ബെത്‌ലഹേമിലേക്കൊരു തീർഥാടനം: 19 – ലോകത്തിനു സമാധാനം

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും” (ഏശയ്യാ 9:6).

കോലാഹലങ്ങളുടെ അഭാവം മാത്രമല്ല സമാധാനം. നിശ്ശബ്ദമായ ഭവനം, ജോലിത്തിരക്കില്ലാത്ത ജീവിതം, തിരമാലകളില്ലാത്ത കടൽ തുടങ്ങിയവ സമാധാനത്തിന്റെ ലക്ഷണമാകണമെന്നില്ല. ഏശയ്യാ പ്രവാചകൻ പറയുന്ന സമാധാനം വ്യക്തിപരം എന്നതിനേക്കാൾ ഒരു പുതിയ ഭരണസംവിധാനമാണ്. യുദ്ധം, പ്രവാസം, ഭയം എന്നിവയാൽ തകർന്നിരിക്കുന്ന അവസ്ഥയിലേക്ക് ഒരു സമാധാന ശിശു ജനിക്കുന്നു. അവൻ യോദ്ധാവോ, രാഷ്ട്രീയക്കാരനോ, പട്ടാള അകമ്പടിയിൽ ആഗതനാകുന്നവനോ അല്ല. എന്നാൽ ആർക്കും ഏറ്റെടുക്കാനാവാത്ത ചില ഗുണങ്ങൾ അവനിലുണ്ട് – അദ്ഭുതവാഹകനായ ഉപദേശകന്‍, ദൈവമായ വീരന്‍, നിത്യപിതാവ്, സമാധാനത്തിന്റെ രാജകുമാരന്‍. എങ്ങനെയാണ് ഒരു ശിശുവിന് ലോകത്തിൽ സമാധാനം കൊണ്ടുവരാൻ സാധിക്കുന്നത്?

ഒരു ശിശുവും പ്രശ്നങ്ങളും: ഏശയ്യായുടെ ലോകം പ്രശ്നകലുഷിതമാണ്. അസ്സീറിയ മറ്റുള്ള രാജ്യങ്ങളെ കീഴടക്കികൊണ്ടിരിക്കുന്നു. പുണ്യനഗരമായ ജറുസലേം നശിക്കാൻ പോകുന്നു. നേതൃത്വ പ്രത്യാശ നഷ്ടപ്പെട്ട് ദൈവജനം നിരാശയിൽ നിപതിക്കുന്നു. ഈ അസ്ഥിരതയിൽ ഏശയ്യാ ഒരു ശിശുവിന്റെ ജനനത്തെക്കുറിച്ചു പ്രവചിക്കുന്നു. അവന്റെ ഭരണം സമാധാനം സംജാതമാക്കും. അവന്റെ അധികാരം സൗഖ്യം കൊണ്ടുവരും. അവന്റെ ഭരണം നിത്യമായിരിക്കുകയും ചെയ്യും. എന്നെങ്കിലും സംഭവിക്കുമെന്നല്ല പ്രവാചകൻ പറയുന്നത്: “ഒരു ശിശു ജനിക്കുന്നു” എന്നാണ് ഏശയ്യാ പറയുന്നത്. അവന്റെ ആഗമനത്തിന്റെ ഒരുക്കം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.

