ആരാധന: പെസഹാവ്യാഴം

(എല്ലാവരും മുട്ടിന്മേല്‍ ആയിരിക്കുന്നു.)

ഗാനം: സ്വര്‍ഗ്ഗീയ രാജാവെഴുന്നള്ളുന്നു.
സ്വര്‍ഗ്ഗീയ വൃന്ദങ്ങള്‍ അണിചേരുന്നു….

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… (3)

യോഹന്നാന്റെ സുവിശേഷം 6:51, ”ഈ അപ്പം ഭക്ഷിക്കുന്നവന്‍ എന്നേയ്ക്കും ജീവിക്കും.” 6:35 ഈ അപ്പം ഭക്ഷിക്കുന്നവന് ഒരിക്കലും വിശക്കുകയില്ല, നാം ഒരിക്കലും വിശക്കാതിരിക്കാനും നിത്യം ജീവിക്കാനുമായി സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വന്ന, ജീവന്റെ അപ്പമായ ഈ സക്രാരിയില്‍/അരളിക്കയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയെ അങ്ങെ ഞങ്ങള്‍ ആരാധിക്കുന്നു സ്തുതിക്കുന്നു..നന്ദി പറയുന്നു. യോഹ. 6-ല്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്ന ജീവനുള്ള അപ്പമാകുന്നുവെന്ന് 12 പ്രാവശ്യം അങ്ങ് ആവര്‍ത്തിച്ച് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ. ഈ അപ്പത്തോട് ഒപ്പമാകാനുളള അങ്ങയുടെ ഈ നിരന്തര ക്ഷണത്തിനു മുന്നില്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുന്നു.

(എല്ലാവരും സാഷ്ടാംഗ പ്രണാമം ചെയ്യുന്നു.)

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… (3)

ദൈവാലയ സക്രാരിയിലും, ഹൃദയ സക്രാരികളിലും ഒരുപോലെ വസിക്കുന്ന ദിവ്യകാരുണ്യമേ, അങ്ങയുടെ ഞങ്ങളോടുള്ള അനന്ത സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണല്ലോ ഈ ദിനത്തിലൂടെയും, വി.കുര്‍ബ്ബാന സ്ഥാപനത്തിലുടേയും ലോകമെമ്പാടുമുള്ള എല്ലാ ജീവിതങ്ങള്‍ക്കുമായി അങ്ങ് നല്‍കുന്നത്. പകരം വയ്ക്കാനില്ലാത്ത നിന്റെ പരിശുദ്ധ സ്‌നേഹത്തെ ഞങ്ങള്‍ പാടി വാഴ്ത്തട്ടെ.

ഗാനം: പകരങ്ങളില്ലാത്ത സ്‌നേഹം
പകരുന്ന ദിവ്യകാരുണ്യം…

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… (3)

(എല്ലാവരും ഇരിക്കുന്നു)

നമ്മുടെ മുഴുവന്‍ ശ്രദ്ധയും ഈശോയിലേയ്ക്ക് മാത്രമായിരിക്കട്ടെ.

എന്റെ ജീവന്റെയും ജീവിതത്തിന്റെയും നാഥനും നേതാവുമായവന്‍ ഇതാ എന്നെയും നോക്കി എന്റെ മുമ്പില്‍. പാപം ചെയ്തുകഴിഞ്ഞപ്പോള്‍ അവിടുത്തെ മുമ്പില്‍ നില്‍ക്കാന്‍ പിന്നെ അവര്‍ക്കായില്ല (ഉല്പ. 3:8). തമ്പുരാനേ, ജീവിതത്തില്‍ പലപ്പോഴും ഞങ്ങള്‍ക്കും ഇതുതന്നെ സംഭവിക്കാറുണ്ട്. ഒരു ദിവസത്തില്‍ തന്നെ എത്രയോ പ്രാവശ്യം ഞങ്ങള്‍ നിന്നില്‍ നിന്ന് അകലുന്നു. ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ച് വിശുദ്ധീകരിച്ച് അങ്ങേ വിശുദ്ധ ഗിരിയില്‍ ഈ നിമിഷം ആക്കപ്പെട്ടിരിക്കുന്ന ഞങ്ങള്‍ ദിവസങ്ങള്‍ക്കും, ആഴ്ചകള്‍ക്കും, മാസങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്കും ശേഷമാണ് മുഴുഹൃദയത്തോടും മുഴുമനസ്സോടും കൂടെ അങ്ങയെ തുറന്ന കണ്ണുകളോടെ നോക്കുന്നത്. ഈ നോട്ടത്തിലൂടെ അങ്ങയെ ഞങ്ങള്‍ പൂര്‍ണ്ണമായി ഒന്നു സ്‌നേഹിച്ചുകൊള്ളട്ടെ.

