സീറോ മലങ്കര ആഗസ്റ്റ് 28 യോഹ. 15: 1-10 മുന്തിരിച്ചെടിയും ശാഖകളും

യേശുവും തന്റെ ശിഷ്യന്മാരും തമ്മിലുള്ള ആഴമായ വ്യക്തിബന്ധമാണ് സഭയുടെ നിലനിൽപിന്റെ അടിസ്ഥാനം. യേശു പറയുന്ന ‘മുന്തിരിച്ചെടിയും ശാഖകളും’ ദൈവ-മനുഷ്യബന്ധം ഏറ്റവും നന്നായി വെളിപ്പെടുത്തുന്ന ഒരു ഉപമയാണ്. പഴയനിയമത്തിൽ ദൈവത്തിന്റെ മുന്തിരിവള്ളിയാണ് ഇസ്രായേൽ. ഏശയ്യാ പ്രവാചകൻ പറയുന്നു: “സൈന്യങ്ങളുടെ കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ഭവനമാണ്” (5:7). ഈ ഭവനം നിർമ്മിച്ചതും അതിനെ ശ്രദ്ധയോടെ നോക്കി പരിപാലിക്കുന്നതും ദൈവം തന്നെയാണ്. സങ്കീർത്തകൻ പറയുന്നു: “അവിടുന്ന് അതിനു വേണ്ടി തടമൊരുക്കി; അത് വേരൂന്നി വളർന്നു, ദേശം മുഴുവൻ പടർന്നു” (80:9). തോട്ടക്കാരനായ ദൈവവും ഇസ്രായേൽ ജനമാകുന്ന മുന്തിരിത്തോട്ടവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇവിടെ യേശുവുമായി ഐക്യത്തിലായിരിക്കുന്ന ശിഷ്യനു മാത്രമേ മുന്തിരിച്ചെടിയിലെ നല്ല ശാഖ പോലെ സത്ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു സാധിക്കൂ. എന്നാൽ, ശാഖകളിൽ ചിലത് പ്രയോജനമില്ലാത്ത ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നു. ദൈവസ്നേഹത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കാത്തതിനെ തോട്ടക്കാരനായ ദൈവം വെട്ടിക്കളയുകയും തീയിലെറിയുകയും ചെയ്യുമെന്ന് യേശു പറയുന്നു. നല്ല ഫലം പുറപ്പെടുവിക്കുന്നതിനെ വെട്ടിയൊരുക്കി കൂടുതൽ നന്മയ്ക്കു യോഗ്യമാക്കുകയും ചെയ്യുന്നു. ഇതിനു സമാനമായ പ്രബോധനമാണ് സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൗലോസ് ശ്ലീഹായും പറയുന്നത്. ക്രിസ്തുവാകുന്ന ശിരസ്സിനോടു ചേർക്കപ്പെട്ട സഭയാകുന്ന ശരീരത്തിലെ അവയവങ്ങളാണ് വിശ്വാസികളെല്ലാം (റോമ. 12:3–8; 1 കൊറി. 12:12–27).  നാം ക്രിസ്തുവിനോട് യോജിച്ചിരിക്കുന്നില്ലെങ്കിൽ, സ്വാഭാവികമായി ഒരു വിശ്വാസി പുറപ്പെടുവിക്കേണ്ടുന്ന നന്മകൾ ജനിപ്പിക്കാൻ നമുക്ക് കഴിയില്ല. യേശുവിനെ ഉപേക്ഷിച്ച് മറ്റു ബന്ധങ്ങളിൽ ചെന്നുപെട്ട് ജീവിതം തകർക്കരുതെന്ന ഒരു മുന്നറിയിപ്പും ഇതിലൂടെ യേശു നമുക്കു നൽകുന്നു.

ഒരു ക്രിസ്തുശിഷ്യന്‌ (ശിഷ്യയ്ക്ക്) ആശ്രയിക്കാനും അഭയം കണ്ടെത്താനും ഒരാളേയുള്ളൂ; നമ്മുടെ എല്ലാ ശക്തിയുടെയും ഉറവിടമായ യേശുക്രിസ്തു. നാം എന്നും യേശുവിന്റേതും യേശു എന്നും നമ്മുടേതുമാണെന്ന ചിന്തയിൽ ജീവിതത്തെ പടുത്തുയർത്തിയവരായിരിക്കണം നമ്മളള്‍. മാത്രമല്ല, നമ്മുടെ ക്രിസ്തുബന്ധം ശരിയായിക്കഴിഞ്ഞാൽ മുന്തിരിച്ചെടിയിലെ മറ്റു ശാഖകളുമായുള്ള ബന്ധവും നന്നായിരിക്കും. യേശു തന്റെ ശിഷ്യന്മാർക്ക് നിത്യ ജീവസ്രോതസ്സും ശക്തിയും പ്രദാനം ചെയ്യുന്നുവെന്ന് ‘മുന്തിരിച്ചെടിയും ശാഖകളും’ നമ്മോടു പറയുന്നു. നാം യേശുവിനെ എത്രമാത്രം സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നുവോ അത്രയധികം നമ്മുടെ ജീവിതം ഫലം പുറപ്പെടുവിക്കുന്നതാകും. ഇന്നത്തെ ലോകത്തിൽ യേശുവിന്റെ ജീവനുള്ള പ്രതിരൂപങ്ങങ്ങളായി മാറാനും അങ്ങനെ ദൈവസ്നേഹം ലോകത്തിൽ പ്രസരിപ്പിക്കുന്നതിനും നിരന്തരം നമുക്ക് പരിശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