ആദ്യത്തെ ഈസ്റ്ററിന് സാക്ഷ്യം വഹിച്ച അഞ്ചു വിശുദ്ധർ

ക്രിസ്തുവിന്റെ ഉത്ഥാന സംഭവം ബൈബിളിൽ വിവരിക്കുന്നത് അവിടുത്തെ ശിഷ്യകളായ ചില സ്ത്രീകളെ കേന്ദ്രീകരിച്ചാണ്. അതിന് കാരണവുമുണ്ട്. ക്രിസ്തുവിനെ അനുഗമിച്ച സ്ത്രീകൾ അവിടുത്തെ മരണശേഷവും ശവകുടീരം സന്ദർശിക്കുവാൻ സന്നദ്ധരായി. ആദ്യം ശൂന്യമായ ശവകുടീരം കണ്ടെത്തിയതും അവരാണ്. ഉയിർത്തെഴുന്നേറ്റ കർത്താവിനെ ആദ്യമായി കണ്ടുമുട്ടിയതും അവന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സുവിശേഷം ആദ്യം പ്രഘോഷിച്ചവരും സ്ത്രീകൾ തന്നെ. ക്രിസ്തുവിന്റെ ഈ അനുയായികൾ വിശുദ്ധിയെക്കുറിച്ചുള്ള ചില പാഠങ്ങൾ നമുക്ക് നൽകുന്നുണ്ട്.

ഈശോയുടെ ഉയിർപ്പിൽ പങ്കാളികളായ അഞ്ചു വിശുദ്ധരെയാണ് നാം പരിചയപ്പെടുന്നത്. ഈശോയുടെ ഉയിർപ്പ് നേരിൽ കണ്ട അവർ നമ്മെ പഠിപ്പിക്കുകയും മാതൃകയായി നൽകുകയും ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട്. എല്ലാ ക്രൈസ്തവർക്കും മാതൃകയാക്കാവുന്ന അവ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. കിറേനക്കാരനായ വി. ശിമയോൻ  

ഈശോയുടെ കുരിശിന്റെ വഴികളിൽ അവിടുത്തെ സഹായിച്ച വ്യക്തിയാണ് കിറേനക്കാരനായ വി. ശിമയോൻ. അദ്ദേഹത്തിന്റെ ഉപവി നിറഞ്ഞ സ്നേഹമാണ് നാം മാതൃകയാക്കേണ്ടത്. യേശുവിന്റെ കുരിശ് ചുമക്കുവാൻ അദ്ദേഹം സന്നദ്ധനായി. നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന ഈശോയുടെ വചനം തന്നെ അദ്ദേഹം ജീവിതത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഈ മാതൃക നമ്മെ തന്നെ സ്വയം പരിശോധിക്കാൻ പ്രചോദനമാകുന്നു. എനിക്ക് ചുറ്റുമുള്ളവരുടെ ‘കുരിശ് ചുമക്കാൻ ’എങ്ങനെ സഹായിക്കാനാകും?

2. നല്ല കള്ളൻ: വി. ഡിസ്മാസ്

മറ്റൊരു കള്ളൻ യേശുവിനെ പരിഹസിക്കുന്നത് കേട്ടപ്പോൾ, അവനെ ശാസിക്കാനും ക്രിസ്തുവിനെ പ്രതിരോധിക്കാനും സന്നദ്ധനായ വ്യക്തിയാണ് ഈശോയുടെ വലതു വശത്ത് കുരിശിൽ തറച്ച നല്ല കള്ളനായ വി. ഡിസ്മാസ്. അദ്ദേഹത്തിൽ വിലങ്ങിയിരുന്ന ഭക്തിയെന്ന പുണ്യമാണ് നമ്മുടെ ജീവിതത്തിൽ പകർത്തുവാൻ മാതൃകയായി നൽകുന്നത്. ക്രിസ്തുവിനോടുള്ള ബഹുമാനവും ആദരവും ജീവിതത്തിന്റെ ഏതവസ്ഥയിലും പുലർത്തുവാൻ, എല്ലാ കാര്യങ്ങളിലും ദൈവത്തെ ബഹുമാനിക്കാൻ ഈ വിശുദ്ധൻ ക്രിസ്ത്യാനികളെ ഓർമ്മിപ്പിക്കുന്നു.

3. യോഹന്നാൻ ശ്ലീഹാ

ഈശോയുടെ പീഡാസഹന വേളയിൽ മരണത്തോളം അവിടുത്തെ അനുഗമിച്ച ശിഷ്യനാണ് യോഹന്നാൻ ശ്ലീഹാ. യോഹന്നാൻ ശ്ലീഹായുടെ മനോഭാവത്തെ അനുകരിക്കാൻ അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നു. മരണഭയത്തെപ്പോലും അതിജീവിക്കാനും പരീക്ഷണങ്ങളെയും പീഡനങ്ങളെയും നേരിടാനും ശ്ലീഹാ നമ്മെ ഓർമ്മിപ്പിക്കുന്നു.

4. അരിമത്തിയാക്കാരനായ ജോസഫ്

രഹസ്യമായി ഈശോയെ അനുഗമിച്ച വ്യക്തിയാണ് അരിമത്തിയാക്കാരനായ ജോസഫ്. ഈശോയുടെ മരണ ശേഷം സംസ്ക്കരിക്കാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. ക്രിസ്തുവിനെ അടക്കം ചെയ്യാനായി ശവകുടീരം അദ്ദേഹം നൽകി. അദ്ദേഹത്തിന്റെ ജീവിതം ഔദാര്യത്തിനും അനുകമ്പയ്ക്കും ഉദാഹരണമാണ്.

5. പത്രോസ് ശ്ലീഹാ

ഈശോയുടെ പീഡാസഹന വേളയിൽ പലയിടത്തും പത്രോസ് ശ്ലീഹായുടെ സാന്നിധ്യം നാം കാണുന്നുണ്ട്. ഗദ്സമേനിയിൽ ഉറങ്ങുന്ന ഈശോ, മഹാപുരോഹിതന്റെ ദാസന്റെ ചെവി മുറിച്ചുമാറ്റി, ക്രിസ്തുവിനെ മൂന്നു പ്രാവശ്യം നിഷേധിക്കുന്നു. ജീവിതത്തിലെ നിരവധി പരാജയങ്ങൾക്കിടയിലും ക്രിസ്തു അദ്ദേഹത്തെ ആദ്യത്തെ മാർപാപ്പയായി തിരഞ്ഞെടുത്തു. കാരണം വി. പത്രോസിന് മാനസാന്തരപ്പെടാനും എപ്പോഴും വീണ്ടും വിശുദ്ധിയിലേക്ക് കടന്നു വരുവാനും അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹവും അനുതപിക്കാനുള്ള സന്നദ്ധതയും നമുക്കെല്ലാവർക്കും അനുകരിക്കാവുന്നതാണ്.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.