ഞായർ പ്രസംഗം: കൈത്താക്കാലം മൂന്നാം ഞായര്‍ ജൂലൈ 26, ലൂക്കാ 10: 38-42 പ്രാര്‍ഥനയും പ്രവൃത്തിയും സമന്വയിക്കുന്ന ക്രൈസ്തവജീവിതം

മിശിഹായില്‍ ഏറ്റവും പ്രിയപ്പെട്ട വൈദികരേ, സന്ന്യസ്തരേ, ആത്മീയതയില്‍ അടിയുറച്ച മാതാപിതാക്കളെ, പ്രിയ സഹോദരീസഹോദരന്മാരേ,

സഭയുടെ ആത്മീയവളര്‍ച്ചയെക്കുറിച്ചും അതിന്റെ സുദീര്‍ഘമായ മിഷന്‍ യാത്രയെക്കുറിച്ചും ആഴത്തില്‍ ധ്യാനിക്കുന്ന കൈത്താക്കാലത്തിന്റെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. ദൈവത്തോടും തന്റെ സഹജീവികളോടുമുളള ആഴമായ ഐക്യം മനുഷ്യന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എത്രമാത്രം അനിവാര്യമാണെന്ന് കഴിഞ്ഞ വാരത്തില്‍ നാം ചിന്തിച്ചു. അതിന്റെ തുടര്‍ച്ചയായി, ഈ വാരത്തില്‍ തിരുസഭ നമ്മുടെ വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം പത്താം അധ്യായം 38 മുതല്‍ 42 വരെയുള്ള തിരുവചനങ്ങളാണ്. നമുക്കേവര്‍ക്കും പരിചിതമായ ബഥാനിയായിലെ മാര്‍ത്തയുടെയും മറിയത്തിന്റെയും ജീവിതചിത്രമാണ് സഭാമാതാവ് ഇന്ന് നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത്.

ഈ കൊച്ചുവീട് യഥാര്‍ഥത്തില്‍ നമ്മുടെയൊക്കെ കുടുംബങ്ങളുടെ ഒരു നേര്‍ചിത്രമാണ്. അനുദിന ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ നേരിടുന്ന വലിയൊരു ആത്മീയസംഘര്‍ഷമാണ് ഈ വചനഭാഗം നമ്മുടെ മുന്‍പില്‍ വയ്ക്കുന്നത്. ഈ സുവിശേഷഭാഗം കേവലം രണ്ട് സഹോദരിമാരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരണമല്ല, മറിച്ച് നമ്മുടെ നിത്യജീവിതത്തിന്റെ തിരക്കുകളില്‍ നാം എവിടെയാണ് ദൈവത്തെ പ്രതിഷ്ഠിക്കേണ്ടതെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന വലിയൊരു പാഠപുസ്തകമാണ്.

വി. ലൂക്കാ ഈ സംഭവം രേഖപ്പെടുത്തുന്നത് ‘നല്ല സമരിയാക്കാരന്റെ’ ഉപമയ്ക്ക് തൊാട്ടുപിന്നാലെയാണ്. ദൈവത്തോടുള്ള സ്‌നേഹം മനുഷ്യസ്‌നേഹമായി പ്രായോഗികതലത്തില്‍ എങ്ങനെ മാറണമെന്ന് നല്ല സമരിയാക്കാരന്‍ കാണിച്ചുതന്നു. എന്നാല്‍, മനുഷ്യനോടുള്ള ഈ സ്‌നേഹത്തിന്റെയും കാരുണ്യപ്രവൃത്തികളുടെയും യഥാര്‍ഥ ഉറവിടം ദൈവവുമായുള്ള ആഴമായ വ്യക്തിബന്ധമായിരിക്കണമെന്ന് വ്യക്തമാക്കാനാണ് തൊട്ടുപിന്നാലെ മര്‍ത്തായുടെയും മറിയത്തിന്റെയും സംഭവം സുവിശേഷകന്‍ അവതതരിപ്പിക്കുന്നത്. പ്രാര്‍ഥനയില്ലാത്ത പ്രവര്‍ത്തനം വെറും സാമൂഹ്യസേവനം മാത്രമായി മാറുമെന്ന മുന്നറിയിപ്പാണിത്.

