

വേദവാക്യം: “ആ വെളിച്ചം ഇരുളില് പ്രകാശിക്കുന്നു; അതിനെ കീഴടക്കാന് ഇരുളിനു കഴിഞ്ഞില്ല” (യോഹ. 1:5).
ചിലപ്പോൾ പ്രകാശം പുറത്തുപോവാൻ സാധിക്കാതെ തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ചില തിരികൾ മങ്ങിക്കത്തുകയും മറ്റുചിലത് മാഞ്ഞുപോവുകയും ചെയ്യാറുണ്ട്. ശക്തമായ അന്ധകാരത്തിൽ അശക്തമായ അവസ്ഥയിൽ ആകുന്ന വെളിച്ചവുമുണ്ട്. എന്നാൽ ഇവിടെ നാം കാണുന്ന പ്രകാശം അങ്ങനെയല്ല. യോഹന്നാൻ തന്റെ സുവിശേഷം ആരംഭിക്കുന്നത് ഇടയന്മാരെയോ, മാലാഖമാരെയോ കുറിച്ച് സംസാരിച്ചുകൊണ്ടല്ല. പിന്നെയോ, നിത്യതയെ അവതരിപ്പിച്ചുകൊണ്ടാണ്. “ആദിയിൽ വചനം ഉണ്ടായിരുന്നു…” ഈ വചനം ജീവനും, ഈ ജീവൻ എല്ലാവർക്കും വെളിച്ചവും ആയിരുന്നു. അതിനു ശേഷം യോഹന്നാൻ ലോകത്തോട് വിളിച്ചുപറയുന്നു: “ഈ പ്രകാശം അന്ധകാരത്തിൽ ശോഭിക്കുന്നു. അതിനെ കീഴടക്കാൻ അന്ധകാരത്തിനു കഴിഞ്ഞില്ല.” ഈ പ്രകാശത്തെ തോൽപിക്കാൻ ഒരു അന്ധകാരത്തിനും കഴിയില്ല. അന്ധകാരം ഇല്ല എന്ന് യോഹന്നാൻ പറയുന്നില്ല. ഇരുട്ടിലും വെളിച്ചമുണ്ടെന്നുള്ള പ്രത്യാശ അവൻ നൽകുന്നു. ഏറ്റം മോശമായ രാത്രിയെയും തോൽപിക്കാൻ ശക്തിയുള്ള പ്രകാശം ഭൂമിയിൽ അവതരിച്ചിരിക്കുന്നു.
അന്ധകാരം അരികിലെന്നു തോന്നുമ്പോൾ: ആഗമനകാലം ആരംഭിക്കുമ്പോൾ പ്രകാശം കുറവാണ്. എന്നാൽ ഓരോ ദിവസവും നമുക്കു ചുറ്റുമുള്ള പ്രകാശത്തിന്റെ അളവ് കൂടിവരുന്നു. പാട്ടുകളുടെയും മെഴുകുതിരികളുടെയും മാത്രം കാലമല്ല ആഗമനകാലം. വലിയ അഭിലാഷത്തോടെ ലോകത്തിന്റെ വിമോചകനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നാം. നമ്മുടെ ഏകാന്തതയുടെയും നിരാശയുടെയും ഇരുട്ടിൽ നിന്നും പുറത്തുകടക്കാനുള്ള അവസരം കൂടിയാണിത്. നാം മെഴുകുതിരി കത്തിക്കുന്നത് ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ജീവിതത്തിന്റെ അന്ധകാരമേഖലയിലേക്കും കടന്നുവരണമെന്ന ആഗ്രഹത്തോടെയാണ്. ഈ പ്രകാശം ലോകത്തിലേക്ക് വന്നുകഴിഞ്ഞു. ആ പ്രകാശവലയത്തിൽ ഉൾപ്പെടുന്നതിന് നാം എപ്പോഴും പരിശ്രമിക്കണം. കുരിശിന്റെ വിശുദ്ധ യോഹന്നാൻ തന്റെ കാരാഗൃഹത്തിലെ ഇരുണ്ട മുറിയിൽ നിന്നും ഇപ്രകാരം എഴുതി: “അന്ധകാരത്തെ സഹിക്കുന്നത് വലിയ പ്രകാശത്തെ സ്വീകരിക്കുന്നതിനാണ്.” അന്ധകാരമല്ല കഥാന്ത്യമെന്നതിനാൽ അതിനെ ഭയക്കേണ്ടതില്ലെന്ന് ആഗമനകാലം നമ്മെ അനുസ്മരിപ്പിക്കുന്നു. ദൈവം അന്ധകാരത്തിൽ നിന്നും നമ്മെ വിമോചിപ്പിക്കുന്നതിനായി അതിലേക്ക് പ്രവേശിച്ചു നമ്മുടെ പ്രകാശമായി മാറി.
