക്കുക. നിരാശ നമ്മുടെ ജീവിതത്തിന്റെ അന്ത്യമാകാതിരിക്കാൻ ശ്രദ്ധിക്കുക. ആഴമായ ഉറവിടങ്ങളിൽ ദൈവാനുഭവങ്ങളിൽ സന്തോഷം കണ്ടെത്തുക. വിശ്വാസിയുടെ ആനന്ദത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ്. പ്രബോധനവും, സൗഖ്യവും മാത്രമല്ല യേശു നൽകിയത്, നിത്യരക്ഷയും കൂടിയാണ്. ഭയം അഭിമുഖീകരിച്ചവരും നിരാശ ബാധിച്ചവരും ക്രിസ്തുസംസർഗം വഴിയായി മരണത്തെപ്പോലും തോൽപ്പിക്കുന്ന ആനന്ദം നേടുന്നവരായിത്തീർന്നു.

മറഞ്ഞിരിക്കുന്ന ശക്തി: ഒരു അമ്മ, കാൻസർ ബാധിച്ച തന്റെ മകന്റെ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി നടത്തിയപ്പോൾ അവന്റെ അരികിലിരുന്നു. അവൻ ക്ഷീണിതനും അശക്തനുമായി ഒരു ചെറിയ പുതപ്പിനുള്ളിൽ ചുരുണ്ടുകിടക്കുകയായിരുന്നു. എന്നാൽ അമ്മയുടെ കരം തന്നെ സ്പർശിച്ചപ്പോൾ അവൻ തലയുയർത്തി അവളെ നോക്കികൊണ്ട്‌ ഇപ്രകാരം പറഞ്ഞു: “സാരമില്ല അമ്മേ, ദൈവം എന്റെ കൂടെയുണ്ട്.” ഇതാണ് രക്ഷയുടെ സന്തോഷം എന്ന് പറയുന്നത്. വേദനയെ നിരാകരിക്കുന്നതല്ല, അതിനെ നേരിടാനുള്ള ആഴത്തിലുള്ള ശക്തി ലഭിക്കുന്നതാണ്. എല്ലാം ശരിയാണെന്ന് നടിക്കുന്നതല്ല, നമ്മൾ ഒറ്റയ്ക്കല്ല എന്ന തിരിച്ചറിവിലാണ് ആത്മീയ ആനന്ദം അടങ്ങിയിരിക്കുന്നത്.

ആനന്ദം അവതരിച്ചാൽ: ഇരുട്ടിൽ വെളിച്ചമായി മാറുന്ന പ്രകാശം പോലെ അത് മനോഹരമാണ്. ജോലികൾ ചെയ്യുമ്പോൾ ലഭിക്കുന്ന ശാന്തത പോലെ സൗമ്യമാണ്. നമ്മെ കാണുമ്പോൾ മന്ദഹസിക്കുന്ന ഒരുവന്റെ മുഖത്തെ പ്രസാദം പോലെ തെളിമയുള്ളതാണ്. ഒരു ആശുപത്രിമുറിയിലെ പ്രത്യാശയുടെ ഗീതം പോലെ സംഗീതാത്മകമാണ്. ഒരിക്കലും അത് വലിയ കോലാഹലമായിരിക്കണമെന്നില്ല. നമ്മുടെ രക്ഷ നാമറിയുന്ന ഒരു സംഭവം എന്നതിനേക്കാൾ നാം കണ്ടുമുട്ടുന്ന യേശുക്രിസ്തുവെന്ന വ്യക്തിയാണ്.

ഇന്നത്തെ പ്രസക്തി: ഒരുപാട് വാഗ്ദാനങ്ങളും പെട്ടെന്നുള്ള പ്രതിവിധികളും ക്ഷണിക സന്തോഷങ്ങളും ആധുനിക ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അംശങ്ങളായി മാറിയിട്ടുണ്ട്. ആനന്ദം നമുക്ക് എവിടെനിന്നെങ്കിലും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന കാര്യമല്ല. ഒരുപാട് കാര്യങ്ങൾ വാങ്ങിക്കൂട്ടുന്നതിലോ, ചെയ്തുകൂട്ടുന്നതിലോ അല്ല അത് അടങ്ങിയിരിക്കുന്നത്. ദൈവത്തിന്റെ സാമീപ്യം നിരന്തരം അനുഭവിക്കാൻ സാധിക്കുന്നതിലാണ് നമ്മുടെ ആനന്ദം അടങ്ങിയിരിക്കുന്നത്. നാം നിത്യമായി സ്നേഹിക്കപ്പെടുന്നു എന്ന് തിരിച്ചറിയുന്നതിൽ, നമ്മുടെ ജീവിതവും ജീവിതകഥകളും ഇവിടെ അവസാനിക്കുന്നില്ല എന്ന് മനസ്സിലാക്കുന്നതിൽ, രക്ഷ സ്വർഗത്തെക്കുറിച്ചു മാത്രമുള്ളതല്ല, ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ചു കൂടിയാണ്. ഇപ്പോഴുള്ള ഈ ആനന്ദം ഒരിക്കലും വറ്റിപ്പോകാതെ സൂക്ഷിക്കുന്നതിലാണ് രക്ഷ അടങ്ങിയിരിക്കുന്നത്.

