ആഗസ്റ്റ് 28: വി. അഗസ്റ്റിന്‍

ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞൻ എന്നും വേദപാരംഗതരുടെ വേദപാരംഗതൻ എന്നും അറിയപ്പെടുന്ന വി. അഗസ്റ്റിന്‍ ആഫ്രിക്കയിലെ തഗാസ്‌തെ എന്ന പട്ടണത്തില്‍ 354-ലാണ് ജനിച്ചത്. വിശുദ്ധന്റെ പിതാവ് ഒരു അക്രൈസ്തവനും മാതാവ്, വി. മോനിക്കാ ഒരു ഉത്തമ ക്രിസ്തുമതവിശ്വാസിയുമായിരുന്നു.

ഭക്തയായ മോനിക്കാ, അഗസ്റ്റിനെ ചെറുപ്പം മുതൽക്കെ വിശുദ്ധിയിലും ദൈവസ്‌നേഹത്തിലും വളര്‍ത്താന്‍ ആവുന്നതും ശ്രമിച്ചു. പക്ഷേ, നിഷ്‌കളങ്കതയുടെ കാലമെന്നു പറയപ്പെടുന്ന കുട്ടിക്കാലത്തുതന്നെ ദൈവേഷ്ടത്തിനു വിരുദ്ധമായവ പ്രവര്‍ത്തിക്കുന്നതിലാണ് അഗസ്റ്റിന്‍ ശ്രദ്ധിച്ചത്. അഗസ്റ്റിന് പതിമൂന്നു വയസ്സായപ്പോള്‍ ഉപരിപഠനാർഥം മദാവുര എന്ന സ്ഥലത്തേക്ക് അയയ്‌ക്കപ്പെട്ടു. അതിബുദ്ധിമാനായിരുന്ന അദ്ദേഹത്തിന് വെറും പതിനേഴു വയസ്സുള്ളപ്പോള്‍ കത്തേജിലെ വിദ്യാമന്ദിരത്തില്‍ പ്രവേശനം ലഭിച്ചു.

ഏതാണ്ട് ഈ കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പിതാവ് ക്രൈസ്തവ വിശ്വാസിയായതും മരണമടഞ്ഞതും. ഇതോടെ അഗസ്റ്റിന്റെ ഭാവിയെപ്പറ്റിയുള്ള മോനിക്കായുടെ ഉത്കണ്ഠ വര്‍ധിച്ചു. കാരണം, അവളുടെ മറ്റു രണ്ടുമക്കളും തങ്ങളുടെ സുകൃതിയായ മാതാവിന്റെ പാത പിന്തുടരുന്നുണ്ടായിരുന്നെങ്കിലും അഗസ്റ്റിന്‍ സന്മാര്‍ഗ്ഗത്തില്‍ നിന്ന് വളരെയധികം വ്യതിചലിച്ചാണ് നടന്നിരുന്നത്. അധികം താമസിക്കാതെ അഗസ്റ്റിന്‍ ഏറ്റം പരിതാപകരമായ നിലയിലേക്ക്  അധഃപതിച്ചു. അശുദ്ധപാപങ്ങളില്‍ മുഴുകിയ അദ്ദേഹത്തിന് വിവാഹം കഴിക്കാതെ ഒരു കുട്ടിയും ജനിച്ചു. പിന്നീടുള്ള ഒമ്പതുവര്‍ഷം അഗസ്റ്റിന്‍ മാനിക്കേയന്‍ പാഷണ്ഡത പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.

ഒരു അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം ഈ അവസരത്തില്‍ ശ്രേയസ്‌കരമായ ഒരു ജീവിതം ആഗ്രഹിച്ച് റോമിലേക്കു പോകാന്‍ തീരുമാനിച്ചു. അവിടെവച്ചാണ് അദ്ദേഹം വി. അംബ്രോസിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രസംഗവും മോനിക്കായുടെ നിരന്തര പ്രാര്‍ഥനയും അഗസ്റ്റിന്റെ മനസ്സിനെ പിടിച്ചുകുലുക്കി. ഒരിക്കല്‍ അസ്വസ്ഥനായി ഒരു പൂന്തോട്ടത്തിലിരുന്ന അദ്ദേഹത്തോട് എവിടെനിന്നോ വന്ന ഒരു സ്വരം പറഞ്ഞു: “എടുത്തുവായിക്കുക, എടുത്തുവായിക്കുക.” ഉടന്‍തന്നെ അദ്ദേഹം തന്റെ അടുത്തിരുന്ന വേദപുസ്തകം തുറന്നുവായിച്ചു. “രാത്രി അവസാനിച്ചു. പകല്‍ സമീപിക്കാറായി…” (റോമ. 13:12-14) അതോടെ അഗസ്റ്റിന്റെ മാനസാന്തരം പൂര്‍ത്തിയായി.