യേശു നമ്മുടെ പ്രകാശം: യേശുവിന്റെ സമയത്ത് റോമൻ സാമ്രാജ്യഭരണമായിരുന്നു നിലവിലുണ്ടായിരുന്നത്. വലിയ നികുതി പിരിച്ചിരുന്നുവെങ്കിലും സാധാരണക്കാരന്റെ കഷ്ടപ്പാടുകൾക്ക് കുറവുണ്ടായിരുന്നില്ല. എല്ലായിടത്തും നിശ്ശബ്ദത നിറഞ്ഞിരുന്നു. ആ നിശ്ശബ്ദതയിലേക്കാണ് യേശു കടന്നുവരുന്നത്. പട്ടാളക്കാരുടെ അകമ്പടിയോടെയല്ല; വെറുമൊരു ശിശുവിന്റെ രൂപത്തിൽ അവിടുന്ന് പ്രത്യക്ഷപ്പെട്ടു. വലിയ ആരവത്തോടെയല്ല, ശാന്തതയിലാണ് അവിടുന്ന് കാണപ്പെട്ടത്. അന്ധകാരത്തെ ഒഴിവാക്കുന്നതിനു പകരം അവിടുന്ന് അതിലേക്ക് പ്രവേശിച്ചു. ഈ പ്രകാശത്തെക്കുറിച്ചാണ് യോഹന്നാൻ പറയുന്നത്. ഇത് കൃത്രിമമായി ഉണ്ടാക്കിയ പ്രകാശമല്ല, കൃപയുടെയും സത്യത്തിന്റെയും സമൃദ്ധി കൊണ്ട് ഉണ്ടായിരിക്കുന്നതാണ്. ക്രിസ്തുവിന്റെ പ്രകാശം ലോകത്തിലെ വേദനകൾ ഇല്ലാതാക്കുകയല്ല, അതിനെ പരിവർത്തനപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ക്രിസ്തു ഇവിടെ പ്രവേശിക്കുക വഴി നമ്മുടെ സഹനത്തിന് പുതിയ അർഥം കൈവന്നിരിക്കുന്നു. അവിടെയും ക്രിസ്തു നിറഞ്ഞുനിൽക്കുന്നു. അവനിലാണ് ജീവൻ. ആ ജീവനാണ് ലോകത്തിന്റെ പ്രകാശമായി മാറിയിരിക്കുന്നത്.
