

വേദവാക്യം: “ദിനങ്ങള്‍ തികഞ്ഞു നീ പൂര്‍വികരോടു ചേരുമ്പോള്‍ നിന്റെ ഔരസപുത്രനെ ഞാന്‍ ഉയര്‍ത്തി അവന്റെ രാജ്യം സുസ്ഥിരമാക്കും. അവന്‍ എനിക്ക് ആലയം പണിയും; അവന്റെ രാജസിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും” (2 സാമു. 7: 12-13).
എല്ലാ വലിയ വാഗ്ദാനങ്ങളിലും അത് നിറവേറ്റപ്പെടേണ്ടുന്നതിന്റെ അംശങ്ങളും അന്തർലീനമായിട്ടുണ്ട്. ദൈവം നൽകിയ വാഗ്ദാനവും അത് പൂർത്തിയാകുന്നതിനിടയിലുള്ള സമയവും പലപ്പോഴും സമ്മർദങ്ങൾ ഉൾക്കൊള്ളുന്നതാണ്. ഇത് ദൈവത്തിൽ പ്രത്യാശ വയ്‌ക്കേണ്ടുന്ന സമയം കൂടിയാണ്. ഇത്തരത്തിലുള്ള ഒരു അവസ്ഥയിലാണ് ദാവീദ് രാജാവിനെ നാം ഇവിടെ കണ്ടുമുട്ടുന്നത്. അവൻ ഒരു ഇടയനായിരുന്നു. ദൈവത്തിന്റെ പ്രത്യേക വിളിയിലൂടെ രാജാവായിത്തീർന്നവനാണ്. ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നുനിന്നവൻ. ദൈവം നാഥാൻ പ്രവാചകൻ വഴി അവനോടു സംസാരിച്ചു. തനിക്കു വേണ്ടി ഒരു വീട് നിർമ്മിക്കുക എന്നതിനേക്കാൾ ദൈവത്തിനു വേണ്ടി ഒരു ഭവനം നിർമ്മിക്കുന്നതിന് അവൻ ശ്രമിച്ചപ്പോൾ ദൈവം അവനു വേണ്ടി ഒരു രാജ്യം, സിംഹാസനം, രാജവംശം നൽകി. അതിശയകരമായ ഒരു വാഗ്ദാനമായിരുന്നു അത്. എന്നാൽ ഈ വാഗ്ദാനങ്ങൾ നിറവേറ്റപ്പെട്ടത് നൂറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിലൂടെയാണ്.
വാഗ്ദാനങ്ങൾ വിദൂരത്തിലാകുമ്പോൾ: വാഗ്ദാനം ഒരിക്കലും നിറവേറ്റപ്പെടുകയില്ല എന്ന് ചിലപ്പോഴൊക്കെ തോന്നിയേക്കാം. വ്യക്തിപരമായി ജീവിതത്തിൽ ഇത്തരത്തിലുള്ള ധാരാളം അനുഭവങ്ങൾ നമുക്കും ഉണ്ടാകാം. ഒരു സൗഖ്യം ആഗ്രഹിച്ചിട്ട് അത് ലഭിക്കാതിരിക്കുന്നത്, ഒരു പ്രാർഥനയ്ക്ക് ഉത്തരം കിട്ടാതിരിക്കുന്നത്, ഒരു ദൈവാനുഭവം പ്രതീക്ഷിച്ചിട്ട് നഷ്ടപ്പെട്ടത് എല്ലാം ഈ തലത്തിൽ വരുന്നതാണ്. എന്നാൽ ദൈവത്തിന്റെ വാഗ്ദാനം എന്നേക്കും നിലനിൽക്കുന്നതാണ്. അത് എന്ന് നിറവേറ്റപ്പെടുമെന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ. സാമുവേൽ പ്രവാചകന്റെ പുസ്തകത്തിൽ ദൈവം ദാവീദിന് ഒരു മകനെ മാത്രമല്ല വാഗ്ദാനം ചെയ്തിരിക്കുന്നത്; അനന്തര തലമുറകളെയാണ്. ഇതോടൊപ്പം തന്റെ വിശ്വസ്തദാസനെന്ന സ്ഥാനത്തും അവനെ പ്രതിഷ്ഠിച്ചു. ഇത് ഒരു നിമിഷത്തേക്കു മാത്രമുള്ളതായിരുന്നില്ല. തലമുറകൾ നീണ്ടുനിൽക്കുന്ന അനുഗ്രഹത്തിന് ഉടമയായി ദാവീദിനെ ദൈവം മാറ്റി.