ലോകത്തിന് നൽകാൻ സാധിക്കാത്ത സമാധാനം: യേശു ജനിച്ചപ്പോൾ ലോകം ശാന്തമായില്ല. ഹേറോദേസ് കുപിതനായിതന്നെ ജീവിച്ചു, റോമാസാമ്രാജ്യം അടിച്ചമർത്തൽ തുടർന്നു, ജനത്തിന്റെ കഷ്ടപ്പാടുകൾ തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ സമാധാനം ആവശ്യമായർക്ക് അത് കൈവന്നു. ഒരു സാമ്രാജ്യമായല്ല, സംവിധാനമായല്ല, ഒരു വ്യക്തിയായി. കാരണം, യേശു സമാധാനത്തിന്റെ അവതാരമായിരുന്നു. അസമാധാനത്തിൽ, അസ്ഥിരതയിൽ ക്രിസ്തു കടന്നുവന്നപ്പോൾ അവിടെ സമാധാനം സംജാതമായി. കൊടുങ്കാറ്റിനെ അവിടുന്ന് ശാന്തമാക്കി, രോഗികളെ അവിടുന്ന് സൗഖ്യമാക്കി, പാപികൾക്ക് മോചനം നൽകി, ശത്രുക്കളോട് അവിടുന്ന് ക്ഷമിച്ചു. ലോകത്തിന് സമാധാനം നൽകാൻ സാധിക്കുന്നത് ശക്തിയിലൂടെയാണ്. എന്നാൽ യേശു സമാധാനം പ്രദാനം ചെയ്യുന്നത് തന്റെ സാമീപ്യത്തിലൂടെയാണ്. അവൻ കുതിരപ്പുറത്തു സഞ്ചരിക്കുന്ന രാജാവല്ല, സമാധാനപ്രതീകമായ കഴുതപ്പുറത്താണ് അവിടുന്ന് സഞ്ചരിച്ചത്. സുവർണ്ണകിരീടത്തിnu പകരം അവിടുന്ന് മുൾക്കിരീടമാണ് ധരിച്ചത്. മറ്റുള്ളവരുടെ രക്തം ചിന്തിയല്ല, സ്വന്തം രക്തം നൽകിയാണ് അവിടുന്ന് ലോകത്തെ കീഴടക്കിയത്. ഈ സമാധാനമാണ് ലോകത്തിന് നൽകാൻ സാധിക്കാത്തത്.

ചെറിയ കാര്യം: യുദ്ധത്തിനു പോയ പട്ടാളക്കാരനായ തന്റെ മകൻ ഒരുനാൾ മടങ്ങിവരുമെന്ന പ്രത്യാശയിൽ ഒരമ്മ എല്ലാ ദിവസവും വൈകുന്നേരം തന്റെ വീടിന്റെ ജനലിൽ ഒരു തിരി കത്തിച്ചുവച്ചു. അവൾക്ക് യുദ്ധം നിർത്തിക്കാനുള്ള കഴിവില്ലായിരുന്നു. അവൾക്ക് രാജ്യങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നാൽ ഒരു മെഴുകുതിരി കത്തിക്കാൻ അവൾക്ക് അറിയാമായിരുന്നു. യുദ്ധത്തിനെതിരെയുള്ള അവളുടെ വിശ്വാസത്തോടെയുള്ള ഇടപെടലായിരുന്നു ഇത്. സമാധാനത്തിനു വേണ്ടി പ്രാർഥിക്കുക. ആഗനമകാലം ഇതുതന്നെ നമ്മോട് പറയുന്നു. സമാധാനം ഒരുദിവസം കൊണ്ട് ആഗതമാകുന്നില്ല. ഇത് ഒരു ശിശുവിന്റെ ജനനത്തോടെ ആരംഭിക്കുന്നു. യേശു ഇന്നും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. യേശുവിന്റെ സമാധാനത്തിന് നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ പ്രവേശിക്കാനും അതുവഴി ലോകത്തെ മാറ്റിമറിക്കാനും സാധിക്കും.

യേശു, സമാധാനരാജാവ്: യേശുവിന്റെ ഭരണം എല്ലായിടത്തും സമാധാനം സംജാതമാക്കും. ഷലോം എന്ന ഹീബ്രുവാക്കിന്റെ അർഥം സമ്പൂർണ്ണത, ഐക്യം പുനഃസ്ഥാപിക്കൽ എന്നൊക്കെയാണ്. പ്രശ്നങ്ങളുടെ അഭാവം എന്ന് ഇതിന് അർഥമില്ല. ദൈവസാന്നിധ്യത്തെ ഒന്നാമതായി പ്രതിഷ്ഠിക്കുക എന്നതാണ് ഇതിന്റെ അർഥം. ദൈവവുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിനാണ് യേശു കടന്നുവന്നത്. അത് കുരിശിലൂടെയാണ് അവിടുന്ന് സാധിതമാക്കിയത്. നമ്മുടെ മനസ്സിനെ മദിക്കുന്ന എല്ലാ ആകുലതകളെയും എടുത്തുകളയാൻ അവിടുത്തേക്ക് സാധിക്കും. വിദ്വേഷത്തിന്റെ മതിലുകൾ പൊളിച്ച് സ്നേഹത്തിന്റെ പാത പണിയുന്നതിന് യേശു നമ്മെ സഹായിക്കും. അവിടുന്ന് രണ്ടാമതു വരുമ്പോൾ ലോകത്തു മുഴുവൻ നിത്യമായ സമാധാനം സ്ഥാപിക്കും. അതുവരെ സമാധാനവാഹകരായി ക്ഷമയോടെ കാത്തിരിക്കാൻ നമുക്കു സാധിക്കണം.