പ്രായോഗിക നിർദേശങ്ങൾ

1. വെള്ളം സാവധാനം കുടിക്കുക: ഒരു ഗ്ലാസ് വെള്ളം ആസ്വദിച്ചു സാവധാനം കുടിക്കുക. ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഓർക്കുക: “ആനന്ദത്തോടെ നീ വെള്ളം ശേഖരിക്കും…” ജീവജലമായ ക്രിസ്തുവിനെ അറിയുന്നതിന്റെ ആനന്ദം അനുഭവിക്കുക.

2. സന്തോഷപ്പട്ടിക: ജീവിതത്തിൽ ആത്മീയ ആനന്ദം നൽകുന്ന അഞ്ചു കാര്യങ്ങൾ എഴുതുക. ഈ ദിവസം അതിനെക്കുറിച്ചു ധ്യാനിക്കുക. ഈ ഗുണങ്ങൾ നമുക്ക് നൽകിയതിന് ദൈവത്തിന് നന്ദി പറയുക.

3. ഒരാൾക്ക് ആത്മീയസന്തോഷം പകരുക: നമ്മുടെ സുഹൃത്തോ, പരിചയക്കാരോ ആയ ആർക്കെങ്കിലും ഒരാൾക്ക് ആത്മീയസന്തോഷം പ്രദാനം ചെയ്യുന്ന ഒരു കാര്യം ചെയ്തു കൊടുക്കുക. നമ്മുടെ ഹൃദയത്തിൽ നിന്നും നിർഗളിക്കുന്ന ആനന്ദം നമ്മുടെ പരിസരത്തെ ആനന്ദപ്രദമാക്കട്ടെ.

വിചിന്തനം: ആഗമനകാലത്തിന്റെ കഥ നാം പ്രതീക്ഷിക്കാത്ത സ്ഥലത്തും സമയത്തും ദൈവം ആനന്ദം പ്രദാനം ചെയ്യുന്നു എന്നതാണ്. ദൈവത്തോട് അതെയെന്ന് നാം പ്രത്യുത്തരിക്കുമ്പോൾ ദൈവം സ്വർഗത്തിലെ മാലാഖമാരെ നമ്മുടെ സഹായത്തിനായി അയയ്ക്കും. നമ്മുടെ രക്ഷ ആരും പ്രതീക്ഷിക്കാതിരുന്ന ചെറിയൊരു പുൽക്കൂട്ടിൽ ജനിച്ച ശിശുവിൽ നിന്നാണ്. ആ ആനന്ദം അന്നത്തെപ്പോലെ ഇന്നും ലഭ്യമാണ്. നമ്മുടെ കാത്തിരിപ്പിനും നമ്മുടെ കുറവുകൾക്കും നമ്മുടെ വീഴ്ചകൾക്കും പരിഹാരം യേശു മാത്രമാണ്. ഈ ജീവജലത്തിന്റെ അരുവി ഒരിക്കലും വറ്റിപ്പോകുന്നില്ല. അത് അനർഗളമായി ഇന്നും ഒഴുകുന്നു. പഴയതിന്റെ ഓർമ്മയല്ല, വർത്തമാനത്തിന്റെ വാഗ്ദാനമാണ്.

നമ്മുടെ ജീവിതത്തിന്റെ ബലഹീന പാത്രത്തിലും ഈ ജീവജലം നിറയാൻ അനുവദിക്കുക.

ദൈവസ്നേഹത്തിന്റെ ഉറവ എന്റെ ക്ലേശിച്ച ആത്മാവിനെ ആനന്ദിപ്പിക്കട്ടെ.

എന്നിൽ നിന്നും ദൈവാനുഗ്രഹം അണമുറിയാതെ അനേകരിലേക്ക് ഒഴുകട്ടെ.

ഫാ. മാത്യു ചാർത്തക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.