തലമുറകൾക്ക് അനുഗ്രഹം: ദാവീദ് തന്നോട് ദൈവം വാഗ്ദാനം ചെയ്ത അനുഗ്രഹങ്ങൾ മുഴുവൻ തന്റെ ജീവിതകാലത്ത് കണ്ടില്ല. അദ്ദേഹത്തിന്റെ മകൻ സോളമൻ പിൻഗാമിയായി വന്നു. ദൈവാലയം നിർമ്മിച്ചത് അദ്ദേഹമാണ്. ദൈവത്തിൽ നിന്നും അകന്നുപോയതുവഴി അനുഗ്രഹത്തിന്റെ പൂർണ്ണത അനുഭവിക്കാൻ തലമുറകൾക്ക് പൂർണ്ണമായും സാധിക്കാതെവരുന്നു. രാജ്യം വിഭജിക്കപ്പെടുന്നു. പിന്നീട് രാജഭരണം അവസാനിക്കുന്നു. എന്നാലും ദൈവത്തിന്റെ വാഗ്ദാനം നിലനിന്നു. ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചതായി തോന്നിയെങ്കിലും അവിടുന്ന് അവരോട് കൂടിയിരുന്നു. ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാൻ രാജാക്കന്മാർ ഇല്ലാതിരുന്നപ്പോഴും. ദൈവജനം പ്രവാസത്തിൽ അയയ്ക്കപ്പെട്ടപ്പോഴും, വാഗ്ദാനത്തിന്റെ കണ്ണി മുറിഞ്ഞുപോയെന്നു തോന്നിയപ്പോഴും ദൈവം തന്റെ വാഗ്ദാനം പിൻവലിക്കുകയോ, അതിൽ നിന്ന് പിന്നോക്കം പോവുകയോ ചെയ്തില്ല. നമ്മുടെ വർത്തമാനകാലത്ത് ഇടപെടുന്ന ദൈവം തന്റെ വാഗ്ദാനവിശ്വസ്തത ഭാവിയിലേക്കും നീട്ടിയിരിക്കുന്നു. ഒരാളുടെ ജീവിതായുസ്സ് മാത്രം വിലയിരുത്തി ദൈവത്തിന്റെ അനന്തവാഗ്ദാനങ്ങളെ അളക്കാൻ നമുക്കാവില്ല.
ദൈവം നിർമ്മിക്കുന്ന ഭവനം: ഒരു മനുഷ്യൻ അനേകം വർഷങ്ങൾ തനിക്കു വേണ്ടി ഒരു ഭവനം നിർമ്മിക്കാൻ ചിലവഴിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും അവിടെ സന്തോഷത്തോടെ ജീവിക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. അതിന്റെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ശ്രദ്ധചെലുത്തി. സങ്കടകരമെന്നു പറയട്ടെ, അത് പൂർത്തിയാകുന്നതിന് തൊട്ടുമുൻപ് ഒരു അഗ്നിയിൽ ആ ഭവനം മുഴുവൻ കത്തിയമർന്നു. ഇത് ആ മനുഷ്യന് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു. അദ്ദേഹം വളരെ നിരാശനായി ഒന്നിലും താത്പര്യമില്ലാതെ ജീവിച്ചു. ഈ സമയത്ത് അദ്ദേഹത്തിന്റെ അയൽക്കാരും സുഹൃത്തുക്കളും ബന്ധുക്കളും അപരിചിതർ പോലും കൂടിവന്ന് ആ ഭവനം പുനർനിർമ്മിക്കാൻ ആരംഭിച്ചു. അങ്ങനെ ആദ്യം വിഭാവനം ചെയ്തതിനേക്കാൾ മനോഹരമായി ഒരു ഭവനം അവിടെ പൂർത്തിയായി. ഇതെല്ലം കഴിഞ്ഞപ്പോൾ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “തടി കൊണ്ടും കല്ലു കൊണ്ടുമൊക്കെ ഞാനൊരു ഭവനം നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ദൈവം എനിക്കു വേണ്ടി സ്നേഹത്തിൽ ചാലിച്ച ഒരു ഭവനം ഒരുക്കിത്തന്നു.” ഇതാണ് നമ്മുടെ പദ്ധതികളും ദൈവത്തിന്റെ വാഗ്ദാനവും തമ്മിലുള്ള വ്യത്യാസം. ദാവീദിന് ദൈവത്തിനു വേണ്ടി ഒരു ഭവനം നിർമ്മിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ദൈവം ആഗ്രഹിച്ചത് ദാവീദിലൂടെ ഒരു ആത്മീയഭവനം നിർമ്മിക്കണമെന്നതായിരുന്നു. ഒരു തലമുറയ്ക്ക് വസിക്കാനല്ല, അനേക തലമുറയ്ക്ക് അനുഗ്രഹത്തോടെ ജീവിക്കാനുള്ള ഭവനം. സോളമന്റെ ദൈവാലയമല്ല അവിടുന്ന് ഉദ്ദേശിച്ചത്; ദൈവപുത്രനായ യേശുവിനെ നൽകാനാണ്.
