സീറോ മലങ്കര മെയ്‌ 19 ലൂക്കാ 14: 7-14 താഴ്മ

ഫാ. തോമസ്‌ ചെറുതോട്

പ്രമുഖസ്ഥാനങ്ങളോ, ഉന്നതപദവികളോ അല്ല മനുഷ്യനെ ദൈവദൃഷ്ടിയിൽ ശ്രേഷ്ഠനാക്കുന്നത്. പിന്നെയോ മാത്സര്യമോ, വ്യർത്ഥാഭിമാനമോ കൂടാതെ താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കണ്ടുകൊണ്ട് ദൈവസന്നിധിയിൽ സ്വയം ശൂന്യവല്‍കരിക്കപ്പെടാനാണ് ദൈവം ആഗ്രഹിക്കുന്നത്. യേശുക്രിസ്തുവിനുണ്ടായിരുന്ന മനോഭാവം ഇപ്രകാരമുള്ളതായിരുന്നു. “ദൈവത്തിൽ നിന്നുള്ളവനായിരുന്നെങ്കിലും അവൻ ദൈവവുമായുള്ള സമാനത നിലനിർത്തേണ്ടത് ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദ്യശ്യത്തിലായി തീർന്നു. ആകൃതിയിൽ മനുഷ്യനെപ്പോലെ കാണപ്പെട്ടു കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ ദൈവം അവനെ അത്യധികം ഉയർത്തി” (ഫിലി. 2:6-9).

തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ഈശോ ഇതിനൊരു മാതൃകയായി. ജീവിതത്തിൽ താഴ്ത്തപ്പെടുന്ന അവസരങ്ങൾ, നമ്മുടെ അഹത്തിന് മുറിവേല്‍ക്കുന്ന അവസരങ്ങളിൽ ക്രിസ്തുവിന്റെ മനോഭാവം നാം ഓർക്കണം. ഒരുവൻ നേടിയ സമ്പത്തോ, സൗഭാഗ്യങ്ങളോ അല്ല മറിച്ച് തന്റെ അഹത്തെ അഥവാ അഹങ്കാരത്തെ ദൈവത്തിനു നല്‍കിക്കൊണ്ട് സ്വയം ശൂന്യനാകുമ്പോഴാണ് ദൈവം ഒരുക്കിയിരിക്കുന്ന പ്രമുഖസ്ഥാനങ്ങളിലായിരിക്കാൻ സാധിക്കുന്നത്.

ഫാ. തോമസ് ചെറുതോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.