നോമ്പുകാല വെള്ളിയാഴ്ചകളില്‍ വത്തിക്കാനില്‍ പതിവുള്ള ധ്യാനപ്രസംഗം ആരംഭിച്ചു

അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന ക്രിസ്തുവിന്റെ ക്ഷണം ഇന്നും പ്രസക്തമാണെന്ന് പേപ്പല്‍ ഭവനത്തിലെ ധ്യാനപ്രാസംഗികന്‍ കര്‍ദ്ദിനാള്‍ റനിയേരൊ കന്തലമേസ്സ. വത്തിക്കാനില്‍ അനുവര്‍ഷം നോമ്പുകാലത്തിലെ വെള്ളിയാഴ്ചകളില്‍ പതിവുള്ള ധ്യാനപ്രസംഗം ഇത്തവണ ഈ വെള്ളിയാഴ്ച ആരംഭിച്ച അദ്ദേഹം മര്‍ക്കോസിന്റെ സുവിശേഷം ഒന്നാം അദ്ധ്യായത്തിലെ പതിനഞ്ചാമത്തേതായ ഈ വാക്യം അവലംബമാക്കി നടത്തിയ വിചിന്തനത്തിലാണ് ഇപ്രകാരം പറഞ്ഞത്.

മാനസാന്തരം എന്നത് ദൈവവരാജ്യത്തില്‍ പ്രവേശിക്കുന്നതിനു മുന്നോട്ടുള്ള ഒരു കുതിച്ചുചാട്ടമാണെന്നും പുതിയനിയമത്തില്‍ മൂന്നു വ്യത്യസ്ത അവസരങ്ങളില്‍ മാനസാന്തരത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും ഒരോ തവണയും പുതുമയാര്‍ന്ന ഒരു ഘടകം അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ കന്തലമേസ്സ പറയുന്നു. ഈ മൂന്നു ഘടകങ്ങളും ചേര്‍ന്ന് മനഃപരിവര്‍ത്തനത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഒരു ആശയം അവതരിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവയില്‍ ആദ്യത്തേത് മാനസാന്തരപ്പെടുക അതായത് വിശ്വസിക്കുക എന്നതാണെന്നും രണ്ടാമത്തെതാകട്ടെ, മാസാന്തരപ്പെടുകയും ശിശുക്കളെപ്പോലെ ആയിത്തീരുകയും മൂന്നാമത്തേത് മന്ദോഷ്ണരാകാതെയിരിക്കുകയുമാണെന്നും കര്‍ദ്ദിനാള്‍ കന്തലമേസ്സ വിശദീകരിക്കുന്നു.

കോവിഡ്-19 രോഗപ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് റോമന്‍ കൂരിയായിലെയും റോമ വികാരിയാത്തിലെയും അംഗങ്ങളുള്‍പ്പടെയുള്ളവര്‍ ഈ ധ്യാനപ്രഭാഷണം ശ്രവിക്കുന്നതിന് വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സന്നിഹിതരായിരുന്നു. ഈ ധ്യാനപരമ്പരയില്‍ അടുത്ത ധ്യാനങ്ങള്‍ മാര്‍ച്ച് 5, 12, 26 എന്നീ തീയതികളിലായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.