
“യേശു പറഞ്ഞു: നീ പൂര്‍ണ്ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക” (21). സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകാനുള്ള മാര്‍ഗം യേശു പറഞ്ഞുകൊടുക്കുകയാണ്. പക്ഷേ, ആ മാര്‍ഗം തേടാന്‍ അയാള്‍ തയ്യാറാകുന്നില്ല. “ഈ വചനം കേട്ട് ആ യുവാവ് സങ്കടത്തോടെ തിരിച്ചുപോയി” (22). യേശു, വചനം പറയുന്നത് കേള്‍ക്കുന്നവന്റെ ജീവിതത്തില്‍ മാറ്റം വരുത്താനും അവന്റെ ജീവിതം പുനര്‍നിര്‍മ്മിക്കാനുമാണ്. പക്ഷേ, ഇവിടെ യേശുവിന്റെ ഉപദേശം സ്വീകരിക്കാന്‍ വന്നവന്‍, ഉപദേശം ശ്രവിച്ചതിനു ശേഷം തനിക്ക് അത് പ്രാവര്‍ത്തികമാക്കാന്‍ പറ്റില്ല എന്ന ഉറപ്പോടെ, സങ്കടത്തോടെ തിരിച്ചുപോവുകയാണ്.
നമ്മളും ജീവിതത്തില്‍ മിക്കവാറും ഇങ്ങനെയല്ലേ? വചനം കേള്‍ക്കുന്നു. പക്ഷേ, അത് പ്രാവര്‍ത്തികമാക്കാന്‍ നമ്മള്‍ എന്തുമാത്രം ശ്രമിക്കുന്നു. വിശുദ്ധ കുര്‍ബാനയര്‍പ്പണങ്ങളിലും പ്രാര്‍ഥനകളിലും ധ്യാനങ്ങളിലും നമ്മള്‍ വചനം കേള്‍ക്കുന്നെങ്കിലും അതിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നില്ല. ഇപ്പോഴുള്ള വഴികള്‍ വിട്ടുപേക്ഷിക്കാന്‍ നമുക്ക് സങ്കടമാണ്. യേശുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നില്ലെങ്കില്‍, അതിനനുസരിച്ചല്ലാ ജീവിക്കുന്നതെങ്കില്‍ ഒടുവില്‍ സങ്കടപ്പെടേണ്ടിവരുമെന്നും ഓര്‍മ്മിക്കുക. സ്വര്‍ഗത്തില്‍ നമുക്കു നിക്ഷേപമുണ്ടാക്കാനും സാധിക്കില്ല.
ഫാ. ജി. കടൂപ്പാറയില്‍ MCBS




