
പൗരസ്ത്യ പാരമ്പര്യത്തിൽ ഇന്ന് വി. അന്നയുടെയും വി. യൊവാക്കീമിന്റെയും തിരുനാളാണ്. മറിയത്തിന്റെ മാതാപിതാക്കളായ ഇവരെക്കുറിച്ച് ചരിത്രപരമായ, കാര്യമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ‘യാക്കോബിന്റെ സുവിശേഷം’ എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിലാണ് മറിയത്തിന്റെ ജനനത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. അതുകൂടാതെ, ആദിമസഭയിൽ നിലനിന്നിരുന്ന പല പാരമ്പര്യങ്ങളും ചില പഴയകാല ഐതിഹ്യങ്ങളും ഇവരെക്കുറിച്ച് പറയുന്നു. വ്യത്യസ്ത ദിവസങ്ങളിലാണ് പല സഭകളും ഇവരുടെ തിരുനാൾ കൊണ്ടാടുന്നത്. ആദ്യകാലങ്ങളിൽ, പൗരസ്ത്യ സഭകളിലാണ് മറിയത്തിന്റെ മാതാപിതാക്കളുടെ വണക്കം ആരംഭിക്കുന്നത്. എഡി 500 ൽ ജസ്റ്റീനിയൻ ചക്രവർത്തി കോൺസ്റ്റാന്റിനോപ്പിളിൽ അന്നയുടെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിക്കുകയുണ്ടായി.
നസറേത്തിൽ നിന്നുള്ള ധനികനും ഭക്തനും പാവങ്ങളോട് കനിവുള്ളവനുമായിരുന്നു യൊവാക്കിം. ‘യഹോയാക്കീം’ (יְהוֹיָקִים) എന്ന ഹീബ്രു വാക്കിന്റെ അർഥം ‘യഹോവയാൽ ഉയർത്തപ്പെട്ടവൻ’ എന്നാണ്. ‘ഹന്ന’ (חַנָּה) എന്ന ഹീബ്രു വാക്കിന്റെ അർഥം ‘കൃപ’, ‘അനുഗ്രഹം’ എന്നൊക്കെയാണ്. യൂദാ ഗോത്രത്തിൽപെട്ട ബാർപാതിറിന്റെ മകനായ യൊവാക്കിം ഗലീലയിൽ നിന്നുള്ള അന്നയെ വിവാഹം കഴിച്ചു. ലേവായ ഗോത്രത്തിൽപെട്ട മത്താൻ എന്ന പുരോഹിതന്റെ മകളായിരുന്നു അന്ന. ആദ്യം ഗലീലായിലും പിന്നീട് ജറുസലേമിലുമാണ് ഇവർ താമസിച്ചത്. വിവാഹശേഷം അനേകം വർഷങ്ങൾ കഴിഞ്ഞിട്ടും മക്കളില്ലാതിരുന്ന തങ്ങളുടെ അവസ്ഥയിൽ അവർ ദൈവതിരുമുമ്പാകെ നിലവിളിയോടെ പ്രാർഥിച്ചുകൊണ്ടിരുന്നു. ഒരിക്കൽ ജറുസലേമിലെ ദൈവാലയത്തിൽ മക്കളില്ലാതിരുന്നതിന്റെ പേരിൽ ബലിയർപ്പിക്കാൻ സാധിക്കാതെവന്ന അനുഭവം യൊവാക്കീമിനെ വളരെയധികം വേദനിപ്പിച്ചു. ഭർത്താവിനേറ്റ ഈ അപമാനത്തെക്കുറിച്ചറിഞ്ഞ അന്ന ഉപവസിച്ചു പ്രാർഥിച്ചു. ഒരു മാലാഖ യൊവാക്കീമിന് പ്രത്യക്ഷപ്പെട്ട് അവർക്ക് ഒരു മകൾ ജനിക്കുമെന്നും അവർ എല്ലാവരിലും അനുഗ്രഹിക്കപ്പെട്ടവളായിരിക്കുമെന്നും അറിയിച്ചു.
മക്കളില്ലാതിരിക്കുന്നത് ദൈവകോപമായി അക്കാലത്ത് കരുതിയിരുന്നെങ്കിലും വാർധക്യത്തിൽ ഉണ്ടാകുന്ന കുട്ടികൾ വലിയ കാര്യങ്ങൾ ചെയ്യാൻ തിരഞ്ഞെടുത്തവരാണെന്ന ചിന്തയും യഹൂദരുടെ ഇടയിൽ പ്രബലമായിരുന്നു. അബ്രഹാമിന്റെയും സാറായുടെയും, എൽക്കാനയുടെയും ഹന്നയുടെയും ഉദാഹരണങ്ങൾ പഴയനിയമത്തിലും, സഖറിയായുടെയും എലിസബത്തിന്റെയും ഉദാഹരണം പുതിയനിയമത്തിലും നമുക്ക് കാണാം. പരിശുദ്ധ അമ്മയുടെ മാതാപിതാക്കളെ ദൈവം വലുതായി അനുഗ്രഹിച്ചു എന്ന് സംശയലേശമെന്യേ നമുക്ക് പറയാൻ സാധിക്കും. ഇന്ന് അവരുടെ മാധ്യസ്ഥ്യം അപേക്ഷിച്ച് ദൈവത്തിൽ നിന്നും ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് നമുക്കും ശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍




