

ഭൂമിശാസ്ത്രം, ഭൂപടനിർമാണം, ജ്യോതിശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഇറ്റാലിയൻ ഫ്രാൻസിസ്കൻ സന്യാസിയും ശാസ്ത്രജ്ഞനുമായിരുന്നു വിൻചെൻസോ മരിയ കൊറോനെല്ലി. അദ്ദേഹം നിർമ്മിച്ച ഭൗമഗോളങ്ങളും ആകാശഗോളങ്ങളും വളരെയധികം പ്രാധാന്യമുള്ളതായിരുന്നു. ഭൂമിയെക്കുറിച്ചുള്ള അറിവുകൾ സാധാരണക്കാരിൽ എത്തിക്കാൻ പരിശ്രമിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.
1650 ഏപ്രിൽ 15-ന് വെനീസിലാണ് വിൻചെൻസോ കൊറോനെല്ലി ജനിച്ചത്. അദ്ദേഹത്തിന് കുടുബബന്ധങ്ങൾ ഉണ്ടായിരുന്ന റവെന്നയിലെത്തി ചെറുപ്പത്തിൽ കൊത്തുപണികൾ അഭ്യസിച്ചു. പിൽക്കാലത്ത് ഭൂപടങ്ങളുടെയും ഗോളങ്ങളുടെയും നിർമ്മാണത്തിൽ ഈ പരിശീലനം സഹായിച്ചു. അതിന് ശേഷം വെനീസിലെത്തി ഫ്രാൻസിസ്കൻ മൈനർ കൺവെഞ്ച്വൽ ആശ്രമത്തിൽ ചേർന്നു. സന്യാസ പരിശീലന വിഷയങ്ങളോടൊപ്പം ശാസ്ത്രവിഷയങ്ങളിലും ഇക്കാലയളവിൽ പ്രാവീണ്യം നേടി. 1666-ൽ സഭയിലെ പ്രത്യേക ദിവസങ്ങളും വിശുദ്ധരുടെ തിരുനാളുകളും ഉൾപ്പെടുത്തി ഒരു കലണ്ടർ അദ്ദേഹം പ്രസിദ്ധീകരിച്ചു. പിന്നീട് റോമിലെ ബൊനവെഞ്ചർ കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു 1673-ൽ ഡോക്ടറേറ്റ് നേടി. ഭൗമഗോളങ്ങൾ നിർമ്മിച്ചതുവഴിയാണ് ആദ്യകാലങ്ങളിൽ അദ്ദേഹം പ്രശസ്തനായത്. നക്ഷത്രങ്ങളും നക്ഷത്രരാശികളും ആകാശത്തിൽ കാണപ്പെടുന്ന രീതിയിൽ ചിത്രീകരിച്ചു. കൊറോനെല്ലിക്ക് ശാസ്ത്രീയ ഉപകരണങ്ങളെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റാൻ സാധിച്ചതിന്റെ തെളിവാണ് 1680-ൽ പാർമയിലെ പ്രഭുവിനുവേണ്ടി നിർമ്മിച്ച രണ്ടു വലിയ ഗോളങ്ങൾ. ലൂയി പതിനാലാമൻ രാജാവിനുവേണ്ടി അതിലും വലിയ രണ്ടു ഗോളങ്ങൾ 1681-ൽ നിർമ്മിച്ചു. ഈ ഗോളങ്ങൾ അക്കാലത്തെ കല, രാഷ്ട്രീയം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ മഹത്തായ സമന്വയമായിരുന്നു.
