സീറോ മലബാര്‍ കൈത്താക്കാലം ആറാം ശനി ആഗസ്റ്റ് 22 മത്തായി 18: 15-20 നിങ്ങളുടെ മധ്യേ ഞാനുണ്ടായിരിക്കും

“രണ്ടോ, മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചുകൂടുന്നിടത്ത് അവരുടെ മധ്യേ ഞാനുണ്ടായിരിക്കും” എന്നാണ് ഈശോ പറയുന്നത്. പരസ്പരം രഹസ്യമായി തിരുത്തുക, ഒരുമയോടെ പ്രാർഥിക്കുക തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞതിന്റെ ഒടുവിലാണ് ഈശോ ഇക്കാര്യം സൂചിപ്പിക്കുന്നത്. ഒരേ മനസ്സോടെ പ്രാര്‍ഥിക്കുക, ശത്രുക്കളോട് രമ്യതപ്പെട്ടതിനു ശേഷം പ്രാര്‍ഥിക്കുക, മനസ്സില്‍ ആരോടും വെറുപ്പ്  സൂക്ഷിക്കാതെ പ്രാര്‍ഥിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ നമ്മള്‍ ജീവിതത്തില്‍ പാലിക്കേണ്ടതാണ്. അപ്പോഴാണ് നമ്മുടെ പ്രയത്നങ്ങൾക്ക് ഫലം ലഭിക്കുക.

സഭാത്മകമായ പ്രാര്‍ഥനയിലേക്കും ഈ വചനഭാഗം വിരല്‍ചൂണ്ടുന്നുണ്ട്. വിശ്വസിക്കുന്നവരുടെ സമൂഹമാണല്ലോ സഭ. ആദിമക്രൈസ്തവ സമൂഹത്തെക്കുറിച്ച് നടപടി പുസ്തകത്തില്‍ ഇങ്ങനെയാണ് പറയുന്നത്: “പത്രോസിന്റെ പ്രസംഗം കേട്ടവർ ഹൃദയം നുറുങ്ങി ക്രിസ്തുവിൽ വിശ്വസിച്ചു. അവർ ഏകമനസ്സോടെ താൽപര്യപൂർവം അനുദിനം പ്രാർഥനയിൽ ഒന്നുചേർന്നു. രക്ഷ പ്രാപിക്കുന്നവരെ കർത്താവ് അവരുടെ ഗണത്തിൽ പ്രതിദിനം ചേർത്തുകൊണ്ടിരുന്നു.” ഐക്യമുള്ളിടത്താണ് വളര്‍ച്ചയും ഉണ്ടാകുന്നത്. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു വളരുന്നു. ഈശോയുടെ നാമത്തില്‍ നമ്മള്‍ കുടുംബത്തിലും സഭയിലും സമൂഹത്തിലും ഒരുമിച്ചുകൂടുക. വിജയവും വളര്‍ച്ചയും ഉണ്ടാകും.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.