ലത്തീൻ ആഗസ്റ്റ് 28 മത്തായി 25: 1-13 അഖണ്ഡികൃതം

“…ഞങ്ങൾക്കും നിങ്ങൾക്കും തികയുകയില്ല എന്നതിനാൽ” (വാക്യം 9).

ഉപമയിലെ ‘പത്ത് കന്യകമാർ’ ആകസ്മികമായി ക്രിസ്തുവിന്റെ രണ്ടാം വരവിനായി കാത്തിരിക്കുന്ന ദൈവജനത്തെയും, ‘വിളക്കുകൾ’ അവരുടെ ക്രൈസ്തവജീവിതത്തിന്റെയും, ‘എണ്ണ’ അവരുടെ ആത്മീയജീവിതത്തെ ജ്വലിപ്പിച്ചുനിർത്തുന്ന ദൈവവചനം, പുണ്യങ്ങൾ, കൂദാശകൾ എന്നിവയെയും പ്രതിനിദാനം ചെയ്യുന്നു.

വിവേകമതികളായ കന്യകമാർ എണ്ണ പങ്കുവയ്ക്കാൻ തയ്യാറാകാത്തത് ഉപവിയുടെ ഇല്ലായ്മയോ, സ്വാർഥതയുടെ പ്രകടനമോ അല്ല. ഒരു വ്യക്തിയുടെ ആത്മീയജീവിതത്തിന്റെ സംരക്ഷണം പൂർണ്ണമായും ആ വ്യക്തിയുടെ തന്നെ ഉത്തരവാദിത്വമാണെന്നുള്ള ഓർമ്മപ്പെടുത്തലാണത്. മറ്റാർക്കും എന്റെ ആത്മീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സാധ്യമല്ല എന്നർഥം. ധാർമ്മിക പൂർണ്ണത പങ്കുവയ്ക്കപ്പെടാനാകാത്തതാണ്. പരസ്‌പരം സഹായിക്കാൻ സാധിക്കുമെങ്കിലും ഓരോ വ്യക്തിയുടെയും ആന്തരികനന്മ ആ വ്യക്തി തന്നെ കൈവരിക്കണം.

ദൈവവുമായുള്ള എന്റെ വ്യക്തിബന്ധത്തിന് ആർക്കും പകരക്കാരനാകാൻ സാധ്യമല്ല. വിശുദ്ധിയിലേക്കുള്ള എന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ എനിക്ക് മാത്രമേ സാധിക്കൂ എന്നർഥം. ആമ്മേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.