സെപ്റ്റംബര്‍ 9: വി. പീറ്റര്‍ ക്ലാവര്‍

നീഗ്രോകളുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന പീറ്റര്‍ ക്ലാവര്‍ 1581 -ല്‍ വെര്‍ഡു എന്ന സ്ഥലത്താണ് ജനിച്ചത്. ഒരു സാധാരണ കര്‍ഷകന്റെ പുത്രനായിരുന്ന അദ്ദേഹം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ തരഗോണായിലെ ഈശോസഭാ മന്ദിരത്തില്‍ ഒരു നവസന്യാസിയായി ചേര്‍ന്നു.

വിശുദ്ധന്‍, മാജോര്‍ക്കാ സെമിനാരിയില്‍ തത്വശാസ്ത്രം പഠിച്ചിരുന്ന കാലത്ത് മഹാത്മാവായ അല്‍ഫോന്‍സ് റൊഡ്‌റീഗസുമായി പരിചയപ്പെടാനിടയായി. ഒരു ഈശോസഭാ സഹോദരനായിരുന്ന അദ്ദേഹം നല്‍കിയ സദുപദേശങ്ങള്‍ പീറ്ററില്‍ പ്രേഷിതചൈതന്യം വളര്‍ത്തുകയും എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നീഗ്രോകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള തീവ്രമായ ആഗ്രഹം ഉളവാക്കുകയും ചെയ്തു.

വൈദികപട്ടം സ്വീകരിച്ച ക്ലാവറിനെ അദ്ദേഹത്തിന്റെ ആഗ്രഹാനുസരണം 1610 -ല്‍ അടിമവ്യാപാര കേന്ദ്രമായിരുന്ന കര്‍ത്തജീനായിലേക്ക് അയച്ചു. സ്വര്‍ണ്ണഖനികളിലും മറ്റും പണിയെടുക്കുന്നതിനായി ഓരോമാസവും ആയിരത്തിലേറെ അടിമകളെ ആഫ്രിക്കയില്‍നിന്നും കര്‍ത്തജീനായിലേക്ക് ഇറക്കുമതി ചെയ്തിരുന്നു. ആഫ്രിക്കയില്‍ നിന്ന് പത്തു ഫ്രാങ്ക് വിലകൊടുത്തു വാങ്ങുന്ന അടിമകളെ കര്‍ത്തജീനായില്‍ കൊണ്ടുവന്ന് ആയിരം ഫ്രാങ്കിനാണ് വിറ്റിരുന്നത്. അവിടെയെത്തിയിരുന്ന അടിമകളുടെ അവസ്ഥ മൃഗങ്ങളുടേതിനേക്കാള്‍ ദയനീയമായിരുന്നു. ആഫ്രിക്കയില്‍നിന്ന് കപ്പലില്‍ കയറ്റപ്പെടുന്നതുമുതല്‍ കര്‍ത്തജീനായില്‍ വന്നെത്തുന്നതുവരെ അവര്‍ അനുഭവിക്കേണ്ടിയിരുന്ന കഷ്ടതകള്‍ വിവരിക്കാനാവില്ല. അവിടെയെത്തുമ്പോഴേക്കും ഉഗ്രമായ പീഡനത്താലും പട്ടിണിയാലും പകുതിയോളംപേര്‍ മരിച്ചിട്ടുണ്ടാവും. എന്നാല്‍ ഈ ദുരിതങ്ങളെല്ലാം പിന്നീട് അവര്‍ക്ക് അനുഭവിക്കേണ്ടിയിരുന്ന ദുരിതങ്ങളുടെ പ്രാരംഭം മാത്രമേ ആയിരുന്നുള്ളൂ.

അടിമകളുമായി വരുന്ന ഓരോ കപ്പലും തുറമുഖത്തെത്തുമ്പോള്‍ പീറ്റര്‍ ക്ലാവറും അവിടെയുണ്ടാകും. ആരോടെങ്കിലും യാചിച്ചുവാങ്ങിയ ഭക്ഷണങ്ങളും മരുന്നുകളുമായി ആ നിര്‍ഭാഗ്യരുടെ അടുത്തേക്ക് വിശുദ്ധന്‍ ഓടിയെത്തും. ക്രൂരമായ പീഡനങ്ങളേറ്റ് നിരാശാഭരിതരായി ദിവസങ്ങള്‍ കഴിച്ചുകൂട്ടിയ അവരോരോരുത്തരേയും പൈതൃകമായ സാന്ത്വനവചനങ്ങളാലും സ്‌നേഹപ്രകടനങ്ങളാലും അദ്ദേഹം സ്വീകരിച്ചിരുന്നു. തങ്ങള്‍ക്ക് ആത്മമിത്രവും വത്സലപിതാവുമായി ഒരാള്‍ ഉണ്ടെന്നുള്ള ചിന്ത കര്‍ത്തജീനായില്‍ വന്നിറങ്ങുന്ന ഓരോ അടിമയ്ക്കും എന്തെന്നില്ലാത്ത ആശ്വാസം പ്രദാനംചെയ്തിട്ടുണ്ടെന്നത് തീര്‍ച്ചയാണ്.