ഇന്നത്തെ സമാധാനം: സമാധാനം എത്രമാത്രം അകലത്തിലാണെന്ന് ലോകത്തിലെ അനുദിന സംഭവങ്ങൾ നമ്മോടു പറയുന്നു. ഭവനങ്ങളിൽ, സമൂഹങ്ങളിൽ, രാജ്യങ്ങൾ തമ്മിൽ അസമാധാനം വിളയാടുന്നു. ഈ സമയത്തെല്ലാം ഏശയ്യാ പ്രവാചകൻ നമ്മോട് പറയുന്നു. ഒരു ശിശു ജനിച്ചിരിക്കുന്നു. ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു. അവന്റെ പേര് സമാധാന രാജൻ എന്നാണ്. അവൻ ഇന്നും ആ നാമം വഹിക്കുന്നു. ലോകത്തിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ജനിക്കാൻ അവൻ ആഗ്രഹിക്കുന്നു. നമ്മുടെ ഭവനങ്ങളിൽ ജനിക്കാൻ അവൻ വെമ്പൽ കൊള്ളുന്നു. ക്ഷീണിച്ചവർക്ക് ആശ്വാസവും, കലഹത്തിലായിരിക്കുന്നവർക്ക് ശാന്തതയും, ഭയത്തിലായവർക്ക് ആത്മധൈര്യവും നൽകാൻ കഴിയുന്നവനാണ് നമ്മുടെ ദൈവം.

സാവധാനം വളരുന്ന സമാധാനം: ജപ്പാനിലെ കർഷകർ അവിടുത്തെ ചില മലകളിൽ മുളയുടെ വിത്തുകൾ പാകും. എന്നാൽ വർഷങ്ങളോളം അത് ഭൂമിയുടെ അടിയിൽ മുളയ്ക്കാതെ കിടക്കും. പുറമെ നിന്ന് കാണുന്നവർ ഇത് ഒരു തരിശുഭൂമിയാണെന്ന് ധരിക്കും. എന്നാൽ ഇത് പുറത്തുവന്നതിനു ശേഷം അസാധാരണമായ വളർച്ച കൈവരിക്കുകയും കാണുന്നവർ അതിന്റെ വളർച്ചയിൽ അതിശയപ്പെടുകയും ചെയ്യും. ചിലപ്പോഴൊക്കെ നമുക്ക് സമാധാനം കൈവരുത്താൻ സാധിക്കുന്നതും ഇപ്രകാരമാണ്. ഇത് ശാന്തതയും ക്ഷമയും ആവശ്യപ്പെടുന്ന കാര്യമാണ്. എന്നാൽ സമാധാനത്തിന് വളരെ വേഗം നന്മയും ഐശ്യര്യവും മനുഷ്യജീവിതത്തിൽ പ്രദാനം ചെയ്യുന്നതിനും സാധിക്കും.

ഇന്നത്തെ പ്രസക്തി: തിരക്കിന്റെ ലോകത്തിലാണ് നാം ജീവിക്കുന്നത്. എല്ലാവർക്കും എല്ലാം പെട്ടെന്ന് സാധിക്കണം. എന്നാൽ ശരിയായ സമാധാനം കൈവരിക്കണമെങ്കിൽ ക്ഷമയോടെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കണം. ആഗമനകാലം സമാധാനത്തിന്റെ വാഹകരാകാൻ യേശു നമ്മോട് ആവശ്യപ്പെടുന്നു. സമാധാന രാജാവായ യേശുവിനു നമ്മുടെ ഹൃദയത്തിൽ ഇടമൊരുക്കാം. ലോകത്തിലെ ഇന്നത്തെ കുഴപ്പങ്ങളോട് അതേ രീതിയിൽ പ്രതികരിക്കാതെ ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകുന്നതിന് നമുക്കു സാധിക്കണം. ലോകത്തിൽ അസമാധാനം നടമാടുമ്പോഴും ക്രിസ്തുവിൽ സമാധാനം അനുഭവിക്കുന്നതിന് നമുക്ക് സാധിക്കും. ഒരുപക്ഷെ, നമ്മുടെ ചുറ്റുപാടുകളും ഏശയ്യായുടേതിനു തുല്യമായി കലുഷിതമായിരിക്കാം. ക്രിസ്തുവിന്റെ പുൽക്കൂടിന്റെ ശാന്തതയിലേക്കു കടന്നുവരുന്നതിന് നമുക്ക് സാധിക്കണം. ശരിയായ സമാധാനം അനുഭവിക്കാനായി ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ കുടിയിരുത്തുക.

