ഈശോയുടെ തിരുഹൃദയ തിരുനാളിൽ ഓർമ്മിക്കേണ്ട ഏഴ് കാര്യങ്ങൾ

2022 ജൂൺ 24- ന് ഈശോയുടെ തിരുഹൃദയ തിരുനാളാണ്. ലോകമെമ്പാടുമായി തിരുഹൃദയ ഭക്തരായിട്ടുള്ള അനേകം ക്രൈസ്തവരുണ്ട്. ഈ തിരുനാളിൽ വിശ്വാസികൾ ഓർത്തിരിക്കേണ്ട ഏഴു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. തിരുഹൃദയ തിരുനാൾ വൈദികർക്കു വേണ്ടിയുള്ള ലോക പ്രാർത്ഥനാദിനം

തിരുഹൃദയ തിരുനാൾ ദിനം തന്നെയാണ് വൈദികർക്കു വേണ്ടിയുള്ള ലോക പ്രാർത്ഥനാദിനമായും കത്തോലിക്കാ സഭയിൽ ആചരിക്കുന്നത്. തിരുഹൃദയ ഭക്തനായിരുന്ന വി. ജോൺ പോൾ രണ്ടാമൻ പാപ്പായാണ് ഈ ദിവസം വൈദികർക്കു വേണ്ടിയുള്ള ലോക പ്രാർത്ഥനാദിനമായി സ്ഥാപിച്ചത്.

2. തിരുഹൃദയ തിരുനാളിന്റെ പിറ്റേന്ന് മറിയത്തിന്റെ വിമലഹൃദയ തിരുനാൾ

1944-ൽ പയസ് പന്ത്രണ്ടാമൻ പാപ്പായാണ് തിരുഹൃദയ തിരുനാളിന്റെ പിറ്റേ ദിവസം മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ആചരിക്കാൻ തീരുമാനിച്ചത്. കാരണം ഈശോയുടെ തിരുഹൃദയവും മറിയത്തിന്റെ വിമലഹൃദയവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

3. തിരുഹൃദയത്തെക്കുറിച്ച് എഴുതപ്പെട്ട പുസ്തകങ്ങൾ

1856-ലാണ് ഔദ്യോഗികമായി കത്തോലിക്കാ സഭയിൽ തിരുഹൃദയ തിരുനാൾ സ്ഥാപിതമായത്. തിരുഹൃദയ ഭക്തിയെക്കുറിച്ച് ധാരാളം പുസ്തകങ്ങളും ഇതിനോടകം തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ലിയോ പതിമൂന്നാമൻ പാപ്പാ, പയസ് പതിനൊന്നാമൻ പാപ്പാ, പയസ് പന്ത്രണ്ടാമൻ പാപ്പാ തുടങ്ങിയവരെല്ലാം തിരുഹൃദയ ഭക്തിയെക്കുറിച്ച് എഴുതിയിട്ടുള്ള മാർപാപ്പാമാരാണ്.

4. തിരുഹൃദയത്തോടുള്ള സ്ത്രോതഗീതം

‘സുമ്മി റെജിസ് കോർ അവെറ്റോ’ എന്ന ഗാനമാണ് തിരുഹൃദയത്തോടുള്ള ഏറ്റവും പ്രസിദ്ധമായ സ്ത്രോതഗീതം. ജർമ്മനിയിൽ നിന്നുള്ള വി. ഹർമൻ ജോസഫാണ് ഈ ഗാനം എഴുതിയത്. രാജാധിരാജനായ ക്രിസ്തുവിന്റെ തിരുഹൃദയത്തെ പ്രകീർത്തിക്കുന്ന ഗാനമാണിത്.

5. തിരുഹൃദയ ഭക്തിയെക്കുറിച്ചുള്ള സന്ദേശങ്ങൾ വി. മാർഗരറ്റ് മേരി അലക്കോക്കിന് ലഭിച്ചിരുന്നു

നാലാം വയസിൽ തന്റെ കന്യകാത്വം ദൈവത്തിനു സമർപ്പിച്ചവളാണ് വി. മാർഗരറ്റ് മേരി അലക്കോക്ക്. ഇരുപത്തിയാറാം വയസിൽ ഒരു സന്യാസിനിയായിത്തീർന്ന വി. മാർഗരറ്റ് ഒരിക്കൽ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിലായിരുന്നപ്പോൾ ചില സന്ദേശങ്ങൾ ലഭിച്ചു. കോർപ്പുസ് ക്രിസ്‌റ്റി തിരുനാളിനു ശേഷം വരുന്ന രണ്ടാമത്തെ വെള്ളിയാഴ്ച, തിരുഹൃദയ തിരുനാളായി ആചരിക്കാൻ ഈശോ വിശുദ്ധയോട് ഈ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഈ തിരുനാൾ ദിവസം പരിശുദ്ധ കുർബാനയോടു ചെയ്തിട്ടുള്ള എല്ലാ അവഹേളനങ്ങൾക്കും മാപ്പ് ചോദിക്കാനും പാപങ്ങൾക്ക് ക്ഷമ ചോദിക്കാനും ഈശോ ആവശ്യപ്പെട്ടിട്ടുണ്ട്.

6. തിരുഹൃദയത്തെക്കുറിച്ച് വിശുദ്ധർക്ക് വെളിപ്പെടുത്തലുകൾ ലഭിച്ചിരുന്നു

തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ പല വിശുദ്ധർക്കും ലഭിച്ചിരുന്നു. വി. ലുട്ട്ഗാർഡ, വി. മെറ്റിൽഡെ, ഫോളിഗ്നോയിലെ വി. ഏഞ്ചല, നോർവിച്ചിലെ വി. ജൂലിയാന, വി. വെറോനിക്ക ജിയുലിയാനി എന്നീ വിശുദ്ധർക്ക് തിരുഹൃദയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ലഭിച്ചിരുന്നു.

7. തിരുഹൃദയ ഭക്തി ബൈബിളിൽ ഉണ്ടായിരുന്നു

തിരുഹൃദയത്തെക്കുറിച്ചുള്ള പ്രസ്താവനകൾ ആദ്യകാലങ്ങളിലും സഭയിൽ ഉണ്ടായിട്ടുണ്ട്. സഭയുടെ വേദപാരംഗതനായ വി. അഗസ്റ്റിൻ വി. യോഹന്നാനെക്കുറിച്ച് ഇപ്രകാരം എഴുതിയിരുന്നു: “അന്ത്യ അത്താഴവേളയിൽ ക്രിസ്തുവിന്റെ വക്ഷസിലേക്ക് തല ചായ്ച്ചു കിടന്ന വി. യോഹന്നാൻ കർത്താവിന്റെ ഹൃദയത്തിലെ രഹസ്യങ്ങളാണ് സ്വീകരിച്ചത്.”

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.