ജനാലയിലെ മെഴുകുതിരി: ശൈത്യകാലത്ത് പാശ്ചാത്യരാജ്യങ്ങളിൽ പലരും തങ്ങളുടെ ജനാലയ്ക്കരികിൽ ഒരു മെഴുകുതിരി കത്തിച്ചുവയ്ക്കാറുണ്ട്. ഇത് പ്രത്യാശയുടെ ഒരു അടയാളമാണ്. വഴിയാത്രികർക്ക് ആവശ്യമെങ്കിൽ കതകിൽ മുട്ടാം എന്നതിന്റെ അടയാളം കൂടിയാണിത്. യേശു മനുഷ്യകുലത്തിന് വെളിച്ചം നൽകാനായി പ്രകാശിതമായിരിക്കുന്ന മെഴുകുതിരിയാണ്. അവിടുന്ന് നമ്മോടു പറയുന്നു: “നീ ഒറ്റയ്ക്കല്ല… നിന്നെ ഞാൻ മറന്നിട്ടില്ല… വീട്ടിലേക്ക് വരാനുള്ള വഴിയാണിത്.” യേശു നമ്മോട് സ്നേഹത്തോടെ പറയുന്നു: “നീ ലോകത്തിന്റെ പ്രകാശമാകുന്നു” (മത്തായി 5:14). മതിപ്പുളവാക്കുന്നതിനേക്കാൾ ദൈവത്തിന് സ്വീകാര്യമായത് വിശ്വസ്തരായിരിക്കുന്നതാണ്. ചെറിയ ജനലുകളിലെ കൊച്ചുവിളക്കായി പരിണമിച്ച് അനേകർക്ക് അന്ധകാരത്തിൽ വഴികാട്ടുന്നവരായി മാറുന്നതിന് നമുക്കു സാധിക്കണം. ചെറിയവരായി തോന്നുമ്പോഴും മറഞ്ഞിരിക്കുന്നവരായി കാണപ്പെടുമ്പോഴും ഒരിറ്റു വെളിച്ചത്തിന് ഒരുപാട് അന്ധകാരം ഇല്ലാതാക്കാൻ സാധിക്കുമെന്ന് തിരിച്ചറിയുക.
ഇത്തിരി വെളിച്ചം: ബെൽജിയത്തിലെ ഒരു ചെറുനഗരത്തിലെ ചാപ്പലിന്റെ മുകളിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് ബോംബ് പതിച്ചത്തിന്റെ ഫലമായി അതിന്റെ മേൽക്കൂരയും ജനലുകളും തകർന്നുപോയി. ഈ ചാപ്പലിന്റെ ഒരു മൂലയിൽ തിരുഹൃദയത്തിന്റെ ഒരു പ്രതിമ ഉണ്ടായിരുന്നു. അതിലെ യേശുവിന്റെ കരങ്ങൾ മാത്രം തകർന്നുപോയി. ചാപ്പൽ പുനരുദ്ധരിച്ചെങ്കിലും അതിലെ യേശുവിന്റെ രൂപം തകർന്ന അവസ്ഥയിൽത്തന്നെ സൂക്ഷിക്കാൻ ഇടവക തീരുമാനിച്ചു. ഈ രൂപത്തിന്റെ അടിയിലായി ഒരു ലോഹഫലകത്തിൽ അവർ അതിൽ ഇപ്രകാരം കുറിച്ചുവച്ചു: “എനിക്ക് നിന്റേതല്ലാതെ മറ്റു കൈകളില്ല.” ഇതാണ് ആഗമനകാലം. ക്രിസ്തു നമ്മുടെ ഇടയിലേക്ക് വരുന്നു. അതിനു ശേഷം നമ്മെ ലോകത്തിലേക്ക് അയയ്ക്കുന്നു. നമ്മുടെ ജീവിതത്തെ അവിടുന്ന് പ്രകാശപൂരിതമാക്കുന്നു.ഈ പ്രകാശം ലോകം മുഴുവൻ പ്രതിഫലിപ്പിക്കാൻ നമ്മോട് ആവശ്യപ്പെടുന്നു. നന്മകൾ ചെയ്യാൻ നമുക്ക് സാധിക്കുന്നത് ശക്തരായിരിക്കുമ്പോഴല്ല; ശക്തനായവൻ നമ്മോടൊത്ത് ആയിരിക്കുമ്പോഴാണ്. നമ്മൾ മുറിവേറ്റവർ എന്നതിനേക്കാൾ, ക്രിസ്തു തന്റെ മുറിവിനാൽ നമുക്ക് സൗഖ്യം തന്നിരിക്കുന്നു. തകർന്ന ജീവിതങ്ങളെ ഇന്നും സൗഖ്യമാക്കുന്ന, നിത്യപ്രകാശമായിരിക്കുന്ന യേശു നമ്മോടു പറയുന്നു: “പോവുക, സ്നേഹിക്കുക, പ്രകാശിക്കുക.”