പ്രായോഗിക നിർദേശങ്ങൾ

1. സമാധാനത്തിനൊരു മെഴുതിരി: ദൈവാലയത്തിലോ, മറ്റേതെങ്കിലും പുണ്യസ്ഥലങ്ങളിലോ സമാധാനം ആഗ്രഹിച്ചുകൊണ്ട് ഒരു തിരി കത്തിക്കുക. കത്തുന്ന മെഴുതിരിനാളത്തോട് ചേർന്ന് എന്നെയും ദൈവീക സമാധാനത്തിന്റെ ഉപകരണമാക്കണേയെന്ന് പ്രാർഥിക്കുക.

2. വചനം ധ്യാനിക്കുക: ഏശയ്യാ 9:6 സാവധാനം വായിച്ചു ധ്യാനിക്കുക. ഇവിടെ പറയുന്ന യേശുവിന്റെ വിവിധ ദൗത്യങ്ങൾ ധ്യാനിച്ചുകൊണ്ട് അവിടുത്തെ സാന്നിധ്യം ആവശ്യപ്പെടുക.

3. സമാധാനവാഹകൻ ആകുക: നമുക്ക് അഭിപ്രായവ്യത്യാസമുള്ള ആരോടെങ്കിലും രമ്യപ്പെടുന്നതിന് മുൻകൈയ്യെടുക്കുക. അതിന് സാധിക്കുന്നില്ലെങ്കിലും വേദനിപ്പിച്ച ആരോടെങ്കിലും ക്ഷമിക്കുക. ഒരു പ്രോത്സാഹന സന്ദേശം അയക്കുകയോ, വേദനിപ്പിച്ചതിന് ക്ഷമ ചോദിക്കുകയോ ചെയ്യുക. സമാധാനം നമ്മിലൂടെ ആരംഭിക്കട്ടെ.

വിചിന്തനം: ആഗമനകാലം നമ്മോട് പറയുന്നത് സമാധാനം ക്രിസ്തുവിലൂടെ കൈവരുത്താൻ സാധിക്കുമെന്നാണ്. പുൽക്കുടിലിൽ കിടക്കുന്ന ശിശുവാണ് ദൈവം സമാധാനം കൈവരുത്തുന്നതിന് മനുഷ്യകുലത്തിന് നൽകിയ ഏറ്റം വലിയ അടയാളം. ഇത് വലിയ പ്രതീക്ഷയും പ്രത്യാശയും നിറഞ്ഞു നിൽക്കുന്ന അടയാളമാണ്. നമ്മുടെ ഭയത്തെ ദൂരീകരിക്കുന്നതിന് അവിടുത്തേക്ക് സാധിക്കും. നമ്മുടെ ജീവിതത്തിലെ കൊടുങ്കാറ്റുകളെ ശാന്തമാക്കാൻ യേശുവിനോട് ആവശ്യപ്പെടുക. നമ്മുടെ ജീവിതത്തിൽ നിത്യമായ സമാധാനമായി അവതരിക്കാൻ യേശുവിനോട് നമുക്ക് ആവശ്യപ്പെടാം.

ക്രിസ്തുവിന്റെ സമാധാനം നമ്മുടെ ജീവിതത്തിൽ ഇന്ന് രൂഢമൂലമാകട്ടെ.

ലോകം ഈ സമാധാനരാജാവിനെ സ്വീകരിക്കുന്നതിനായി നമുക്ക് പ്രാർഥിക്കാം.

ഇന്നും, ശാന്തമായും മൗനമായും സമാധാനത്തിനു വേണ്ടി നമുക്കും പ്രവർത്തിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.