ഗാനം: പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ഹൃദയമോടും
പൂര്‍ണ്ണാത്മാവോടും ദൈവമേ…

(എല്ലാവരും കരങ്ങള്‍ കൂപ്പിക്കൊണ്ട്)

ലോകം നല്‍കുന്ന ഇഷ്ടങ്ങളേക്കാളും, അറിവുകളേക്കാളും, സന്തോഷങ്ങളേക്കാളും സൗഭാഗ്യങ്ങളേക്കാളും, സാഹോദര്യങ്ങളേക്കാളും ഒക്കെ അധികമായി എന്നെ സ്‌നേഹിക്കുന്ന എന്റെ സ്‌നേഹമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

ഗാനം: ഈ ലോക മോഹങ്ങളേക്കാള്‍
ഈ ലോക വിജ്ഞാനത്തേക്കാള്‍…

ലോകം നല്‍കുന്ന ധനത്തേക്കാളും, ബന്ധങ്ങളേക്കാളും, ബലങ്ങളേക്കാളും, ശക്തിയേക്കാളും, വസ്തുക്കളേക്കാളും, നേട്ടങ്ങളെക്കാളും ഒക്കെ അധികമായി എന്നെ സ്‌നേഹിക്കുന്ന എന്റെ സ്‌നേഹമേ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു.

ഗാനം: ഈ ലോക സമ്പത്തിനേക്കാള്‍
ഈ ലോക ബന്ധങ്ങളേക്കാള്‍…

ദിവ്യകാരുണ്യമേ നിന്റെ സ്‌നേഹസാന്നിദ്ധത്തിനു മുമ്പില്‍ ഇരിക്കുമ്പോള്‍ ഞങ്ങള്‍ ഓര്‍ത്തുപോവുകയാണ് നീ ഞങ്ങള്‍ക്കുവേണ്ടി ജീവിച്ച രഹസ്യ പരസ്യ ജീവിതത്താളുകള്‍. അവ ഓരോന്നും ദിവ്യ സാന്നിദ്ധ്യമേ ഞങ്ങളൊന്ന് അയവിറക്കട്ടെ.

(ഓരോ വാക്യത്തിനും ശേഷം 2 വരി ഗാനം 2 പ്രാവശ്യം വീതം. തുടര്‍ന്ന് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്… ആവര്‍ത്തിക്കാം)

പിതാവിന്റെ ദൂതനിലൂടെയുള്ള വചനത്തിന് മറിയം സമ്മതം നല്‍കിയപ്പോള്‍
നീ മനുഷ്യ രൂപമെടുത്തത്.

