ബെത്ലഹേമിലേക്കൊരു തീർഥാടനം – 16: അവന്റെ വഴി നേരെയാക്കുക

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍. അവന്റെ പാത നേരെയാക്കുവിന്‍” (മർക്കോ. 1:3).

യാത്ര ചെയ്യുന്നതിന് നമ്മുടെ മുൻപിൽ ഒരു വഴി ഉണ്ടായിരിക്കണം. എന്നാൽ അതെപ്പോഴും മനോഹരമായിരിക്കണമെന്ന് നിർബന്ധമില്ല. പ്രധാനപ്പെട്ട ആരെങ്കിലും ഒരു വഴിയിലൂടെ കടന്നുവരുന്നുവെങ്കിൽ ആ വഴി നന്നാക്കുക എന്നത് സ്വാഭാവികമാണ്. വഴിയിലെ തടസ്സങ്ങൾ മാറ്റി, നേരെയാക്കേണ്ടവ നേരെയാക്കുക എന്ന പ്രവാചകദൗത്യവുമായി യോഹന്നാൻ സ്നാപകൻ പ്രത്യക്ഷപ്പെടുന്നു. യേശുവിന് വഴിയൊരുക്കുക എന്ന മനോഹരദൗത്യം പുരാതനവും പുതിയതുമായി നിത്യം നിലനിൽക്കുന്നു. മരുഭൂമിയിൽ നിന്നും ദൗത്യം ആരംഭിച്ച യോഹന്നാന്റെ സ്വരം “ഒരുക്കുക, നേരെയാക്കുക, മാനസാന്തരപ്പെടുക” യൂദയായിലെ പാതയോരങ്ങളിൽ പ്രതിധ്വനിച്ചു. കേൾക്കാൻ സുഖം തോന്നിയില്ലെങ്കിലും അനിവാര്യമായ സന്ദേശമായിരുന്നു എന്ന് അനുവാചകർ തിരിച്ചറിഞ്ഞു. നേരേയാക്കപ്പെട്ട, വൃത്തിയാക്കപ്പെട്ട ഹൃദയങ്ങളിലേക്കു പ്രവേശിക്കാനായി കർത്താവ് കടന്നുവരുന്നു, കാത്തിരിക്കുന്നു. പരിശ്രമം കൊണ്ടു മാത്രമല്ല, സമർപ്പണം കൊണ്ടു കൂടിയാണ് നമ്മുടെ ജീവിതത്തിലെ വളഞ്ഞ വഴികൾ നേരെയാകാൻ പോകുന്നത്.

വഴി നേരെയാക്കുക: ഇറ്റലിയിലെ വടക്കുഭാഗത്ത് ആൽപ്സ് പർവത്തിന്റെ മുകളിലുള്ള ഒരു ചെറുപട്ടണത്തിലേക്കുള്ള പാത വളരെ ഇടുങ്ങിയതായിരുന്നു. വലിയ വാഹനങ്ങൾക്ക് ഈ വഴിയിലൂടെ പോകുന്നതിനു സാധിക്കുമായിരുന്നില്ല. ഇക്കാരണത്താൽ തന്നെ അധികമാളുകൾക്ക് ഇങ്ങോട്ട് വരാൻ സാധിക്കുമായിരുന്നില്ല. ഇതിനൊരു മാറ്റം വരണമെന്ന് പലരും ആഗ്രഹിച്ചെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോൾ മാർപാപ്പ ഇവിടം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. മാർപാപ്പയെ സ്വീകരിക്കാൻ തങ്ങൾക്കാവുന്നതെല്ലാം ചെയ്യാൻ അവിടുത്തുകാർ തീരുമാനിച്ചു. അങ്ങനെ അവർ മലയുടെ ഒരു ഭാഗം ഇടിച്ച് റോഡുകൾ വലുതാക്കുകയും വളഞ്ഞ വഴികൾ നേരെയാക്കുകയും ചെയ്തു. ഇത് വളരെ ശ്രമകരവും ചിലവേറിയതും ആയിരുന്നെങ്കിലും ഇതൊരു അത്യാവശ്യകാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെ മാർപാപ്പ ഈ ചെറുനഗരം സന്ദർശിക്കുകയും അദ്ദേഹത്തിന് വഴിയൊരുക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി അവരുടെ ജീവിതം തന്നെ നിത്യമായി മെച്ചപ്പെടുകയും ചെയ്തു. ഇതുതന്നെയാണ് മാനസാന്തരം എന്നതുകൊണ്ട് അർഥമാക്കുന്നത്. പാപത്തെക്കുറിച്ചുള്ള ദുഃഖം മാത്രമല്ല, ഭവനത്തിലേക്കുള്ള വഴി നന്നാക്കുന്നത് കൂടിയാണത്. ദൈവത്തിന് നമ്മിലേക്കു വരാൻ വഴിയൊരുക്കുന്നതുവഴി നാം ദൈവത്തിലേക്കും അടുക്കുന്നു.

