
അതിഥിയും ആതിഥേയനും കൊടുക്കുന്ന ഉപദേശത്തിലൂടെ ക്രിസ്തുവിന്റെ ജീവിതത്തിന്റെ തുറന്നെഴുത്താണ് ഇന്നത്തെ സുവിശേഷഭാഗത്ത് വരച്ചിടുന്നത്. എളിമയുടെ പുണ്യം നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്നവനു മാത്രം മനസ്സിലാവുന്ന ദൈവരാജ്യ സങ്കൽപം. ദൈവമായിരുന്നവന്‍ ദരിദ്രരില്‍ ദരിദ്രനായി വന്ന പുണ്യം. തന്റെ ശിഷ്യരുടെ മുമ്പില്‍ അടിമയെപ്പോലെ കാല്‍ കഴുകാനായി നിന്ന മാതൃക. തന്റെ ജീവിതകാലമത്രയും അവസാനപന്തിയില്‍ മാത്രം ഇരുന്നവന്‍. ആ ക്രിസ്തുവാണ് തന്റെ ജീവിതത്തിന്റെ തുറന്നെഴുത്ത് നടത്തുന്നത്.
ക്രിസ്തുശിഷ്യനുള്ള വിളിയും അതാണ്. ‘ശുശ്രൂഷിക്കപ്പെടാനല്ല ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുമത്രെ’ (മര്‍ക്കോ. 10:45). നമ്മുടെ മനസ്സിലെ ക്രിസ്തുവിന്റെ സങ്കൽപങ്ങള്‍ തകര്‍ത്തെറിയുന്നുണ്ട് ഇന്നത്തെ സുവിശേഷം. ഒട്ടിയ വയറും പാറിപ്പറന്ന മുടിയുമായി മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന ക്രിസ്തു ദൈവമാണെന്ന് മനസ്സിലാക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. പത്രോസിനോട് അതാണ് ക്രിസ്തു പറയുന്നത്, ‘എന്റെ പിതാവ് മനസ്സിലാക്കിത്തന്നതു കൊണ്ടാണ് നിനക്ക് ജീവനുള്ള ദൈവത്തിന്റെ പുത്രനെ മനസ്സിലായത്.’
ഇന്നത്തെ സുവിശേഷം എന്നെ ക്ഷണിക്കുകയാണ്; അവസാന പന്തിയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവരുടെ കാവല്‍ക്കാരനാവാന്‍. താമസിക്കാന്‍ ഭവനമില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ, മരുന്ന് വാങ്ങാന്‍ കാശില്ലാതെ, കൊറോണയുടെ കാലത്ത് പഠിക്കാനുള്ള സംവിധാനങ്ങളില്ലാതെ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശുശ്രൂഷകനാകാന്‍. ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കട്ടെ.
ഫാ. നിര്‍മ്മലാനന്ദന്‍