1684-ൽ അദ്ദേഹം വെനീസിൽ തിരികെയെതി വിദഗ്ധരെ ഉൾപ്പെടുത്തി “ഭൂമിശാസ്ത്ര അക്കാദമി” എന്ന സംഘടന സ്ഥാപിച്ചു. ലോകത്തിലെ ഏറ്റവും പുരാതന ഭൂമിശാസ്ത്രസംഘടനയാണിത്. ശാസ്ത്രജ്ഞർ, രാജാക്കന്മാർ, സഭാധികാരികൾ, പ്രഭുക്കന്മാർ, തുടങ്ങിയവർ ഇതിൽ അംഗങ്ങളായിരുന്നു. പുതിയ ഭൂപടങ്ങളും ഭൂമിശാസ്ത്രഗ്രന്ഥങ്ങളും പ്രചരിപ്പിക്കുകയും വിവിധ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം. 1685-ൽ വെനീസ് റിപ്പബ്ലിക്ക് കൊറോനെല്ലിയെ ഔദ്യോഗിക കോസ്മോഗ്രാഫറായും പിന്നീട് വെനീസിലെ ഭൂമിശാസ്ത്ര അധ്യാപകനായും നിയമിച്ചു. ഗവേഷണവും ഭൂപടനിർമാണവും അധ്യാപനവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ഈ ജോലികൾ അദ്ദേഹത്തെ സഹായിച്ചു.
കൊറോനെല്ലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭൂപടഗ്രന്ഥമാണ് 1690-ൽ പ്രസിദ്ധീകരിച്ച അറ്റ്‌ലാന്റെ വെനെറ്റോ. പിന്നീട് രണ്ട് വാല്യങ്ങളായി 1696-നും 1698-നും ഇടയിൽ പ്രസിദ്ധീകരിച്ച ഇസോളാരിയോ എന്ന ഗ്രന്ഥത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദ്വീപുകൾക്കാണ് അദ്ദേഹം പ്രത്യേക പ്രാധാന്യം നൽകിയത്. വ്യത്യസ്ത വലുപ്പത്തിലുള്ള ഗോളങ്ങൾ നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ‘ലോകത്തിന്റെ ഭൂപടം’ 1697-ൽ പ്രസിദ്ധീകരിച്ചു. കൊറോനെല്ലിയുടെ രൂപകല്പനയെ അടിസ്ഥാനമാക്കി വിവിധ ഭൗമഗോളങ്ങളും ആകാശഗോളങ്ങളും പലരും നിർമ്മിച്ചു. ഇരുന്നൂറിലധികം ഭൂപടങ്ങൾ അദ്ദേഹം രൂപകൽപന ചെയ്തതായി കണക്കാക്കപ്പെടുന്നു. ഇവയിൽ പലതും വെനീസിലെ കോറർ മ്യൂസിയത്തിലും ഫ്ലോറൻസിലെ ഗലീലിയോ മ്യൂസിയത്തിലും സൂക്ഷിച്ചിരിക്കുന്നു.
1696-ൽ ജർമനി, നെതർലൻഡ്‌സ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും അവിടുത്തെ വ്യാപാരം, ജനജീവിതം, കെട്ടിടങ്ങൾ, സർവകലാശാലകൾ എന്നിവയെക്കുറിച്ചു പഠിക്കുകയും ചെയ്തു. ഈ അവസരത്തിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ആദരം അദ്ദേഹം ഏറ്റുവാങ്ങി. 1697-ൽ ഈ യാത്രയെക്കുറിച്ചുള്ള ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. നാൽപ്പത്തിയഞ്ച് വാല്യങ്ങലുള്ള ഒരു വിജ്ഞാനകോശം എഴുതാൻ ആരംഭിച്ചെങ്കിലും ഏഴു വാല്യങ്ങൾ മാത്രമേ പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. 1701-ൽ ഫ്രാൻസിസ്കൻ മൈനർ കൺവെഞ്ച്വൽ സഭയുടെ സുപ്പീരിയർ ജനറലായി കൊറോനെല്ലി തിരഞ്ഞെടുക്കപ്പെട്ടു. 1718 ഡിസംബർ 9-ന് അറുപത്തെട്ടാമത്തെ വയസ്സിൽ വിൻചെൻസോ കൊറോനെല്ലി വെനീസിൽ അന്തരിച്ചു. ഒരു ഫ്രാൻസിസ്കൻ സന്യാസിയുടെ ആശ്രമജീവിതവും ലോകത്തെക്കുറിച്ചുള്ള വിശാലമായ അന്വേഷണവും പരസ്പരം വിരുദ്ധമല്ലെന്ന് കൊറോനെല്ലി തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