ഇന്നത്തെ പ്രസക്തി: പ്രകാശത്തെ തടസപ്പെടുത്തി നിഴലുകളാക്കി മാറ്റുന്ന ധാരാളം കാര്യങ്ങൾ നമുക്കു ചുറ്റും സംഭവിക്കുന്നുണ്ട്. ഭൗതീകമായ അന്ധകാരത്തേക്കാൾ നമ്മെ ഭയപ്പെടുത്തേണ്ടത് ആത്മീയ ആശയക്കുഴപ്പങ്ങളാണ്. സാംസ്കാരിക അധഃപതനം, വിഭജനചിന്തകൾ, പ്രകാശമെന്നു തെറ്റിധരിപ്പിക്കുന്ന അനേകം ആശയങ്ങൾ … ഇവയെല്ലാം നമ്മെ വഴിതെറ്റിക്കാം. ഏറ്റം വിജയിച്ച, എല്ലാറ്റിനെയും കീഴ്പ്പെടുത്തിയ, മറ്റുള്ളവരാൽ പ്രശംസിക്കപ്പെടുന്ന വ്യക്തിയായിത്തീരാൻ നാം വെമ്പൽ കൊള്ളാറുണ്ട്. ദൈവം ശാന്തതയിലും ബലഹീനതയിലും സന്നിഹിതനാണെന്ന സത്യം നാം വിസ്മരിക്കരുത്. ദൈവത്തിന് ആവശ്യം വിശ്വസ്തരും ദൈവഹിതത്തിനു വിധേയരായി പ്രവർത്തിക്കാൻ സാധിക്കുന്നവരെയുമാണ്. ആകാശത്തിൽ പ്രശോഭിക്കുന്ന താരങ്ങളേക്കാൾ ദൈവം ഉപയോഗപ്പെടുത്തുന്നത് ഭൂമിയിൽ കത്തുന്ന മെഴുകുതിരികളെയാണ്. ദൈവശാസ്ത്രജ്ഞനായ ഒരിജൻ എഴുതുന്നു: “അന്ധകാരം എത്ര വലുതാണോ, അത്രയ്ക്കും ശോഭയോടെ പ്രകാശം തിളങ്ങും.” ഇത് ചരിത്രത്തിലും വിശുദ്ധ ഗ്രന്ഥത്തിലും നമ്മുടെ ജീവിതത്തിൽ പോലും സത്യമാണെന്ന് നമുക്കറിയാം.
നമ്മിലെ പ്രകാശം: നമ്മുടെ ജീവിതത്തിൽ പ്രകാശം ചൊരിഞ്ഞ അനേകരുണ്ട്. മറ്റാരും കാണാതെ നമ്മെ കരുതിയ അധ്യാപകർ, ജീവിതത്തിൽ എല്ലാം തകിടം മറിഞ്ഞപ്പോഴും കൂടെനിന്ന സുഹൃത്ത്, എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുത്തിയപ്പോഴും നമുക്കു വേണ്ടി പ്രാർഥിച്ച മാതാപിതാക്കൾ, സഹോദരങ്ങൾ… അവരാരും ഇങ്ങനെ ചെയ്യുന്നുവെന്ന് വിചാരിക്കാതെ നന്മ ചെയ്തവരാണ്. അവർ എല്ലാം നമ്മുടെ ജീവിതത്തിലെ പ്രകാശവാഹകരാണ്. അവരെ അനുകരിക്കാൻ നമുക്കും സാധിക്കും. നാം ചെയ്യുന്നതിന് പൂർണ്ണത ഉണ്ടാവണമെന്ന് നിർബന്ധമില്ല. നമുക്ക് ഇതിനൊക്കെയുള്ള ഒരു മനസ്സ് ഉണ്ടാവണമെന്നു മാത്രം.