കന്നുകാലികളെപ്പോലെ വില്പനയ്ക്കായി ചന്തസ്ഥലങ്ങളില്‍ അവരെ കൂട്ടംകൂട്ടമായി നിര്‍ത്തിയിരുന്ന അവസരങ്ങളിലാണ് വിശുദ്ധന്‍ അവര്‍ക്കുവേണ്ട സദുപദേശങ്ങള്‍ നല്‍കി അവരെ ജ്ഞാനസ്‌നാനപ്പെടുത്തിയിരുന്നതും ആത്മീയവും ശാരീരികവുമായ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തിരുന്നതും. തുടര്‍ന്നും പൈതൃകമായ വാത്സല്യത്തോടെ അവരെ തീറ്റിപ്പോറ്റുകയും കാരുണ്യാതിരേകത്തോടെ അവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. ഇപ്രകാരം പകല്‍മുഴുവനും വിശ്രമരഹിതനായി അടിമകളെ ശുശ്രൂഷിക്കുകയും രാത്രിയിലേറെയും പ്രാര്‍ഥനയ്ക്കും തപക്രിയകള്‍ക്കുമായി വിനിയോഗിക്കുകയും ചെയ്തിരുന്നു.

ഈ മഹനീയ പ്രേഷിതവേലയ്ക്കിടയില്‍ നിരവധി പ്രതിബന്ധങ്ങളും മര്‍ദനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടതായിവന്നു. എന്നാല്‍ മാനുഷികമായ ഈ തടസ്സങ്ങള്‍ ദൈവത്തില്‍ കൂടുതലായി ആശ്രയിക്കുന്നതിന് വിശുദ്ധനെ സഹായിച്ചതേയുള്ളൂ. ദീര്‍ഘമായ നാല്പത്തിനാലു കൊല്ലങ്ങള്‍ വിശുദ്ധന്‍ നീഗ്രോകളെ ശുശ്രൂഷിച്ചുകൊണ്ട് അവരുടെ ഇടയില്‍ ജീവിച്ചു. ഈ കാലത്തിനുള്ളില്‍ മൂന്നുലക്ഷത്തോളം നീഗ്രോകളെ അദ്ദേഹം മാനസാന്തരെപ്പടുത്തി. വിശ്രമരഹിതമായ ജോലിയില്‍ ആരോഗ്യംക്ഷയിച്ച അദ്ദേഹത്തിന്റെ അവയവങ്ങള്‍ ഓരോന്നായി വാതരോഗത്താല്‍ തളര്‍ന്നുതുടങ്ങി. 1654 സെപ്റ്റംബര്‍ 8 -ാം തീയതി തന്റെ 74-ാമത്തെ വയസ്സില്‍ അദ്ദേഹം ഭാഗ്യമരണം പ്രാപിച്ചു.

വിചിന്തനം: യഥാര്‍ഥ സമാധാനം അന്വേഷിക്കേണ്ടത് ഈ ലോകത്തിലല്ല; സ്വര്‍ഗത്തിലാണ്. മനുഷ്യരിലും മറ്റു സൃഷ്ടികളിലുമല്ല; ദൈവത്തിലാണ്.

ഇതരവിശുദ്ധര്‍ : ബെറ്റാലിന്‍ (എട്ടാം നൂറ്റാണ്ട്)/ വി. ഓമര്‍ (ഓഡോമാരൂസ്)/ വില്‍ഫ്രിഡാ (+988) ആബട്ട്/ ഒസ്മാനാ (+650) ഐറിഷ് കന്യക/ ജോസഫ് (1439-1515) ആബട്ട് / കീയെറാന്‍ (+556)/ഐസക്ക് (നാലാം നൂറ്റാണ്ട്) /ബാബുരാ-മാസിലെ മെത്രാന്‍.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.