ഗാനം: ഈ തിരുവോസ്തിയില്‍ കാണുന്നു ഞാന്‍
ഈശോയെ നിന്‍ ദിവ്യരൂപം

* ലോകരക്ഷകനായി അങ്ങ് പുല്‍ത്തൊട്ടിയില്‍ പിറന്നത്..
* ഔസേപ്പിനൊപ്പം അമ്മയുടെ മാറില്‍ പറ്റിയിരുന്നുള്ള ഈജിപ്ത് യാത്ര…
* തിരിച്ചറിവാകും മുമ്പേ ഈജിപ്തില്‍ നിന്നുമുള്ള തിരിച്ചുവരവ്…
* ശിമയോന്റെ കരങ്ങളില്‍ ശിരസുചേര്‍ത്ത് വച്ച് ദേവാലയത്തില്‍ സമര്‍പ്പിച്ചത്…
* മാതാപിതാക്കളുടെ കരം പിടിച്ച് ജറുസലേമിലേക്കുള്ള അങ്ങയുടെ തിരുനാള്‍യാത്ര
* ബാലനായിരിക്കേ ദേവാലയത്തില്‍ പഠിപ്പിച്ചിരുന്നത്.
* മാതാപിതാക്കള്‍ക്ക് വിധേയപ്പെട്ടുള്ള നസ്രത്തു ജീവിതം.
* സദ്‌വചനങ്ങളും സദ്കൃത്യങ്ങളും നിറഞ്ഞ പരസ്യ ജീവിതം
* മുക്കുവര്‍ക്കൊപ്പം മുക്കുവവഞ്ചിയില്‍ യാത്രചെയ്തത്
* രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയ അങ്ങയെ
* ബന്ധനങ്ങളില്‍പെട്ടവരെ ബന്ധങ്ങളിലേക്ക് ക്ഷണിച്ച അങ്ങയെ
* വഴിയോര ദുഃഖിതര്‍ക്ക് ആശ്വാസമേകിയ സ്‌നേഹം.
* ശിശുക്കളോടുള്ള സ്‌നേഹം അനുഗ്രഹമായി പൊവിച്ച
* തെറ്റിപ്പോയവര്‍ക്ക് അവസരം നല്‍കിയ
* ചുംബിച്ച് ചതിച്ചവനേം ചങ്കോട് ചേര്‍ത്ത
* തള്ളിപ്പറഞ്ഞവനേം തള്ളിക്കളയാതെ നിന്നെ
* പിറുപിരുത്തവന്റേ പാദം പുണര്‍ന്ന നാഥാ
* ഞങ്ങളുടെ പാപപരിഹാരത്തിനായി പീഡനമേറ്റ നാഥാ
* ഞങ്ങളുടെ രക്ഷക്കായ് കുരിശു വഹിച്ച നാഥാ
* ഞങ്ങളോടൊപ്പമായിരിപ്പാന്‍ വി. കുര്‍ബ്ബാന സ്ഥാപിച്ച നാഥാ
* പാദം കഴുകലിലൂടെ പാപം കഴുകിയ നാഥാ
* കുരിശില്‍ കിടന്നും കുരിശില്‍ കിടവന്നവന് രക്ഷയരുളിയ നാഥാ

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്…

ദിവ്യകാരുണ്യമേ, ഈ ഏറ്റുപറഞ്ഞതിലുമപ്പുറം നിനക്കിന് ആരേം സ്‌നേഹിക്കാനാവില്ലെന്ന സത്യം ഞങ്ങള്‍ ഈ പാവങ്ങളും തിരിച്ചറിയുന്നു. ഞങ്ങളുടെ ജീവിതത്തിലും ഇതുപോലുള്ള ഇടപെടലുകള്‍ നിരവധിയുണ്ടായിരുന്നു. പലതും ഞങ്ങള്‍ തിരിച്ചറിയാതെ പോയി. മാപ്പു ചോദിക്കുന്നു. എങ്കിലും നാഥാ നീ തന്ന, തരുന്ന, തരാനിരിക്കുന്ന സ്‌നേഹത്തിനൊക്കെയും എത്ര, എങ്ങനെ സ്‌നേഹിച്ചാലും പകരം തരാനാവില്ലെന്നുള്ള തിരിച്ചറിവും തിരുമുമ്പില്‍ വയ്ക്കുന്നു.

ഗാനം: ഈ നിമിഷം നിനക്കേകുവാനായി
എന്‍ കയ്യിലില്ലൊന്നും നാഥാ
പാപവുമെന്നുടെ ദു:ഖങ്ങളും
തിരുമുമ്പിലേകുന്നു നാഥാ…

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്...

സ്‌നേഹത്തിന്റെ കൂദാശയായി അരുളിക്കയില്‍ /സക്രാരിയിലിരിക്കുന്ന ദിവ്യകാരുണ്യത്തിന്റെ ചൈതന്യവും പ്രസരിപ്പും അല്പംകൂടി ആഴത്തില്‍ നമ്മുടെ ഹൃദയത്താളുകളില്‍ പതിപ്പിക്കാം. സക്രാരിയില്‍/അരളിക്കയിലാണിപ്പോള്‍ അവനെങ്കിലും അവനെ ഉറ്റമിത്രമാണ്, ഉടപ്പിറപ്പാണ്, ഉടയോനാണ്, ഉടമസ്ഥനുമാണ്. അതു നമുക്ക് പാടി ഏറ്റുപറയാം.

ഗാനം: സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യ സ്‌നേഹ സ്വരൂപനേ…

ഞങ്ങള്‍ക്കുവേണ്ടി വി. കുര്‍ബ്ബാന സ്ഥാപിച്ച ഈശോയെ, കുര്‍ബ്ബാനയെന്ന കൂദാശയിലൂടെ പഠിപ്പിച്ച നന്മകളും, നല്‍കിയ അവസരങ്ങലും, തെളിച്ചുതന്ന ദീപനാളങ്ങളും എല്ലാം എണ്ണമറ്റതാണ്. കാരണം ഈശോയെ നീ ഞങ്ങളെ അതുപോലെ സ്‌നേഹിക്കുന്നുവല്ലോ. പത്രോസ് പറഞ്ഞതുപോലെ (യോഹ. 21:) ആകയാല്‍ നിത്യസ്‌നേഹമേ നിന്‍ മുമ്പിലിരിക്കുമ്പോള്‍… അങ്ങയ്ക്കുള്ളതുപോലെ ഞങ്ങള്‍ക്കും അങ്ങയെ ഇഷ്ടമാണെന്ന് ഈ തിരുനാള്‍ ദിനത്തില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്ന് ഏറ്റുപറയുന്നു.

(കരങ്ങള്‍ തുറന്ന് മടിയില്‍ വയ്പിക്കുക. ഓരോ പാദത്തിനും ശേഷം ”നിന്നെ എനിക്കെന്തൊരിഷ്ടം” എന്ന് പാടി പ്രാര്‍ത്ഥിക്കുക.)

> സ്‌നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ച ദിവ്യകാരുണ്യമേ…
> ക്ഷമിക്കാന്‍… കരുണ കാണിയ്ക്കാന്‍….
> അനുകമ്പയോടെ പരരെ കാണാന്‍ പഠിപ്പിച്ച…
> മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച….
> ആരേയും അവഗണിക്കാതിരിക്കാന്‍ പഠിപ്പിച്ച…
> ആരേയും ദ്രോഹിക്കരുതെന്ന് പഠിപ്പിച്ച…
> ആര്‍ക്കും ദുഷ്‌പ്രേരണ നല്‍കരുതെന്ന് പഠിപ്പിച്ച…
> കടപ്പെട്ടവരോട് വിട്ടുവീഴ്ച ചെയ്യാന്‍ പഠിപ്പിച്ച…
> ബലഹീനരെ ഒപ്പം നിര്‍ത്തണമെന്ന് പഠിപ്പിച്ച…
> സോദരരോട് അലിവോടെ പെരുമാറണമെന്ന്…
> ഒപ്പമുള്ളവരോട് ആര്‍ദ്രത കാട്ടണമെന്ന്…
> അപരര്‍ക്ക് അയല്‍ക്കാനാവണമെന്ന് പഠി….
> ആവശ്യമുള്ളവരെ സഹായിക്കണമെന്ന്…
> ആരേയും ഒറ്റപ്പെടുത്തരുതെന്ന്…