വരാനിരിക്കുന്നവൻ യേശു: കാത്തിരിപ്പിന്റെയും ഒരുക്കത്തിന്റെയും കാലമാണ് ആഗമനകാലം. കാരണം കർത്താവ് അധികം അകലത്തല്ല. പുൽക്കൂട്ടിലെ ശിശുവും കാലത്തികവിൽ വിധിയാളനായി വരുന്ന രാജാവും മാത്രമല്ല അവിടുന്ന്. അനുദിനം നമ്മുടെ ഭവനങ്ങളിലേക്കും ഭയത്തിലേക്കും സന്തോഷത്തിലേക്കും ജീവിതദുഃഖങ്ങളിലേക്കും അവിടുന്ന് അവതരിക്കുന്നു. എന്നാൽ അവിടുത്തേക്ക് കടന്നുവരാൻ സാധിക്കുന്നത് നമ്മുടെ ഹൃദയവാതിലുകൾ തുറന്നിട്ട് ക്ഷണിക്കുമ്പോഴാണ്. ചിലപ്പോൾ നമ്മുടെ മുറികൾ വൃത്തിയാക്കുന്നതിന് നമുക്ക് പരസഹായം ആവശ്യമായി വരും. നമ്മെ സഹായിക്കാൻ വിശുദ്ധഗ്രന്ഥത്തിനും ആത്മീയസുഹൃത്തുക്കൾക്കും ആഗമനകാലത്തിനും സാധിക്കും. നമ്മെ പൂർണ്ണതയിലേക്കു നയിക്കുക മാത്രമല്ല, വലുതായ ആഗ്രഹം ജനിപ്പിക്കുന്നതിനും ഈ സാഹചര്യങ്ങൾ ഉപകരിക്കും. ആർക്കുവേണ്ടി നാം വഴി ഒരുക്കികൊണ്ടിരിക്കുന്നുവോ, അവിടുന്ന് നമ്മിലെത്തിച്ചേരാനുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.

യോഹന്നാന്റെ വിളി: താൻ ദൈവത്തിന്റെ സ്വരമാകാൻ വിളിക്കപ്പെട്ടവനാണെന്ന് യോഹന്നാന് അറിയാമായിരുന്നു. വചനമായ യേശുവിനെ ചൂണ്ടിക്കാണിക്കാൻ പ്രത്യക്ഷപ്പെട്ട ദൈവനിയോഗിത ശബ്ദമായിരുന്നു അവന്റേത്. ഈ ശബ്ദമുള്ളവർ ഇന്നിന്റേയും അനിവാര്യതയാണ്. ഒരുപക്ഷേ, ഒരു സുഹൃത്തോ, ഒരു പ്രസംഗമോ, ദൈവവചനമോ, ശാന്തതയോ ഒക്കെയായി ഈ ശബ്ദം നമ്മോടു സംസാരിക്കും. പരാജയങ്ങളിലെ വേദനയിലൂടെയും പലർക്കും ദൈവസ്വരം കേൾക്കാൻ കഴിയും. ഒരുങ്ങുക, നേരെയാക്കുക, അടുക്കും ചിട്ടയും ഉണ്ടാക്കുക, വരാനിരിക്കുന്നവനെ സ്വീകരിക്കാൻ തയ്യാറാവുക.

