ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം: ഏഴ് മരണം, എൺപതോളം പേർക്ക് പരിക്ക്

ബൊളീവിയയിലെ ബയാച്ചയിലുള്ള (Viacha) സൈനിക ക്യാമ്പിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും പരിക്കേറ്റവരോടും എൽ ആൾട്ടോ രൂപതാ അധ്യക്ഷൻ ബിഷപ്പ് ജിയോവാനി അരാന തന്റെ അഗാധമായ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു. അപകടത്തിൽ കുറഞ്ഞത് ഏഴ് സൈനികർ കൊല്ലപ്പെടുകയും 80 ഓളം പേർക്ക് പരിക്കേൽക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

“ഹൃദയം തകർന്നവർക്ക് കർത്താവ് സമീപസ്ഥനാണ് (സങ്കീ. 34:19)” എന്ന തലക്കെട്ടിൽ സെപ്റ്റംബർ 5-ന് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ബിഷപ്പ് അനുശോചനം രേഖപ്പെടുത്തിയത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുന്നവർക്കും അദ്ദേഹം പ്രാർഥന വാഗ്ദാനം ചെയ്തു. അപകടത്തിന്റെ കാരണം വ്യക്തമാക്കാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

ലാ പാസിന് സമീപമുള്ള ബയാച്ച നഗരത്തിലെ RAM-2 ‘ബൊളീവാർ’ ജനറൽ മെയിന്റനൻസ് സെന്റർ എന്ന സൈനിക താവളത്തിലാണ് സെപ്റ്റംബർ നാലിന് ഉച്ചകഴിഞ്ഞ് സ്ഫോടനമുണ്ടായത്. പൈറോടെക്നിക് (വെടിക്കെട്ട്) സാമഗ്രികളും വെടിമരുന്നും സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലായിരുന്നു അപകടം. ആദ്യത്തെ സ്ഫോടനം വെടിമരുന്നിൽ നിന്നാണ് ഉണ്ടായതെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അതിനേക്കാൾ വലിയ ശക്തിയിൽ നടന്ന രണ്ടാമത്തെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.