പ്രായോഗിക നിർദേശങ്ങൾ:
1. ഒരു തിരി കത്തിക്കുക: ക്രിസ്തുവിന്റെ നമ്മിലുള്ള വെളിച്ചം പ്രതിഫലിക്കുന്നതിനായി ഒരു തിരി അഞ്ചുമിനിറ്റ് നേരം കത്തിച്ചുവയ്ക്കുക. നമ്മുടെ ഹൃദയത്തിലുള്ളത് അത് സംസാരിക്കട്ടെ. നമ്മുടെ ജീവിതത്തിലുള്ള എല്ലാ അന്ധകാരത്തെയും പൂർണ്ണമായും എടുത്തുകളയാൻ യേശുവിനോട് പ്രാർഥിക്കുക.
2. വേദവാക്യം എഴുതുക: യോഹ. 1:5 കാണാതെ പഠിക്കുകയും ഉരുവിടുകയും ചെയ്യുക. ഇന്നത്തെ ദിവസം അത് പലപ്രാവശ്യം ഉരുവിടുക. എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഈ വചനം ഓർത്ത് കർത്താവിനോട് നമുക്ക് അത് പരിഹരിച്ചു തരാൻ ആവശ്യപ്പെടുക.
3. ഒരാളെ സഹായിക്കുക: മറ്റൊരാളുടെ ജീവിതത്തിലെ പ്രകാശമായിത്തീരാൻ പരിശ്രമിക്കുക. ഒരു നല്ല കത്ത് എഴുതുകയോ, രോഗിയായിരിക്കുന്ന ഒരാളെ സന്ദർശിക്കുകയോ, പ്രയാസപ്പെടുന്ന ഒരാളോട് സംസാരിക്കുകയോ ചെയ്യുക. സമാധാനത്തിന്റെയും ശാന്തതയുടെയും വെളിച്ചമായി മാറുക.
വിചിന്തനം: എന്തെങ്കിലും ചെയ്യുന്നുവെന്ന് നടിക്കാനുള്ള ഒരു സമയമല്ല ആഗനമകാലം. ക്രിസ്തുവിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന സമയമാണിത്. പ്രകാശം വരുന്നു. അത് നമ്മുടെ ജീവിതത്തെ പ്രശോഭിതമാക്കണം. എല്ലാം എളുപ്പമാക്കിത്തരാനല്ല യേശു വരുന്നത്; നമ്മുടെ ജീവിതത്തെ പരിശുദ്ധമാക്കാനാണ്. ലോകത്തെ സന്ദർശിക്കാൻ മാത്രമല്ല അവിടുന്ന് വരുന്നത്; നമ്മിൽ ഓരോരുത്തരിലും വസിക്കുന്നതിനാണ്. അവിടുത്തെ പ്രകാശം അന്ധകാരത്തെ അകറ്റുന്നതാണ്. നമ്മുടെ പ്രാർഥന, സ്നേഹത്തിന്റെ ചെറിയ പ്രകടനങ്ങൾ ക്രിസ്തുവിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. ഇരുണ്ട മുറികളിലും ജനലുകൾക്കരികിലും ഹൃദയങ്ങളിലും കത്തിക്കുന്ന മെഴുകുതിരികളിലൂടെ അവിടുന്ന് അനേകർക്ക് പ്രത്യാശ പകരുന്നു.
ക്രിസ്തുവിന്റെ വെളിച്ചത്തെ സംവഹിച്ച്, സംരക്ഷിച്ച്, പകർന്നുനൽകി നമുക്ക് ജീവിക്കാം.
നാം സൂര്യനാകേണ്ടുന്നതില്ല, അതിന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വെളിച്ചമായാൽ മതി, നമ്മിലെ പ്രകാശം ഇന്നിന്റെ അന്ധകാരത്തെ അകറ്റട്ടെ.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




