ഒക്ടോബര്‍ 8: വി. അംബ്രോസ് സീനാ

അംബ്രോസ് ഇറ്റലിയിലെ സീനായില്‍ ഒരു കുലീനകുടുംബത്തില്‍ ജനിച്ചു. ശിശുവിന്റെ ശിരിസ്സിന് ജന്മനാ അസാമാന്യമായ വലിപ്പവും കൈകാലുകള്‍ക്ക് ബലഹീനതയും ഉണ്ടായിരുന്നു. ഒരുദിവസം ബന്ധുക്കള്‍ ശിശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്ന് ദൈവത്തിനു കാഴ്ചവച്ചു. അപ്പോള്‍ അത്ഭുതകരമായി അംഗവൈകല്യങ്ങള്‍ നീങ്ങി.

കുട്ടി വളര്‍ന്നുവന്നപ്പോള്‍ അസാധാരണമായ ഈശ്വരഭക്തിയും ജ്ഞാനദാഹവും പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞ് പതിനേഴാമത്തെ വയസ്സില്‍ സുവിശേഷപ്രബോധകസംഘത്തില്‍ അംഗത്വം സ്വീകരിച്ചു. അധികാരികള്‍ അംബ്രോസിനെ കൊളോണിലെ ഉന്നതവിദ്യാപീഠത്തിലേക്ക് അയച്ചു. വൈകാതെ അദ്ദേഹം തത്വചിന്തയിലും ക്രൈസ്തവദര്‍ശനങ്ങളിലും പ്രാവീണ്യംനേടി. അക്കാലത്ത് ദൈവശാസ്ത്രപരമായ ഉപരിവിചിന്തനങ്ങള്‍ക്കായി പല വിദ്വാന്മാരും അംബ്രോസിനെ സമീപിച്ചുകൊണ്ടിരുന്നു.

മനുഷ്യര്‍ തമ്മിലുള്ള മൈത്രീബന്ധം എവിടെയെല്ലാം തകര്‍ക്കപ്പെട്ടുവോ അവിടെയെല്ലാം അംബ്രോസ് അനുരഞ്ജനത്തിന്റെ സന്ദേശവുമായി ഓടിയെത്തിയിരുന്നു. ഏതു പ്രതികൂലസാഹചര്യങ്ങളിലും ആ മുഖം ദിവ്യമായ പ്രകാശത്താല്‍ ജ്വലിച്ചിരുന്നതായിട്ടാണ് ചരിത്രകാരന്മാര്‍ രേഖെപ്പടുത്തിയിരിക്കുന്നത്.

അംബ്രോസിനെ മെത്രാനായി നിയമിക്കാന്‍ മാര്‍പാപ്പാ ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹം വിനയപൂര്‍വം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. അന്ത്യംവരെ കര്‍മ്മനിരതനായി ജീവിച്ച അദ്ദേഹത്തിന് ഉറങ്ങാന്‍പോലും വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. 1286 -ലെ നോമ്പുകാലത്ത് ഒരു ദേവാലയത്തില്‍ പ്രസംഗിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രക്തനാഡികളിലൊന്നു പൊട്ടി, രക്തസ്രാവംകൊണ്ട് ക്ഷീണിതനായെങ്കിലും അദ്ദേഹം കര്‍മ്മരംഗത്തുനിന്നു പിന്തിരിഞ്ഞില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞിരുന്നു. അറുപത്തിയാറാമത്തെ വയസ്സില്‍ വിശുദ്ധന്‍ മരിച്ചു.

വിചിന്തനം: ലൗകികബഹുമാനങ്ങളില്‍നിന്നും പ്രാപഞ്ചികപ്രശംസകളില്‍നിന്നും അകന്നുപോകുക; അവയൊക്കെ മായയാണ്.

ഇതരവിശുദ്ധര്‍: കീന്‍/ആമോര്‍ അക്വിന്റെയിന്‍ (9-ാം നൂറ്റാണ്ട്)/ തായിസ് (നാലാം നൂറ്റാണ്ട്)/ ഇവോദിയൂസ് (അഞ്ചാം നൂറ്റാണ്ട്) റൂയിനിലെ മെത്രാന്‍/ മാര്‍ട്ടിന്‍-സിസ്റ്റേഴ്സ്യന്‍ ആബട്ട്/ബാഡിലോ (+870)മെത്രാന്‍/ നെസ്തോര്‍  രക്തസാക്ഷി/ ബാഡിലോ (+870) ആബട്ട്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.