യേശു ദാവീദിന്റെ പുത്രൻ: ലൂക്കായുടെ സുവിശേഷത്തിൽ മാലാഖ മറിയത്തിനു പ്രത്യക്ഷപ്പെട്ടപ്പോൾ സാമുവലിന്റെ പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണി ഉപയോഗിക്കുന്നു: “അവൻ വലിയവനായിരിക്കും. ദൈവമായ കർത്താവ് തന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവനു നൽകും. അവന്റെ ഭവനത്തിനു അവസാനമുണ്ടാവുകയില്ല.” യേശുവാണ് എല്ലാ വാഗ്ദാനങ്ങളുടെയും പൂർത്തീകരണം. അവൻ ദാവീദിന്റെ പുത്രനാണ്. ദൈവത്തിന്റെ ഭവനത്തിന്റെ ശരിയായ നിർമ്മാതാവ് ദൈവപുത്രനായ യേശു തന്നെയാണ്. അവിടുത്തെ ഭവനം കരങ്ങളാൽ നിർമ്മിതമല്ല. ഹൃദയങ്ങളുടെ കൂടിച്ചേരലാണ് ഈ ഭവനത്തെ രൂപപ്പെടുത്തുന്ന ഘടകം. അവിടുത്തെ സിംഹാസനം സ്വർണ്ണനിർമ്മിതമല്ല, കരുണയും സത്യവും കൊണ്ട് മെനഞ്ഞെടുത്തിരിക്കുന്നതാണ്. യേശു രാഷ്ട്രീയ അധികാരം എങ്ങും അവകാശപ്പെടുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നില്ല. അവിടുത്തെ ഭരണം സ്നേഹത്തിൽ അധിഷ്ഠിതമാണ്. അവിടുന്ന് ദൈവം തന്റെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നുവെന്നതിന്റെ അടയാളമാണ്.
ഇന്നത്തെ പ്രസക്തി: മനുഷ്യർ നൽകുന്ന ഒരുപാട് വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാതെ പോകുന്നത് നാം കാണുന്നു. നമ്മുടെ പല നേതാക്കന്മാരും നമ്മുടെ സംവിധാനങ്ങളും ഇക്കാര്യത്തിൽ നമ്മെ നിരാശപ്പെടുത്താറുണ്ട്. എന്നാൽ ദൈവം അങ്ങനെയല്ല. അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനാണ്. ദൈവത്തിന്റെ ഏറ്റം വലിയ വാഗ്ദാനം തലമുറകളിലൂടെ നിറവേറ്റപ്പെട്ടതിന്റെ അനുഗ്രഹം നാം ഇന്ന് അനുഭവിക്കുന്നു. മാനുഷികമായി നോക്കിയാൽ അനേകം നൂറ്റാണ്ടുകൾ എടുത്താണ് അത് നിറവേറപ്പെടുന്നത്. സമയം നീണ്ടാലും, വഴികൾ അഗ്രാഹ്യമായിരുന്നാലും, ദൈവം നമ്മെ ഓർക്കുന്നില്ലെന്ന് നാം ചിന്തിച്ചാലും, ദൈവം വിശ്വസ്തനാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ശക്തിയിലോ, കഴിവിലോ, വിശ്വാസത്തിലോ അല്ല ദൈവത്തിന്റെ വിശ്വസ്തത അടങ്ങിയിരിക്കുന്നത്. അവിടുന്ന് ആരായിരിക്കുന്നു എന്നതിലാണ്. നമ്മുടെ ദൈവം ഇന്നലെയും ഇന്നും എന്നും വിശ്വസ്തനാണ്.