ഇന്നത്തെ മറ്റ് മൂന്ന് വായനകളും ഈ ദൈവസ്‌നേഹത്തിന്റെ ആഴത്തെയും ആവശ്യകതയെയും കുറിച്ചാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ആദ്യവായനയില്‍ കടുത്ത പ്രതിസന്ധികളിലും തളരാതെ തന്റെ അമ്മായിയമ്മയായ നവോമിയെ ചേര്‍ത്തുപിടിക്കുന്ന റൂത്തിനെ നാം കാണുന്നു. ”നീ പോകുന്നിടത്തേക്ക് ഞാനും വരും, നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” എന്ന് റൂത്ത് പറയുമ്പോള്‍ അവിടെ കാണുന്നത് സ്വാര്‍ഥതയില്ലാത്ത, വിശ്വസ്തതയോടെയുള്ള സമര്‍പ്പണമാണ്.

രണ്ടാം വായനയില്‍, കുശവന്റെ കൈയിലെ കളിമണ്ണ് പോലെ സ്രഷ്ടാവിന്റെ കൈകളില്‍ നാം നമ്മെത്തന്നെ സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത പ്രഭാഷകന്‍ ഓര്‍മ്മിപ്പിക്കുന്നു. കളിമണ്ണിനെ കുശവന്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതു പോലെ, ദൈവം മനുഷ്യരെ വിവിധ രീതികളില്‍ സൃഷ്ടിക്കുകയും വ്യത്യസ്തമായ വഴികളിലൂടെ നടത്തുകയും ചെയ്യുന്നു. മാര്‍ത്തയും മറിയവും ദൈവത്തിന്റെ കൈയിലെ രണ്ട് വ്യത്യസ്ത പാത്രങ്ങളാണ്. ഈ വ്യതിരിക്തതയെ പരസ്പരം അംഗീകരിക്കാന്‍ അവര്‍ക്ക് സാധിക്കണമായിരുന്നു. റോമാക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പൗലോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്, നാം ക്രിസ്തുവാകുന്ന ശരീരത്തോട് എപ്പോഴും ഒട്ടിച്ചേര്‍ന്നിരിക്കണമെന്നാണ്. നമ്മള്‍ പലരും ഒരൊറ്റ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളാണ്. എല്ലാ അവയവങ്ങള്‍ക്കും ഒരേ ജോലിയല്ല ഉള്ളത്. തനിക്ക് ലഭിച്ച ശുശ്രൂഷ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അസ്വസ്ഥയാകാതെ സന്തോഷത്തോടെ ചെയ്യുകയാണ് വേണ്ടത്.

ഈ ചിന്തകളിലേക്ക് കടക്കുംമുന്‍പ് ഒരു കൊച്ചുകഥ ഓര്‍മ്മിക്കാം. എപ്പോഴും ഓട്ടപ്പാച്ചിലിലും കടുത്ത മാനസിക സമ്മര്‍ദത്തിലുമായിരുന്ന ഒരു വലിയ ബിസിനസുകാരന്‍ പ്രാര്‍ഥനയിലും ധ്യാനത്തിലും മുഴുകി ജീവിക്കുന്ന ഒരു വൃദ്ധസന്ന്യാസിയെ കാണാനെത്തി. അദ്ദേഹം സന്ന്യാസിയോട് ചോദിച്ചു: ”സ്വാമീ, ഞാന്‍ ദൈവത്തിനായി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. പള്ളിക്കും പാവപ്പെട്ടവര്‍ക്കും വലിയ തുകകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും എന്റെ മനസ്സില്‍ സമാധാനമില്ല. എന്തുകൊണ്ടാണ് അങ്ങനെ?” സന്ന്യാസി അയാളെ കടല്‍ത്തീരത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു പാത്രത്തില്‍ അല്‍പം കടല്‍വെള്ളം കോരിയെടുത്ത് നല്‍കിയിട്ടു ചോദിച്ചു: ”ഇതിലേക്കു നോക്കൂ, എന്ത് കാണുന്നു?” വ്യാപാരി പറഞ്ഞു: ”വെള്ളം ഇളകിക്കൊണ്ടിരിക്കുന്നു സ്വാമീ, അടിയിലുള്ളതൊന്നും വ്യക്തമല്ല.” സന്ന്യാസി ശാന്തനായി പറഞ്ഞു: ”കുറച്ചു സമയം ഈ പാത്രം അനക്കാതെ താഴെവയ്ക്കൂ.” കുറച്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ആ വെള്ളത്തിലെ മണലെല്ലാം താഴെ അടിഞ്ഞു, വെള്ളം കണ്ണാടിപോലെ തെളിഞ്ഞുവന്നു. സന്ന്യാസി പറഞ്ഞു: ”നമ്മുടെ മനസ്സ് ഈ പാത്രത്തിലെ വെള്ളം പോലെയാണ്. ദൈവത്തിനു വേണ്ടി ഓടി നടന്ന് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പലപ്പോഴും ദൈവത്തെ തന്നെ നാം മറന്നുപോകുന്നു. മനസ്സ് ശാന്തമായി ദൈവസന്നിധിയില്‍ ഇരിക്കാന്‍ പഠിച്ചില്ലെങ്കില്‍, എത്ര വലിയ കാര്യങ്ങള്‍ ചെയ്താലും ഉള്ളില്‍ സമാധാനമുണ്ടാകില്ല.”