387-ലെ ഉയിര്‍പ്പുതിരുനാളില്‍ അഗസ്റ്റിന്‍ വി. അംബ്രോസില്‍ നിന്ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. 390-ല്‍ അദ്ദേഹം വൈദികനായി. 395-ല്‍ അഗസ്റ്റിന്‍ ഹിപ്പോ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. ഈ പരിപാവനമായ പദവി സ്വീകരിക്കാന്‍ ആദ്യം വിശുദ്ധന്‍ ധൈര്യപ്പെട്ടില്ല. എന്നാല്‍ ഹിപ്പോനിവാസികളുടെ നിര്‍ബന്ധത്തിനുവഴങ്ങി അദ്ദേഹം അവസാനം സമ്മതിക്കുകയാണുണ്ടായത്.

ഏറെ സമയവും ഗ്രന്ഥരചനക്കായി ഉപയോഗിച്ച അഗസ്റ്റിന്‍, ഏകദേശം 103-ഓളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കത്തോലിക്കാതത്വങ്ങളോട് എതിര്‍ത്ത പാഷണ്ഡശക്തികളോട് ഇത്രയേറെ ധീരമായി പോരാടിയ മറ്റൊരാള്‍ തിരുസഭയിലുണ്ടാവില്ലാ എന്നാണ് അഗസ്റ്റിെക്കുറിച്ച് പൊതുവേ പറയപ്പെടുന്നത്. അഗസ്റ്റിന്‍ രചിച്ചിട്ടുള്ള ദൈവശാസ്ത്രപരവും ആധ്യാത്മികവുമായ കൃതികള്‍ തിരുസഭാമാതാവിന്റെ സാഹിത്യഭണ്ഡാരത്തില്‍ അമൂല്യനിക്ഷേപങ്ങളായി ഇന്നും പ്രശോഭിക്കുന്നു.

430 ആഗസ്റ്റ് 28-ാം തീയതി ഇഹലോകവാസം വെടിഞ്ഞ് നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.

എഡ്മണ്ട് ആരോസ്മിത്ത്

എഡ്മണ്ട് 1585-ല്‍ സെയിന്റ് ഹെലേനാ ദ്വീപിനു സമീപമുള്ള ഹേഡോക്കില്‍ ജനിച്ചു. പിതാവ് മരിച്ചതിനുശേഷം എഡ്മണ്ടിനെ ഒരു വൃദ്ധവൈദികനാണ് വളര്‍ത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1605 ഡിസംബറില്‍ എഡ്മണ്ട് വൈദിക വിദ്യാഭ്യാസത്തിനുവേണ്ടി നാടുവിട്ട് ദുവായിലേക്കു പോയി. ഇടയ്ക്ക് അനാരോഗ്യം നിമിത്തം പഠനം മുടങ്ങിയതുകൊണ്ട് 1612-നുശേഷമാണ് പൗരോഹിത്യം സ്വീകരിച്ചത്. 1613-ല്‍ ലങ്കാഷയറിലേക്ക് നിയോഗിക്കപ്പെട്ടു. പത്തുവര്‍ഷം അവിടെ മിഷ്യന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

പിന്നീട് അദേഹം ജസ്യൂട് സഭയില്‍ അംഗമായി ചേരുകയും വര്‍ധിതോന്മേഷത്തോടുകൂടി പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 1628-ല്‍ ലങ്കാസ്റ്ററില്‍വച്ച് അദ്ദേഹം വിചാരണയ്ക്കു വിധേയനായി. ക്രിസ്തീയപുരോഹിതന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് പ്രൊട്ടസ്റ്റന്റ് പക്ഷക്കാരെ കത്തോലിക്കാവിശ്വാസത്തിലേക്ക് ആനയിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് അധികാരികള്‍ അദ്ദേഹത്തിന്റെമേല്‍ ആരോപിച്ചത്. തുടര്‍ന്ന് എഡ്മണ്ടിനെ മജിസ്‌ട്രേറ്റ് മരണത്തിനു വിധിച്ചു.

വിചിന്തനം: “കര്‍ത്താവേ അങ്ങേക്കായി എന്നെ സൃഷ്ടിച്ചു. അങ്ങില്‍ സമാശ്വസിക്കുന്നതുവരെ എന്റെ ഹൃദയം അസ്വസ്ഥമായിരിക്കും.”

ഇതരവിശുദ്ധര്‍: മോസ്സസ്സ് (എത്യോപ്പന്‍) (330-405) ആഫ്രിക്ക മധ്യസ്ഥന്‍/ വിവിയന്‍ (+460) ബിഷപ്പ്/ ഗോര്‍മാന്‍ (+965) ബിഷപ്പ് / പെലാജിയൂസ് (270-283) രക്തസാക്ഷി/ ഹെര്‍മസ് (+120) മാര്‍മി റോണ്‍സ്/ അലക്‌സാണ്ടര്‍ ബിഷപ്പ്(+340)/ ഫോര്‍ട്ടുനാത്തൂസ് (+309) രക്തസാക്ഷി/ ഫെക്കുന്തിയൂസ് ബിഷപ്പ്/ ജൂലിയന്‍(+304)രക്തസാക്ഷി/ റംവാള്‍ഡ് (+650).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.