നമ്മോടൊത്തു സഞ്ചരിക്കുന്ന ദൈവം: നേരായ വഴിയിൽ സഞ്ചരിക്കുന്നവർക്ക് വലിയ നന്മകളും അനുഗ്രങ്ങളും കൈവരും. വഴി കാര്യക്ഷമം എന്നതുപോലെതന്നെ അതിനെ സമീപിക്കാൻ എളുപ്പവുമാണ്. ഒരിക്കലും പരിപൂർണ്ണ വഴികൾ നിർമ്മിക്കാനല്ല ദൈവം നമ്മോട് ആവശ്യപ്പെടുന്നത്. ദൈവീക ഇടപെടലുകളോട് തുറവിയുള്ളവരായിരിക്കാനാണ്. അവിടുന്ന് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ പടിപടിയായി അവിടുത്തോട് ചേർന്നുനടക്കാൻ നാം പരിശീലിക്കണം. വഴി നേരെയാകുന്തോറും നമ്മുടെ ജീവിതത്തിൽ അവിടുത്തെ സാന്നിധ്യവും ഇടപെടലും മനോഹരമാകും. സാധാരണ ജീവിതാവസ്ഥയിലും മുറിവേറ്റുകിടക്കുമ്പോഴും അവിടുത്തെ സാന്നിധ്യം നമ്മോടൊത്തുണ്ടെന്ന് തിരിച്ചറിയുക. കർത്താവിന് നമ്മുടെ ജീവിതത്തിലേക്കു പ്രവേശിക്കാൻ തടസ്സമായി നിൽക്കുന്നതെല്ലാം എടുത്തുമാറ്റുക.

ഒരു പ്രശാന്ത സമ്മാനം: ഗ്രീസിലെ ചെറിയൊരു ഗ്രാമത്തിൽ മനോഹരമായ ഒരു പാരമ്പര്യമുണ്ട്. ക്രിസ്തുമസിനു മുൻപായി ആ ഗ്രാമത്തിലെ ദൈവാലയത്തിലേക്കുള്ള വഴി എല്ലാവരും ഒരുമിച്ചു ചേർന്ന് വൃത്തിയാക്കും. കുട്ടികൾ കല്ലും മണ്ണും നീക്കും, കച്ചവടക്കാർ തങ്ങളുടെ കടയുടെ ജനലുകൾ വൃത്തിയാക്കും, വീട്ടുകാർ തങ്ങളുടെ വീടുകളുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളൊക്കെ മാറ്റും. അവർ ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം യേശു തങ്ങളുടെ വഴിയിലൂടെ ഈ സമയത്ത് സഞ്ചരിക്കും എന്ന് അവർ വിശ്വസിക്കുന്നതിനാലാണ്. അത് അവിടെ വരുന്ന ആരുടെയെങ്കിലും രൂപത്തിലായിരിക്കും എന്നാണ് അവരുടെ വിശ്വാസം. ഒരുപക്ഷേ, ഒരു അപരിചിതനാവാം, കുർബാന ചൊല്ലാൻ വരുന്ന അച്ചനാകാം, മെഴുകുതിരി കത്തിക്കുന്ന ഒരു കൊച്ചുകുട്ടിയാവാം. പള്ളിയിലേക്കുള്ള വഴി നേരെയാക്കുന്നത് തങ്ങളുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിക്കാൻ തയ്യാറാണെന്നതിന്റെ ബാഹ്യ പ്രകടനമാണ്. ഒരുപക്ഷേ, ഈ ആഗമനകാലം നമ്മോട് ആവശ്യപ്പെടുന്നതും ഇതുതന്നെ ആയിരിക്കാം. വലിയ കാര്യങ്ങളിലല്ല, നാം ചെയ്യുന്ന ചെറിയ കാര്യങ്ങളിലൂടെ യേശുവിനോട് നാം പറയുന്നു: “അങ്ങേക്ക് എന്റെ ജീവിതത്തിലേക്ക് സ്വാഗതം.”