ഇതേ അവസ്ഥയിലൂടെയാണ് സുവിശേഷത്തില്‍ മാര്‍ത്തയും കടന്നുപോകുന്നത്. ഈശോയെ തന്റെ ഭവനത്തിലേക്ക് സ്‌നേഹത്തോടെയും ആദരവോടെയും ആദ്യം സ്വീകരിച്ചത് മാര്‍ത്തയാണ്. അവള്‍ മോശക്കാരിയോ, ഈശോയെ സ്‌നേഹിക്കാത്തവളോ അല്ല; അവള്‍ അധ്വാനശീലയാണ്. എന്നാല്‍, ആതിഥേയത്വത്തിന്റെ ഭാതികമായ ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അവള്‍ അസ്വസ്ഥയും ഉത്കണ്ഠാകുലയുമായി മാറി. തന്റെ സഹോദരി സഹായിക്കുന്നില്ല എന്ന പരാതിയുമായി അവള്‍ കടന്നുവന്നു. ഈ അവസ്ഥയിലാണ് ഈശോ അവളോട് ആര്‍ദ്രതയോടെ പറയുന്നത്: ”മാര്‍ത്ത, മാര്‍ത്ത, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല പങ്ക് തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല” (ലൂക്കാ 10: 41-42). ഇവിടെ ഈശോ മാര്‍ത്തയുടെ അധ്വാനത്തെയോ, അടുക്കളപ്പണിയെയോ തള്ളിക്കളയുന്നില്ല, മറിച്ച് അവളുടെ ഉള്ളിലെ വ്യാകുലതയെയും നീരസത്തെയുമാണ് തിരുത്തുന്നത്.

ഇതേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രബോധിപ്പിക്കുന്നുണ്ട്: ”ആതിഥേയത്വം എന്നത് വെറും ഭക്ഷണം കൊടുക്കല്‍ മാത്രമല്ല, അത് അതിഥിയെ ശ്രദ്ധിക്കലും അവനെ കേള്‍ക്കലുമാണ്. ദൈവത്തിനായി അധ്വാനിക്കുന്നതിനേക്കാള്‍ പ്രധാനം ദൈവത്തോടൊപ്പമായിരിക്കുക എന്നതാണ്.” സഭാപിതാവായ വി. അഗസ്റ്റിന്‍ ഈ രംഗത്തെ മനോഹരമായി വ്യാഖ്യാനിക്കുന്നു: ”മാര്‍ത്തയുടെ ശുശ്രൂഷ, സജീവമായ ഈ ഭൂമിയിലെ ജീവിതത്തെ കാണിക്കുന്നു; മറിയത്തിന്റെ ധ്യാനം വരാനിരിക്കുന്ന നിത്യജീവിതത്തിന്റെ ആസ്വാദനത്തെ കാണിക്കുന്നു.”