കാണാത്ത വിശ്വസ്തതയുടെ കഥ: തന്റെ കൊച്ചുമകൻ ദൈവവിശ്വാസത്തിലേക്ക് വരണമെന്ന് ഒരു വല്യമ്മ എന്നും പ്രാർഥിച്ചു. എന്നാൽ വർഷങ്ങളോളം പ്രാർഥിച്ചിട്ടും യാതൊരു ഫലവും ഉണ്ടായില്ല. അവൻ കൂടുതൽ സംശയിക്കുകയും ദൈവത്തിൽ നിന്ന് അകന്നുപോവുകയുമാണ് ചെയ്തത്. തന്റെ പ്രാർഥന സഫലമാകുന്നതിനു മുൻപേ അവർ മരിച്ചു. എന്നാൽ ഒരുദിവസം അവൻ തന്റെ ഉൾപ്രേരണയാൾ വഴിയിൽ കണ്ട ദേദൈവാലയത്തിലേക്കു കയറി. ഏതോ അദൃശ്യശക്തി അവന്റെ ജീവിതത്തെ സ്പർശിച്ചു. അവിടെ വച്ച് അവന് ദൈവാനുഭവം ഉണ്ടാവുകയും അതിന്റെ സന്തോഷത്തിൽ അവൻ ദൈവത്തിലേക്ക് തിരികെയെത്തുകയും ചെയ്തു. പിന്നീട് അവൻ ഇപ്രകാരം പ്രതിവചിച്ചു: “എന്താണ് എന്നെ ദൈവസന്നിധിയിൽ എത്തിച്ചതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ, എന്റെ വല്യമ്മയുടെ പ്രാർഥന അപ്പോഴും സജീവമായിരുന്നിരിക്കാം.” ദൈവത്തിന്റെ വാഗ്ദാനം ഫലമണിയുന്നത് ദൈവീകസമയത്താണ്. ഒരുപക്ഷേ, നാം അത് നേരിട്ട് കണ്ടില്ലെങ്കിലും.
പ്രായോഗിക നിർദേശങ്ങൾ
1. ധ്യാനം: സാമുവലിന്റെ രണ്ടാം പുസ്തകം 7: 12-13 വാക്യങ്ങൾ വായിച്ചു ധ്യാനിക്കുക. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണം യേശുവാണെന്ന് തിരിച്ചറിയുക.
2. ഒരു വാഗ്ദാനപൂർത്തീകരണം: പ്രത്യാശയോടെ കാത്തിരിക്കുന്ന ഒരു വാഗ്ദാനത്തെക്കുറിച്ച് എഴുതുക. ദൈവം അത് അവിടുത്തെ തിരുവിഷ്ടത്തിൽ നടത്തിത്തരുന്നതിനായി പ്രാർഥിക്കുക.
3. വിശ്വസ്തത: അടുത്ത സുഹൃത്തുമായി ദൈവത്തിന്റെ വിശ്വസ്തത സംബന്ധിച്ച് വ്യക്തിപരമായ ഒരു സംഭാഷണം നടത്തുക. ദൈവം ഒരിക്കലും ഉപേക്ഷിക്കില്ല എന്ന സന്ദേശം സന്ദേഹത്തിലായിരിക്കുന്ന ആർക്കെങ്കിലും നൽകുക.
വിചിന്തനം: സംശയത്തിന്റെയല്ല, കാത്തിരിപ്പിന്റെ സമയമാണ് ആഗമനകാലം. ദൈവം സംസാരിക്കുമ്പോൾ അവിടുത്തെ വിശ്വസിക്കാൻ നമുക്കു സാധിക്കണം. കാരണം അവിടുന്ന് പറയുന്നത് നടപ്പിലാക്കും. ദാവീദിന് ദൈവം ഒരു വാഗ്ദാനം നൽകി. മറിയത്തിനു ഒരു മകനെ ലഭിച്ചു. നമുക്ക് ഒരു രക്ഷകനെയും. കാത്തിരിപ്പ് ഒരു നഷ്ടമായിരുന്നില്ല. വലിയ വാഗ്ദാനം നൽകിയ ദൈവം ഇന്നും നമ്മുടെ കഥ എഴുതിക്കൊണ്ടേയിരിക്കുകയാണ്. അതിന്റെ അവസാനം ദൈവത്തിന്റെ ഉറപ്പിൽ അധിഷ്ടിതമാണ്.
ദൈവത്തിന്റെ വാഗ്ദാനം സത്യമെന്നതിന്റെ തെളിവാണ് യേശുക്രിസ്തു. അവന്റെ രാജ്യം നിത്യവും കൃപയിൽ നിർമ്മിതവുമാണ്. ഈ വാഗ്ദാനത്തിൽ നമുക്കും പ്രത്യാശ കണ്ടെത്താം.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