പ്രായോഗിക നിർദേശങ്ങൾ

1. ഒരു വഴി നന്നാക്കുക: വീട്ടിലെയോ, മുറിയിലെയോ ഏതെങ്കിലും സ്ഥലം നന്നാക്കി ഒരു മെഴുതിരി കത്തിക്കുക. അൽപസമയം ശാന്തമായി അവിടിരുന്നു പ്രാർഥിക്കുക. ക്രിസ്തുവിന് അങ്ങനെ നമ്മുടെ ജീവിതത്തിൽ വഴിയൊരുക്കുക.

2. വക്രത ഇല്ലാതാക്കുക: ആർക്കെങ്കിലും സ്നേഹത്തോടെയും കാരുണ്യത്തോടെയും ഒരു വക്രതയുടെ അംശമില്ലാതെയും ഒരു സന്ദേശം അയക്കുക. ഒരു പിണക്കം പരിഹരിക്കാനോ, ഒരു നന്ദി പ്രകടിപ്പിക്കാനോ, ഒരു പ്രോത്സാഹനമായോ ഈ അവസരത്തെ വിനിയോഗിക്കുക.

3. ഒരു വഴിയിലൂടെ നടക്കുക: ഇന്ന് അൽപസമയം നടക്കുക. നടക്കുമ്പോൾ ഇപ്രകാരം മനസ്സിൽ പറയുക: “യേശുവിനു ഞാൻ വഴിയൊരുക്കും.” യേശു നമ്മുടെ കൂടെ നടക്കുന്നതായി സങ്കൽപിക്കുക. നമ്മുടെ ജീവിതത്തിൽ എന്താണ് നന്നാക്കേണ്ടത് എന്ന് അവിടുത്തോടു ചോദിക്കുക.

വിചിന്തനം: ആഗമനകാലം നമ്മോട് അടുത്തുവരുന്ന ദൈവത്തെ നാം കണ്ടുമുട്ടുന്ന സമയമാണ്. വലിയ അദ്ഭുതദൃശ്യങ്ങളിലൂടെയല്ല, ഒരു ചെറിയ വഴിയൊരുക്കലിലൂടെയാണ് അത് സംഭവിക്കുന്നത്. ഒരുക്കമുള്ള ഒരു ഹൃദയം നമുക്കും സമ്പാദിക്കാം. വലിയ കോലാഹലങ്ങളിലൂടെയല്ല ഇത് സംഭവിക്കുന്നത്. മരുഭൂമിയിലെ ഒരു നിലവിളിയിലൂടെയാണ് ഈ സന്ദേശം ഇപ്പോൾ നമ്മുടെ അടുത്തേക്കു വരുന്നത്. യോഹന്നാന്റെ ശബ്‍ദം ഇന്നും നമ്മുടെ ജീവിതസാഹചര്യങ്ങളിൽ പ്രതിധ്വനിക്കുന്നുണ്ട്. “വഴിയൊരുക്കുക, വളഞ്ഞ വഴികൾ നേരെയാക്കുക, താറുമാറായത് ശരിയാക്കുക, വിളക്ക് തെളിക്കുക.”

ക്രിസ്തുവിനെ ആഴത്തിൽ സ്വീകരിക്കാനും ഉൾക്കൊള്ളാനുമുള്ള ഒരുക്കം നമുക്കുണ്ടാവണം. നമ്മുടെ അടുത്തേക്കു വരുന്ന യേശുവിന്റെ കാലൊച്ച നമുക്കും കേൾക്കാം. ഈ ആഗമനകാലം ദൈവത്തിൽ എത്തിച്ചേരുന്ന വഴിയിലൂടെ സഞ്ചരിക്കാൻ നമുക്കും ശ്രമിക്കാം.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.