പ്രിയപ്പെട്ട സഹോദരങ്ങളേ, നമ്മുടെ ആധുനികജീവിതത്തിലേക്കു നോക്കിയാല്‍ നാമും പലപ്പോഴും ‘മാര്‍ത്തമാരായി’ മാറുന്നില്ലേ? രാവിലെ എഴുന്നേറ്റതു മുതല്‍ രാത്രി ഉറങ്ങുന്നതു വരെ പലവിധ ചിന്തകള്‍, ജോലികള്‍, കുട്ടികളുടെ പഠനം, സാമ്പത്തിക പരാധീനതകള്‍… ഇവയുടെയൊക്കെ മധ്യേ നമ്മള്‍ ആദ്യം മാറ്റിവയ്ക്കുന്നത് ദൈവത്തെയാണ്. ദൈവാലയത്തിലെ സംഘടനകളിലും കമ്മിറ്റികളിലും സജീവമായി ഓടിനടക്കുമ്പോഴും, ഉള്ളില്‍ സമാധാനമില്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന മാര്‍ത്തയുടെ അസ്വസ്ഥത നമുക്കുണ്ടാകുന്നു. വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്റെ ‘കര്‍ത്താവിന്റെ ദിവസം’ (Dies Domini) എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്: ”കര്‍ത്താവിന്റെ വിശുദ്ധദിനത്തിന് ചേരാത്തതും ഒരു ക്രിസ്ത്യാനിയെ പരിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ്ണമായി പങ്കെടുക്കാന്‍ അനുവദിക്കാത്തതുമായ എല്ലാ ഭൗതികജോലികളില്‍ നിന്നും മാറിനില്‍ക്കുന്നതാണ് യഥാര്‍ഥ ഞായര്‍വിശ്രമം.”

കര്‍ത്താവിന്റെ ദിവസത്തില്‍ അവിടുത്തെ പാദത്തിങ്കലിരുന്ന് വചനം ശ്രവിക്കാനും പ്രാര്‍ഥിക്കാനും മറിയത്തെപ്പോലെ നാം സമയം കണ്ടെത്തണം. നമ്മുടെ ഈ ഭൗതികജീവിതത്തില്‍ മാര്‍ത്തയുടെയും മറിയത്തിന്റെയും മനോഭാവങ്ങളുടെ ക്രമമായ ഒരു സങ്കലനമാണ് നമുക്ക് ആവശ്യമായിരിക്കുന്നത്. കാരണം, മറിയം മാത്രമായിപ്പോയാല്‍ ഈ ലോകത്തില്‍ ദൈവജനത്തെ ആര് ശുശ്രൂഷിക്കും? സഭയിലെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആര് ചെയ്യും? എന്നാല്‍ മാര്‍ത്ത മാത്രമായാല്‍ ആര് ദൈവവചനം കേള്‍ക്കും? പ്രാര്‍ഥനയില്ലാത്ത പ്രവര്‍ത്തനം ആത്മാവില്ലാത്ത ശരീരം പോലെയാണ്. പ്രാര്‍ഥനയാണ് നമ്മുടെ ആത്മാവിന്റെ ശ്വാസം. അതുകൊണ്ട്, ഓരോ ദിവസവും രാവിലെ ഉണരുമ്പോള്‍ കുറച്ചുസമയം ശാന്തമായിരുന്ന് ദൈവത്തോട് സംസാരിക്കാം, ദൈവവചനം വായിക്കാം. നമ്മുടെ എല്ലാ കര്‍മ്മങ്ങളുടെയും ശുശ്രൂഷകളുടെയും മുന്‍ഗണന മറിയത്തിന്റെ മനോഭാവത്തിനാകണം. ഈശോയുടെ പാദത്തിങ്കലിരുന്ന് നാം നേടുന്ന ആത്മീയ ഊര്‍ജവും സ്‌നേഹവുമായിരിക്കണം പുറമെ നമ്മള്‍ ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ശക്തി കേന്ദ്രം.

ജീവിതത്തിന്റെ പലവിധ ഉത്കണ്ഠകളെയും അസ്വസ്ഥതകളെയും ഈ വിശുദ്ധ അള്‍ത്താരയില്‍, ഈശോയുടെ സജീവസാന്നിധ്യത്തില്‍ സമര്‍പ്പിച്ചുകൊണ്ട്, മറിയത്തെപ്പോലെ ഏറ്റവും നല്ല പങ്ക് തിരഞ്ഞെടുക്കാനുള്ള കൃപയ്ക്കായി നമുക്ക് ഈ പരിശുദ്ധ കുര്‍ബാനയില്‍ ഒന്നുചേര്‍ന്ന് പ്രാര്‍ഥിക്കാം. മാര്‍ത്തയുടെ അധ്വാനിക്കുന്ന കൈകളും മറിയത്തിന്റെ പ്രാര്‍ഥിക്കുന്ന ഹൃദയവും ഒത്തുചേരുന്ന ഒരു നല്ല ക്രൈസ്തവജീവിതം നയിക്കാന്‍ സര്‍വേശ്വരന്‍ നമ്മെ ഏവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്രദര്‍ റെജോ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.