ഗാനം: ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു ഞങ്ങള്‍

കര്‍ത്താവേ ഈ കൂദാശയില്‍ അങ്ങയുടെ മനുഷ്യരോടുള്ള സ്‌നേഹം കുരിശോളമെത്തി നില്‍ക്കുന്നതായിരിക്കുന്നുവെന്ന് ഞങ്ങള്‍ ധ്യാനിക്കുന്നു. അനുദിനം കുരിശു വഹിച്ച് പിന്നാലെ വരാന്‍ (മത്താ. 16:24) ആഹ്വാനം ചെയ്ത നാഥാ അനുദിന ജീവിതത്തിന്റെ കുരിശു വഹിച്ച് പിന്നാലെ വരുമ്പോള്‍ കുരിശുമായി കാല്‍വരിയില്‍നിന്നും കുരിശോളമെത്തിയ സ്‌നേഹം തൂകുന്ന അങ്ങയെ ഞങ്ങള്‍ വാഴ്ത്തുന്നു.

ഗാനം: കുരിശോളമെത്തുന്ന സ്‌നേഹം..
ബലിയാക്കിയിരുന്ന സ്‌നേഹം..
ഇന്നു കാണുന്നു ഞാന്‍..

പരിശുദ്ധ പരമ ദിവ്യ…

(എല്ലാവരും മുട്ടുകുത്തുന്നു)

നമ്മെ തന്നോളം സ്‌നേഹിക്കുന്ന തമ്പുരാന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍, സ്‌നേഹിക്കാന്‍ തന്നവരേയും തരപ്പെട്ടവരേയും കടപ്പെട്ടവരേയും നമുക്ക് ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം.

(”കര്‍ത്താവേ അനുഗ്രഹിക്കണമേ” എന്നു മറുപടി)

> തിരുസഭയെയും സഭയുടെ എല്ലാ നിയോഗങ്ങളേയും
> എല്ലാ വൈദികരേയും സമര്‍പ്പിതരേയും
> എല്ലാ ഇടവകകളേയും രൂപതകളേയും
> എല്ലാ കുടുംബങ്ങളേയും ദമ്പതികളേയും
> എല്ലാ വിധവകളേയും, വിഭാര്യരേയും
> എല്ലാ ഏകസ്തരേയും വൃദ്ധരേയും
> എല്ലാ യുവതിയുവാക്കളേയും, കുഞ്ഞുങ്ങളേയും
> എല്ലാ വിദ്യാര്‍ത്ഥികളേയും പൈതങ്ങളേയും
> എല്ലാ രോഗികളേയും, മരണാസന്നരേയും
> എല്ലാ ജോലിചെയ്യുന്നവരേയും, കൂലിവേല ചെയ്യുന്നവരേയും

ഗാനം: ഒന്നുവിളിച്ചാല്‍ ഓടിയെന്റെ അരികിലെത്തും
ഒന്നു സ്തുതിച്ചാലവന്റെ…

* പരിശുദ്ധ പരമ ദിവ്യകാ…
* എല്ലാ ദുഃഖിതരേയും, ക്ലേശിതരേയും
* എല്ലാ പീഡനമേല്‍ക്കുന്നവരേയും, ത്യാഗം ചെയ്യുന്നവരേയും
* എല്ലാ നിര്‍ദ്ധനരേയും, ആകുലരേയും
* എല്ലാ അസ്വസ്തരേയും, ഉത്കണ്ഠപ്പെടുന്നവരേയും

ഗാനം: നാഥാ സമര്‍പ്പിക്കുന്നു എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു….

(നല്‍കിയിരിക്കുന്ന ഗാനങ്ങളുടെ സ്ഥാനത്ത് മറ്റ് ഗാനങ്ങള്‍ പാടാവുന്നതാണ്.)

ഫാ. തോമസ് പെരുമ്പെട്ടിക്കുന്നേല്‍ എം.സി.ബി.എസ്.

ആരാധന: പെസഹാവ്യാഴം 1

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.