ജനാധിപത്യം തകർക്കുന്ന ഏകാധിപത്യത്തിന് മുന്നിൽ മിണ്ടാതിരിക്കരുത്: ഓർമ്മപ്പെടുത്തി നിക്കരാഗ്വൻ ബിഷപ്പ്

ജനാധിപത്യം തകർക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും ചെയ്യുന്ന ഏകാധിപത്യ ഭരണകൂടങ്ങൾക്ക് മുന്നിൽ ജനങ്ങൾ നിഷ്ക്രിയരായിരിക്കരുതെന്ന് നിക്കരാഗ്വയിലെ മനാഗ്വ അതിരൂപതാ സഹായ മെത്രാൻ സിൽവിയോ ബാസ് ആഹ്വാനം ചെയ്തു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മിയാമി സാന്താ അഗത പാരീഷ് ദൈവാലയത്തിൽ സെപ്റ്റംബർ ആറിന് ഞായറാഴ്ച ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ജനാധിപത്യത്തെ തകർക്കുക മാത്രമല്ല, ജനങ്ങളുടെ സ്വാതന്ത്ര്യത്തെയും സ്വന്തം ചരിത്രത്തിന്റെ നിർമ്മാതാക്കളാകാനുള്ള അവരുടെ അവകാശത്തെയും ഭീഷണിപ്പെടുത്തുന്ന സ്വേച്ഛാധിപത്യ രാഷ്ട്രീയ ഘടനകൾ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ നമുക്ക് നോക്കിനിൽക്കുന്ന നിഷ്ക്രിയരായ കാണികളാകാൻ കഴിയില്ല.” ബിഷപ്പ് കൂട്ടിച്ചേർത്തു. സഭയ്‌ക്കെതിരായ ശക്തമായ പീഡനങ്ങളെ തുടർന്ന് 2025 മുതൽ പ്രവാസത്തിൽ കഴിയുന്ന ബിഷപ്പ് ബാസ്, ഇത്തരം അനീതികളെ അപലപിക്കുന്നത് വിദ്വേഷ പ്രസംഗമോ സമാധാനത്തിനെതിരായ ആക്രമണമോ അല്ലെന്ന് വ്യക്തമാക്കി.

“ചരിത്രത്തിന്റെ കാവലാളാകാൻ ദൈവത്താൽ വിളിക്കപ്പെട്ട ക്രിസ്ത്യാനികൾ അനീതികൾക്കെതിരെ ശബ്ദമുയർത്തുന്നത് അവരുടെ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ആവശ്യകതയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നിക്കരാഗ്വയിലെ ഭരണകൂടം അടുത്തിടെ ഭരണഘടനാ ഭേദഗതിയിലൂടെ പ്രതിപക്ഷത്തിന് ഭാവി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധം ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.